TopTop
Begin typing your search above and press return to search.

വരുന്നോ, തൈക്കുടം ബ്രിഡ്ജിലൂടെ നാട് കാണാൻ?

വരുന്നോ, തൈക്കുടം ബ്രിഡ്ജിലൂടെ നാട് കാണാൻ?

സുധീഷ് കെ

നാടൻ പാട്ട് എന്ന് കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിൽ കടന്നുവരുന്ന പ്രധാനപ്പെട്ട സങ്കല്പ്പങ്ങളിലൊന്ന് മണ്ണിനോട് ചേർന്നു നില്ക്കുന്ന പ്രാചീന സംസ്കൃതിയുടെ ജൈവികമായ താളലയങ്ങളാണ്. ജൈവികമായി മണ്ണിനോടും നാടിനോടും അലിഞ്ഞു ചേർന്ന് നില്ക്കുന്ന ഇത്തരം ഗ്രാമീണ സംഗീത കലാരൂപങ്ങളെ താല്പര്യപൂര്‍വം സംരക്ഷിച്ച് നിർത്തേണ്ടത് സാംസ്കാരിക കേരളത്തിന്റെയും നാട് ഭരിക്കുന്ന സർക്കാരിന്റെയും ഒരു കൂട്ടുത്തരവാദിത്വമാണെന്നും വാദിക്കുന്നവരുണ്ട്. കൂടാതെ നാടൻ പാട്ടുകൾ ആധുനികതയുടെ മുതലാളിത്ത യുക്തിയിൽ നിന്നും വേറിട്ട്‌ നില്ക്കുന്ന ശുദ്ധമായ ഒരു പ്രാചീന കലാരൂപമാണെന്ന ചില കാല്പനിക വാദങ്ങളും നിലവിലുണ്ട്. ഒരു വംശനാശ ഭീഷണി നേരിടുന്ന അവശകലാരൂപമാണെന്ന നിലയിലാണ് നാടൻ പാട്ടുകളെ പലരും കണ്ടുപോന്നിരുന്നത്. എന്നാൽ ആഗോളവത്ക്കരണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ആധുനികതയുടെ കാർണിവൽ സഞ്ചാരം പ്രാചീന സംസ്കൃതിയെ അതിന്റെതായ രൂപത്തിൽ പരിഷ്കരിച്ചു വിനിയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആധുനിക മൂലധന യുക്തിയിൽ ഏറ്റവും കൂടുതൽ ഇഴുകിച്ചേർന്നുനില്ക്കുന്ന ഒരു സാംസ്കാരിക കലാരൂപം തന്നെയാണ് നാടൻ പാട്ടുകളും. ഈ കാർണിവൽ പ്രക്രിയയുടെ ധാർമ്മികതയെ ചോദ്യം ചെയ്യുക എന്നതിലുപരി എങ്ങനെയാണ് ഇത്തരം കാലഹരണപ്പെട്ട പഴമകളെ ആധുനികതയുടെ യന്ത്രവത്കൃത ജീവനാഡികളിലേക്ക് സന്നിവേശിപ്പിക്കുക എന്ന സാംസ്കാരിക സ്വാംശീകരണപ്രക്രിയയെ തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാൻഡിന്റെ പ്രവർത്തന/ വിവർത്തന ശൈലികളിലൂടെ മനസിലാക്കാനുള്ള ഒരു ചെറിയ ശ്രമമാണ് ഇവിടെ നടത്തുന്നത്.

ആഗോളീകരണ ജീവിതശൈലികളിൽ പ്രദർശനപരതയുടെ ഘടകങ്ങൾ അനിവാര്യമായിവരുന്നത് എന്തുകൊണ്ടാണ്? ഈ ചോദ്യത്തിനുള്ള പല ഉത്തരങ്ങളിലൊന്ന് വിഷ്വൽ മീഡിയയുടെ വളർച്ചയിൽതന്നെ തിരയാവുന്നതാണ്. മാതൃഭൂമി കപ്പ ടി വി യുടെ മ്യൂസിക് മോജോവിലൂടെ 'നൊസ്റ്റാള്‍ജിയ' എന്ന പേരിൽ സംപ്രേഷണം ചെയ്ത തൈക്കുടം ബ്രിഡ്ജിന്റെ ഗാനശകലങ്ങൾ ശ്രദ്ധിച്ചു നോക്കിയാൽ ചില ഘടനാപരമായ സാദൃശ്യതകൾ കാണാവുന്നതാണ്. ഇവിടെ 'നൊസ്റ്റാള്‍ജിയ'യിലൂടെ കോർത്തിണക്കപ്പെടുന്നത് പച്ചക്കറികളുടെയും താരാട്ട് പാട്ടുകളുടെയും മുത്തശ്ശിക്കഥകളുടെയും ബാല്യകാലകൗമാര യൌവ്വന പ്രണയഭാവനകളുടെയും ഗൃഹാതുര സ്മരണകളാൽ സമ്പന്നമായ ഈണങ്ങളും പാട്ടുകളും നഷ്ട മൂല്യങ്ങളുമാണ്. അതിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന മലയാളി ദേശീയ ബോധവും പാരമ്പര്യവൈകാരികഭാവങ്ങളും മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം എന്താണെന്ന് പ്രത്യേകിച്ച് എടുത്തു പറയേണ്ടതില്ലല്ലോ. കപ്പ ടിവിയുടെ സ്റ്റുഡിയോ പശ്ചാത്തലം കൂടി ഒത്തുചേരുമ്പോൾ മൊത്തത്തിൽ കാല്പനിക ഭാവുകത്വത്തിന്റെ വശ്യചാരുതകൂടി കൈവരിക്കുന്നുമുണ്ട്‌.മാതൃകവത്കരിക്കപ്പെട്ട മലയാളീ സാംസ്കാരിക ദേശീയ ബോധത്തിന്റെ സാമൂഹിക ഘടനകൾക്കുള്ളിൽ നിന്നുകൊണ്ട് തനതായ ഒരു നാടകീയസംഗീതകലാരൂപത്തെ വികസിപ്പിച്ചെടുക്കുമ്പോൾ തന്നെ തൈക്കുടം ബ്രിഡ്ജ് മറുനാടൻ മലയാളിയുടെ ഗൃഹാതുര മോഹങ്ങളോടും മാറുന്ന അഭിരുചികളോട് ഒരു തുറന്ന സമീപനം സ്വീകരിക്കുന്നുണ്ട്. ഈ 'നൊസ്റ്റാൾജിയ' കവര്‍ മ്യൂസിക്ക് യൂടൂബിൽ വൈറൽ ആയിമാറുന്നതും വൻ സ്വീകാര്യത ലഭിക്കുന്നതും ഇങ്ങനെയുള്ള പരമ്പരാഗത സാംസ്കാരിക നിക്ഷേപങ്ങൾ ഉള്ളതുകൂടികൊണ്ടാണ് എന്ന വസ്തുത പറയാതെ വയ്യ. ഒരുപക്ഷെ തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസിക്ക് ബാൻഡിലേക്ക് ആദ്യം ഞാൻ ആകൃഷ്ടനായത്‌ ഗൃഹാതുരതകൾ ഉണർത്തുന്ന (80കളിലും 90 കളിലും ഇറങ്ങിയ) മലയാള സിനിമാഗാനങ്ങളെ പുതിയ ഭാവത്തിലുള്ള കവർ മ്യൂസിക്കിലൂടെ അവതരിപ്പിച്ചത് കൊണ്ടായിരിക്കാം.

തൈക്കുടം ബ്രിഡ്ജിന്‍റെ 'നൊസ്റ്റാൾജിയ'യിലൂടെ കൂട്ടിയിണക്കപ്പെടുന്നത് രണ്ടു തലമുറകളുടെ അന്തരങ്ങളാണ്. ഒരുഭാഗത്ത്‌ നാട്ടിൻപുറത്തിന്റെ നന്‍മകളാല്‍ സമൃദ്ധമായ ഫലഭൂയിഷ്ടമായ ഫ്യൂഡൽ പഴമ. മറുഭാഗത്ത്‌ ആഗോളവത്കരണങ്ങളിൽ മുങ്ങിപ്പോകുന്ന യാന്ത്രിക നാഗരിക ജീവിതരീതികളിൽ ശിഥലീകരിക്കപ്പെടുന്ന മലയാളിയുടെ പാരമ്പര്യസ്വത്വബോധം. ഈ രണ്ടു ധ്രുവങ്ങളെയും അതിൽ നിന്നുമുളവാകുന്ന സാംസ്കാരിക സ്ഥാനഭ്രംശങ്ങളെയും ആന്തരിക സംഘർഷങ്ങളെയും ക്രോഡീകരിക്കുകയും ക്രമീകരിക്കുകയും ഏകീകരിക്കുകയും ചെയ്യുക എന്നതാണ് 'നൊസ്റ്റാൾജിയ' കവർ മ്യൂസിക് നിർവഹിക്കുന്ന പ്രത്യയശാസ്ത്ര ധർമ്മം. 'നൊസ്റ്റാൾജിയ'യുടെ അവസാന ഭാഗത്തു കടന്നു വരുന്ന ഉപകരണ സംഗീതവും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന തീക്ഷ്ണവൈകാരികതയുടെ ബാഹുല്യം ചില വ്യാഖ്യാനങ്ങൾക്ക് ഇടം നല്കുന്നുണ്ട്. ഉപകരണ സംഗീതത്തിന്റെ സവിശേഷമായ വിന്യാസത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നത് ചരിത്ര പരിണാമങ്ങളിലും ആധുനിക സാങ്കേതികവിദ്യയിലും ശിഥിലീകരിക്കപ്പെട്ട ആഗോളികരണ മലയാളീ നാഗരിക ജീവിതത്തിന്റെയും പാരമ്പര്യത്തെ ധിക്കരിക്കാൻ മുതിരുന്ന കുപിതയൌവ്വനത്തിന്റെയും വന്യതയും തീക്ഷ്ണതയും നൈരാശ്യങ്ങളുമാണ്.

ആഗോളീകരണം യുവാക്കൾക്കായി ഒരുക്കുന്നത് ആത്മപ്രശംസയുടെയും ആത്മരതിയുടെയും ഫാഷൻ ഭ്രമങ്ങളും പ്രകടനപരതയുടെ മായികലോകമാണ്. പുതുതലമുറയുടെ നില്പിലും ഭാവത്തിലും വസ്ത്രധാരണരീതിയിലും വലിയ തോതിൽ വ്യതിയാനം സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നാടൻ പാട്ടുകളുടെ റോക്ക് വ്യാഖ്യാനങ്ങളിൽ ഈ മാറ്റം പ്രതിഫലിക്കുന്നതായി കാണാം. ഇവിടെ പാട്ടുകാരന്റെ ശബ്ദത്തേക്കാൾ ശരീര ചലനങ്ങളും സംഗീതോപകരണശബ്ദങ്ങളും മുഴച്ചു നില്ക്കുന്നതായി കാണാം. അങ്ങനെയാണ് ഫിഷ്‌ റോക്കും മറ്റും ഒരു "കൊല" മാസായി മാറുന്നത്.

സംഗീതം ജനകീയവത്ക്കരിക്കപ്പെടുന്നത് തികച്ചും സ്വാഗതാർഹമാണ്. പക്ഷെ ഏതു ഭാവത്തിലും രീതിയിലും രൂപത്തിലുമാണ് ജനകീയമായിത്തീരുന്നത് എന്നു കൂടി അന്വേഷിക്കേണ്ടതുണ്ട്. ആനന്ദത്തിന്റെ ലോകം ഇപ്പോഴും ചിന്തയുടെ സീമകളെ ഉല്ലംഘിക്കുന്ന ഇന്ദ്രീയപരതയുടെയും അനുഭൂതിയുടെയും വൈകാരികമായ ഒരിടമാണ്. കെട്ടുപാടുകളില്ലാത്ത അരാജകജീവിതരീതികളിൽ ആകൃഷ്ടമാകുന്ന ആധുനിക നാഗരിക യുവത്വവും അതിന്റെ ആനന്ദമോഹവലയങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു ഭ്രമാത്മക മേഖലയിലാണ് അവീൽ എന്ന മ്യൂസിക് ബാൻഡ് (music band) കടന്നു വന്നത്. ഈ ബാൻഡിനു ശേഷം മലയാളക്കരയെ പിടിച്ചുകുലുക്കിയ മറ്റൊരു സങ്കര സംഗീത ലോകമാണ് തൈക്കുടം ബ്രിഡ്ജ്. തൈക്കുടം ബ്രിഡ്ജിന്റെ "ചത്തെ" (chathe) എന്ന മുസിക്ക് വീഡിയോയിൽ കാണുന്ന ദൃശ്യങ്ങൾ വെളിവാക്കുന്നത് തകർന്നുപോയ തറവാടുകളുടെയോ ഇല്ലങ്ങളുടെയോ ഭീതിതമായ നഷ്ട വിഷാദ സ്മരണകളാണ്.പല നാടൻ പാട്ടുകളുടെയും ചരിത്രപശ്ചാത്തലം പരിശോധിച്ചു നോക്കുമ്പോൾ തെളിഞ്ഞു വരുന്ന ഞെട്ടലുളവാക്കുന്ന ഒരു നഗ്നസത്യം എന്നത് നാടും നാടുവാഴികളും നാട്ടുപ്രമാണികളും കൂടി നാടിന്റെ പുറമ്പോക്കിലേക്ക് തള്ളിയ അരികുവത്കരിക്കപ്പെട്ട കീഴാള ജനവിഭാഗങ്ങളുടെ ലാവണ്യവത്ക്കരിക്കപ്പെട്ട കദനകാവ്യങ്ങളാണ് ഇവയെല്ലാം എന്നുള്ളതാണ്. കീഴാളജനതയേയും അതിന്റെ ദുരിതങ്ങളും പീഡനങ്ങളും നിറഞ്ഞ ഇരുണ്ട അനുഭവലോകത്തിന്റെ സംഗീതാവിഷ്ക്കാരങ്ങളെയും വർത്തമാനകാല വിനോദ വ്യവസായത്തിന്റെ ത്രസിപ്പിക്കുന്ന സുഖലോലുപതകള്‍ക്കായി കാഴ്ചവയ്ക്കുകയാണ് ഈ ആണ്‍ കൂട്ടായ്മയിൽ അധിഷ്ടിതമായ തൈക്കുടം ബ്രിഡ്ജ്. നാടൻ പാട്ട് എന്നത് പലപ്പോഴും മർദ്ദിത കീഴാള ജനതയുടെ അനുഭവലോകവുമായി ബന്ധമുള്ള ചില ഏടുകളും കഥനങ്ങളുമാണ്. ഇവിടെ പ്രസക്തമായ ഒരു ചോദ്യം ഉന്നയിക്കേണ്ടതുണ്ട്. എങ്ങനെയാണ് ചില ജാതികള്‍ക്ക് മാത്രം ജനപ്രീയ സംഗീത കലാരൂപങ്ങൾ വികസിപ്പിച്ചുക്കൊണ്ടുവരാൻ കഴിഞ്ഞത്? അവിടെയാണ് വിശ്രമവേളകളാൽ അനുഗ്രഹീതരായ ഉന്നതകുലജാതരുടെ മേന്മയുടെ അനകൂല സാഹചര്യങ്ങൾ വെളിവാകുന്നത്.പാടത്തും പറമ്പിലും പണിയെടുക്കുന്ന കീഴാളവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കിടയിൽ 'ശ്രേഷ്ഠകലകൾ' വികസിച്ചു വരാതിരിക്കാൻ പ്രധാന കാരണം മറ്റൊന്നുമല്ല. ഇന്നു കാണുന്ന പല മഹിമ നിറഞ്ഞ കൊട്ടാര കലാരൂപങ്ങൾക്ക്‌ പിറകിൽ കീഴാളവർഗ്ഗത്തിന്റെ വിയര്‍പ്പിന്റെ ഗന്ധമുണ്ട്. അതായത് ഒരു പ്രത്യേകതരം അസമത്വത്തിലധിഷ്ടിതമായ തൊഴിൽ വിഭജനങ്ങളുടെ ആനുകൂല്യം സ്വീകരിച്ചു വളരുന്ന വിഭാഗങ്ങളുടെ കലകൾക്ക് ജനപ്രീയ മാനം കൈവരിക്കുന്നതിൽ വ്യക്തി വൈഭവത്തെക്കാൾ സാമൂഹിക ഘടനയക്ക് വലിയ പങ്കുണ്ട് . കീഴാളജന വിഭാഗം അധ്വാനത്തിന്റെയും വിവേചനങ്ങളുടെയും കയ്പ്പുനീർ കുടിക്കുവാൻ വേണ്ടി പാടി തുടങ്ങിയ പാട്ടുകളാണ് ഇന്ന് നാടൻ പാട്ടുകൾ എന്ന പേരിൽ വർഗ്ഗീകരിക്കപ്പെടുന്ന മിക്ക പാട്ടുകളും. തൊഴിലിടങ്ങളിലെ വേദനകളെയും കഷ്ടപ്പാടുകളെയും കലാപരമായി പുനരാവിഷ്കരിക്കുന്ന ഇത്തരം നാടൻ പാട്ടുകൾ സഹനത്തിന്റെയും ലാവണ്യബോധത്തിന്റെയും വേറിട്ട അനുഭവ പരിസരങ്ങൾ പ്രധാനം ചെയ്യുന്നുണ്ട്.

അവീൽ എന്ന മുസിക് ബാൻഡിന്റെ സങ്കര സംഗീത പാരമ്പര്യം പിന്തുടർന്നുകൊണ്ട് മ്യൂസിക് വിഡിയോകളിലൂടെയും ഫിഷ്‌ റോക്കുകളിലൂടെയും നിശാസംഗീത മേളകളിലൂടെയും മത്സ്യ തൊഴിലാളികളുടെയും കുടിയാന്മാരുടെയും ജീവിത ദുരിതങ്ങൾ എങ്ങനെ രസം പകരുന്ന ഉത്പ്പന്നവത്ക്കരിക്കപ്പെട്ട സംഗീത വിരുന്നായി മാറുന്നു എന്നുള്ളതിന് ഒരു മകുടോദാഹരണമാണ് തൈക്കുടം ബ്രിഡ്ജ്. "ചെക്കേലടിക്കും മുമ്പേ തെയ്യം താരോ" എന്നു തുടങ്ങുന്ന നാടൻ പാട്ട് ചരിത്രപരമായി നോക്കുകയാണെങ്കിൽ പാടത്ത് പണിയെടുക്കുന്ന കുടിയാന്മാരായ നീലിയുടെയും ചാത്തന്റെയും ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും കഥയാണ്‌. ഈ നാടൻകലാരൂപത്തെ തൈക്കുടം ബ്രിഡ്ജിലൂടെ ഉടച്ചു വാർക്കുന്നതായി കാണാം. ഈ പാട്ടും അതിന്റെ അന്തസത്തയെ നിർവീര്യമാക്കുന്ന തരത്തിലുള്ള ഈ പാട്ടിന്റെ പേരിൽ അരങ്ങേറുന്ന നിശാസംഗീതമേളകളും സമകാലീന സംഗീത സംസ്കാരത്തെക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട്. ആധുനിക യുവത്വത്തിന്റെ വന്യമായ ആഘോഷങ്ങളിലും പ്രദർശനപരതകളിലും മുങ്ങിപ്പോകുന്ന കീഴാള ചരിത്രത്തേയും അതിന്റെ സമകാലീന വിമോചന സാധ്യതകളെയും മറ്റും തിരിച്ചറിയാതെ പോകരുത്.

"ചെക്കേലടിക്കും മുമ്പേ തെയ്യം താരോ" എന്ന നാടൻ പാട്ടിനെ അതിന്റെ അടിമത്വ വ്യവസ്ഥിതിയിൽ വേരൂന്നി നിൽക്കുന്ന ചരിത്ര പശ്ചാത്തലത്തില്‍നിന്നും അനുഭവലോകത്തിൽ നിന്നും പറിച്ചെടുത്തു പുനരാവഷ്ക്കരിച്ചുകൊണ്ട് അരങ്ങേറുന്ന ഇത്തരം സംഗീതവിരുന്നുകൾ വിവർണ്ണനീയമാംവിധം വരേണ്യമാണ്. അഥവാ വരേണ്യതയിൽ ചാലിച്ച ഫാസിസ്റ്റ് വിനോദ മാർഗ്ഗങ്ങൾ മാത്രമാണ്. ഇത്തരം സംഗീതവിരുന്നുകൾ എല്ലാ കാണികളെയും ഉൾക്കൊള്ളിച്ചു കൊണ്ടും ആവേശ ലഹരിയുടെ അലകൾ സൃഷ്ടിച്ചുകൊണ്ടും ഒരുതരം ജനകീയ ജനാധിപത്യ ശാരീരികപങ്കാളിത്തത്തിന്റെയും വ്യാജമായ സമത്വബോധം മുന്നോട്ടു വയ്ക്കുന്നുണ്ട്. ശാരീരിക സമത്വം വാഗ്ദാനം ചെയ്യുമ്പോൾ തന്നെ സാംസ്കാരിക അസസമത്വം നിലനിർത്താമെന്ന് ഈ നാടൻ പാട്ടിന്റെ താഴെ കൊടുത്ത ദൃശ്യം സൂചിപ്പിക്കുന്നുണ്ട്."ചെക്കേലടിക്കും മുമ്പേ തെയ്യം താരോ" എന്ന ഫ്യുഡൽപഴമയുടെ ഭാരം പേറുന്ന നാടൻ പാട്ടിലൂടെ ഈ മേള ആധുനിക നാഗരിക സങ്കടങ്ങളെ വിമലീകരിച്ചുകൊണ്ട് ഉല്ലാസഭരിതമായ മുഹൂർത്തങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്നു. അങ്ങനെ ഈ നാടൻ പാട്ടിനെ ഒരു ആധുനിക ജനകീയ മനശാസ്ത്ര ചികിത്സാസാധ്യതയായി കാണുമ്പോൾ തന്നെ നാടൻ പാട്ടിന്റെ പുനരാവിഷ്ക്കരണത്തെ മറുനാടൻ മലയാളികൾ നേരിടുന്ന മനഃശാസ്ത്രപരമായ പ്രതിസന്ധികളോട് കൂടി കൂട്ടിവായിക്കേണ്ടതാണ്. ഇത്തരം ഗൃഹാതുരതകളിലൂടെ സംപ്രേക്ഷണം ചെയ്യപ്പെടുന്നത് ഏതുതരം ജന വിഭാഗങ്ങളുടെ അഭിരുചികളും താല്പര്യങ്ങളുമാണ് എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്.

തൈക്കുടം ബ്രിഡ്ജ് ശുദ്ധ സംഗീതത്തിന്റെ സാമ്പ്രദായിക ചട്ടക്കൂടുകളെ ഭേദിച്ചുകൊണ്ടുള്ള ശാരീരിക പങ്കാളിത്തവും ജനാധിപത്യ രാഷ്രീയവും മുന്നോട്ടു വയ്ക്കാൻ ശ്രമിക്കുമ്പോൾതന്നെ ഈ പങ്കാളിത്ത ജനാതിപത്യത്തിൽ ചില സാന്ദ്രീകരണങ്ങൾ സംഭവിക്കുന്നുണ്ട്. എല്ലാ കാണിയിലേക്കും ഇറങ്ങി ചെല്ലുന്നുവെന്ന ധാരണ ഉളവാക്കുമ്പോൾ തന്നെ ഇത്തരം മേളകൾ സാമൂഹികമായി ഒന്നും സൃഷ്ടിക്കാതെ ശൂന്യവാദത്തിലേക്കും സുഖലോലുപതകളിലേക്കും കൂപ്പുകുത്തുകയാണ് ചെയ്യുന്നത്. എന്നാൽ ശിക്ഷണം സിദ്ധിച്ച കാണികളെ മാത്രം മുന്നിൽ കണ്ടുകൊണ്ട് അരങ്ങേറുന്ന ശാസ്ത്രീയ സംഗീതം ഇത്തരത്തിലുള്ള വ്യാജ വാഗ്ദാനങ്ങൾ നൽകി ആളുകളെ കൈയ്യിലെടുക്കാൻ ശ്രമിക്കാറില്ല.

ഒരുതരം മൃഗീയമായ ഉന്‍മാദാവസ്ഥകളിലേക്ക് വിവർത്തനം ചെയ്യപ്പെടുന്ന സംഗീത വിരുന്നുകളും കവർമ്യൂസിക്കുകളും ഗായകരുടെ ദേഹപ്രകടനങ്ങളും കാണികളുടെ ആവേശ പ്രകടനങ്ങളും ആധുനിക നാഗരിക ജാതിഘടനയുടെ അനുഷ്ടാന കർമ്മങ്ങളായി കാണാവുന്നതാണ്. തൈക്കുടം ബ്രിഡ്ജ് മുന്നോട്ട് വയ്ക്കുന്ന ഗൃഹാതുരതകൾ നിറഞ്ഞ ശാരീരിക പങ്കാളിത്ത ജനകീയ ജനാധിപത്യബോധവും അതിലൂടെ പ്രചരിക്കുന്ന അസ്വാദന സംസ്കാരവും തികച്ചും സവർണ്ണമാണ്. ഫ്യുഡൽപഴമയുടെ ഭാരങ്ങൾ പേറുന്ന നാടൻ സംഗീത കലാരൂപങ്ങളെപ്പറ്റിയും അതിലടങ്ങിയ തമ്പുരാൻ ഭരണക്രമത്തെപ്പറ്റിയും അതോടൊപ്പം കീഴാള അനുഭവലോകത്തെ പൂർണ്ണമായി ഇല്ലാതാക്കികൊണ്ട് അരങ്ങേറുന്ന ഇത്തരം തട്ടുപോളിപ്പാൻ റോക്ക് ജനപ്രീയ വ്യാഖ്യാനങ്ങളെപ്പറ്റിയും അതിലൂടെ പ്രസരിപ്പിക്കപ്പെടുന്ന ആവേശ ലഹരിയെപ്പറ്റിയും ഇനിയും ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. പറയേണ്ടതുണ്ട്.

കീഴാളസംഗീതത്തെ അർത്ഥശൂന്യമായ നാഗരിക ഉന്മാദതാളങ്ങളുടെ ഒരു മയക്കുമരുന്നു വിപണിയായി പരിവർത്തനം ചെയ്യുമ്പോൾ വിനിമയം ചെയ്യപ്പെടുന്ന ഇത്തരം മേലാളവത്ക്കരിക്കപ്പെട്ട ജനപ്രീയ സംഗീതാസ്വാദനസംസ്കാരവുമായി തട്ടിച്ചു നോക്കുമ്പോൾ നാട് ഭരിക്കുന്നവര്‍ നടത്തുന്ന അഴിമതികളും കുതന്ത്രങ്ങളും എത്ര ലളിതവും സുതാര്യമായ ജനദ്രോഹവഞ്ചനകളാണ്!

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക(ഹൈദരാബാദ് ഇഫ്ലുവില്‍ ഗവേഷണ വിദ്യാര്‍ഥിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories