സയന്‍സ്/ടെക്നോളജി

നോക്കിയയുടെ നൊസ്റ്റാൾജിയ മോഡൽ 3310 ഇനി 4ജിയിൽ

ഫോൺ അവതരിപ്പിച്ചു എന്നല്ലാതെ വില എത്രയാണ്, എന്ന് വിപണിയിലെത്തും എന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ കമ്പനി പുറത്തുവിട്ടിട്ടില്ല

നോക്കിയയെ അവരുടെ പഴയ പ്രതാപത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ശ്രമത്തിൻെറ ഭാഗമായി കഴിഞ്ഞ വർഷമാണ് നോക്കിയ പ്രേമികളുടെ നൊസ്റ്റാള്‍ജിയൻ മോഡലായ 3310 വിനെ കമ്പനി വിപണിയിലെത്തിച്ചത്. 2ജിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ ഫോണിൻെറ 4ജി പതിപ്പ് ഈ വർഷം പുറത്തിറങ്ങുമെന്ന് അന്നേ നോക്കിയ അറിയിച്ചിരുന്നതുമാണ്. ഇതിപ്പോൾ യാഥാർത്ഥ്യമായിരിക്കുകയാണ്. 3310 4ജി പതിപ്പിനെ കമ്പനി അവതരിപ്പിച്ചു. ചൈനയിൽ നടന്ന ചടങ്ങിലായിരുന്നു ഫോണിനെ ഔദ്യോഗികമായി നോക്കിയ പുറത്തിറക്കിയത്.

ഫോൺ അവതരിപ്പിച്ചു എന്നല്ലാതെ വില എത്രയാണ്, എന്ന് വിപണിയിലെത്തും എന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ കമ്പനി പുറത്തുവിട്ടിട്ടില്ല. ബാഴ്സലോണയിൽ അടുത്തമാസം നടക്കാനിരിക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉണ്ടാകുമെന്നാണ് അറിയുന്നത്. നീല, കറുപ്പ് എന്നീ രണ്ടു നിറങ്ങളിലെത്തുന്ന 3310 ആന്‍ഡ്രോയ്ഡ് ഫോര്‍ക്ക് പതിപ്പിന്‍റെ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നത്.

സവിശേഷതകൾ

2.4 ഇഞ്ച് ക്യുവിജിഎ(240X320 പിക്സൽസ്) കളർ ഡിസ്പ്ലേയാണ് 3310 വിലുള്ളത്. 16 എം.ബി സ്റ്റോറേജ് മാത്രമാണ് 2ജി മോഡലിൽ ഉണ്ടായിരുന്നതെങ്കിൽ 4 ജി വേർഷനിൽ 512 എം.ബി ഇൻറേണൽ മെമ്മറിയുണ്ട്. ഇത് എക്സ്റ്റേണൽ കാർഡ് ഉപയോഗിച്ച് 64 ജി.ബി വരെ ഉയർത്താനാകും. കൂടാതെ 256 എം.ബി റാമും 3310 വിന് കരുത്തു പകരും.

2 മെഗാപിക്സൽ പിൻക്യാമറയും ഒപ്പം ഫ്ലാഷ് ലൈറ്റുമുണ്ട്. 4ജി ഫോണായിട്ടും 3310 വിന് മുൻ ക്യാമറയില്ല എന്നത് സ്മാർട്ട് ഫോൺ പ്രേമികളെ നിരാശരാക്കും. 1200 മില്ലി ആംപയർ ബാറ്ററി നാല് മണിക്കൂർ 4ജി സംസാര സമയം വാഗ്ദാനം ചെയ്യുന്നു. ഒപ്പം ബ്ലൂടൂത്ത്, മൈക്രോ യു.എസ്.ബി പോർട്ട്, 3.5 എം.എം ഹെഡ്ഫോൺ ജാക്ക് എന്നിവയും പുതിയ 4ജി മോഡലിലുണ്ട്.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍