TopTop
Begin typing your search above and press return to search.

ലോകം നാലാം വ്യവസായ വിപ്ലവത്തിലേക്ക്; ഇനി ഡാറ്റ ഉള്ളവര്‍ ഭരിക്കും; ഇന്ത്യ ഡിജിറ്റല്‍ കൊളോണിയലിസത്തിലേക്കോ?

ലോകം നാലാം വ്യവസായ വിപ്ലവത്തിലേക്ക്; ഇനി ഡാറ്റ ഉള്ളവര്‍ ഭരിക്കും; ഇന്ത്യ ഡിജിറ്റല്‍ കൊളോണിയലിസത്തിലേക്കോ?

"ഇന്‍ഷ്വറൻസ് വാങ്ങിക്കാൻ വീടു കത്തിയെരിയുന്നതു വരെ കാത്തിരുന്നിട്ട് കാര്യമില്ല. അതുപോലെ നാലാം വ്യവസായ വിപ്ലവത്തിന് സമൂഹത്തെ തയ്യാറാക്കിയെടുക്കാൻ വമ്പിച്ച സ്ഥാനഭ്രംശങ്ങൾ സംഭവിക്കുന്നത് വരെ കാത്തിരിക്കാൻ പറ്റില്ല", 2016-ലെ ആഗോള സാമ്പത്തിക ചർച്ചാവേദിയിൽ (വേൾഡ് ഇക്കണോമിക് ഫോറം) പങ്കെടുത്തു കൊണ്ട് നോബൽ ജേതാവും യേൽ സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്രജ്ഞനുമായ റോബർട്ട് ജെ ഷില്ലർ പറഞ്ഞ വാക്കുകളാണിവ¹. എന്താണീ നാലാം വ്യവസായ വിപ്ലവം? വ്യവസായ വിപ്ലവം എന്നു കേട്ടിരിക്കുമെങ്കിലും നാലാം വ്യവസായ വിപ്ലവം എന്ന വാചകം എല്ലാവർക്കും പരിചിതമായിരിക്കണമെന്നില്ല.

ആവിശക്തി ഉപയോഗിച്ച് ഉത്പാദനപ്രക്രിയയെ യന്ത്രവത്കരിച്ചതായിരുന്നു ഒന്നാം വ്യവസായ വിപ്ലവമെങ്കിൽ വൈദ്യുതി ഉപയോഗിച്ച് വൻതോതിലുള്ള ഉത്പാദനത്തിന് തുടക്കമിട്ടതായിരുന്നു രണ്ടാം വ്യവസായ വിപ്ലവം. ഇലക്ട്രോണിക്സും വിവര സാങ്കേതിക വിദ്യയും ഉപയോഗിച്ച് ഉത്പ്പാദനം യാന്ത്രികമാക്കിയതാണ് മൂന്നാം വ്യവസായ വിപ്ലവം. നാലാം വ്യവസായ വിപ്ലവമാകട്ടെ പല തലത്തിലുള്ള വിപ്ലവകരമായ സാങ്കേതികവിദ്യകളുടെ ഒരു സങ്കരമാണ്. ഇവയിൽ നാലാം വ്യവസായ വിപ്ലവത്തിന്റെ മുഖ്യ ചാലകമായി വർത്തിക്കുന്നത് ഡാറ്റ ഉപയോഗിച്ചു കൊണ്ടുള്ള ഡിജിറ്റൽ സാങ്കേതികവിദ്യകളാണ്. മൂന്നാം വ്യവസായ വിപ്ലവത്തെ അപേക്ഷിച്ച് ഡിജിറ്റൽ സാങ്കേതികവിദ്യകൾ കൂടുതൽ സങ്കീർണവും വ്യാപകവും സമഗ്രവുമാണിന്ന്. സാമ്പത്തികശാസ്ത്രജ്ഞനായ ക്ലോസ് ഷ്വാബിന്റെ അഭിപ്രായത്തിൽ മുമ്പുള്ള വ്യവസായവിപ്ലവങ്ങളെ അപേക്ഷിച്ച് അതിവേഗത്തിലും, കൂടുതൽ ആഴത്തിലും പരപ്പിലുമുള്ള മാറ്റങ്ങൾ എല്ലാ രംഗങ്ങളിലും സംഭവിക്കാൻ നാലാം വ്യവസായ വിപ്ലവം കാരണമാകും².

ഈ വിഷയത്തിലേക്ക് കടക്കുന്നതിനു മുമ്പ് ആദ്യമായി ഡാറ്റ എന്താണെന്നു പറയേണ്ടിയിരിക്കുന്നു.

ഡാറ്റ

ഓക്സ്ഫോർഡ് ഡിക്ഷണറി 'ഡാറ്റ'യെ ഇങ്ങനെ നിർവചിച്ചിരിക്കുന്നു³: വിശകലനത്തിനായി ശേഖരിച്ച വസ്തുതകളും സ്ഥിതിവിവരങ്ങളും. ഉദാഹരണത്തിന് വർഷത്തിൽ ഒരു വ്യക്തി നടത്തുന്ന ട്രെയിൻ യാത്രകളെ സംബന്ധിച്ചുള്ള വസ്തുതകൾ. ഇത് ഒരു ഡാറ്റയാണ്. പക്ഷേ ഡാറ്റയ്ക്ക് മൂല്യം ഉണ്ടാകുന്നത് അത് വിശകലനം ചെയ്തു ഇന്റലിജൻസ് (അറിവ് ) സൃഷ്ടിക്കുമ്പോളാണ്. യാത്രകളെ കുറിച്ച് ആവശ്യത്തിനു ഡാറ്റ കിട്ടിയാൽ അതിൽ നിന്നും ആ വ്യക്തിയുടെ യാത്രയുടെ പാറ്റേൺ (ക്രമം) കണ്ടു പിടിക്കാൻ കഴിയും. ഈ അറിവിന് മൂല്യമുണ്ട്. ഇത്തരത്തിൽ നിരവധി ആൾക്കാരുടെ യാത്രാവിവരങ്ങൾ കിട്ടിയാൽ അവയെ വിശകലനം ചെയ്ത് അവയുടെ ക്രമം കണ്ടു പിടിക്കാനും ഓരോ പ്രദേശത്തേക്കുമുള്ള ടിക്കറ്റുകളുടെ ആവശ്യം കൂടിയ സമയവും കുറഞ്ഞ സമയവും ആവശ്യത്തിന്റെ അളവും പ്രവചിക്കാനും കഴിയും. യാത്ര വസ്തുതകൾ വിശകലനം ചെയ്ത് അതിൽ നിന്നും അതുമായി ബന്ധപ്പെട്ട മറ്റു അറിവുകൾ അനുമാനിക്കുവാനും കഴിയും. ഉദാഹരണത്തിന്, ഇന്ത്യയിലെ തൊഴിൽ സംബന്ധമായി നടക്കുന്ന ആഭ്യന്തര പ്രവാസത്തെ പഠിക്കുവാൻ എക്കണോമിക് സർവേ 2016 - 17 ഉപയോഗിച്ചത് രണ്ടു റെയിൽവേ സ്റ്റേഷനുകൾ തമ്മിൽ റിസർവേഷനില്ലാതെ നടന്ന യാത്രകളുടെ കണക്കുകളാണ്4.

ഒരു വ്യക്തിയുടെ ഫേസ്ബുക് പ്രവർത്തങ്ങൾ വേറൊരു ഡാറ്റയാണ്. അതു വിശകലനം ചെയ്താൽ ആ വ്യക്തിയുടെ രാഷ്ട്രീയ ആഭിമുഖ്യം, സ്വഭാവ സവിശേഷതകൾ, ഉപഭോക്തൃ താത്പര്യങ്ങള്‍ എന്നിവ മനസ്സിലാക്കാൻ കഴിയും. അതു രാഷ്ട്രീയമായും കച്ചവടപരമായും ഉപയോഗിക്കാനും കഴിയും. അത്തരത്തിൽ ഉപയോഗിക്കാനുള്ള ഒരു ശ്രമമാണ് നാം കേംബ്രിഡ്ജ് അനലിറ്റിക്ക5 വിവാദത്തിൽ കണ്ടത്.

സോഫ്റ്റ്വെയറും ഇന്റർനെറ്റും ഡിജിറ്റലും

അടുത്തതായി ഡിജിറ്റൽ, സോഫ്റ്റ്വെയർ, ഇന്റർനെറ്റ് ഈ സംജ്ഞകളെ വേർതിരിച്ചു പറയേണ്ടിരിക്കുന്നു. ആദ്യ കാലത്തെ കമ്പനികൾ, ഉദാഹരണം മൈക്രോസോഫ്റ്റ് (പഴയ രൂപത്തിൽ; ഇന്നു മൈക്രോസോഫ്റ്റും മാറിക്കൊണ്ടിരിക്കുകയാണ്) ഒരു സോഫ്റ്റ്വെയർ കമ്പനിയാണ്. പിന്നീട് വന്ന ഡോട്ട് കോം കമ്പനികൾ ഇന്റർനെറ്റ് സംബന്ധമായ കമ്പനികളാണ്. എന്നാൽ ആമസോണിനെ ഒരു ഡിജിറ്റൽ കമ്പനി എന്ന് വിളിക്കാം. കാരണം ആമസോണിന്റെ വിജയത്തിന്റെ മുഖ്യ കാരണം മാർക്കറ്റിനേയും ഉപഭോക്താവിനേയും കുറിച്ച് അവരുടെ കൈയിലുള്ള ഡാറ്റയാണ്. ഈ ഡാറ്റ ഉപയോഗിച്ച് മാർക്കറ്റിനെ കീഴ്പ്പെടുത്താനും ഉപഭോക്താവിനെ തങ്ങളിലേക്ക് അടുപ്പിക്കാനും അവർക്ക് കഴിയും.

ഡിജിറ്റൽ സമ്പദ് വ്യവസ്ഥ

രശ്മി ബംഗ, ഡിജിറ്റൽ സമ്പദ് വ്യവസ്ഥയെ ഇങ്ങനെ ലളിതമായി നിർവചിച്ചിരിക്കുന്നു6: "ഡിജിറ്റൽ സാങ്കേതികവിദ്യകൾ, പ്രത്യേകിച്ചും ഇന്റർനെറ്റ് അധിഷ്ഠിതമായവ, ഉപയോഗിച്ചു നടത്തുന്ന സാമ്പത്തികപ്രവർത്തങ്ങളുടെ ആകത്തുക". പക്ഷേ ഇന്റർനെറ്റിലൂടെ നടക്കുന്ന സാമ്പത്തിക പ്രവർത്തങ്ങളുടെ അളവും മൂല്യവും വർധിച്ചു വരികയാണ്. അങ്ങനെ സമ്പദ്വ്യവസ്ഥ ഡിജിറ്റലൈസ് ചെയ്യപെടുന്നതിലൂടെ പരമ്പരാഗത സമ്പദ് വ്യവസ്ഥയും ഡിജിറ്റൽ സമ്പദ് വ്യവസ്ഥയും തമ്മിലുള്ള അതിര്‍വരമ്പുകൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഡിജിറ്റലൈസേഷൻ ആരോഗ്യം, കൃഷി, വിനോദം, പ്രതിരോധം, ഉത്പാദനം തുടങ്ങി എല്ലാ മേഖലകളെയും പരിവർത്തനം ചെയ്യുകയാണ്. ഇ കോമേഴ്സ് (ഇന്റർനെറ്റിലൂടെ സാധനങ്ങൾ വാങ്ങുന്നതും വിൽക്കുന്നതും) അതിനൊരുദാഹരണം മാത്രം. ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രാപ്യമല്ലാത്ത, അവയിൽ വൈദഗ്ധ്യമില്ലാത്ത ആൾക്കാർ പോലും ഡിജിറ്റൈസേഷനാൽ ബാധിക്കപ്പെടുന്നതായാണ് നാം കാണുന്നത്. റേഷൻ ആനുകൂല്യങ്ങൾ വാങ്ങിക്കാനും പെൻഷൻ തുക ലഭിക്കാനും മറ്റും ആധാർ നിർബന്ധമാക്കിയപ്പോൾ ഇന്ത്യയിലെ പല ഭാഗങ്ങളിൽ നിന്നുമുള്ള ഗ്രാമീണ ജനത ബുദ്ധിമുട്ടിയത് ഇതിനൊരുദാഹരണമാണ്7.

Cold entrees at Amazon Go grocery store (wikimedia commons)

ഒന്നാം വ്യവസായവത്കരണത്തിൽ ഫാക്ടറികൾ വഹിച്ച പങ്ക് ഇന്ന് വഹിക്കുന്നത് ഡിജിറ്റൽ പ്ലാറ്റഫോമുകളാണ്8. ഗൂഗിൾ, ആലിബാബ, വാട്സാപ്പ്, ആമസോൺ, ഊബർ, ഒല, നെറ്റ് ഫ്ലിക്സ്, ഫേസ്ബുക്, ട്വിറ്റർ, സൊമാറ്റോ തുടങ്ങിയവ ഡിജിറ്റൽ പ്ലാറ്റ്ഫോമിന് ഉദാഹരണങ്ങളാണ്. ഇതിൽ ആമസോണും ആലിബാബയും പ്രാഥമികമായി ഇ-കോമേഴ്സ് കമ്പനികളാണ്. ഊബറും ഒലയും സവാരി ആവശ്യമുള്ള ഉപഭോക്താവിനെയും അതു നൽകാൻ കഴിവുള്ള ഡ്രൈവറേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോം ആണ്. വാട്സാപ്പ് ഇന്റർനെറ്റിലൂടെ സന്ദേശങ്ങൾ അയയ്ക്കാൻ നിങ്ങളെ സഹായിക്കുന്നു. ഗൂഗിളിന്റ്റെയും ഫേസ്ബുക്കിന്റെയും മുഖ്യ വരുമാനം പരസ്യമാണ്. ഇന്റർനെറ്റിൽ നിങ്ങൾ അവധി ചിലവഴിക്കാൻ പറ്റിയ സ്ഥലങ്ങളെ കുറിച്ച് തിരയുകയാണെന്നിരിക്കട്ടെ, നിങ്ങളുടെ തിരയൽ ഡാറ്റ വിശകലനം ചെയ്ത് നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ, ആവശ്യങ്ങൾ എന്താണെന്ന് മനസ്സിലാക്കി അതിനനുയോജ്യമായ പരസ്യങ്ങൾ നിങ്ങൾക്കയയ്ക്കാൻ മാർക്കറ്റിങ് ഏജൻസികള്‍ക്ക് കഴിയും.

മിനിയപുലിസിലെ ഒരു ഹൈസ്കൂൾ വിദ്യാർത്ഥിനിക്ക് അമേരിക്കൻ ഡിപ്പാർട്ട്മെൻറ് സ്റ്റോർ ശൃംഖല ആയ ടാർഗറ്റ് കുഞ്ഞുടുപ്പുകളുടെയും തൊട്ടിലുകളുടെയും കൂപ്പണുകൾ ഇ-മെയിലിൽ അയച്ചു എന്നൊരു കഥയുണ്ട്9. കുപിതനായ അച്ഛൻ ഇത്തരം കൂപ്പണുകൾ അയച്ച് തന്റെ മകളെ ഗർഭിണിയാകാൻ പ്രേരിപ്പിക്കുകയാണോ എന്ന് ടാർഗറ്റ് ജീവനനക്കാരോടു ക്ഷോഭിച്ചു. മകൾ ഗർഭിണിയാണെന്ന് അദ്ദേഹം പിന്നീടാണ് അറിഞ്ഞത്. ആ വിദ്യാർത്ഥിനിയുടെ ഓൺലൈൻ വാങ്ങൽ ശീലങ്ങൾ വെച്ച് അവൾ ഗർഭിണിയാണെന്ന് അച്ഛനെക്കാളും മുമ്പേ ടാർഗറ്റ് മനസ്സിലാക്കിയിരുന്നു. ടാർഗറ്റിന്റെ ഡാറ്റ വിശകലന പ്രകാരം ഗർഭിണികളായ സ്ത്രീകൾ കാത്സ്യം, മഗ്നീഷ്യം സപ്ലിമെന്റുകൾ, മണമില്ലാത്ത ലോഷൻ എന്നിവ കൂടുതലായി വാങ്ങിക്കും. അങ്ങനെ ഉപഭോക്താവിനെ സൂക്ഷ്മമായി ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾ നിർമിക്കാൻ അവർക്ക് കഴിഞ്ഞു.

നെറ്റ്വര്‍ക്ക് എഫക്ട്10 (ഒരു ഉത്പന്നത്തിന്റെ ഉപയോഗം കൂടും തോറും മൂല്യം കൂടുന്ന പ്രതിഭാസം; ഉദാഹരണം: കൂടുതൽ യാത്രക്കാർ കൂടുതൽ ഡ്രൈവർമാരെ ഊബറിലേക്ക് ആകർഷിക്കും; ഈ ഡ്രൈവർമാരുടെ ആധിക്യം യാത്രക്കാരുടെ വർധനയ്ക്ക് കാരണമാകും) കാരണം വികസിച്ചു കൊണ്ടിരിക്കുന്ന ഡിജിറ്റൽ കമ്പനികള്‍ എതിരാളികൾ ആണെന്ന് തോന്നുന്ന സ്റ്റാർട്ട് അപ്പു (തുടക്ക കമ്പനികൾ)കളെ തുടക്കത്തിൽ തന്നെ വിഴുങ്ങുകയാണ് ചെയ്യുന്നത്. ഫേസ്ബുക്ക് വാട്സാപ്പിനെയും ഇൻസ്റ്റാഗ്രാമിനെയും വാങ്ങിയത് ഈ തന്ത്രത്തിനൊരുദാഹരണമാണ്. ആളുകൾ കൂടുതൽ പരസ്യങ്ങൾ കാണണമെങ്കിൽ അവർ കൂടുതൽ സമയം നിങ്ങളുടെ പ്ലാറ്റ്ഫോമിൽ ചിലവഴിച്ചേ പറ്റൂ. വാട്സാപ്പ് ഫേസ്ബുക് മെസ്സഞ്ചറിന് വെല്ലുവിളി ഉയർത്തിയെങ്കിൽ ഇൻസ്റ്റാഗ്രാം ഫേസ്ബുക്കിന് തന്നെ വെല്ലുവിളി ഉയർത്തി. നെറ്റ്വർക്ക് എഫക്ട് കാരണം ഈ കുത്തകകളുടെ മേൽക്കോയ്മ തകർക്കാനും എളുപ്പമല്ല. ഉദാഹരണത്തിന് നിങ്ങളുടെ സുഹൃത്തുക്കൾ, സഹപ്രവർത്തകർ എല്ലാം ഫേസ്ബുക്ക് താല്പര്യപ്പെടുന്നുവെങ്കിൽ വേറെ ഒരു പ്ലാറ്റ്ഫോം നിങ്ങളെ ആകർഷിച്ചേക്കില്ല.

വൻ കമ്പനികൾ തമ്മിലുള്ള ലയനങ്ങളും ഈ കുത്തകവത്ക്കരണത്തിന് ആക്കം കൂട്ടുന്നു. അമേരിക്കൻ വിത്തു കമ്പനിയായ മോൺസാന്റോയുടെയും ജർമൻ ഔഷധനിർമ്മാണ കമ്പനിയായ ബെയറിന്റെയും ലയനം ഇത്തരത്തിൽ നാം ശ്രദ്ധിക്കേണ്ടുന്ന ഒന്നാണ്. ബെയറിന്റെ കൈവശമുള്ള കാർഷിക ഡാറ്റ ആണ് തങ്ങളെ ഈ ലയനത്തിലേക്ക് ആകർഷിച്ചതെന്ന് മോൺസാന്റോ സൂചിപ്പിച്ചിട്ടുണ്ട്. അതുപയോഗിച്ച്11 കർഷകരുടെ വിത്ത്, കീടനാശിനി മാർക്കറ്റ് എന്നിവ തങ്ങളുടെ അധീനതയിലാക്കാൻ മോൺസാന്റോയ്ക്ക് കഴിയും. ചെറിയ കമ്പനികൾക്ക് ഈ വൻ കുത്തകകളോട് മത്സരിക്കാൻ സാധിച്ചെന്നു വരില്ല.

ഇത്തരത്തിലുള്ള ഏറ്റെടുക്കലിന് മറ്റൊരുദാഹരണം ഓൺലൈൻ ഭീമനായ ആമസോൺ, ഓർഗാനിക് ഭക്ഷ്യ സൂപ്പർമാർക്കറ്റ് ശൃംഖലയായ ഹോൾ ഫുഡ്സിനെ ഏറ്റെടുത്തതാണ്. ആളുകളുടെ പലചരക്കു വാങ്ങൽ ശീലങ്ങളെ കുറിച്ച് ഹോൾ ഫുഡ്സിന്റെ കൈയിലുള്ള ഡാറ്റയും ഹോൾ ഫുഡ്സിന്റെ ബ്രാൻഡ് മൂല്യവുമാണ് ആമസോണിനെ ഈ ലയനത്തിന് പ്രേരിപ്പിച്ച ഘടകങ്ങൾ12. ഈ ഡാറ്റ ഉപയോഗിച്ച് ഹോൾ ഫുഡ്സ് ഉപഭോക്താവിന്റെ ഓട്സ് പാക്കറ്റ് തീരുമ്പോഴേക്കും അടുത്തത് എത്തിക്കാൻ ആമസോണിനു സാധിച്ചേക്കാം. ആമസോൺ എന്ന ഓൺലൈൻ കമ്പനി പരമ്പരാഗത പലചരക്ക് മേഖലയിലേക്കും വ്യാപിക്കുന്നതിന്റെ ഭാഗം കൂടിയാണിത്.

കുത്തകവത്കരണം: പ്രത്യഘാതങ്ങൾ

ഇത്തരത്തിലുള്ള കുത്തകവത്കരണം വ്യാപാര പ്രതിയോഗികളെ കൂടാതെ ഉത്പാദകർ, ഉപഭോക്താക്കൾ, തൊഴിലാളികൾ എന്നിവരെയും പ്രതികൂലമായി ബാധിക്കുന്നു. ഉപഭോക്താക്കൾക്ക് നല്ല ലാഭം നൽകാൻ ആമസോണിനു കഴിയുമ്പോൾ പലപ്പോഴും ഉത്പാദകർ ഞെരുക്കപ്പെടുകയാണ്. കൂടുതൽ ആളുകൾ ഓൺലൈൻ ഷോപ്പിങ്ങിലെക്ക് തിരിയുമ്പോൾ തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കാൻ ആമസോണിലേക്ക് തിരിയാൻ ഉത്പാദകർ നിർബന്ധിതരാകുന്നു. ആവശ്യപ്പെട്ട കമ്മീഷൻ കിട്ടാത്തത് കാരണം ഹാച്ചറ്റ് എന്ന പുസ്തക പ്രസാധകരുടെ ഉത്പന്നങ്ങൾ വൈകിയയച്ചും വില കൂട്ടിയും മറ്റു പ്രസാധകരുടെ പുസ്തകങ്ങൾ ശുപാർശ ചെയ്തും ആമസോൺ നടത്തിയ നീക്കങ്ങൾ ഒരുദാഹരണമാണ്13. എഴുത്തുകാരുടേയും പ്രസാധകരുടേയും കടുത്ത പ്രതിഷേധങ്ങൾക്ക് ശേഷം ആമസോൺ ഒത്തുതീർപ്പിനു തയ്യാറായെങ്കിലും ആമസോണും ആ പ്ലാറ്റ്ഫോമിലെ വില്പനക്കാരും ഉത്പാദകരും തമ്മിലുള്ള അസന്തുലിതാവസ്ഥയുടെ ഒരു സൂചകമാണ് ഈ സംഭവങ്ങൾ.

ഡിജിറ്റൽ കമ്പനികളുടെ കുത്തകവത്കരണം പരമ്പരാഗത ചെറുകിട കച്ചവടക്കാരെ പ്രതികൂലമായി ബാധിക്കും. റീട്ടെയ്ൽ വ്യാപാരികളിൽ 90 ശതമാനവും ചില്ലറ വ്യാപാരികളായ ഇന്ത്യയിൽ ഇതൊരു നിലനിൽപ്പിന്റെ പ്രശ്നം കൂടിയാണ്. ഇന്ത്യൻ ഓൺലൈൻ പ്ലാറ്റ്ഫോം ആയ ഫ്ലിപ്കാർട്ടിനെ അമേരിക്കൻ റീട്ടെയ്ല്‍ വ്യാപാര ഭീമനായ വാൾമാർട്ട് ഏറ്റെടുത്തതോടെ ഇന്ത്യയിലെ ലഘുവ്യാപാര ഓൺലൈൻ വിപണി രണ്ട് അമേരിക്കൻ കുത്തകകളുടെ കൈയിലൊതുങ്ങുകയാണ്14. വമ്പിച്ച വിലക്കുറവിൽ സാധനങ്ങൾ നൽകി വിപണി പിടിച്ചെടുക്കാനുള്ള ഈ ഭീമന്മാരുടെ തന്ത്രങ്ങൾക്ക് നേരെ ചെറുകിട വ്യാപാരികൾക്ക് പിടിച്ചു നില്‍ക്കാൻ കഴിയില്ല. നിലവിലുള്ള ഇന്ത്യൻ നിയമങ്ങൾ വിവിധോത്പന്ന ലഘുവ്യാപാരമേഖലയിൽ (Multi brand retail) നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതു മറികടക്കാനുള്ള ഒരു പിൻവാതിൽ പഴുതായിക്കൂടി വേണം ഫ്ലിപ്കാർട്ട് ഏറ്റെടുക്കലിനെ കാണേണ്ടത്. പരിസ്ഥിതിനിയമങ്ങളും15 തൊഴിൽ നിയമങ്ങളും16 ലംഘിക്കുന്നതിൽ കുപ്രസിദ്ധിയാർജ്ജിച്ച ഒരു ശൃംഖല കൂടിയാണ് വാൾമാർട്ട്. ഡാറ്റ ഉടമസ്ഥത എന്ന കോണിൽ നിന്ന് നോക്കുകയാണെങ്കിൽ ഇന്ത്യക്കാരുടെ ഓൺലൈൻ വാങ്ങിക്കലുകൾ സംബന്ധിച്ച ഏറ്റവും നല്ല ഡാറ്റ ഇനി ഈ രണ്ടു കമ്പനികളുടെ ഉടമസ്ഥതയിലായിരിക്കും.

ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ പലപ്പോഴും നിയമങ്ങളെ വളച്ചൊടിച്ചാണ് ഇത്തരത്തിലുള്ള കമ്പനികൾ പ്രവർത്തിക്കുന്നതും. ഇന്ത്യൻ വിദേശ നിക്ഷേപ നിയമങ്ങൾ അനുസരിച്ച് മറ്റുത്പാദകർക്ക് അവരുടെ ഉത്പന്നങ്ങൾ വിൽക്കാനുള്ള ഒരു ഓൺലൈൻ കമ്പോളമായി പ്രവര്‍ത്തിക്കാനല്ലാതെ ഉപഭോക്താവിന് നേരിട്ട് വിൽക്കാനുള്ള അനുമതി ആമസോണിനില്ല. അതേസമയം ആമസോണിലെ ഏറ്റവും വലിയ വില്‍പ്പന നടക്കുന്ന ക്ളൗഡ് ടെയിൽ എന്ന കമ്പനിയുടെ ഉടമസ്ഥ കമ്പനിയായ പ്രിയോൺ, ആമസോണിന്റെയും സിഎംഎസ് കമ്പനിയുടെയും കൂട്ടുടമസ്ഥയിലുള്ളതാണ്. 51 ശതമാനം ഷെയർ പ്രിയോണിൽ ഉള്ള സിഎംസ് വെറും സാമ്പത്തിക പങ്കാളി മാത്രമാണ്. ഇന്ത്യൻ നിയമങ്ങൾ പ്രകാരം ആമസോണിനു നേരിട്ട് ക്ളൗഡ് ടെയിലിൽ നിക്ഷേപിക്കാൻ കഴിയില്ലായിരുന്നു. എന്നാൽ ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ ഉടമസ്ഥതയിലുള്ള സിഎംഎസുമായി കൂട്ടു ചേരുക വഴി ഈ നിയമത്തിലെ പഴുത് അവർ സമർത്ഥമായി ഉപയോഗിച്ചു. ക്ളൗഡ് ടെയിലിന് ആമസോണിൽ കിട്ടുന്ന പ്രാമുഖ്യം ആ പ്ലാറ്റ്ഫോമിൽ വിൽക്കുന്ന മറ്റു ചെറുകിട വില്‍പ്പനക്കാരെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു17.

കുത്തകകളുടെ പ്രവർത്തനം ഒരിക്കലും ദീർഘകാല ഉപഭോക്താക്കൾക്ക് ദീര്‍ഘകാലത്തേക്ക് അനുകൂലമായി വന്ന ചരിത്രമില്ല. പ്രതിയോഗികൾ നശിച്ചു കഴിഞ്ഞാൽ ഉത്പന്നത്തിന്റെ വില കൂട്ടുകയാണ് കുത്തകകൾ പൊതുവെ ചെയ്യാറ്. മാത്രമല്ല മാറിയ സാഹചര്യത്തിൽ ഡിജിറ്റൽ ഇന്റലിജൻസ് (ഓൺലൈനിൽ ലഭ്യമായ ഡാറ്റ വിശകലനം ചെയ്തു നിർമിക്കുന്ന അറിവ്) ഉപയോഗിച്ച് ഓരോ ഉപഭോക്താവിനെയും ലക്ഷ്യം വെച്ച് പരസ്യം നിർമിക്കാനും അങ്ങനെ കൂടുതൽ ഉത്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കാനും ഇവർക്ക് കഴിയും.

ഡാറ്റ ഉടമസ്ഥത

"വൈദ്യുതിയേക്കാളും അഗ്നിയേക്കാളും മാറ്റം വരുത്താൻ കഴിവുള്ളത്", ഇങ്ങനെയാണ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ (കൃത്രിമ ബുദ്ധിയെ) വിശേഷിപ്പിച്ചത്18. അടുത്തതായി ഏതു പടം കാണണമെന്ന് നെറ്റ്ഫ്ലിക്സ് ശുപാർശ ചെയ്യുന്നതും സിറി, അലെക്സ തുടങ്ങിയ പേഴ്സണൽ ഡിജിറ്റൽ അസ്സിസ്റ്റന്റുകൾ മനുഷ്യരോട് സംവദിക്കുന്നതും ടെസ്ലയ്ക്ക് സ്വയം ഓടിക്കുന്ന കാറുകൾ നിർമിക്കാൻ കഴിയുന്നതും കൃത്രിമ ബുദ്ധിയുടെ പ്രയോഗികഫലങ്ങളാണ്. കൃത്രിമ ബുദ്ധി സാങ്കേതിക വിദ്യയുടെ അടിസ്ഥാന മൂലധനമാണ് ഡാറ്റ. ഡാറ്റ ഉപയോഗിച്ച് കൃത്രിമ ബുദ്ധി സംവിധാനത്തെ തീരുമാനങ്ങൾ എടുക്കാനും പ്രവചിപ്പിക്കാനും പരിശീലിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇത്തരത്തിലും ഡാറ്റയ്ക്ക് ധനമൂല്യം ഉണ്ട്.

നിങ്ങൾ ഉത്പ്പന്നത്തിന് പണം നല്‍കുന്നില്ലെങ്കിൽ നിങ്ങളാണ് ഉത്പന്നം എന്നൊരു ചൊല്ലുണ്ട്. ഗൂഗിൾ, ഫേസ്ബുക്ക് തുടങ്ങിയ കമ്പനികൾ പ്രത്യക്ഷത്തിൽ സൗജന്യമായ, അല്ലെങ്കിൽ നാമമാത്രമായ ചാർജ് മാത്രമേ ഉപഭോക്താവിൽ ചുമത്തുന്നുള്ളൂ. ഉപഭോക്താവിൽ നിന്നും അവർക്ക് ഏറ്റവും വില പിടിച്ച ഡാറ്റ സൗജന്യമായി ലഭിക്കുന്നുണ്ട്. ഈ ഡാറ്റ വിദേശത്തേക്ക് അയയ്ക്കാനോ വിദേശത്തുള്ള അവരുടെ കമ്പ്യൂട്ടർ സെർവറുകളിൽ സൂക്ഷിക്കാനോ നിലവിൽ ബഹുരാഷ്ട്ര കുത്തക കമ്പനികൾക്ക് വിലക്കില്ല. ഡാറ്റ ഏറ്റവും വില പിടിച്ച മൂലധനമായ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിൽ ഇതു ഇന്ത്യക്ക് നഷ്ടമാണ് വരുത്തുന്നത്. കമ്പനികളുടെ അവകാശങ്ങളെ ബഹുമാനിച്ചു കൊണ്ട് തന്നെ സമൂഹങ്ങൾക്ക് അവരിൽ നിന്നും ശേഖരിക്കപ്പെട്ട ഡാറ്റ സമൂഹ നന്മക്കായി ഉപയോഗിക്കാൻ ഉള്ള അവകാശങ്ങളെ നടപ്പിലാക്കേണ്ടിയിരിക്കുന്നു. ചൈന അടക്കമുള്ള വിദേശരാജ്യങ്ങൾ ഡാറ്റയുടെ സ്വതന്ത്ര പ്രവാഹത്തെ പിന്തുണക്കുമ്പോഴും സ്വന്തം താത്പര്യങ്ങളിൽ നേരെ തിരിച്ചാണ് നിലപാട് എടുക്കാറ്. ചൈനീസ് ഉപഭോക്താക്കളുടെ ഡാറ്റ ചൈനയിൽ തന്നെയുള്ള കമ്പ്യൂട്ടർ സെർവറുകളിൽ ശേഖരിക്കണമെന്നാണ് ചൈനയുടെ നയം19. ഇതു കാരണം ആ ഡാറ്റ ചൈനീസ് നിയമങ്ങളുടെ അധികാരപരിധിയിൽ വരികയും ചെയ്യും.

ഇന്ത്യക്കാരെ സംബന്ധിക്കുന്ന ഡാറ്റയുടെ മുഖ്യഭാഗവും ഗൂഗിൾ, ആമസോൺ, ഫേസ്ബുക്ക്, ആപ്പിൾ തുടങ്ങിയ അമേരിക്കൻ കമ്പനികളുടെ കൈയിൽ മാത്രം ഇരിക്കുന്നത് നമ്മുടെ സാമ്പത്തിക പുരോഗതിക്ക് അഭിലഷണീയമല്ല. ഉദാഹരണത്തിന് ബാംഗളൂരിലെ ട്രാഫിക് കുരുക്ക് കുപ്രസിദ്ധമാണ്. അതിനെ സംബന്ധിച്ച് കൃത്യമായ വിവരം കാണുക ഗൂഗിളിന്റെയും ഊബറിന്റെയും കൈയിലായിരിക്കും. ഏതു സമയത്ത്, എവിടെ, എത്ര ട്രാഫിക് പ്രതീക്ഷിക്കാമെന്ന് ബാംഗ്ലൂർ ട്രാഫിക് പോലീസിനെക്കാളും വ്യക്തമായി അവർക്ക് പറയാൻ കഴിയും. ട്രാഫിക് ഡാറ്റ വിശകലനം ചെയ്തു ലഭിക്കുന്ന ഈ വിവരം ബാംഗ്ലൂർ ട്രാഫിക് പോലീസിനു ലഭ്യമാക്കാമെന്ന് ഗൂഗിൾ സമ്മതിച്ചിട്ടുണ്ട്20. പക്ഷേ ഡാറ്റയുടെ ഉടമസ്ഥാവകാശം ഗൂഗിളിനായതിനാൽ ഈ പങ്കാളിത്തത്തിൽ നിന്ന് എപ്പോള്‍ വേണമെങ്കിലും പിന്മാറാൻ അവർക്ക് കഴിയും. അതുപോലെ അതിനു വിലയിടാനും കഴിയും. ഈ ഒരു സാഹചര്യത്തിൽ പ്രകൃതിവിഭവങ്ങളെ പോലെ ഡാറ്റയും കൂട്ടായ ഉടമസ്ഥാവകാശത്തിൻ കീഴിൽ കൊണ്ടുവരണമെന്ന് ചില വിദഗ്ദർ അഭിപ്രായപ്പെടുന്നു. ഈ ഡാറ്റ തദ്ദേശീയ സ്റ്റാർട്ട് അപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ലഭ്യമാക്കാനുള്ള നിയമ സംവിധാനങ്ങൾ ഉണ്ടാകണം21.

Waymo: Self driving car ( Grendelkhan, wikimedia commons)

ഇന്ത്യയും തൊഴിൽ മേഖലയിലെ മാറ്റങ്ങളും

നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചു കൊണ്ടുള്ള ഓട്ടോമേഷൻ (അതിയന്ത്രവത്കരണം) തൊഴിൽ മേഖലയിൽ വമ്പിച്ച മാറ്റങ്ങൾ വരുത്തും. ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങളിൽ നല്ലൊരു പങ്ക് ആൾക്കാരും ഇപ്പോൾ ഏർപ്പെട്ടിരിക്കുന്ന ജോലികൾ കുറഞ്ഞ സാങ്കേതിക വൈദഗ്ദ്യം മാത്രം ആവശ്യമുള്ള ജോലികളാണ്. ഇത്തരത്തിലുള്ള ജോലികൾ മനുഷ്യരേക്കാളും വേഗതയിൽ, കൂടുതൽ കൃത്യതയോടെ അതിയന്ത്രവത്കരിക്കാൻ എളുപ്പമാണ്. സങ്കീർണമായ തൊഴിലുകൾ പോലും ചെറിയ ഭാഗങ്ങളായി വിഭജിച്ച് അതിയന്ത്രവത്കരിക്കാൻ കഴിയും. ഇത്തരത്തിലുള്ള തൊഴിൽ നഷ്ടത്തിന് ഒരു ലിംഗമാനം ഉണ്ട് താനും. വേൾഡ് ഇക്കണോമിക് ഫോറം പ്രവചനം അനുസരിച്ച് നഷ്ടമാകുന്ന തൊഴിലുകളിൽ അധികവും സ്ത്രീകൾക്ക് പ്രാമുഖ്യമുള്ള മേഖലകളിലാണ് സംഭവിക്കുക22. പുതുതായി സൃഷ്ടിക്കപ്പെടുന്ന തൊഴിലുകൾ എണ്ണത്തിൽ കുറവും പക്ഷേ കൂടിയ വിദ്യാഭ്യാസവും സാങ്കേതികവൈദഗ്ദ്യവും ആവശ്യമുള്ളവയും ആയിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

അതുപോലെ പരമ്പരാഗത തൊഴിലുകൾ അപ്രത്യക്ഷമാകുമ്പോൾ സൃഷ്ടിക്കപ്പെടുന്ന പുതിയ തൊഴിലുകൾ സാമൂഹ്യ സുരക്ഷ ഉറപ്പു വരുത്തുന്നവയാകില്ല. ഉദാഹരണത്തിന് 'ഊബർ ഈറ്റ്സ്' ഡെലിവറി ജീവനക്കാർ ബാംഗ്ലൂരിലും കൊച്ചിയിലും ഒക്കെ ഒരു സ്ഥിരം കാഴ്ചയാണ്. ഊബർ എന്ന ഓൺലൈൻ ടാക്സി പ്ലാറ്റ്ഫോം അതിന്റെ പ്രവൃത്തികൾ ഫുഡ് ഡെലിവറിയിലേക്കും കൂടി വികസിപ്പിച്ചതിന്റെ ഫലമാണിത്. പ്ലാറ്റ്ഫോം കമ്പനികൾ കൂടുതൽ കൂടുതൽ വലുതാകുന്ന ഒരു അവസ്ഥയാണിത്. ഊബറും ആമസോണും അവരുടെ ഡെലിവറി ജീവനക്കാരെ കരാറാടിസ്ഥാനത്തിലുള്ള ജീവനക്കാരായി പരിഗണിക്കുന്നത് കാരണം പരമ്പരാഗത ജോലികളിൽ ലഭ്യമായ പല ആനുകൂല്യങ്ങളും ഇവർക്ക് ലഭ്യമല്ല. ജോലിസ്ഥലത്തെ ജോലിഭാരത്തിന്റെയും സമ്മർദ്ദത്തിന്റെയും23 പേരിൽ ആമസോൺ നിശിതമായി വിമർശിക്കപ്പെട്ടിട്ടുണ്ട്24. കൂടുതൽ തൊഴിലുകൾ പരമ്പരാഗത രംഗങ്ങളിൽ നിന്ന് മാറി ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ പുതിയ യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളുന്ന രീതിയിൽ തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്യുവാൻ പല രാജ്യങ്ങളിലും ആവശ്യമുയരുന്നുണ്ട്. ഉദാഹരണത്തിന്, യൂറോപ്യൻ ഡ്രൈവർമാർക്ക് ആരോഗ്യവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ നൽകാമെന്നും അസുഖ അവധി നൽകാമെന്നും ഊബർ സമ്മതിച്ചിട്ടുണ്ട്25. അതു പോലെ തീക്ഷ്ണ വിമർശനങ്ങൾ കാരണം ആമസോൺ യു.എസിൽ താഴേക്കിടയിലെ ജീവനക്കാർക്ക് നൽകുന്ന വേതനം ഉയർത്തിയിട്ടുണ്ട്26. പക്ഷേ ഈ വൻകിട കമ്പനികളെ നിയന്ത്രിക്കാൻ വികസ്വര രാജ്യങ്ങൾക്കുള്ള കഴിവും നയപരമായും നിയമപരമായും ഉള്ള വൈദഗ്ധ്യവും പരിമിതമാണ്.

അതേസമയം, ഈ സാങ്കേതികവിദ്യകൾ സമൂഹനന്മക്കും വികസനത്തിനും അപാര സാധ്യതൾ നൽകുന്നുമുണ്ട്. ഉദാഹരണത്തിന് മാലിന്യ ശുചീകരണം ചെയ്യാൻ കഴിയുന്ന റോബോട്ടിനെ കേരളം അടിസ്ഥാനമായുള്ള ഒരു സ്റ്റാർട്ട് അപ്പ് ഈയടുത്ത് വികസിപ്പിച്ചു27. അവിടെ ശ്രദ്ധിക്കേണ്ട കാര്യം ഈ സ്റ്റാർട്ട് അപ്പിന് മൂലധനം നൽകിയത് പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റാർട്ട് അപ്പ് മിഷൻ ആണെന്നുള്ളതാണ്. മുതലാളിത്തം അതിനു ലാഭം കിട്ടുന്ന ഇടങ്ങളിൽ മാത്രമേ പണം മുടക്കുകയുള്ളൂ എന്നും അതിനാൽ കഠിനവും വിരസവുമായ പല തൊഴിലുകളും ഓട്ടോമേഷനാൽ ബാധിക്കപ്പെടില്ല എന്നുമുള്ള സാമ്പത്തിക ശാസ്ത്രജ്ഞനായ അദയർ ടർണറിന്റെ നിരീക്ഷണം ഇവിടെ ശ്രദ്ധേയമാണ്28. ഓട്ടോമേഷനെക്കാളും ലാഭം തൊഴിലാളിക്ക് കൂലി നല്‍കുന്നതാണെങ്കിൽ അതാണ് മുതലാളിത്തം താത്പര്യപ്പെടുക. അതുകൊണ്ട് തന്നെ ഒരു ഭാഗത്ത് സ്മാർട്ട് ബ്രെഡ് ടോസ്റ്ററും മറുഭാഗത്ത് തോട്ടിവേലയും നിലനിൽക്കുന്ന ഒരു ഭാവി വരാതിരിക്കണമെങ്കിൽ സാമൂഹികനന്മക്കുതകുന്ന സാങ്കേതികവിദ്യ നയങ്ങൾ വികസ്വര രാജ്യങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്. സാങ്കേതികവിദ്യയുടെ ഉടമസ്ഥാവകാശം ആർക്ക് എന്നുള്ള ചോദ്യവും ഇവിടെ പ്രസക്തമാണ്. ചുരുങ്ങിയ എണ്ണം കമ്പനികളിലേക്ക് ഇത്തരം വിപ്ലവകരമായ സാങ്കേതികവിദ്യകളുടെ ഉടമസ്ഥാവകാശം ഒതുങ്ങുന്നത് പൊതുനന്മക്ക് അഭിലഷണീയമല്ല.

മുന്നോട്ടുള്ള വഴി

ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് (പരസ്പരം ആശയവിനിമയം നടത്താൻ കഴിവുള്ള, ഇന്റർനെറ്റുമായി ബന്ധിപ്പിക്കപ്പെട്ടുള്ള ഉപകരണങ്ങളുടെ ശൃംഖല, ഉദാഹരണം: സ്മാർട്ട് ഗൃഹോപകരണങ്ങൾ29, സ്മാർട്ട് ടോസ്റ്റർ30, ബ്രെഡ് നിങ്ങളുടെ താത്പര്യത്തിനൊത്ത് മൊരിക്കുകയും മൊരിഞ്ഞു കഴിയുമ്പോൾ മൊബൈലിൽ അറിയിപ്പ് നല്‍കുകയും ചെയ്യും), റോബോട്ടിക്സ്, കൃത്രിമ ബുദ്ധി, ഡാറ്റ വിശകലനം, ത്രീ ഡി പ്രിന്റിങ് (ഡിജിറ്റൽ ഫയൽ ഉപയോഗിച്ച് ഘനവസ്തുക്കളെ പ്രിന്റ് ചെയ്യുന്ന സാങ്കേതികവിദ്യ) ഇവയോടൊപ്പം ബയോടെക്നോളജി (ജൈവ സാങ്കേതികവിദ്യ), നാനോ ടെക്നോളജി, ക്വാണ്ടം കമ്പ്യൂട്ടിങ് എന്നീ രംഗങ്ങളിലെ മുന്നേറ്റങ്ങൾ ഉത്പാദനത്തേയും വിതരണത്തേയും എന്നു വേണ്ട നിത്യജീവിതം വരേയും വിപ്ലവകരമായി മാറ്റി മറിക്കുന്ന ഒരു കാലഘട്ടമാണ് വരാനിരിക്കുന്നത്. മുമ്പു സൂചിപ്പിച്ചതു പോലെ ഈ സാങ്കേതികവിദ്യകൾ നാലാം വ്യവസായ വിപ്ലവത്തിന്റെ ചാലകങ്ങളായി വർത്തിക്കും. ഈ സാങ്കേതിക വിദ്യകളിൽ ഇന്ത്യയുടെ വൈദഗ്ധ്യത്തെ അനുസരിച്ചിരിക്കും നമ്മുടെ പുരോഗതി.

ഈ സാഹചര്യത്തിൽ വ്യക്തമായ, സമൂഹനന്മക്കുതകുന്ന ഡിജിറ്റൽ പോളിസികൾ ഇല്ലെങ്കിൽ ഇന്ത്യ ഒരു രണ്ടാം കൊളോണിയലൈസേഷന്, ഡിജിറ്റൽ കൊളോണിയലിസത്തിന് വിധേയമായെന്നു വരും. നമ്മുടെ ആഭ്യന്തര വ്യവസായങ്ങളേയും സ്റ്റാർട്ട് അപ്പുകളെയും പ്രോത്സാഹിപ്പിക്കുകയും കുത്തകവത്കരണത്തെ നിയന്ത്രിക്കുകയും ചെയ്യേണ്ടതായ ആവശ്യമുണ്ട്31. ഡിജിറ്റലൈസേഷൻ കാരണം മാറ്റങ്ങളുണ്ടാക്കുന്ന എല്ലാ മേഖലയിലും പുതിയ നിയമങ്ങൾ കൊണ്ടു വരികയോ പഴയവ കാലോചിതമായി പരിഷ്കരിക്കുകയോ വേണം. ജനങ്ങളുടെ ഡാറ്റ സ്വാകാര്യതയേയും ഡാറ്റയുടെ മേലിൽ സമൂഹത്തിനുള്ള അവകാശങ്ങളേയും സംരക്ഷിക്കണം. അതിനോടൊപ്പം ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിൽ മുന്നേറാനും സാങ്കേതികവിദ്യകളുടെ ഗുണഫലങ്ങൾ ഉപയോഗപ്പെടുത്താനുമുള്ള നയങ്ങൾ കൊണ്ടു വരികയും നടപ്പിലാക്കുകയും ചെയ്യണം. ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ നഗര മേഖലയിലെ ഇന്റർനെറ്റ് വ്യാപനം 64.84 ശതമാനം ആണെങ്കിൽ ഗ്രാമീണ മേഖലയിലെ ഇന്റർനെറ്റ് വ്യാപനം വെറും 20.26 ശതമാനം മാത്രമാണ്32. അതുപോലെ നിലവിലുള്ള ഇന്റർനെറ്റ് ഉപഭോക്താക്കളിൽ വെറും 30 ശതമാനം മാത്രമേ സ്ത്രീകൾ ഉള്ളൂ. ഈ അന്തരത്തിന് പരിഹാരം കണ്ടെത്തുകയും ഡിജിറ്റൽ സാങ്കേതിക വിദ്യകളിൽ അവരുടെ നൈപുണ്യം വികസിപ്പിക്കുകയും ചെയ്തില്ലെങ്കിൽ ഇന്റർനെറ്റും മറ്റു സാങ്കേതികവിദ്യകളും നൽകുന്ന അവസരങ്ങൾ ഉപയോഗിക്കാൻ വലിയൊരു വിഭാഗം ഇന്ത്യക്കാർക്കും കഴിയില്ല. ലോകം നാലാം വ്യവസായ വിപ്ലവത്തിന്റെ വക്കിലെത്തി നിൽക്കുന്ന നിമിഷത്തിൽ അത്തരത്തിലൊരു പരാജയം വികസിത രാജ്യങ്ങളും ഇന്ത്യയും തമ്മിലും ഇന്ത്യയ്ക്കുള്ളിൽ പല വിഭാഗങ്ങൾ തമ്മിലും നിലനിൽക്കുന്ന അസമത്വം വർധിപ്പിക്കുകയേ ഉള്ളൂ.

[കവര്‍ചിത്രം: Sophia, a life-like humanoid robot, at UN headquarters in New York (IANS)]

Reference

 1. https://www.weforum.org/agenda/2016/01/9-quotes-that-sum-up-the-fourth-industrial-revolution
 2. Excerpted from 'The Fourth Industrial revolution' by Klaus Schwab (2016).
 3. https://en.oxforddictionaries.com/definition/data
 4. IRTCTC data has been used to predict migration pattern.https://scroll.in/article/828201/migra - tion-conundrum-india-is-on-the-move-for-work-but-why-is-that-still-not-reducing-inequality
 5. https://www.theguardian.com/news/series/cambridge-analytica-files
 6. https://unctad.org/en/PublicationsLibrary/gdsecidc2017d3_en.pdf
 7. https://scroll.in/article/805909/in-rajasthan-there-is-unrest-at-the-ration-shop-because-of-error- ridden-aadhaar and and https://www.financialexpress.com/economy/these-many-people-denied-ra- tion-due-to-aadhaar-related-factors/1173716/
 8. http://www.itforchange.net/sites/default/files/1468/digital_industrialisation_in_developing_countries.pdf
 9. https://www.forbes.com/sites/kashmirhill/2012/02/16/how-target-figured-out-a-teen-girl-was-pregnant-before-her-father-did/#1128cf5a6668
 10. https://medium.com/evergreen-business-weekly/the-power-of-network-effects-why-they-make-such-valuable-companies-and-how-to-harness-them-5d3fbc3659f8
 11. https://www.huffingtonpost.in/entry/monsanto-bayer-merge_us_5afeef96e4b07309e0578b5e and https://medium.com/@foe_us/bayer-monsanto-and-big-data-who-will-control-our-food-system-in-the-era-of-digital-agriculture-aae80d991e4d
 12. https://www.forbes.com/sites/gregpetro/2017/08/02/amazons-acquisition-of-whole-foods-is-about-two-things-data-and-product/#5a5e7d38a808
 13. https://www.nytimes.com/2014/10/20/opinion/paul-krugman-amazons-monopsony-is-not-ok.html
 14. https://www.financialexpress.com/industry/walmart-flipkart-deal-4-reasons-why-traders-are-holding-nationwide-protest-against-16-billion-deal/1228049/ and https://economictimes.indiatimes.com/industry/services/retail/traders-oppose-walmart-flipkart-deal-industry-gives-thumbs-up/articleshow/64099177.cms
 15. https://www.epa.gov/enforcement/reference-news-release-wal-mart-pleads-guilty-federal-environmental-crimes-and-civil
 16. https://www.reuters.com/article/us-walmart-labor/u-s-labor-board-alleges-wal-mart-violated-labor-law-in-14-states-idUSBREA0E1PY20140115
 17. https://economictimes.indiatimes.com/small-biz/startups/newsbuzz/sellers-allege-amazon-favours-cloudtail-plan-to-move-cci/articleshow/64424451.cms
 18. https://www.cnbc.com/2018/02/01/google-ceo-sundar-pichai-ai-is-more-important-than-fire-electricity.html
 19. http://www.china-briefing.com/news/chinas-cybersecurity-law-to-expand-data-localization-requirements/
 20. https://www.thehindu.com/news/cities/bangalore/cops-to-get-exclusive-app-to-decongest-roads/article22470158.ece
 21. https://www.thehindu.com/opinion/op-ed/bringing-data-under-the-rule-of-law/article24988755.ece
 22. http://www3.weforum.org/docs/WEF_Future_of_Jobs.pdf
 23. https://www.theverge.com/2018/4/16/17243026/amazon-warehouse-jobs-worker-conditions-bathroom-breaks
 24. https://techcrunch.com/2018/09/05/bernie-sanders-intros-stop-bad-employers-by-zeroing-out-subsidies-bezos-bill/
 25. https://www.wsj.com/articles/uber-to-offer-limited-health-insurance-to-european-drivers-1527082557
 26. https://techcrunch.com/2018/10/02/amazon-minimum-wage/
 27. https://thenewsminute.com/article/bandicoot-robot-put-end-manual-scavenging-launched-kerala-77084
 28. https://www.youtube.com/watch?v=Dgf8K244j1o
 29. https://aws.amazon.com/iot/solutions/connected-home/
 30. https://www.engadget.com/2017/01/04/griffin-connects-your-toast-to-your-phone/
 31. https://www.thehindu.com/opinion/op-ed/digital-trade-games/article19326776.ece
 32. https://economictimes.indiatimes.com/tech/internet/internet-users-in-india-expected-to-reach-500-million-by-june-iamai/articleshow/63000198.cms

https://www.azhimukham.com/explainer-all-you-need-to-know-about-the-personal-data-protection-bill/

https://www.azhimukham.com/india-facebook-data-scandal-india-need-a-privacy-protection-law-team-azhimukham/

https://www.azhimukham.com/explainer-facebook-data-breach-an-analysis/

https://www.azhimukham.com/foreign-cambridgeanalytica-to-shutdown/

https://www.azhimukham.com/technology-company-that-meddled-in-us-elections-has-india-presence/

https://www.azhimukham.com/vayicho-facebook-role-modi-victory/

https://www.azhimukham.com/technology-mark-zuckerberg-admits-data-leak-by-cambridge-analytica/

https://www.azhimukham.com/tech-the-world-is-changing-due-to-automation-and-is-going-for-joblessness-by-bibin-manuel/

https://www.azhimukham.com/india-modi-government-finds-new-ways-to-show-employment-creation-statics/

https://www.azhimukham.com/india-employment-growth-at-8-year-low/


Next Story

Related Stories