TopTop
Begin typing your search above and press return to search.

2 ലക്ഷത്തിലധികം തവണ ഈസിയായി മടക്കാമെന്ന് പരസ്യം ചെയ്ത സാംസങ് ഫോൾഡ് സ്ക്രീനുകൾ പൊട്ടുന്നു; ഫോണുകൾ വിപണിയിൽ നിന്നും പിൻവലിച്ചു

2 ലക്ഷത്തിലധികം തവണ ഈസിയായി മടക്കാമെന്ന് പരസ്യം ചെയ്ത സാംസങ് ഫോൾഡ് സ്ക്രീനുകൾ പൊട്ടുന്നു; ഫോണുകൾ വിപണിയിൽ നിന്നും പിൻവലിച്ചു

സാംസങ് ആരാധകർ ആകാംഷയോടെ കാത്തിരുന്ന, ടെക്‌നോളജി രംഗത്തെ പുത്തൻ കണ്ടുപിടുത്തമായ മടക്കി ഉപയോഗിക്കാവുന്ന സാംസങ് സ്മാർട്ഫോണുകൾ കമ്പനി നേരത്തെ പ്രഖ്യാപിച്ചതു പോലെ ഈ ആഴ്ച വിപണിയിലിറക്കില്ല. പ്രഖ്യാപനം അടിയന്തിരമായി പിൻവലിക്കാനുള്ള കാരണമാണ് സാംസങ് ആരാധകരെ കടുത്ത നിരാശയിലാഴ്ത്തിയത്.

മടക്കിയും തിരിച്ചും ഉപയോഗിക്കാവുന്ന സാംസങ് ഫോൾഡ് സ്ക്രീനുകൾ ആദ്യ ഉപയോഗത്തിൽ തന്നെ തകരാറിലാകുന്നുണ്ടത്രേ! ഈ പുത്തൻ സാങ്കേതികവിദ്യ റിവ്യൂ ചെയ്യാനെത്തിയ പലർക്കും ഫോൺ ഫോൾഡ് ചെയ്യുമ്പോൾ സ്‌ക്രീനിന് കേടുപാടുകൾ സംഭവിക്കുന്നതായി കാണാനായി. റിവ്യൂ ചെയ്യുന്നവരിൽ നിന്നും പരാതി എത്തിയതോടെ വെള്ളിയാഴ്ച ഫോണ്‍ വിപണിയിലിറക്കാനുള്ള നീക്കം സാംസങ് വേണ്ടെന്നു വെച്ചു. മെയ് മൂന്നാം തീയതിയാണ് യുകെ വിപണിയിൽ ഫോണുകൾ എത്തിക്കാനിരുന്നത്. ഏകദേശം 2000 ഡോളർ (1,30,000 രൂപയിലധികം) ആണ് ഈ പുതിയ മോഡലിന് വിലയിട്ടിരുന്നത്.

മടക്കുമ്പോൾ ഒരു വലിയ സ്മാർട്ഫോണിന്റെ വലിപ്പവും നിവർത്തുമ്പോൾ ഒരു ചെറിയ ടാബ്‌ലറ് കംപ്യുട്ടറിന്റെ വലിപ്പവും വരുന്ന സ്‌ക്രീനുകളുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടാണ് സാംസങ് ഈ ഫോൾഡ് ഫോണുകളുടെ ചില വീഡിയോകളും ഫോട്ടോഗ്രാഫുകളും പുറത്തുവിട്ടത്. വിപണിയിൽ വലിയ വിജയമുണ്ടാക്കുകയായിരുന്നില്ല, മറിച്ച് സ്മാർട്ഫോൺ ടെക്നോളജി രംഗത്ത് ഒരു പുതിയ ട്രെൻഡ് കൊണ്ടുവരിക എന്നതാണ് തങ്ങളുടെ ആരംഭഘട്ടത്തിലെ ലക്ഷ്യം എന്ന് സാംസങ് കമ്പനി തന്നെ മുൻപ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ പുത്തൻ പരീക്ഷണം അത്ര വിജയകരമാണോ എന്ന് വിദഗ്ദർ പരിശോധിച്ചുവരികയാണ്. തുടർച്ചയായി ഫോൾഡ് ചെയ്യുമ്പോൾ ഫോൺ സ്‌ക്രീൻ പൊട്ടാനോ സ്ക്രാച്ച് വീഴാനോ ഇടയുണ്ടെന്നാണ് വിലയിരുത്തൽ. മാത്രവുമല്ല നീക്കം ചെയ്യേണ്ടതാണെന്ന ധാരണയിൽ വിദഗ്ധരിൽ ചിലർ സ്‌ക്രീനിനുമേൽ ഒട്ടിച്ച ചെറിയ പ്ലാസ്റ്റിക് ആവരണം നീക്കം ചെയ്തതും സ്‌ക്രീനിനെ അപകടത്തിലാക്കി.

മടക്കുമ്പോഴും നിവർത്തുമ്പോളും ഫോണിന്റെ അരിക് വശങ്ങളിൽ അധിക മർദം ഉണ്ടാകുന്നുവെന്നും അത് സ്‌ക്രീൻ പൊട്ടാൻ കരണമാകുന്നുവെന്നുമാണ് ഇപ്പോഴത്തെ വിലയിരുത്തൽ. രണ്ടുലക്ഷം തവണ യാതൊരു ബുദ്ധിമുട്ടുമില്ലാതെ മടക്കാനും നിവർത്തനും സാധിക്കുമെന്നായിരുന്നു സാംസങിന്റെ അവകാശവാദം.


Next Story

Related Stories