TopTop
Begin typing your search above and press return to search.

ടെലികോം അഴിമതിയെപ്പറ്റി സംസാരിക്കാം, ഇപ്പോഴെങ്കിലും

ടെലികോം അഴിമതിയെപ്പറ്റി സംസാരിക്കാം, ഇപ്പോഴെങ്കിലും

ടീം അഴിമുഖം

കോര്‍പറേറ്റുകളോടുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രതിപത്തിയെപ്പറ്റി കോണ്‍ഗ്രസ് മനസിലാക്കിവരികയാണ്.

ആറു ടെലികോം കമ്പനികള്‍ 46,000 കോടിയുടെ വരുമാനം വെളിപ്പെടുത്തിയിട്ടില്ലെന്ന സിഎജിയുടെ കണ്ടെത്തല്‍ അവഗണിക്കുക വഴി മോദി സര്‍ക്കാര്‍ പരിധി ലംഘിച്ചിരിക്കുകയാണെന്ന് വ്യാഴാഴ്ച കോണ്‍ഗ്രസ് ആരോപിച്ചു. ചില മാധ്യമങ്ങളില്‍ ഈ വാര്‍ത്ത വന്നുവെങ്കിലും മോദി സര്‍ക്കാരിന്റെ അമിതപ്രചാരണ ജോലികള്‍ ഇക്കാര്യം ചര്‍ച്ചാവിഷയമാകുന്നതിനു വിഘാതമായി.

ഭാരതി എയര്‍ട്ടെല്‍, വോഡഫോണ്‍, റിലയന്‍സ്, ടാറ്റ, എയര്‍സെല്‍ എന്നീ കമ്പനികള്‍ 2006-07 മുതല്‍ 2009 - 10 വരെയുള്ള കാലത്ത് വരുമാനം കൃത്യമായി റിപ്പോര്‍ട്ട് ചെയ്തില്ലെന്നാണ് സിഎജി ഓഡിറ്റ് കണ്ടെത്തിയത്. മാര്‍ച്ചില്‍ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെച്ചപ്പോള്‍ അന്നത്തെ ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് 2009 മുതലുള്ള കാലത്തേക്ക് ഒരു പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രാലയം പിന്നീട് ഇങ്ങനെ പ്രഖ്യാപിച്ചു: 'അന്വേഷണം നടത്തുന്നത് സിഎജി ആയിരിക്കില്ല. എംപാനല്‍ ചെയ്യപ്പെട്ട സിഎജി ഓഡിറ്റര്‍മാരില്‍ നിന്ന് വാര്‍ത്താവിനിമയ വകുപ്പ് തിരഞ്ഞെടുക്കുന്നവരായിരിക്കും അന്വേഷകര്‍.'

അന്‍പതിനായിരത്തിലധികം ജീവനക്കാരും ആഗോള വിശ്വാസ്യതയുമുള്ള, ലോകത്തുതന്നെ ഏതാണ്ട് ഏറ്റവും വലിപ്പമേറിയ ഓഡിറ്റിങ് ഏജന്‍സിയായ സിഎജിക്കു പകരം സര്‍ക്കാര്‍ ഈ കാര്യം ചെറിയൊരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഫേമിനെക്കൊണ്ട് വീണ്ടും അന്വേഷിപ്പിക്കുമെന്നര്‍ത്ഥം. ഇതിനു പിന്നിലെ താല്‍പര്യം വ്യക്തമായിരുന്നു. ടെലികോം കമ്പനികളെ രക്ഷിക്കാനുള്ള മോദി സര്‍ക്കാരിന്റെ അതീവ താല്‍പര്യം.സിഎജിയുടെ കണ്ടെത്തലുകളെ മറ്റൊരന്വേഷണം കൊണ്ടു മറികടക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം സിഎജിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ക്കാനുള്ള ദുരുദ്ദേശ്യത്തോടെയാണെന്നു വ്യക്തമാണെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. 'വിവിധ ടെലികോം കമ്പനികളുടെ വരുമാനം കുറച്ചുകാണിക്കല്‍, കണക്കെടുപ്പിലെ അപാകതകള്‍ എന്നിവയില്‍ കേന്ദ്രീകരിച്ചായിരുന്നു സിഎജി അന്വേഷണം. ഇതുവഴി കമ്പനികള്‍ ബാക്കിയുള്ള ലൈസന്‍സ് ഫീ, സെ്‌പെക്ട്രം യൂസേജ് ഫീ എന്നിവ അടയ്ക്കാതെ രക്ഷപ്പെടുന്നു,' കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല വാര്‍ത്താ ലേഖകരോടു പറഞ്ഞു.

വ്യാഴാഴ്ച സര്‍ക്കാരിന്റെ നിലപാട് വ്യത്യസ്തമായിരുന്നു: 'ലൈസന്‍സ് വ്യവസ്ഥകളനുസരിച്ച് ഈടാക്കാവുന്ന പലിശയും പിഴയും ഈടാക്കുമെന്നും സര്‍ക്കാരിനു വരുമാനനഷ്ടം ഉണ്ടാകില്ലെന്നു'മാണ് മന്ത്രാലയം പറഞ്ഞത്.

വരുമാനം കുറച്ചുകാണിച്ചതായുള്ള സിഎജി റിപ്പോര്‍ട്ട് 2016 ഫെബ്രുവരി 10നാണ് ലഭിച്ചതെന്നു മന്ത്രാലയം അറിയിച്ചു. 'ലൈസന്‍സ് ഫീയില്‍ അയ്യായിരം കോടിയും സ്‌പെക്ട്രം യൂസേജ് ചാര്‍ജില്‍ ഏഴായിരം കോടിയുമാണ് പിരിഞ്ഞുകിട്ടാനുള്ളത്. സിഎജി പരിശോധന നടത്തിയ നിര്‍ണായക രേഖകള്‍ 2016 ജൂണ്‍ പകുതിയോടെയാണ് സര്‍ക്കാരിനു കിട്ടിയത്. ഇവ പരിശോധിച്ചുവരികയാണ്. ആറ് ഓപ്പറേറ്റര്‍മാരോട് നാലു സാമ്പത്തിക വര്‍ഷങ്ങളിലെ ബാക്കിതുക അടയ്ക്കാനാവശ്യപ്പെടുന്ന പ്രക്രിയ നടന്നുവരികയാണ്,' അറിയിപ്പ് പറയുന്നു.

വരുമാന സുരക്ഷ വാര്‍ത്താവിനിമയ വകുപ്പിന്റെ മുഖ്യമുന്‍ഗണനയാണെന്നും വകുപ്പ് അവകാശപ്പെടുന്നു. 'ഓരോ കമ്പനിയില്‍നിന്നും പിരിഞ്ഞു കിട്ടാനുള്ള തുക പലിശയും പിഴയും ചേര്‍ത്ത് എത്രയും പെട്ടെന്നു പിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.' സ്വകാര്യ ഏജന്‍സിയെക്കൊണ്ട് വീണ്ടും അന്വേഷിപ്പിക്കുക എന്ന മുന്‍ നിലപാടിനു കടകവിരുദ്ധമായിരുന്നു വ്യാഴാഴ്ചത്തെ നിലപാട്.


Next Story

Related Stories