സയന്‍സ്/ടെക്നോളജി

എനിക്ക് ഒരു മില്യണിലധികം ഫോളോവേഴ്സുണ്ട്; പക്ഷേ, ഞാന്‍ ട്വിറ്റര്‍ ഉപേക്ഷിക്കും

Print Friendly, PDF & Email

വെറുപ്പും അധിക്ഷേപവും ഇപ്പോള്‍ ട്വീറ്റിങ്ങിന്റെ പര്യായങ്ങളായിട്ടുണ്ട്

A A A

Print Friendly, PDF & Email

കെനിയയിലെ താരതമ്യേന പ്രസിദ്ധനായ, ട്വിറ്ററില്‍ ഒരു മില്യണിലധികം ഫോളോവേഴ്സുള്ള, പത്രപ്രവര്‍ത്തകനാണ് ഞാന്‍. ഈ പ്ലാറ്റ്ഫോമിലുള്ള എന്റെ അനുഭവം ഔദ്യോഗികജീവിതത്തിലെ ഏറ്റവും തരംതാണ അനുഭവമായിരുന്നു. എന്റെ അക്കൌണ്ട് വേണ്ടെന്നു വെക്കുന്നത് നിരന്തരമായി ഞാന്‍ പരിഗണിക്കുന്നുണ്ട്. പെട്ടെന്ന് മാറ്റങ്ങളൊന്നും വന്നില്ലെങ്കില്‍, അത് പ്രവര്‍ത്തനക്ഷമമല്ലാതാക്കുകയും ശക്തമായ അഭിപ്രായങ്ങളുള്ള എന്നെപ്പോലുള്ള കനത്ത ഉപയോക്താക്കള്‍ക്ക് ഹീനവും വിഷലിപ്തവും ആയി തോന്നുന്ന ആ അവ്യവസ്ഥയില്‍നിന്ന് ദൂരേക്ക് പോവുകയും അല്ലാതെ എനിക്ക് മറ്റു മാര്‍ഗ്ഗമുണ്ടാവില്ല. കെനിയന്‍ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റും എഴുത്തുകാരനുമായ ലാറി മഡോവോ വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതുന്നു.

വെറുപ്പും അധിക്ഷേപവും ഇപ്പോള്‍ ട്വീറ്റിങ്ങിന്റെ പര്യായങ്ങളായിട്ടുണ്ട്, പക്ഷേ അത് കൈകാര്യം ചെയ്യുന്നതില്‍ ട്വിറ്റര്‍ കാണിക്കുന്ന അനാസ്ഥ (അതോ കഴിവുകേടോ) കാര്യമായ ഹാനി വരുത്തുന്നതാണ്. നേരിട്ട് ഭീഷണിപ്പെടുത്തുകയോ അധിക്ഷേപങ്ങള്‍ അതിരുകടക്കുകയോ ചെയ്ത നിരവധി അക്കൌണ്ടുകള്‍ക്കെതിരെ – അവഹേളിക്കുന്ന ട്വീറ്റുകള്‍ പ്രാദേശികഭാഷയിലാണെങ്കില്‍ പ്രത്യേകിച്ചും- ഞാന്‍ പരാതിപ്പെട്ടിട്ടുണ്ട്. ഇതുവരെയും ഒരുമാതിരി ഒരിക്കലും ട്വിറ്ററില്‍നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല. അങ്ങേയറ്റം മോശമായ സംഭവങ്ങളില്‍, അവഹേളിക്കുന്നവരെ ഞാന്‍ ബ്ലോക്ക് ചെയ്ത ശേഷം വെറുപ്പുനിറഞ്ഞ പ്രചാരണം തുടരാനായി അവര്‍ പുതിയ അക്കൌണ്ടുകള്‍ രെജിസ്റ്റര്‍ ചെയ്യും.

“ഞങ്ങളുടെ സേവനത്തെ ആള്‍ക്കാര്‍ മുതലെടുക്കുന്ന രീതിയിലോ വേണ്ടത്ര വേഗത്തില്‍ അതിനെ കൈകാര്യം ചെയ്യാനുള്ള ഞങ്ങളുടെ കഴിവുകേടിലോ ഞങ്ങള്‍ അഭിമാനിക്കുന്നില്ല.” കഴിഞ്ഞയാഴ്ച ട്വിറ്റര്‍ ചീഫ് എക്സിക്യൂട്ടീവ് ഡോര്‍സി ട്വീറ്റ് ചെയ്തു.

ട്വിറ്ററിന് അന്താരാഷ്ട്രതലത്തില്‍ മാസംതോറും 262 മില്യണ്‍ ഉപയോക്താക്കളുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സിലേതിനേക്കാള്‍ ഏകദേശം നാലിരട്ടി കൂടുതലാണത്. ദൈനംദിന സജീവ ഉപയോക്താക്കളിലെ വര്‍ദ്ധനവിനെ കൊട്ടിഘോഷിച്ചുകൊണ്ട് ഓഹരിയുടമകള്‍ക്ക് എഴുതിയ ഏറ്റവും പുതിയ കത്തില്‍ ആഫ്രിക്കയിലെ ഉപയോക്താക്കളുടെ എണ്ണം ഉള്‍പ്പെടുന്നില്ല. EMEAയിലെ (യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക)ചില വിപണികളില്‍ ‘പുരോഗതി’യുണ്ടെന്ന പരോക്ഷ സമ്മതമല്ലാതെ ആ ഭൂഖണ്ഡത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതുപോലുമില്ല.

2016ലെ യു.എസ് തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ കൌശലങ്ങളാല്‍ സ്വാധീനിച്ച ബോട്ട്സും റഷ്യന്‍ ട്രോളുകളും കൈകാര്യം ചെയ്യുമെന്ന്, കഴിഞ്ഞ സെപ്തംബറില്‍, ട്വിറ്റര്‍ വാഗ്ദാനം ചെയ്തു. ഒരു മാസം കഴിഞ്ഞ്, രാഷ്ട്രീയപരമായതും വിഷയകേന്ദ്രീകൃതമായതും ആയ പരസ്യങ്ങളില്‍ കൂടുതല്‍ സുതാര്യതയും പ്രഖ്യാപിച്ചു. ഡിസംബറില്‍, “ഓണ്‍ലൈനിലെ തീവ്രവാദ ഉള്ളടക്കങ്ങള്‍ പരക്കുന്നത് തടയാനുള്ള”നിയന്ത്രണങ്ങള്‍ ട്വിറ്റര്‍ അവതരിപ്പിച്ചു. യൂറോപ്പിലെയും യുണൈറ്റഡ് സ്റ്റേറ്റ്സിലെയും മറ്റു ടെക് കമ്പനികളുടെയും ലാഭേച്ഛയില്ലാത്ത സംഘടനകളുടെയും പങ്കാളിത്തമുള്ള ഈ നിയന്ത്രണപരിപാടിയില്‍, പക്ഷേ, ബോകോ ഹറം, അല്‍-ഷബാബ് എന്നിവ ഭരിക്കുന്ന ആഫ്രിക്കയില്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് ഒന്നും പരാമര്‍ശിച്ചിട്ടില്ല. “ട്വിറ്റര്‍ എല്ലാ ഉപയോക്താക്കള്‍ക്കും സുരക്ഷിതവും ഭദ്രവുമാണെന്ന് ഉറപ്പുവരുത്താന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. പൌരസംബന്ധിയായ ആരോഗ്യകരമായ ചര്‍ച്ചകളും ഇടപെടലും മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിക്കുകയും ചെയ്യുന്നു”എന്ന് പറഞ്ഞെങ്കിലും, ഇടക്കാലതെരഞ്ഞെടുപ്പിനുള്ള പദ്ധതികളെക്കുറിച്ച് യുണൈറ്റ‍ഡ് സ്റ്റേറ്റ്സില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

ട്വിറ്ററില്‍ അതിവേഗം പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളെന്ന് പഠനം

2144 ഭാഷകളുടെ സ്വദേശമായ ആഫ്രിക്കക്ക് ഒരു ട്വിറ്റര്‍ ഓഫീസില്ല

ഭാഷാസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇംഗ്ലീഷ്, സ്വാഹിലി, ഫ്രെഞ്ച്, ല്വോ, ഗികുയു ഭാഷകളില്‍ ഞാന്‍ 60,000 തവണ ട്വീറ്റ് ചെയ്തിട്ടുണ്ട്. ദിവസം ശരാശരി 19 ട്വീറ്റുകള്‍ എന്നാണ് അതിന്റെ അര്‍ത്ഥം. (എനിക്കൊരു ജീവിതമുണ്ടെന്ന് ബോധിപ്പിക്കാന്‍ ഇതുവെച്ചുകൊണ്ട് എളുപ്പമല്ല, പക്ഷേ സത്യമാണ്, എനിക്ക് ഇതല്ലാതെ ജീവിതമുണ്ട്). ഈ അഞ്ചുഭാഷകളിലും അധിക്ഷേപങ്ങള്‍ എനിക്ക് കിട്ടാറുണ്ട്. പക്ഷേ, ഫ്രെഞ്ച്, ഇംഗ്ലീഷ് എന്നീ രണ്ടു പടിഞ്ഞാറന്‍ ഭാഷകളില്‍ നിന്നേ പിന്തുണ കിട്ടാറുള്ളൂ. സ്വാഹിലി മാത്രം സംസാരിക്കുന്നവര്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മൊത്തം ജനസംഖ്യയായ ഒരു ബില്യണില്‍ പത്തിലൊന്ന് വരും – പക്ഷേ സ്വാഹിലിയില്‍ അയക്കുന്ന ട്വീറ്റുകളെ ഇന്‍ഡോനേഷ്യന്‍ എന്ന് ട്വിറ്റര്‍ തെറ്റിദ്ധരിക്കുന്നു. യുണൈറ്റ‍ഡ് സ്റ്റേറ്റ്സിലെയും യൂറോപ്പിലെയും ബോട്ട്സിനെ എതിരിടാന്‍ ട്വിറ്റര്‍ ശ്രദ്ധാപൂര്‍വ്വമായി ചുവടുകള്‍ വെക്കുന്നുണ്ട്. ഭാഗികമായി അതിന്റെ കാരണം ശക്തമായ നിയന്ത്രണങ്ങളാണ്. പക്ഷേ, ട്വിറ്റര്‍ ശ്രദ്ധക്കുറവ് കാണിക്കുകയോ തീരെ ശ്രദ്ധിക്കാതിരിക്കുകയോ ചെയ്യുന്ന ആഫ്രിക്കയിലെ വ്യവഹാരങ്ങളെ ബോട്ട്സ് വിഷലിപ്തമാക്കിയിട്ടുമുണ്ട്. ദക്ഷിണാഫ്രിക്കയുടെ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് അവരുടെ പുതിയ നേതാവിനെ ഡിസംബറില്‍ തെരഞ്ഞെടുക്കുന്നതിനുമുമ്പ് പക്ഷപാതപരമായ സന്ദേശങ്ങളിലൂടെ പൌരന്മാരെ ഞെട്ടിച്ചുകൊണ്ട് ബോട്ട്സ് ശീര്‍ഷകങ്ങളില്‍ നിറഞ്ഞുനിന്നു.

2017ല്‍ നടന്ന രണ്ട് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പുകളിലും രണ്ട് പ്രധാന പാര്‍ട്ടികളും വോട്ടര്‍മാരെ വശീകരിക്കാനും സ്വന്തം സിദ്ധാന്തങ്ങളെ പ്രചരിപ്പിക്കാനും എതിരാളികളെ കരിപൂശാനും വേണ്ടി സജീവമായി ബോട്സ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പ്രസിഡന്റ് ഉഹുറു കെന്യാറ്റയുടെ സംഘം ബ്രിട്ടീഷ് സൈക്കോഗ്രാഫിക്സ് കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റിക്കയെ വാടകയ്ക്കെടുക്കുക പോലും ചെയ്തു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പും ‍ജയിക്കാന്‍ “പ്രേക്ഷകരുടെ സ്വഭാവത്തെ മാറ്റാന്‍ ഡാറ്റ ഉപയോഗിക്കുന്നു” എന്ന് അവര്‍ വെബ് സൈറ്റില്‍ വീരവാദം പറയുന്നുമുണ്ട്.

ആഫ്രിക്കന്‍ ഗവണ്‍മെന്റുകളും നിയന്ത്രകരും ട്വിറ്റര്‍ പോലുള്ള ആഗോള ഇന്റര്‍നെറ്റ് കമ്പനികളോട് ഉയര്‍ന്ന നിലവാരം ആവശ്യപ്പെടാനായി ഒരു ശ്രമവും നടത്തുന്നില്ല. പലപ്പോഴും തുടക്കത്തിനായിപ്പോലും ഇന്റര്‍നെറ്റിന്റെ നിയന്ത്രണചട്ടക്കൂടുകള്‍ ഒന്നും തന്നെയില്ല. യൂറോപ്യന്‍-അമേരിക്കന്‍ നിയന്ത്രകര്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയ പ്രധാനപ്പെട്ട സാങ്കേതിക കമ്പനികള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍, അവരുടെ ആഫ്രിക്കന്‍ പകര്‍പ്പുകള്‍ പ്രശ്നം വഷളാക്കിക്കൊണ്ട് തങ്ങളുടെ രാജ്യത്തേക്ക് കമ്പനികളെ ആകര്‍ഷിക്കാനായി മത്സരിക്കുകയാണ്.

പൊതു ഉദ്യോഗസ്ഥരെ ഉത്തരവാദിത്തമുള്ളവരാക്കി നിലനിര്‍ത്താന്‍ ഉപയോഗിക്കുകയും സമൂഹത്തിലെ പ്രധാനപ്പെട്ട പ്രവൃത്തികള്‍ ഉയര്‍ത്തിക്കാട്ടുകയും അതിര്‍ത്തികള്‍ക്കപ്പുറത്തുള്ള ജനങ്ങളെ ബന്ധിപ്പിക്കുകയും ചെയ്തിരുന്ന ഒരു ലോകത്തിന്റെ വിസ്മൃതിയിലാണ്ട ഭാഗത്തുപോലും ട്വിറ്റര്‍ ഇപ്പോഴും നല്ലതിനുവേണ്ടിയുള്ള സംഘമാണ്. “ഈ സേവനം അതിജീവിക്കേണ്ടത് ആവശ്യമാണ്” ഒരു ഉപയോക്താവ് ഡോര്‍സിയോട് പറഞ്ഞു. “ഇവിടെ വൈശിഷ്ഠ്യമുണ്ട്, അസംബന്ധങ്ങളാല്‍ ഇരുട്ടിലാണ്ടിരിക്കുന്നുവെന്നേയുള്ളൂ”. എങ്ങനെയാണ് ട്വിറ്റര്‍ ആരോഗ്യകരമായ സംവാദമെന്ന് കണക്കാക്കപ്പെടുന്നതിനെ അളക്കുന്നതെന്നും, സ്വതന്ത്രസംഭാഷണങ്ങളെ പരിമിതപ്പെടുത്താതെ വെറുപ്പുനിറഞ്ഞ പെരുമാറ്റത്തെക്കുറിച്ചുള്ള നയങ്ങളെ അതിലംഘിക്കുന്നത് നിയന്ത്രിക്കുകയെന്നും ചോദിച്ചാല്‍ എനിക്ക് ഉത്തരമില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍