TopTop
Begin typing your search above and press return to search.

'അവസാനം ഞങ്ങളെല്ലാം ചൊവ്വയിലെത്തി' : നവനീത് കൃഷ്ണൻ എഴുതുന്നു

അവസാനം ഞങ്ങളെല്ലാം ചൊവ്വയിലെത്തി : നവനീത് കൃഷ്ണൻ എഴുതുന്നു

അവസാനം ഞങ്ങളെല്ലാം ചൊവ്വയിലെത്തി

ഭൂമിയിലെ ഇരുപത്തഞ്ചു ലക്ഷം മനുഷ്യരുടെ പേരുകള്‍ രേഖപ്പെടുത്തിയ രണ്ടു ചിപ്പുകളും കൊണ്ട് ഇന്‍സൈറ്റ് എന്ന പര്യവേക്ഷണപേടകം ചൊവ്വയെ സുരക്ഷിതമായി തൊട്ടു. ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ധരും പ്രതീക്ഷിച്ചപോലെ തന്നെ കാര്യങ്ങള്‍ നടന്നു. ആദ്യ രണ്ടു ഫോട്ടോകളും ഇന്‍സൈറ്റ് ഭൂമിയിലേക്കയച്ചു. മനുഷ്യനിര്‍മ്മിതമായ പേടകങ്ങള്‍ സുരക്ഷിതമായി ചൊവ്വയിലെത്തുന്നത് ഇത് എട്ടാം തവണയാണ്.

മേയ് 5 ന് തുടങ്ങിയ ഉദ്വേഗനകമായ കാത്തിരിപ്പിനാണ് ഒരു അര്‍ദ്ധവിരാമം ഇട്ടിരിക്കുന്നത്. നാല്‍പ്പത്തിയാറു ലക്ഷം കിലോമീറ്ററുകള്‍ ആറരമാസം കൊണ്ടു സഞ്ചരിച്ചാണ് ഇന്‍സൈറ്റ് ചൊവ്വയിലെത്തിയിരിക്കുന്നത്.

ഇനി രണ്ടാഴ്ച മുതല്‍ രണ്ടു മാസംവരെ കഴിയും ഇന്‍സൈറ്റിലെ ശാസ്ത്രപരീക്ഷണശാലകള്‍ അവയുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍. ഇന്‍സൈറ്റിന്റെ യന്ത്രക്കൈയിലെ ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങള്‍ പരിശോധിച്ചശേഷമാവും ഈ പരീക്ഷണശാലകള്‍ ഇന്‍സൈറ്റിനുചുറ്റുമായി എവിടെ സ്ഥാപിക്കണം എന്നു നിശ്ചയിക്കുന്നത്.

ചൊവ്വയുടെ ഉള്ളിനെക്കുറിച്ചാവും ഇന്‍സൈറ്റ് പഠിക്കുക. ഭൂകമ്പംപോലെ ചൊവ്വയിലുണ്ടാകുന്ന ചൊവ്വാകമ്പനങ്ങളെക്കുറിച്ചും മറ്റും വിശദമായ പഠനം നടക്കും. ഭൂമിയിലെയും ചന്ദ്രനിലെയും മറ്റും ഇത്തരം പഠനങ്ങളെയും ചൊവ്വാകമ്പനങ്ങളുടെ പഠനങ്ങളെയും താരതമ്യപ്പെടുത്തിയാവും തുടര്‍പഠനങ്ങള്‍. ചൊവ്വയുടെയും ഭൂമിയുടെയും ബുധന്റെയും ശുക്രന്റെയും ചന്ദ്രന്റെയുമെല്ലാം രൂപീകരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഈ താരതമ്യപഠനത്തിലൂടെ ലഭിക്കും എന്നാണു പ്രതീക്ഷ.

ചൊവ്വായാത്രയില്‍ ഇന്‍സൈറ്റ് പേടകത്തെ അനുഗമിച്ച രണ്ട് കുഞ്ഞുപേടങ്ങളും ഉണ്ടായിരുന്നു. മാര്‍ക്കോ എ യും മാര്‍ക്കോ ബിയും Mars Cube One എന്നതിന്റെ ചുരുക്കപ്പേരാണ് MarCO. ചൊവ്വയിലിറങ്ങാതെ ചൊവ്വയ്ക്കു മുകളിലൂടെ കടന്നുപോവുക മാത്രമാണ് ഈ പേടകങ്ങള്‍ ചെയ്തത്. പക്ഷേ ഇന്‍സൈറ്റില്‍ നിന്നുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ ഭൂമിയിലെത്തിക്കാന്‍ സഹായിച്ചത് ഈ കുഞ്ഞുപേടകങ്ങളാണ്.

ഇന്‍സൈറ്റില്‍നിന്നുള്ള വിവരം മാര്‍ക്കോ പേടകങ്ങള്‍ സ്വീകരിക്കുകയും അവ അവിടെനിന്ന് അത് ഭൂമിയിലേക്ക് പ്രക്ഷേപണം ചെയ്യുകയും ചെയ്തു. ഇന്‍സൈറ്റിനെക്കാളും ആവേശകരവും വിപ്ലവകരവുമായ സാധ്യതകളാണ് മാര്‍ക്കോ പേടകങ്ങള്‍ തുറന്നുതന്നിരിക്കുന്നത്. ഒരു സ്യൂട്ട്കേസിന്റെ മാത്രം വലിപ്പമുള്ള പേടകത്തിനും ഇത്രയേറെ അകലെ സഞ്ചരിക്കാനും അവിടെനിന്നും വിവരങ്ങള്‍ ഭൂമിയിലെത്തിക്കാനും കഴിയും എന്നത് ഏറെ ആവേശത്തോടെയാണ് ശാസ്ത്രലോകം കാണുന്നത്.

നാളെകളുടെ എല്ലാ ദൌത്യങ്ങള്‍ക്കും ഇത്തരം പേടകങ്ങള്‍ അകമ്പടി പോകാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്. ഒരു ടെക്നോളജി ഡെമോണ്‍സ്ട്രേഷന്‍ എന്ന നിലയിലാണ് മാര്‍ക്കോ പേടകങ്ങള്‍ വിക്ഷേപിച്ചത്. പക്ഷേ അവ അതിനെക്കാള്‍ മികച്ച പ്രതീക്ഷയാണ് നമുക്കു നല്‍കുന്നത്. ചൊവ്വയിലെ ദൌത്യം കഴിഞ്ഞ സ്ഥിതിക്ക് ഇനി ഈ പേടകങ്ങളെ എന്തു ദൌത്യം ഏല്‍പ്പിക്കണമെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ ആലോചിക്കുന്നു.

മണ്ണില്‍ ഉറച്ചുനിന്ന് പരീക്ഷണങ്ങള്‍ നടത്തുന്ന ഇന്‍സൈറ്റിന് ഒരു യന്ത്രക്കൈ ഉണ്ടായിരിക്കും. 1.8മീറ്ററാണ് യന്ത്രക്കൈയുടെ നീളം. കമ്പനങ്ങള്‍ അളക്കാനുള്ള സീസ്മോമീറ്ററും മറ്റ് ഉപകരണങ്ങളും ഇന്‍സൈറ്റിലുണ്ട്. 400കിലോഗ്രാമില്‍ താഴെ മാത്രമാണ് പേടകത്തിന്റെ ആകെ ഭാരം.ഇന്‍സൈറ്റില്‍ മൂന്ന് പ്രധാന ഉപകരണങ്ങളാണ് ഉള്ളത്. ഇന്‍സൈറ്റിന്റെ ശാസ്ത്രലക്ഷ്യങ്ങളെ സഹായിക്കുന്ന മൂന്ന് പരീക്ഷണശാലകളാണവ.

ചൊവ്വാ കമ്പനം പഠിക്കാനുള്ള SIES ( Seismic Experiment for Interior Structure ),ചൊവ്വയുടെ ഭൗതികസവിശേഷതകളെക്കുറിച്ചും ചൊവ്വയുടെ അകത്തുനിന്നും പുറത്തേക്കുള്ള ചൂടിന്റെ ഒഴുക്കിനെക്കുറിച്ചും പഠിക്കാന്‍ സഹായിക്കുന്ന HP³ ( Heat Flow and Physical Properties Package),

ചൊവ്വയുടെ ഭ്രമണത്തിലെ 'ചാഞ്ചാട്ടം' അളന്ന് അകക്കാമ്പിന്റെ വലിപ്പത്തെക്കുറിച്ചു പഠിക്കുന്ന RISE (Rotation and Interior Structure Experiment ).

ഇവ മൂന്നും ചേര്‍ന്ന് കണ്ടെത്തുന്ന വിവരങ്ങളാണ് പ്രപഞ്ചത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ നമുക്കെത്തിക്കുക. ഒരു കാറിന്റെ വലിപ്പമാണ് ഇന്‍സൈറ്റിനുള്ളത്.

രണ്ടു വര്‍ഷമാണ് ഇന്‍സൈറ്റിന്റെ പ്രവര്‍ത്തനകാലാവധി നിശ്ചയിച്ചിട്ടുള്ളത്. മിക്കവാറും ഈ കാലാവധി അതിലേറെ നീണ്ടുപോകാം. ഇന്‍സൈറ്റിനുശേഷം ചൊവ്വയിലേക്കുള്ള അടുത്ത പേടകവും അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു. മാര്‍സ് 2020 എന്നു പേരിട്ട ഒരു റോവര്‍ ആണ് ആ ദൌത്യം. ചൊവ്വയില്‍ ഓടിനടന്ന് പരീക്ഷണം നടത്തലാവും കക്ഷിയുടെ ഹോബി. മാര്‍സ് 2020 എവിടെ ഇറങ്ങണം എന്നതിനെ സംബന്ധിച്ച് ഒരു തീരുമാനം നാസയിലെ ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് എടുത്തത് ഈയടുത്ത ദിവസമാണ്. ഇന്‍സൈറ്റ് ചൊവ്വയിലെത്തുന്നതിന് ഏതാനും ദിവസങ്ങള്‍ മുന്‍പ്.

മാര്‍സ് 2020 വിക്ഷേപിക്കാന്‍ അല്പംകൂടി കാത്തിരുന്നേ പറ്റൂ. അതുവരെ ഇന്‍സൈറ്റില്‍നിന്നുള്ള പുതിയ വിവരങ്ങള്‍ക്കായി നമുക്ക് കാത്തിരിക്കാം.

https://www.azhimukham.com/science-why-is-bacteria-not-visible-to-the-naked-eye-writing-vaisakhan-thampi/

Next Story

Related Stories