TopTop
Begin typing your search above and press return to search.

ആദ്യമായി മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ഡിജിറ്റല്‍ ക്യാമറയിലെടുത്ത ചിത്രം ജോര്‍ജ്ജ് ബുഷ് സീനിയറിന്റെ, 1989ല്‍: ഡിജിറ്റല്‍ ക്യാമറയുടെ ചരിത്രത്തിലൂടെ

ആദ്യമായി മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ഡിജിറ്റല്‍ ക്യാമറയിലെടുത്ത ചിത്രം ജോര്‍ജ്ജ് ബുഷ് സീനിയറിന്റെ, 1989ല്‍: ഡിജിറ്റല്‍ ക്യാമറയുടെ ചരിത്രത്തിലൂടെ

അമേരിക്കയും റഷ്യയും തമ്മിലുള്ള ശീത യുദ്ധമായിരുന്നോ ഡിജിറ്റല്‍ ക്യാമറകള്‍ക്ക് ജന്മം നല്കിയത്? ഡിജിറ്റല്‍ ക്യാമറയുടെ ചരിത്രത്തിലൂടെ കടന്നുപോകുന്ന ആര്‍ക്കും തോന്നിയെക്കാവുന്ന ഒരു സംശയമാണ്. ഡിജിറ്റല്‍ ക്യാമറ മേഖലയിലെ ആദ്യകാല ഗവേഷണങ്ങള്‍ കൂടുതലും നടന്നത് അമേരിക്കയിലാണ് എന്നതാണ് ഈയൊരു സംശയത്തിന്റെ അടിസ്ഥാനം. ചാര ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ ശേഖരിക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുക എന്നത് തന്നെയായിരുന്നു ലക്ഷ്യം. ബഹിരാകാശ പ്രതിരോധ മേഖലയില്‍ പ്രമുഖ സ്ഥാനമാണ് ഡിജിറ്റല്‍ ക്യാമറ സാങ്കേതികവിദ്യക്കുള്ളത്.

1969. അമേരിക്കയിലെ ബെല്ലി ലാബ്. അവിടെ ഒരു മുഖ്യ ഗവേഷണ പദ്ധതിയുടെ ചുമതലക്കാരായ രണ്ട് ശാസ്ത്രജ്ഞര്‍ക്ക് അന്ത്യശാസനം വന്നു. എത്രയും പെട്ടെന്ന് ഗവേഷണത്തില്‍ പുരോഗതി കാണിച്ചില്ലെങ്കില്‍ ഉടന്‍ പ്രൊജക്റ്റ് അവസാനിപ്പിക്കാം. ശാസ്ത്രജ്ഞന്‍മാര്‍ വിരണ്ടില്ല. ഒരു മണിക്കൂര്‍ സമയത്തിനകം അവര്‍ തങ്ങളുടെ കണ്ടെത്തലുമായി വന്നു. അതാണ് ഇന്ന് ലോകം ആഘോഷിക്കുന്ന ഡിജിറ്റല്‍ ക്യാമറയുടെ കണ്ടുപിടുത്തത്തിലെ നാഴികക്കല്ല്. ചാര്‍ജ് കപ്പിള്‍ഡ് ഡിവൈസ് (സി സി ഡി) എന്ന ഡിജിറ്റല്‍ ക്യാമറയുടെ കണ്ണ് ആണ് അന്നവര്‍ കണ്ടുപിടിച്ചത്. ആ ഇരട്ട ശാസ്ത്രജ്ഞമാരായ വില്ലാര്‍ഡ് എസ് ബോയലിനും ജോര്‍ജ്ജ് ഇ സ്മിത്തിനും ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലെ കണ്ടുപിടുത്തങ്ങള്‍ക്ക് 2009ല്‍ ഭൌതിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുകയുണ്ടായി.

വില്ലാര്‍ഡ് എസ് ബോയല്‍, ജോര്‍ജ്ജ് ഇ സ്മിത്ത് എന്നിവര്‍ ബെല്‍ ലബോറട്ടറിയില്‍

എന്നാല്‍ ഇന്ന് കാണുന്ന ഡിജിറ്റല്‍ ക്യാമറയുടെ ആദിമ രൂപം ഉടലെടുക്കുന്നത് കൊഡാക്കിന്റെ ലാബോറട്ടറിയിലാണ്. കൊഡാക്കിന്റെ അപ്ലൈഡ് റിസെര്‍ച്ച് ലാബില്‍ 1975ലാണ് സംഭവം. ലാബില്‍ നിന്നുകിട്ടിയ വസ്തുക്കള്‍ ഉപയോഗിച്ച് സ്റ്റീവന്‍ സാസണ്‍ എന്ന യുവ എഞ്ചിനീയറാണ് ആദ്യത്തെ ഡിജിറ്റല്‍ ക്യാമറ നിര്‍മ്മിച്ചത്. ആ കണ്ടുപിടുത്തത്തിന് 35 വര്‍ഷങ്ങള്‍ക്ക് ശേഷം നാഷണല്‍ മെഡല്‍ ഫോര്‍ ടെക്നോളജി ആന്‍ഡ് ഇന്നൊവേഷന്‍ പുരസ്കാരം ബറാക്ക് ഒബാമ സാസണ് സമ്മാനിക്കുകയുണ്ടായി. സാസണ്‍ എടുത്ത ജോയ് എന്ന കൊഡാക് ലാബിലെ ലാബ് ടെക്സ്നീഷ്യനാണ് ഡിജിറ്റല്‍ ക്യാമറയില്‍ പകര്‍ത്തപ്പെട്ട ആദ്യ മനുഷ്യന്‍. എന്നാല്‍ അത് സൂക്ഷിച്ചു വെക്കാന്‍ സാസണ് കഴിഞ്ഞില്ല.

ഒരൊറ്റ ബ്ലാക് & വൈറ്റ് ചിത്രം എടുക്കുന്നതിന് ഈ ക്യാമറ എടുത്തത് 23 സെക്കണ്ട് ആണ്. ഭാരം ഏകദേശം 4 കിലോഗ്രാമും. ആ ഇമേജ് സ്റ്റോര്‍ ചെയ്യപ്പെടുന്നത് ഒരു കാസറ്റ് ടേപ്പിലാണ്. 30 ഇമേജുകളാണ് ഈ കാസറ്റില്‍ സ്റ്റോര്‍ ചെയ്യാന്‍ സാധിക്കുക. ഇന്ന് നാം ഉപയോഗിക്കുന്ന ഡിജിറ്റല്‍ ക്യാമറയില്‍ നിന്നും അജഗജാന്തരമുണ്ട് ഈ ക്യാമറയ്ക്ക്. സാസണ്‍ ഉണ്ടാക്കിയ ക്യാമറയിലെ പ്രധാന ഭാഗം 1969ല്‍ ബോയിലും സ്മിത്തും കണ്ടുപിടിച്ച ചാര്‍ജ് കപ്പിള്‍ഡ് ഡിവൈസ് (സി‌സി‌ഡി) ആണ്.

സ്റ്റീവന്‍ സാസണ്‍ രൂപകല്‍പ്പന ചെയ്ത ക്യാമറ

സാസന്റെ കണ്ടുപിടുത്തത്തെ കുറിച്ചുള്ള വാര്‍ത്ത പടര്‍ന്നുപിടിച്ചതോടെ ലോകത്ത് പലയിടത്തും പ്രമുഖ കമ്പനികള്‍ തങ്ങളുടേതായ ഡിജിറ്റല്‍ ക്യാമറകള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചു. എന്നാല്‍ ആ തിരക്കുകൂടലുകള്‍ ഒന്നും ഉടനനടി ഫലം കണ്ടില്ല.

വാണിജ്യാടിസ്ഥാനത്തില്‍ ആദ്യത്തെ CCD ക്യാമറ വികസിപ്പിക്കുന്നത് 1976ല്‍ ഫെയര്‍ ചൈല്‍ഡ് എന്ന അമേരിക്കന്‍ കമ്പനിയാണ്. MV -101 എന്ന ഈ ക്യാമറ പ്രോക്ടര്‍ & ഗാംബിള്‍ ഉത്പന്നങ്ങള്‍ പരിശോധിക്കാനാണ് ഉപയോഗിച്ചിരുന്നത്. തൊട്ടടുത്ത വര്‍ഷം കോനിക്ക C35-AFഎന്ന ലോകത്തിലെ ആദ്യത്തെ ഓട്ടോ ഫോക്കസ് ക്യാമറ രംഗത്തിറക്കി. 1981ല്‍ കല്‍ഗാരി സര്‍വ്വകലാശാലയിലെ ഒരു സംഘം വിദഗ്ധര്‍ ഫെയര്‍ ചൈല്‍ഡ് ആള്‍ സ്കൈ എന്നൊരു ക്യാമറ വാന നിരീക്ഷണത്തിന് വേണ്ടി തയ്യാറാക്കി. പൂര്‍ണ്ണമായും ഡിജിറ്റല്‍ എന്നുപറയാവുന്ന ഒരു നിര്‍മ്മിതിയാണ് ഇത്.

4 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആദ്യത്തെ ഡിജിറ്റല്‍ ക്യാമറ ഉപയോക്താക്കളുടെ കൈകളില്‍ എത്തുന്നത്. 1981ല്‍ സോണി ഇറക്കിയ മാവിക്ക (Sony Mavica-Magnetic Video Camera). പൂര്‍ണ്ണമായും ഒരു ഡിജിറ്റല്‍ ക്യാമറയായിരുന്നില്ല മാവിക. ഒരു അനലോഗ് ടെലിവിഷന്‍ ക്യാമറ ആയിരുന്നു അത്. വിപണിയില്‍ വേണ്ടത്ര ശ്രദ്ധ കിട്ടാത്തതുകൊണ്ട് സോണി തന്നെ ഈ ക്യാമറ പിന്‍വലിച്ചു.

സോണി മാവിക്ക

1980കള്‍ അനലോഗ് ക്യാമറകളുടെ കാലമായിരുന്നു. 1984ലെ ഒളിമ്പിക്സ്, 1989ല്‍ ചൈനയില്‍ നടന്ന ടിയാനമെന്‍ സ്ക്വയര്‍ പ്രക്ഷോഭം, 1991ലെ ഗള്‍ഫ് യുദ്ധം എന്നിവയെല്ലാം അനലോഗ് ക്യാമറകള്‍ പകര്‍ത്തിയ ദൃശ്യങ്ങളിലൂടെ ലോകം കണ്ടു. യഥാര്‍ത്ഥത്തില്‍ ഡിജിറ്റല്‍ ക്യാമറകളുടെ യുഗത്തിലേക്കുള്ള കുതിച്ചുചാട്ടത്തിന്റെ ലോഞ്ചിംഗ് പാഡ് ആയിരുന്നു 1980കള്‍ എന്നു പറയാം

1986ല്‍ ജാപ്പനീസ് കമ്പനിയായ നിക്കോണ്‍ എസ് വി സി എന്ന ക്യാമറയുമായി ഡിജിറ്റല്‍ ക്യാമറ രംഗത്തേക്ക് കടന്നു വന്നു. 1988ല്‍ ഫ്യൂജി പുറത്തിറക്കിയ Fuji DS-1P ആണ് ആദ്യത്തെ ഡിജിറ്റല്‍ ഹാന്‍ഡ് ഹെല്‍ഡ് ക്യാമറ. ഇതൊരിക്കലും വില്‍പ്പനയ്ക്ക് എത്തിയില്ല. തോഷിബ നിര്‍മ്മിച്ച 16 എം ബിയുടെ മെമ്മറി കാര്‍ഡിലാണ് ഇതില്‍ ചിത്രങ്ങള്‍ സൂക്ഷിച്ചുവെച്ചത്. jpeg, mpeg ഫയല്‍ ഫോര്‍മാറ്റില്‍ ചിത്രങ്ങള്‍ കൈമാറാന്‍ ആരംഭിച്ചത് 1988ലാണ്.

1989ല്‍ Nikon QV -1000C ചരിത്രം സൃഷ്ടിച്ചു. മാധ്യമ മേഖലയില്‍ ആദ്യമായി ഉപയോഗിക്കുന്ന ഫിലിം രഹിത ക്യാമറയായി ഇത് മാറി. ജോര്‍ജ്ജ് ബുഷ് സീനിയറുടെ ഉദ്ഘാടനം കവര്‍ ചെയ്യാന്‍ അസോസിയേറ്റ് പ്രസിന്റെ ഫോട്ടോഗ്രാഫറായ റോണ്‍ എഡ്മണ്ട് ഉപയോഗിച്ചത് ഈ ക്യാമറയാണ്. ഈ ചിത്രങ്ങളാണ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഡിജിറ്റല്‍ ഇമേജുകള്‍.

1990 അവസാനത്തിലാണ് അമേരിക്കയില്‍ ആദ്യത്തെ ഡിജിറ്റല്‍ ക്യാമറ വിപണിയില്‍ എത്തുന്നത്. ലോഗിടെക് ഫോട്ടോമാന്‍ വിപണിയില്‍ എത്തിച്ച Dycam Model 1. ആയിരം ഡോളര്‍ വിലയുണ്ടായിരുന്ന ആ ക്യാമറയും കളര്‍ ചിത്രീകരണ സാധ്യത കൃത്യമായി ഇല്ലാതിരുന്നതിനാല്‍ ഒരു പരാജയമായി.

1991ല്‍ കൊഡാക് കുറച്ചുകൂടി മെച്ചപ്പെട്ട ക്യാമറയുമായി രംഗത്ത് വന്നു. Modified Nikon F3. ഇതില്‍ ഇമേജസ് ഡിജിറ്റലായി പകര്‍ത്തിയതിന് ശേഷം ഫോട്ടോഗ്രാഫറുടെ ഷോള്‍ഡറില്‍ തൂക്കിയിടുന്ന ഒരു ഹാര്‍ഡ് ഡ്രൈവില്‍ സ്റ്റോര്‍ ചെയ്യുകയുമാണ്. 1.3 മെഗാ പിക്സല്‍ ആണ് പിക്ചര്‍ ക്വാളിറ്റി. 30,000 ഡോളര്‍ വിലയുള്ള ഈ ക്യാമറയാണ് ആദ്യത്തെ അറിയപ്പെടുന്ന ഡി എസ് എല്‍ ആര്‍. നാസ ഈ ക്യാമറ പിന്നീട് ബഹിരാകാശ വാഹനങ്ങളില്‍ ഉപയോഗിച്ചു. എന്നാല്‍ ഡിജിറ്റല്‍ ക്യാമറ രംഗത്ത് കൂടുതല്‍ ഗവേഷണം നടത്താന്‍ കൊഡാക്ക് തയ്യാറായില്ല. പകരം അവര്‍ ഫിലിം ക്യാമറകളിലും റോളുകളിലും തന്നെ ഒതുങ്ങി നിന്നു.

കൊഡാകിന്റെ Modified Nikon F3

വേള്‍ഡ് വൈഡ് വെബില്‍ ചിത്രങ്ങള്‍ കാണാവുന്ന മൊസൈക് വെബ് ബ്രൌസര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ സൂപ്പര്‍ കമ്പ്യൂട്ടിംഗ് ആപ്ലിക്കേഷന്‍സ് 1992ല്‍ പുരത്തിറക്കിയത് ചിത്രങ്ങളുടെ വിതരണത്തില്‍ വലിയ വിപ്ലവം തന്നെ സൃഷ്ടിച്ചു.

1994ല്‍ ആപ്പിള്‍ ആണ് ജനപ്രീയമായ ഡിജിറ്റല്‍ ക്യാമറയുമായി രംഗത്ത് വരുന്നത്. ക്വിക്ക് ടേക് 100 (Quicktake-100). ക്വിക്ക് ടേക്ക് എടുക്കുന്ന ചിത്രം യു എസ് ബി പോര്‍ട്ട് വഴി കംപ്യൂട്ടറിലേക്ക് മാറ്റാന്‍ സാധിക്കുമായിരുന്നു. ആപ്പിളിന്റെ ഈ കണ്ടുപിടുത്തം ഡിജിറ്റല്‍ ക്യാമറ രംഗത്ത് വിപ്ലവം തന്നെ സൃഷ്ടിച്ചു. പിന്നീട് ഫ്യൂജി ഫിലിം ക്വിക്ക് ടേക് 200 പുറത്തിറക്കി.

ആപ്പിള്‍ പുറത്തിറക്കിയ ക്വിക്ക് ടേക് 100

1995ല്‍ കാസിയോ പുറത്തിറക്കിയ QV-10 ആണ് പിന്‍ഭാഗത്ത് എ സി ഡി സ്ക്രീനുള്ള ക്യാമറ. അതേ വര്‍ഷം തന്നെ സ്റ്റില്‍ ഫോട്ടോയും മൂവി ഫൂടേജും ചിത്രീകരിക്കാവുന്ന ക്യാമറ രംഗത്തിറങ്ങി-Ricoh RDC-1

1997ല്‍ ഫിലിപ് കാന്‍ എന്ന ഫ്രെഞ്ച് ടെക്നോക്രാറ്റ് ആണ് സെല്‍ ഫോണ്‍ ക്യാമറയുടെ ആദി രൂപം നിര്‍മ്മിക്കുന്നത്. തന്റെ നവജാത ശിശുവിന്റെ ചിത്രം വയര്‍ലെസ് നെറ്റ് വര്‍ക്കിലൂടെ 2000 പേര്‍ക്ക് അയച്ചുകൊടുത്തു.

ഫിലിപ് കാന്‍

1990 കളുടെ പകുതിയോടെ നികോണ്‍, കാനന്‍, ഫ്യൂജിഫിലിം, മിനോള്‍ട്ട, പെന്‍റക്സ്, ഒളിമ്പസ്, പാനസോണിക്, സാംസംഗ്, സിഗ്മ, സോണി തുടങ്ങിയ കമ്പനികളും ഡിജിറ്റല്‍ ക്യാമറ സെഗ്മെന്റില്‍ സജീവമായതോടെ ഡിജിറ്റല്‍ വിപ്ലവം തന്നെ ലോകത്ത് അരങ്ങേറി. അത് ഫോട്ടോ എടുപ്പ് എന്ന കലാ പ്രവര്‍ത്തനത്തിനപ്പുറം ബഹിരാകാശ് ശാസ്ത്രത്തിലും വൈദ്യ ശാസ്ത്രത്തിലുമടക്കം വലിയ മുന്നേറ്റങ്ങള്‍ക്ക് കാരണമായി. ആദ്യ ഗവേഷണം നടന്ന അമേരിക്കയല്ല ജപ്പാനീസ് കമ്പനികളാണ് ഡിജിറ്റല്‍ ക്യാമറ വിപണിയെ ഇപ്പോള്‍ ഭരിക്കുന്നത്.

Read More: തൊട്ടപ്പന്‍ പറയുന്നത് സ്നേഹത്തിന്റെ രാഷ്ട്രീയമാണ്; സംവിധായകൻ ഷാനവാസ് കെ. ബാവക്കുട്ടി/അഭിമുഖം


Next Story

Related Stories