TopTop
Begin typing your search above and press return to search.

റബ്ബേ, ഓര്‍ക്കുന്നില്ലേ പഴയ മൈനയെ

റബ്ബേ, ഓര്‍ക്കുന്നില്ലേ പഴയ മൈനയെ

വി കെ അജിത് കുമാര്‍

ക്ലാ ക്ലാ ക്ലി ക്ലി... എവിടുന്നാണീ ശബ്ദം, സുരേഷ് തിരിഞ്ഞുനോക്കി... അതാ മുറ്റത്തൊരു മൈന... വര്‍ഷങ്ങള്‍ക്കപ്പുറം വര്‍ണ്ണാഭമല്ലാത്ത പുസ്തകത്തില്‍ ചിലച്ച മൈന... അതിനെയങ്ങനെ ഓര്‍മ്മയില്‍ കൊണ്ട് നടക്കുന്ന ഒരു തലമുറയുണ്ട് ഇപ്പോഴും. അന്ന് പുസ്തകത്തിന്റെ മണം പള്ളിക്കൂടം തുറക്കുമ്പോള്‍ ഒപ്പമെത്തുമായിരുന്നു.

ഓണപ്പരീക്ഷ അന്നുമുണ്ടായിരുന്നു. പുതിയ പുസ്തകത്താളിലെ ആദ്യ പരീക്ഷണം... പുസ്തകം അന്ന് കുടെയുണ്ടായിരുന്നു. ഏതു മുന്നണി ഭരണത്തിലും. ഇപ്പോള്‍ എവിടെയാണത് ഓണ പരിക്ഷയായിട്ടും അതെവിടെ? ഓണം നേരത്തെ വന്നതൊന്നുമല്ല യഥാര്‍ത്ഥ പ്രശ്‌നം ഗുട്ടന്‍ ബര്‍ഗ്ഗ് അച്ചടിയന്ത്രം കണ്ടുപിടിച്ചിടത്തുനിന്നും തുടങ്ങുന്നു അത്. അല്ലെങ്കില്‍ എന്ത് സുഖമായിരുന്നു. പുസ്തകം അച്ചടിക്കേണ്ട അതിനു ടെണ്ടര്‍ കൊടുക്കേണ്ട അതിന്റെ കമ്മീഷന്‍ കാര്യമോര്‍ത്ത് വ്യാകുലപ്പെടേണ്ട.

നമുക്ക് കുഞ്ഞുങ്ങള്‍ക്ക് ഒരു നാരായം കൊടുക്കാം. പിന്നെ എഴുത്തോലയും. ആശാന്‍മാര്‍ പഠിപ്പിക്കട്ടെ അധ്യാപക സമരത്തെയും പേടിക്കേണ്ട. എന്തെങ്കിലും കൊടുത്താല്‍ നിലത്തെഴുത്താശാന്‍മാര്‍ അടങ്ങിക്കൊള്ളും.നിങ്ങള്‍ മൈനയെയും കാക്കയും മനക്കണക്കും പഠിച്ചു വെറുതെ സമയം കളയരുത് എന്ന് പറഞ്ഞ് തുടങ്ങിയതാണ് ഈ പുതിയ പരിഷ്‌കരണവാദികളുടെ ശബ്ദം.

സുഹൃത്തേ, ഒരു വാദത്തിനു വേണ്ടിയങ്ങനെപറയാം. പുസ്തകം എന്നത് പഠന പ്രക്രിയയുടെ ആവശ്യഘടകമൊന്നുമല്ല. പുസ്തകപ്പുഴുക്കളാകാന്‍ വിധിക്കെപ്പെടേണ്ടവരല്ല നമ്മുടെ കുഞ്ഞുങ്ങള്‍. നിങ്ങള്‍ക്കറിയില്ലേ ഇവാന്‍ ഇലിയച്ചിന്റെ ഡീ സ്‌കൂളിംഗിനെപ്പറ്റി. പൗലോ ഫ്രയറിന്റെ കോണ്‍സന്റ്റെസേഷനെപ്പറ്റി... കേട്ടിട്ടില്ലേ വയനാട്ടിലെ നടവയലില്‍ നമ്മുടെ കെ ജെ ബേബി നടത്തുന്ന കനവെന്ന ബദല്‍ വിദ്യാഭ്യാസ പള്ളിക്കൂടത്തെപ്പറ്റി. പിന്നെ എന്തിനു ഈ പ്രശ്‌നങ്ങളെല്ലാം ഉണ്ടാക്കുന്നു. ഇത് വൈഗോട്‌സ്‌കിയുടെ സാമൂഹിക നിര്‍മ്മിതി വാദത്തിന്റേയും (social contsructivism) കാലമാണ്. തുറന്ന ചര്‍ച്ചയിലൂടെയും സമൂഹത്തിലുള്ള ഇടപെടലുകളിലൂടെയും കുഞ്ഞുങ്ങളുടെ വൈകാരിക ബുദ്ധി വളരട്ടെ (emotional intelligence ) മൈനയും കാക്കയും പിന്നെ വേലപ്പന്റെ കൃഷിപാഠവും പഠിക്കുന്ന കാലത്ത് മതിയായിരുന്നു. പുസ്തകം.

...അവരെ പുസ്തകം വച്ച് പഠിപ്പിക്കാന്‍ വരല്ലേ ചിലപ്പോള്‍ അവര്‍ നന്നായി പോകും...ശാസ്ത്ര സാഹിത്യപരിഷത്ത് മുതല്‍ വിശ്വ ഹിന്ദുപരിഷത്തുവരെ ഇറങ്ങി എന്തൊക്കെയോ ആക്കിത്തീര്‍ക്കുന്ന നമ്മുടെ വിദ്യാഭ്യാസ രംഗം സര്‍ക്കാര്‍ മുതല്‍ മത മുതലാളിമാര്‍ വരെ നീളുന്ന സംഘങ്ങള്‍ മേയ്ക്കാനിറങ്ങിയിരിക്കുന്ന വിദ്യാലയങ്ങള്‍ അവിടെയിന്ന് വിദ്യാര്‍ത്ഥിയുടെ സ്ഥാനം എന്തെന്ന് കണ്ടെത്തേണ്ടിരിക്കുന്നു. അവര്‍ ആവശ്യപ്പെടുന്ന വിദ്യാഭ്യാസം അവര്‍ക്ക് അതിന്റെ യഥാര്‍ഥ അവസ്ഥയില്‍ ലഭിക്കുന്നുണ്ടോയെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.

ഏതു ശക്തികള്‍ ഇറങ്ങിയിട്ടും പാഠപുസ്തകം എന്ന മറാപ്പിന്റെ ഭാരം കൂടിയതല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അത് യഥാസമയം ലഭ്യമാക്കേണ്ടതുമാണ്. കാരണം നമ്മുടെ പ്രധാന ആധാര കേന്ദ്രം ഇന്നും അതുതന്നെയാണ്.പ്രവേശനോത്സവത്തിന്റെ ഇനിയും അഴിച്ചുമാറ്റാത്ത ബാനറുകള്‍ക്കടിയിലൂടെ നമ്മുടെ കുഞ്ഞുങ്ങള്‍ പഠനമുറികളിലെത്തുമ്പോള്‍ പഠിക്കാന്‍ പുസ്തകം നല്‍കേണ്ട ഉത്തരവാദിത്വം ആരാണ് നിറവേറ്റേണ്ടത്.

ചരിത്രാതീത കാലം മുതല്‍ അസമത്വം ഏറ്റവും കൂടുതല്‍ നിലനിന്നിരുന്നത് വിദ്യാഭ്യാസ രംഗത്ത് തന്നെയായിരുന്നു. കാരണം വിദ്യഭ്യാസമെന്നത് മറ്റേതു ക്രയവിക്രയവുംപോലെയുള്ളതല്ല എന്നത് കൊണ്ട് തന്നെ. അതിന്റെ ബൗദ്ധികമായ തലത്തെ മതവും പണവും കൈയടക്കുന്ന കാഴ്ച പുതിയതുമല്ല. എന്നാല്‍ അതിന്റെ പുതിയ വ്യഖ്യാനമാണ് ഇവിടെയിപ്പോള്‍ കാണുന്നത്. പാര്‍ശ്വവല്കൃത ജീവിതങ്ങള്‍ വിദ്യാഭ്യാസ അവകാശം നിറവേറ്റുവാന്‍ വിധിക്കപ്പെട്ട സംസ്ഥാനത്തെ ബഹുഭൂരിപക്ഷം പൊതു വിദ്യാലയങ്ങളില്‍ പുസ്തകം നല്കിയെട്ടെന്തു നേടാന്‍ ആര് പ്രതികരിക്കാന്‍ എന്ന് ചിന്തിക്കുന്ന ഭരണ വര്‍ഗ്ഗം നിലനില്‍ക്കുമ്പോള്‍. ലോകത്തില്‍ ഇതാദ്യമായി പാഠപുസ്തകത്തിനുവേണ്ടി തെരുവിലിറങ്ങേണ്ടിവരുന്ന ഭൂവിഭാഗമായി കേരളം മാറുകയാണ്. ഒരു പുതിയ സമരത്തിലാണ് നമ്മുടെ കുട്ടികള്‍. അത് വിദ്യാഭ്യാസത്തിനുള്ള അവകാശത്തിനുള്ളതല്ല പഠിക്കാനുള്ള പുസ്തകത്തിനായുള്ളതാണ്.

വിദ്യഭ്യാസത്തെ കണ്‍കറന്റ് ലിസ്റ്റില്‍പ്പെടുത്തിയതിന്റെ ലൂപ്പ് ഹോള്‍ ഉപയോഗിച്ച് എന്‍ സി ഇ ആര്‍ ടി യുടെ ബുക്കുകള്‍ നോക്കി പഠിക്കാനാണ് പലരും ആവശ്യപ്പെടുന്നത്. അത് മാത്രമല്ല എന്‍ സി ഇ ആര്‍ ടി യുടെ ബുക്കുകള്‍ അതേ പോലെ പകര്‍ത്തിയെഴുതി വികലമാക്കി മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന ഒരു സങ്കേതമായി നമ്മുടെ സ്റ്റേറ്റ് കൗണ്‍സില്‍ എന്നേ തരം താഴുകയും ചെയ്തു. ദേശപ്പെരുമയും സംസ്‌കാരവും ചോര്‍ന്നു പോകാതെ പൊതു കരിക്കുലത്തെ പ്രാദേശികമായ മാറ്റങ്ങളിലൂടെ പഠിതാക്കളില്‍ എത്തിക്കുക എന്ന ലക്ഷ്യമാണ് ഇവിടെ ഇല്ലാതാകുന്നത്.

നാഷണല്‍ റിസര്‍ച്ച് കൗണ്‍സിലിലും ദേശീയ കരിക്കുലം കമ്മറ്റികളിലും കാവിയുടെ നിറം വ്യാപിക്കുമ്പോള്‍ ഇനി വരുന്ന തലമുറ പഠിക്കുന്ന പുസ്തകം പുതിയ ചരിത്രത്തിന്റെ രേഖപ്പെടുത്തലുകളായി പെട്ടെന്ന് മാറും. എന്നത് മറ്റൊരു കാര്യം. അതല്ലെങ്കില്‍ നിങ്ങള്‍ പൊളിച്ചെഴുതൂന്ന ഈ പഴകി തുരുമ്പിച്ച പാഠപുസ്തക സമ്പ്രദായം പകരം ബഹു മുഖ ബുദ്ധി (multiple intelligence) വികാസത്തിനുതകുന്ന രൂപമാതൃകകള്‍ കാണിച്ചു കൊടുക്കാന്‍ മിടുക്കുള്ള പുതിയ അധ്യാപകരെ സൃഷ്ടിക്കണം. പിന്നെയീ പുസ്തകത്തിന്റെ അച്ചടി താമസമോര്‍ത്ത് നിങ്ങള്‍ വ്യാകുലപ്പെടെണ്ട. വെറുതെ യുവാക്കളെ തെരുവില്‍ തല്ലിച്ചതക്കേണ്ട. പുതുതലമുറയെ നയിക്കുന്ന നിങ്ങള്‍ക്ക് ഓര്‍മ്മയില്ലേ സുരേഷിന്റെ പഴയ മൈനയും ആ പുസ്തകത്തിന്റെ മണവും.പിന്നെയെങ്ങനെ ഇതൊക്കെ ചെയ്തു കൂട്ടുന്നു. പഠിക്കേണ്ടത് നമ്മുടെ കുട്ടികളല്ലേ?നാളത്തെ വോട്ടര്‍മാരല്ലേ?

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories