TopTop
Begin typing your search above and press return to search.

പുരുഷ ടെന്നീസിലെ സുവര്‍ണകാലവും കരിയര്‍ സ്ലാമുകളും

പുരുഷ ടെന്നീസിലെ സുവര്‍ണകാലവും കരിയര്‍ സ്ലാമുകളും

കഴിഞ്ഞ ഒരു പതിറ്റാണ്ട് പുരുഷ ടെന്നീസിന്റെ സുവര്‍ണകാലഘട്ടമായിരുന്നു എന്നു പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. പീറ്റ് സാംപ്രസ് കളമൊഴിഞ്ഞ ശേഷം ഒന്നു രണ്ടു വര്‍ഷം ആന്ദ്രെ ആഗസി നിറഞ്ഞു നിന്നു. അതിനിടയില്‍ പല പുതിയ സ്ലാം ചാമ്പ്യന്മാരെയും നാം കണ്ടു. അതില്‍ പലരും ഒന്നോ രണ്ടോ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ മാത്രം നേടിയവര്‍. ഇനി ഈ ഗെയിമിനെ മുന്നോട്ടു കൊണ്ടുപോകുന്നതാര് എന്നു ടെന്നീസ് ലോകം കാത്തിരിക്കുമ്പോഴാണ് റോജര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ നേടി വരവറിയിച്ചതും അവിടെനിന്ന് ഗെയിമിന്റെ മുഖച്ഛായ മാറ്റുന്ന തരത്തില്‍ വളര്‍ന്നതും ഒരു പതിറ്റാണ്ടിന്റെ ടെന്നീസിനെ മുമ്പ് കണ്ടിട്ടില്ലാത്ത വിധം സ്വാധീനിക്കുന്നതും. ഈ കാലയളവ് പുരുഷ ടെന്നീസില്‍ പൂര്‍ണതയുടെ പുനര്‍നിര്‍വചനത്തിന്റെ ദശാബ്ദമായി മാറി.

റോജര്‍ ഫെഡററില്‍ തുടങ്ങി റഫേല്‍ നദാലിലേക്കും നൊവാക് ജോക്കോവിച്ചിലേക്കും ആന്‍ഡി മറെയിലേക്കും നീളുന്ന താരപ്പട്ടിക. എല്ലാ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റും ജയിച്ചു കരിയര്‍ സ്ലാമിലേക്കും അതുവഴി ചരിത്രത്തിലെ ഏറ്റവും മികച്ച താരമാര് എന്ന ചര്‍ച്ചയിലേക്കും ഓരോരുത്തരായി വളരുന്ന കാഴ്ച. എല്ലാ പ്രതലത്തിലും മികവു തെളിയിച്ച ഒരു പിടി താരങ്ങളാണ് ഈ ദശാബ്ദത്തെ വേറിട്ട ഒരു കാലഘട്ടമായി ചരിത്രത്തില്‍ രേഖപ്പെടുത്തുന്നത്.

പുരുഷ സിംഗിള്‍സിലെ കരിയര്‍ സ്ലാമുകള്‍
എന്താണ് കരിയര്‍ സ്ലാം? ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ ഏതൊരു ടെന്നീസ് താരത്തിന്റെയും സ്വപ്നങ്ങള്‍ ഈ നാലു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകളെ ചുറ്റിപ്പറ്റിയാവും. ഒരു കളിക്കാരന്‍ ഇതെല്ലാം നേടിയാല്‍ കരിയര്‍ ഗ്രാന്‍ഡ് സ്ലാമെന്നും (കരിയര്‍ സ്ലാം), ആ നേട്ടം ഒരു കലണ്ടര്‍ വര്‍ഷത്തിലാണെങ്കില്‍ കലണ്ടര്‍ ഗ്രാന്‍ഡ് സ്ലാമെന്നും പറയും. നാലു പ്രധാന ടൂര്‍ണമെന്റുകളിലെ ചാമ്പ്യന്‍പട്ടം ഒരേ സമയം നിലനിര്‍ത്തുന്നതിനെ ഗ്രാന്‍ഡ് സ്ലാമെന്നും പറയാറുണ്ട്.

പല കാലഘട്ടങ്ങളില്‍ പല വമ്പന്മാര്‍ ടെന്നീസില്‍ നിറഞ്ഞുനിന്നിരുന്നെങ്കിലും വ്യത്യസ്ത പ്രതലങ്ങളില്‍ നടക്കുന്ന ഗ്രാന്‍ഡ് സ്ലാമുകളെല്ലാം ജയിച്ച് കരിയര്‍ സ്ലാമെന്ന നേട്ടം കൈവരിക്കാനാവാതെ കളമൊഴിയാനായിരുന്നു പലരുടെയും വിധി. പീറ്റ് സാംപ്രസും ബോറിസ് ബെക്കറും സ്‌റ്റെഫാന്‍ എഡ്ബര്‍ഗും ജോണ്‍ മക്കെന്റോയും ജിമ്മി കോണേഴ്‌സുമൊക്കെ കരിയര്‍ സ്ലാമെന്ന സ്വപ്നം സാക്ഷാത്കരിക്കാനാവാതെ കളംവിടേണ്ടി വന്നവരാണ്. പലര്‍ക്കും കാലിടറിയത് പാരീസിലെ കളിമണ്ണിലായിരുന്നെങ്കില്‍, ഒരുപാട് ഒറ്റ സ്ലാം ജേതാക്കള്‍ ഉണ്ടായതും അതേ ഫ്രഞ്ച് ഓപ്പണില്‍ തന്നെയാവും.


റോഡ് ലേവര്‍, ബ്യോണ്‍ ബര്‍ഗ്, ഡോണ്‍ ബഡ്ജ്

തന്റെ പ്രതാപകാലത്ത് ഏറ്റവും അധികം ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ (14) നേടി റെക്കോഡ് സ്ഥാപിക്കാനായെങ്കിലും പീറ്റ് സാംപ്രസിന് ഫ്രഞ്ച് ഓപ്പണില്‍ ഒരിക്കല്‍ മാത്രമാണു സെമിയിലെത്താനായത്. 1996-ല്‍ ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ സാംപ്രസ് കാഫല്‍നിക്കഫിനോട് തോറ്റു പുറത്തായി. എട്ടു സ്ലാമുകളുള്ള സമകാലികനായ ആഗസി കരിയര്‍ സ്ലാമിലൂടെയാണ് ടെന്നീസ് ചരിത്രത്തിലെ ഒരു പ്രധാന താരമായി മാറുന്നത്. കരിയര്‍ സ്ലാം എന്നത് 1969-നു ശേഷം ആഗസിക്കു മാത്രം സാധ്യമായ അത്ഭുതമായിരുന്നുവെങ്കില്‍, കഴിഞ്ഞ പത്തുകൊല്ലത്തെ ചരിത്രം നോക്കിയാല്‍ മൂന്നു പേര്‍ ആ കടമ്പ കടന്നു; റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച്. എല്ലാ പ്രതലത്തിലും മികവു പുലര്‍ത്തിയാല്‍ മാത്രം എത്തിപ്പിടിക്കാവുന്ന നേട്ടമാണ് കരിയര്‍ സ്ലാം.

ഇത്തവണത്തെ ഫ്രഞ്ച് ഓപ്പണിലാണ് ജോക്കോവിച്ച് കരിയര്‍ സ്ലാം പൂര്‍ത്തിയാക്കിയത്. അത് മറ്റൊരു ചരിത്രം കൂടി എഴുതിക്കൊണ്ടായിരുന്നു. ഈ നേട്ടത്തോടെ ജോക്കോവിച്ച് 1969-ല്‍ റോഡ് ലേവറിനുശേഷം എല്ലാ ഗ്രാന്‍ഡ്സ്ലാമും ഒരേ സമയം നിലനിര്‍ത്തുന്ന ആദ്യ താരമായി.

പ്രൊഫഷണല്‍ താരങ്ങള്‍ ഗ്രാന്‍ഡ് സ്ലാമില്‍ പങ്കെടുത്തു തുടങ്ങിയത് 1968 മുതലാണ്. അതിനുശേഷമുള്ള കാലഘട്ടത്തെ Open Era എന്നാണു വിശേഷിപ്പിക്കുന്നത്. 1968-നു മുന്‍പ് ഗ്രാന്‍ഡ് സ്ലാമുകളില്‍ അമച്വര്‍ താരങ്ങള്‍ മാത്രമേ കളിച്ചിരുന്നൊള്ളൂ. ഓപ്പണ്‍ എറയ്ക്കു മുന്‍പ് 1938-ല്‍ ഡോണ്‍ ബഡ്ജും 1962-ല്‍ റോഡ് ലേവറും കലണ്ടര്‍ സ്ലാം നേടിയിട്ടുണ്ട്. റോഡ് ലേവര്‍ കലണ്ടര്‍ സ്ലാം നേടുമ്പോള്‍, ഓസ്‌ട്രേലിയന്‍ ഓപ്പണും യുഎസ് ഓപ്പണും പുല്‍ക്കോര്‍ട്ടിലായിരുന്നു നടന്നിരുന്നത്. ഗ്രാന്‍ഡ്സ്ലാമുകള്‍ ഹാര്‍ഡ് കോര്‍ട്ടിലേക്ക് വ്യാപിച്ചു തുടങ്ങിയത് 1978-ലെ യുഎസ് ഓപ്പണ്‍ മുതലായിരുന്നു. അതുകൊണ്ട്, മൂന്ന് വ്യത്യസ്ത പ്രതലത്തിലായി കരിയര്‍ സ്ലാം നേടിയ ആദ്യ താരം ആന്ദ്രെ ആഗസിയും, ഗ്രാന്‍ഡ് സ്ലാം നേടിയ ആദ്യ താരം നൊവാക് ജോക്കോവിച്ചുമാണ്.

എക്കാലത്തെയും മികച്ച കളിക്കാരനാര് എന്ന ചോദ്യം കാലാകാലങ്ങളില്‍ ടെന്നീസ് ലോകം ചോദിച്ചുകൊണ്ടിരിക്കുന്നതാണ്. പലപ്പോഴും ചോദ്യമുയരുന്ന കാലത്തെ മികച്ച കളിക്കാരനെ(രെ) ചുറ്റിപ്പറ്റിയാവും ഇത്തരം ചര്‍ച്ചകള്‍ പുരോഗമിക്കാറ്. ഇനി നമുക്ക് ആ ചര്‍ച്ചകളിലേക്ക് ജോക്കോവിച്ചിനെയും കൂട്ടാം. പൊതുവെ ഈ ചര്‍ച്ചയില്‍ ഉയര്‍ന്നു വരാറുള്ള പേരുകള്‍ റോഡ് ലേവറിന്റെയും ബ്യോന്‍ ബെര്‍ഗിന്റെയും ആണ്. പീറ്റ് സാംപ്രസും ആന്ദ്രെ ആഗസിയും 1990-കളുടെ പ്രതിനിധികളായി കടന്നുവരാറുണ്ടെങ്കിലും ഈ നൂറ്റാണ്ടിലെ ബിഗ് ത്രീ ഇവരെ ചര്‍ച്ചകളില്‍ നിഷ്പ്രഭരാക്കുന്നു എന്നതാണ് സത്യം.


പീറ്റ് സംപ്രാസ്, ആന്ദ്രെ ആഗസി

എല്ലാ സ്ലാമുകളും ഒരേ കൊല്ലം നേടിയവര്‍ ഡോണ്‍ ബഡ്ജും റോഡ് ലേവറും മാത്രം. ലേവര്‍ ഈ നേട്ടം രണ്ടു തവണ കൈവരിച്ചു. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ബ്യോണ്‍ ബെര്‍ഗ് ഒരിക്കല്‍ മാത്രമേ പങ്കെടുത്തിട്ടുള്ളൂ. ആ കാലത്ത് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പല പ്രമുഖരും ഒഴിവാക്കിയിരുന്നു. എന്നാല്‍, ഫ്രഞ്ച് ഓപ്പണിലെ കളിമണ്ണില്‍നിന്ന് വിംബിള്‍ഡണിലെ പുല്‍ക്കോര്‍ട്ടിലേക്കുള്ള മാറ്റം വളരെ വലുതായിരുന്ന അക്കാലത്ത് മൂന്നു തവണ ഫ്രഞ്ച്‌, വിംബിള്‍ഡണ്‍ ഡബിള്‍ നേടിയതാണ് ബ്യോണ്‍ ബെര്‍ഗിന്റെ മാറ്റുകൂട്ടുന്നത്.

പുരുഷ ടെന്നീസിലെ സുവര്‍ണകാലം
2003-ല്‍ റോജര്‍ ഫെഡറര്‍ ആദ്യമായി വിംബിള്‍ഡണ്‍ ജയിച്ചതു മുതലുള്ള 52 മേജറുകളില്‍ 43 എണ്ണവും പങ്കിട്ടെടുത്തത് ഫെഡറര്‍-നദാല്‍-ജോക്കോവിച്ച് ത്രയമാണ്. ആന്‍ഡി മറെയും കൂടി ഉള്‍പ്പെടുത്തി ബിഗ് ഫോര്‍ എന്നു വിശേഷിപ്പിക്കുന്ന ഈ താരനിരയാണ് ഈ കാലഘട്ടത്തെ ടെന്നീസിന്റെ സുവര്‍ണകാലമാക്കുന്നത്. ഇക്കാലയളവില്‍ ഒന്നിലധികം സ്ലാമുകള്‍ നേടിയവര്‍ ആന്‍ഡി മറെയും സ്റ്റാന്‍ വാവ്രിങ്കയും മാത്രം. ഇതിനു പുറമെ, മറ്റു പ്രമുഖ എറ്റിപി 1000 ടൂര്‍ണമെന്റുകളും വര്‍ഷാവസാനം നടക്കുന്ന എറ്റിപി വേള്‍ഡ് ടൂര്‍ ഫൈനല്‍സിലും ഇതേ താരങ്ങളുടെ അപ്രമാദിത്വം കാണാനാവും.

2004, 2006, 2007 വര്‍ഷങ്ങളില്‍ ഫ്രഞ്ച് ഓപ്പണൊഴികെയുള്ള ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയ ഫെഡറര്‍, 2006 മുതല്‍ തുടര്‍ച്ചയായ നാലു ഫ്രഞ്ച് ഓപ്പണ്‍ ഫൈനലുകളില്‍ കളിച്ചു. ആദ്യ മൂന്നിലും നദാലിനോട് തോറ്റെങ്കില്‍ 2009-ല്‍ തന്റെ നാലാം ഫൈനലില്‍ റോബിന്‍ സോഡര്‍ലിങ്ങിനെ തോല്‍പ്പിച്ച ഫെഡറര്‍ കരിയര്‍ സ്ലാം പൂര്‍ത്തിയാക്കി. അതേ വര്‍ഷം വിംബിള്‍ഡണ്‍ കിരീടം നേടിക്കൊണ്ടാണ് റോജര്‍ ഫെഡറര്‍, പീറ്റ് സാംപ്രസിന്റെ 14 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളെന്ന റെക്കോഡ് തിരുത്തിയത്.

2005 മുതല്‍ 2014 വരെയുള്ള പത്തു വര്‍ഷത്തില്‍ ഒന്‍പത് ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങള്‍ നേടിയാണ് കളിമണ്‍കോര്‍ട്ടിലെ രാജാവായി നദാല്‍ അവരോധിതനാവുന്നത്. രണ്ട് വിംബിള്‍ഡണ്‍, രണ്ട് യുഎസ് ഓപ്പണ്‍, ഒരു ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങള്‍ കൂടിച്ചേരുമ്പോള്‍ റഫേല്‍ നദാലും കരിയര്‍ സ്ലാമിലെത്തുന്നു. 2010-ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണൊഴികെയുള്ള മൂന്ന് പ്രധാന ടൂര്‍ണമെന്റുകളും ജയിച്ച നദാല്‍, ആ വര്‍ഷത്തെ യുഎസ് ഓപ്പണ്‍ നേടിയാണ് കരിയര്‍ സ്ലാം നേട്ടത്തിലെത്തിയത്.

ജോക്കോവിച്ചിന്റെ ആദ്യ സ്ലാം നേട്ടം 2008-ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിലായിരുന്നു. എന്നാല്‍, രണ്ടാമത്തെ മേജറിനായി 2011 വരെ കാത്തിരിക്കേണ്ടി വന്നു. ആ ഇടവേളയില്‍ നടന്ന 11 ഗ്രാന്‍ഡ്സ്ലാമില്‍ പത്തും ഫെഡററും നദാലും പങ്കിട്ടു. 2011 നുശേഷം ഫെഡററും നദാലും പതുക്കെ ഫോമിന്റെ നെറുകയില്‍നിന്ന് താഴേക്കിറങ്ങിത്തുടങ്ങി. ജോക്കോവിച്ച് തന്റെ കുതിപ്പ് തുടങ്ങുന്നത് അവിടെനിന്നാണ്. 2012 മുതല്‍ 2014 വരെ ഈയൊരു മാറ്റത്തിന്റെ സമയമായിരുന്നു. ഇക്കാലയളവിലാണ് മറെയും വാവ്രിങ്കയുമൊക്കെ ഗ്രാന്‍ഡ്സ്ലാം നേടിയത്. 2015 എത്തുമ്പോള്‍ ജോക്കോവിച്ച് ഏതാണ്ട് അജയ്യനായി മാറി. തന്റെ മികവും അതിനൊപ്പം നില്‍ക്കാന്‍ കഴിയുന്ന ഒരു താരത്തിന്റെ അഭാവവും ഒരുപോലെ വന്നത് ജോക്കോവിച്ചിനെ നേട്ടങ്ങളുടെ കൊടുമുടിയിലേക്കെത്തിച്ചു. ഫെഡറര്‍ തന്റെ ഫോമിന്റെ പാരമ്യത്തില്‍ നില്‍ക്കുമ്പോഴാണ് എക്കാലത്തെയും മികച്ച കളിമണ്‍ കോര്‍ട്ട് സ്‌പെഷ്യലിസ്റ്റായ നദാലിന്റെ കടന്നുവരവ്. നദാല്‍ ആദ്യം കളിമണ്‍ കോര്‍ട്ടിലെങ്കിലും ഫെഡറര്‍ക്ക് ഒരു ഭീഷണിയായിരുന്നു. പിന്നെ നദാല്‍ എല്ലാ പ്രതലങ്ങളിലേക്കും നിറഞ്ഞപ്പോഴും, ഫെഡററും ജോക്കോവിച്ചും, ഒന്നും എളുപ്പത്തില്‍ നേടാനാവില്ല എന്ന ഒരു അവസ്ഥ നിലനിര്‍ത്തിപ്പോന്നു. പുതിയ ഒരു സൂപ്പര്‍ താരത്തിന്റെ കടന്നുവരവിനും പഴയ താരങ്ങളുടെ പടിയിറക്കത്തിനുമിടയിലുള്ള ഈ സമയത്ത് തന്റെ ഗെയിമിന്റെ പാരമ്യത്തിലേക്ക് ഉയരാനായതാണ് ജോക്കോവിച്ചിന് സുവര്‍ണകാല വിളവെടുപ്പില്‍ ഏറ്റവുമധികം കൊയ്ത്തിനുള്ള അവസരമൊരുക്കുന്നത്.

കഴിഞ്ഞ വര്‍ഷം സ്റ്റാന്‍ വാവ്രിങ്കയുടെ മാസ്മരപ്രകടനത്തിനു മുന്നില്‍ അടിയറവു പറഞ്ഞപ്പോള്‍ നഷ്ടമായ കലണ്ടര്‍ സ്ലാം ഇന്ന് സാഹചര്യങ്ങളുടെ ആനുകൂല്യം കൊണ്ട് ജോക്കോവിച്ചിന് എത്തിപ്പിടിക്കാവുന്നതാണ്. ഒപ്പം ഒളിമ്പിക്‌സ് വര്‍ഷം ആയതിനാല്‍ ഗോള്‍ഡന്‍ കലണ്ടര്‍ സ്ലാം എന്ന അപൂര്‍വ നേട്ടം കൈവരിക്കാനും ഇതിലും നല്ലൊരവസരം കിട്ടാനില്ല. ഈ നേട്ടങ്ങള്‍ ജോക്കോവിച്ചിന് എത്തിപ്പിടിക്കാനായാല്‍ എക്കാലത്തെയും മികച്ച താരമാരെന്ന ചര്‍ച്ച തര്‍ക്കങ്ങളൊന്നും കൂടാതെ അവസാനിപ്പിക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories