TopTop
Begin typing your search above and press return to search.

വക്കില്‍ ചോര പൊടിയുന്ന ജയിലോര്‍മ്മകള്‍; ജയചന്ദ്രന്‍ മൊകേരിയുടെ 'തക്കിജ്ജ'

വക്കില്‍ ചോര പൊടിയുന്ന ജയിലോര്‍മ്മകള്‍; ജയചന്ദ്രന്‍ മൊകേരിയുടെ തക്കിജ്ജ

തക്കിജ്ജ: എന്റെ ജയില്‍ജീവിതം
ജയചന്ദ്രന്‍ മൊകേരി
വയലെറ്റ് ബുക്ക്സ്
വില: 275.00

പ്രശസ്ത ഫ്രഞ്ച് സംവിധായിക ആഗ്നസ് വര്‍ധയുടെ സര്‍ഗ്ഗാത്മക ജീവിതത്തെ ആവിഷ്ക്കരിക്കുന്ന 'ബീച്ചസ് ഓഫ് ആഗ്നസി'ന്‍റെ ആമുഖ വാചകങ്ങളില്‍ ഇങ്ങനെ പറയുന്നുണ്ട്, 'മനുഷ്യനെ തുറക്കുകയാണെങ്കില്‍ നമ്മള്‍ ഭൂപ്രദേശങ്ങളെ കണ്ടെത്തും'. ആത്മകഥകള്‍ വൈയക്തിക ജീവിതാഖ്യാനങ്ങള്‍ എന്നതിലുപരി ആത്മകഥാകാരന്‍/കാരി ജീവിക്കുന്ന ആവാസ ഭൂമിയിലൂടെയുള്ള സഞ്ചാരവും കൂടിയാണ്. അങ്ങനെ നോക്കുമ്പോള്‍ തീക്ഷ്ണമായ അനുഭവങ്ങളും അസാമാന്യമായ നിരീക്ഷണ പാടവവും സര്‍ഗ്ഗാത്മകമായ ഭാഷയും കൂടിച്ചേര്‍ന്ന തീവ്രമായ അനുഭവാഖ്യാനമാണ് ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ ജയചന്ദ്രന്‍ മൊകേരിയുടെ ‘തക്കിജ്ജ: എന്‍റെ ജയില്‍ ജീവിതം’. അത് അദ്ദേഹത്തിന്റെ കോളിളക്കം സൃഷ്ടിച്ച വ്യക്തിപരമായ അനുഭവങ്ങള്‍ എന്നതിനപ്പുറം മാലെ ദ്വീപിന്റെ ചരിത്രവും വര്‍ത്തമാനവും കൂടിയാണ്.

രാഷ്ട്രീയ/സാമൂഹ്യ പ്രവര്‍ത്തകരുടെയും നവോത്ഥാന നായകരുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും എഴുത്തുകാരുടെയുമൊക്കെ ആത്മകഥകള്‍ മലയാള സാഹിത്യത്തിന്‍റെ ഭാഗമാണ്. ഒരു സാഹിത്യ ശാഖയായായും പഠന ശാഖയായും ആത്മകഥകള്‍ ലോകമെങ്ങും അംഗീരിക്കപ്പെട്ടിട്ടുണ്ട്. ഓരോ ആത്മകഥയും വ്യക്തിയനുഭവങ്ങള്‍ക്കപ്പുറം സാംസ്കാരിക, രാഷ്ട്രീയ, സാമൂഹ്യ മാറ്റങ്ങളുടെ അടയാളപ്പെടുത്തലും കൂടിയാണ്. ഏതെങ്കിലും മേഖലയില്‍ പ്രശസ്തരായവര്‍ക്ക് മാത്രം അല്ലെങ്കില്‍ ജീവിത സായാഹ്നത്തില്‍ എഴുതാവുന്ന ഒന്നാണ് ആത്മകഥ എന്നൊരു ധാരണ പൊതുവേ ഉണ്ടായിരുന്നു. അത്തരം ധാരണകളെ മാറ്റിനിര്‍ത്തിക്കൊണ്ടാണ് മലയാളത്തില്‍ നിരവധി അനുഭവമെഴുത്തുകള്‍ പുറത്തുവരുന്നത്. ആത്മകഥ, നോവല്‍, ചരിത്രം എന്നീ ആഖ്യാനങ്ങളുമായി സമാനത പുലര്‍ത്തുന്നുണ്ടെങ്കിലും അനുഭവമെഴുത്തിന് മൌലികമായ വ്യത്യാസമുണ്ട്. അനുഭവങ്ങളുടെ, സാക്ഷ്യപ്പെടുത്തലുകളുടെ ആഖ്യാനമാണത്. മലയാളത്തില്‍ കല്ലേല്‍ പൊക്കുടന്‍, സി കെ ജാനു, പോലീസ് കോണ്‍സ്റ്റബിള്‍ വിനയ, ലൈംഗിക തൊഴിലാളി നളിനി ജമീല, സിസ്റ്റര്‍ ജെസ്മി തുടങ്ങി കള്ളന്‍റെയും മദ്യപാനിയുടെയുമൊക്കെ നിരവധി അനുഭവമെഴുത്തുകള്‍ പുറത്തുവന്നിട്ടുണ്ട്. തികച്ചും വ്യത്യസ്ഥമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്നവര്‍ അവരുടെ അനുഭവങ്ങള്‍ ഏറെക്കുറെ സത്യസന്ധമായി തന്നെ വായനക്കാരുടെ മുന്നില്‍ അവതരിപ്പിക്കുന്നതാണ് ഇത്തരം എഴുത്തുകളുടെ പ്രത്യേകത.

തന്‍റെ പ്രവാസ ജീവിതത്തിലുണ്ടായ എട്ടുമാസം നീണ്ട ജയിലനുഭവങ്ങളുടെ സത്യസന്ധമായ ആഖ്യാനമാണ് 'തക്കിജ്ജ: എന്‍റെ ജയില്‍ ജീവിതം' എന്ന പുസ്തകത്തില്‍ ജയചന്ദ്രന്‍ മൊകേരി കുറിച്ചിടുന്നത്. കേവലം വ്യക്തിപരമായ അനുഭവങ്ങള്‍ മാത്രമല്ല, തന്നോടൊപ്പം ജയിലിലുണ്ടായിരുന്ന ഓരോരുത്തരുടെയും അനുഭവവും ജീവിതവും അയല്‍രാജ്യമായ മാലെ ദ്വീപിലെ വിചിത്രമായ നിയമങ്ങളും സാമൂഹ്യ സാംസ്കാരിക ജീവിതവും ഭാഷയും ഭക്ഷണവും വിദ്യാഭ്യാസ രീതികളും അടങ്ങുന്ന നമുക്കന്യമായ ഒരു ലോകം ‘തക്കിജ്ജ’ യില്‍ അടയാളപ്പെടുത്തുന്നുണ്ട് എഴുത്തുകാരന്‍.മാലെ ദ്വീപില്‍ അധ്യാപകനായി ജോലിനോക്കിയിരുന്ന ജയചന്ദ്രന്‍ മൊകേരി ചെയ്യാത്ത കുറ്റത്തിനാണ് ജയിലിലാകുന്നത്. ജയചന്ദ്രന്‍ എന്ന അധ്യാപകന്‍ മാലെയിലെ നിയമ വ്യവസ്ഥയുടെ ഇരയാണ്. മാലെ ദ്വീപിലെ നിയമ വ്യവസ്ഥകളും ശരീയത്ത് കോടതിയും ശരീയത്ത് നിയമങ്ങളും എങ്ങനെയാണ് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നതെന്നും ഭരണകൂടവും ജനങ്ങളും പ്രവാസികളെ എങ്ങനെയാണ് കാണുന്നതെന്നും ജയചന്ദ്രന്‍ മൊകേരിക്ക് നേരിടേണ്ടിവന്ന അനുഭവത്തിലൂടെ വ്യക്തമാകുന്നുണ്ട്. കുട്ടികളെ അടിക്കാന്‍ പോയിട്ടു ശരീരത്തില്‍ സ്പര്‍ശിക്കുന്നതുപോലും കുറ്റകരമായ ഒരു രാജ്യത്ത് ക്ലാസ്സ് മുറിയില്‍ കുട്ടികള്‍ തമ്പുരാക്കന്മാരും അധ്യാപകര്‍ പ്രജകളുമാണ്. “പൊതുവെ മാലദ്വീപിലെ കുട്ടികള്‍ പല പരാതികളും അധ്യാപകര്‍ക്കെതിരെ ഉന്നയിക്കും അതിന്‍റെ വരുംവരായ്കകള്‍ അവര്‍ ശ്രദ്ധിക്കാറില്ല. അവര്‍ ക്ലാസ്സില്‍ പറയുന്ന ക്രൂരമായ ഒരു തമാശയുണ്ട്. നിങ്ങളെ ഇന്ത്യയിലേക്ക് തിരിച്ചയക്കും എന്ന്. അല്പം കര്‍ശനമായി അധ്യാപകര്‍ കുട്ടികളോടിടപ്പെട്ടാല്‍ കിട്ടുന്ന പ്രതികരണം ഇതായിരിക്കും.” കുട്ടികള്‍ ക്ലാസ്സില്‍ എന്തു പ്രശ്നം ഉണ്ടാക്കിയാലും നിശ്ശബ്ദരായിരിക്കാന്‍ അധ്യാപകര്‍ പഠിച്ചിരിക്കണം അഥവാ അതിനുള്ള ക്ഷമ ഓരോ അധ്യാപകരും സ്വായത്തമാക്കണം. എങ്കിലേ അവിടെ തുടരാന്‍ കഴിയൂ. ക്ഷമയുടെ അതിരുകള്‍ ഭേദിക്കുന്ന അനുഭവങ്ങള്‍ പലപ്പോഴും കുട്ടികളില്‍ നിന്നു ഉണ്ടാകുമ്പോഴും അതിനെ മറികടക്കാന്‍ ജയചന്ദ്രന്‍ എന്ന അധ്യാപകന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരു ദിവസം ക്ളാസ്സില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്ന കുട്ടിയെ കൈപിടിച്ചു സീറ്റില്‍ ഇരുത്തിയതിന്റെ പേരിലാണ് കുട്ടിയുടെ ട്രൌസറില്‍ സ്പര്‍ശിച്ചു എന്നുപറഞ്ഞു മാതാപിതാക്കള്‍ കേസ് കൊടുക്കുന്നത്. തനിക്കെതിരെ ചുമത്തിയത് ബാലപീഢന കേസാണെന്നറിഞ്ഞ നിമിഷം ജയചന്ദ്രന്‍ നടുങ്ങിപ്പോയി. പതിനെട്ടു വയസ്സില്‍ താഴെയുള്ള ഏത് ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഏത് അധ്യാപകനെതിരെയും ഇത്തരം ആരോപണം ഉന്നയിക്കാം. പറയുന്നയാള്‍ അതില്‍ ഉറച്ചുനിന്നാല്‍ പതിനഞ്ചുവര്‍ഷം ജയിലില്‍ കഴിയേണ്ടിവരും. നമ്മുടെ നാട്ടിലേതുപോലെ ജാമ്യമൊന്നും കിട്ടില്ല. കുറ്റക്കാരനല്ലെന്ന് ശരീയത്ത് കോടതിയില്‍ തെളിയിക്കപ്പെടുന്നതുവരെ ജയിലില്‍ കഴിയേണ്ടിവരും. പിന്നീട് കുട്ടിയുടെ വീട്ടുകാര്‍ കേസ് പിന്‍വലിച്ചിട്ടും നിര്‍ഭാഗ്യവശാല്‍ എട്ടുമാസത്തില്‍ കൂടുതല്‍ ജയചന്ദ്രന്‍ മൊകേരിക്ക് ജയിലില്‍ കിടക്കേണ്ടിവന്നു.

ദീര്‍ഘകാലം അധ്യാപന വൃത്തിമാത്രം ചെയ്ത ഒരാള്‍ വളരെ പെട്ടെന്നാണ് ക്രിമിനലായി മുദ്രകുത്തപ്പെടുന്നത്. അറിഞ്ഞോ അറിയാതെയോ തെറ്റ് ചെയ്ത ഒരാള്‍ക്ക് ശിക്ഷിക്കപ്പെടുമ്പോള് ഉണ്ടാകുന്ന മാനസികാവസ്ഥയല്ല നിരപരാധിയാണെന്ന് ഉത്തമബോധ്യത്തോടെ ജയിലില്‍ കഴിയേണ്ടിവരുന്ന ഒരാള്‍ക്കുണ്ടാവുക. ആത്മാര്‍ത്ഥതയോടെ ജോലിചെയ്ത സ്ഥാപനത്തിലെ അധികൃതരുടെ മുന്നിലും സ്നേഹിച്ച ശിഷ്യരുടെ മുന്നിലും പൊതു സമൂഹത്തിനു മുന്നിലും അപമാനിതനാവുക എന്നത് ജയചന്ദ്രന്‍ എന്ന അധ്യാപകനെ എല്ലാ അര്‍ത്ഥത്തിലും തകര്‍ത്തുകളയുന്നുണ്ട്. ദ്വീപുരാജ്യത്തെ ജീവിതം തന്നെ ഒരര്‍ത്ഥത്തില്‍ തടവാണ്. അവിടെ തടവിലാവുന്നതോടെ അത് ഇരട്ടത്തടവായി മാറുന്നു.

ഓരോ രാജ്യത്തും പ്രവാസികളുടെ കാര്യങ്ങളില്‍ ഇടപെടാനാണ് ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇവിടെ എംബസി അധികൃതരില്‍ നിന്നുപോലും അനുകൂലമായ നിലപാട് അല്ലെങ്കില്‍ പ്രതീക്ഷയ്ക്ക് വകനല്‍കുന്ന ഒരു സഹകരണവും ലഭിക്കുന്നില്ല. ഒരു ചടങ്ങുപോലെ അവര്‍ വന്നു തടവുകാരുടെ വിവരങ്ങള്‍ അന്വേഷിച്ചു പോകും എന്നല്ലാതെ തടവുകാര്‍ ആവശ്യപ്പെടുന്ന ഒരു സാധനങ്ങളും അവര്‍ക്ക് എത്തിച്ചുകൊടുക്കാറില്ല. അവരുടെ പരിഹാസവും ചിലപ്പോള്‍ ഇന്‍ഡ്യന്‍ തടവുകാര്‍ക്ക് നേരിടേണ്ടി വരാറുണ്ട്. ദ്വീപില്‍ നിന്ന് ദ്വീപിലേക്കും തടവറകളില്‍ നിന്ന് തടവറകളിലേക്കും ഒരു തെറ്റും ചെയ്യാതെ കുറ്റവാളിയെപ്പോലെ സഞ്ചരിക്കേണ്ടിവരുമ്പോള്‍, ഉദ്യോഗസ്ഥരൊക്കെ കുറ്റവാളിയോടെന്നപോലെ പെരുമാറുമ്പോള്‍ ഉള്ള് നീറിക്കൊണ്ടുതന്നെ എല്ലാറ്റിനെയും അതിജീവിക്കാന്‍ ശ്രമിക്കുന്നുണ്ട് തികച്ചും സാധാരണക്കാരനായ ഈ അധ്യാപകന്‍. നമ്മുടെയൊക്കെ കുട്ടിക്കാലത്ത് ആഗ്രഹിച്ച കാര്യം നടക്കുമോ എന്നറിയാന്‍ ഇലപറിച്ച് മുകളിലോട്ടെറിഞ്ഞു അകവും പുറവും നോക്കുന്ന ഒരേര്‍പ്പാടുണ്ട്. അകം വീണാല്‍ ഉദ്ദേശിച്ച കാര്യം നടക്കുമെന്നാണ്. അതുപോലെ കോടതി വളപ്പില്‍ ഇലപറിച്ചെറിഞ്ഞും ജയിലിനകത്ത് കടലാസ് ചുരുട്ടി എറിഞ്ഞുമൊക്കെ തന്‍റെ മോചനം സാധ്യമാകുമോ എന്നു പരീക്ഷിക്കുന്നുണ്ട് ജയചന്ദ്രന്‍. അത്രയ്ക്ക് നിഷ്ക്കളങ്കനായ ഒരാളുടെ ജീവിത ഗതി പെട്ടെന്നൊരു ദിവസം മാറിപ്പോകുകയാണ്. അത്തരമൊരു പ്രതിസന്ധിയെ നേരിടാന്‍ അസാമാന്യമായ ആത്മധൈര്യം കൂടിയേ തീരൂ.അറസ്റ്റ്, സ്റ്റേഷന്‍, ജയില്‍; വല്ലാത്തൊരു അനുഭവലോകമാണ് എഴുത്തുകാരന് സമ്മാനിക്കുന്നത്. മയക്കുമരുന്നിന് അടിമകളായി കുഴഞ്ഞുകിടക്കുന്നവരും ലിംഗ പ്രദര്‍ശനം നടത്തുന്നവനും സ്വന്തം കൈവിരല്‍ മുറിച്ച് ചോരചീറ്റിച്ചവനും വായില്‍ നിന്നു നുരയും പതയും വന്നു കൈകാലിട്ടടിക്കുന്നവനും മയക്കുമരുന്നു കഴിച്ചു ബഹളം വെക്കുന്നവരും അടങ്ങുന്ന വിചിത്രമായ കാഴ്ചകളുടെ ലോകം. പതിഞ്ചോളം പേര്‍ക്കു കിടക്കാന്‍ കഴിയുന്ന ജയിലിനകത്ത് മുപ്പതിലധികം ആളുകള്‍ ഞെരുങ്ങി ജീവിക്കുന്നു. അകത്തുനിന്നു കൊളുത്തിടാന്‍ കഴിയാത്ത, അകത്തിരുന്നാല്‍ മുകള്‍ ഭാഗം വെളിയില്‍ കാണാവുന്ന രീതിയിലുള്ള കക്കൂസാണ് ജയിലിന്നകത്തുള്ളത്. കക്കൂസ് എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നറിയാത്ത ബംഗാളികളുണ്ട്. വൃത്തിയായി കുളിക്കാതെ വെറുതെ ഒന്ന് നനച്ചുപോകുന്ന ദ്വീപുകാരും ബംഗാളികളും ദിവസങ്ങളോളം കുളിക്കാത്ത പാക്കിസ്ഥാനി ഡോക്ടറുമുണ്ട്. സ്വന്തം മകളെ മയക്കുമരുന്ന് കൊടുത്തു നിരന്തരം ബലാത്സംഗം ചെയ്തവനും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഒരേ തടവറയില്‍ കഴിയുന്ന അച്ഛനും മകനും മയക്കുമരുന്നിന് അടിമകളായ പാട്ടകളും ഉറങ്ങിക്കിടന്നവന്‍റെ കഴുത്തറുത്തവനും ക്രഡിറ്റ് കാര്‍ഡ് തട്ടിപ്പ് പ്രതിയും പിടിച്ചുപറിക്കാരും മയക്കുമരുന്നു കാരിയര്‍മാരും മനുഷ്യക്കടത്ത് നടത്തിയവരും തടവറയ്ക്കകത്തും വര്‍ഗീയമായി പെരുമാറുന്നവരും സ്വന്തം പെങ്ങളുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഢിപ്പിച്ച മത പണ്ഡിതനുമെല്ലാം അടങ്ങുന്ന വിചിത്രമായ ഒരു ലോകമാണത്. ബംഗാളികള്‍ പലപ്പോഴും പരസ്പരം പോരടിച്ചുകൊണ്ടേയിരിക്കും. അടിപിടിക്കിടയില്‍ ഒരാളെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ജയചന്ദ്രന്‍ മൊകേരിക്ക് ഒരിക്കല്‍ മൂക്കിന് അടി കിട്ടുന്നുണ്ട്. ശീട്ടുകളിയും പാട്ടും പല ഭാഷകളിലുള്ള തെറിവിളികളും ഒക്കെയായി ഒരു അരാജക സങ്കേതം. അവരില്‍ ഒന്നോ രണ്ടോ പേരൊഴികെ എല്ലാവരും കുറ്റവാളികള്‍ തന്നെയാണ്. അവരുടെ ഇടയില്‍ കഴിയേണ്ടിവരിക എന്നത് ശിക്ഷയുടെ കാഠിന്യം കൂട്ടുന്നു.

മാലെ ദ്വീപിലെ ജയിലില്‍ നിരവധി ബംഗാളികളുണ്ട്. ദ്വീപിലെ ജനസംഖ്യയില്‍ മൂന്നിലൊന്ന് ബംഗാളികളാണ്. മാലെ ദ്വീപില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാര്‍ ഭയക്കേണ്ടത് മയക്കുമരുന്നിന് അടിമകളായ ദ്വീപുകാരെയും ക്രിമിനലുകളായ ബംഗാളികളെയുമാണെന്ന് പറയുമ്പോഴും ബംഗാളികളെ ചൂഷണം ചെയ്യുന്ന ദ്വീപുകാരെയും നമുക്ക് കാണിച്ചുതരുന്നുണ്ട് ജയചന്ദ്രന്‍ മൊകേരി. ബംഗ്ലാദേശില്‍ കൊലപാതകമടക്കമുള്ള വലിയ കുറ്റകൃത്യങ്ങള്‍ ചെയ്തു കേസില്‍ നിന്നു രക്ഷപ്പെടാന്‍ മാലെ ദ്വീപ്, ഇന്‍ഡ്യ,മലേഷ്യ ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് നാടുവിടുന്നു. ബംഗാളികളില്‍ പലര്‍ക്കും വേണ്ടത്ര വിദ്യാഭ്യാസമില്ല. അവിടുത്തെ കടുത്ത ദാരിദ്ര്യവും ഇടയ്ക്കിടെ ഉണ്ടാകുന്ന പ്രകൃതിക്ഷോഭവുമൊക്കെയാണ് അതിനുകാരണം. എന്നാല്‍ അതിനൊരു മറുവശം കൂടെയുണ്ട്. ദ്വീപുകാരുടെ കീഴില്‍ കഠിനമായ ജോലികള്‍ ചെയ്യിച്ചു കൂലി ചോദിക്കുമ്പോള്‍ കള്ളക്കേസില്‍ കുടുക്കി ബംഗാളികളെ ജയിലിലടക്കുന്ന പ്രവണതയും ഉണ്ട്.

ഫിലിപ്പൈന്‍സ്, തായിലന്‍ഡ്, ഇന്തോനേഷ്യ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ വര്‍ഷങ്ങളായി മാലെയിലെ ജയിലില്‍ കിടക്കുന്നുണ്ട്. പലരും മയക്കുമരുന്ന് കാരിയര്‍മാരും സ്വര്‍ണക്കടത്തുകാരുമാണ്. കോടതിയിലേക്കുള്ള അവരില്‍ ചിലരെ യാത്രയില്‍ കണ്ടുമുട്ടുന്ന എഴുത്തുകാരന്‍ അവരുടെ സങ്കടങ്ങള്‍ക്കുനേരെ കാതു കൊടുക്കുന്നുമുണ്ട്. പലരും പുറംലോകം കാണാതെ ജയിലില്‍ വെച്ചുതന്നെ രോഗം ബാധിച്ചു മരിക്കാറുമുണ്ട്. മയക്കുമരുന്ന് കാരിയര്‍മാരായ കുട്ടിക്കുറ്റവാളികള്‍ ജയിലിനകത്ത് എന്തു പ്രകോപനം ഉണ്ടാക്കിയാലും അവരെ നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ല. പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളെ മര്‍ദ്ദിച്ചാല്‍ ജോലി പോകും എന്നുമാത്രമല്ല മയക്കുമരുന്ന് ലോബികള്‍ ഉദ്യോഗസ്ഥരെ കൊല്ലാനും മടിക്കില്ല. “ ഒരു പന്ത്രണ്ടുകാരന്‍ പയ്യന് അറിയാന്‍ പാടില്ലാത്തതെല്ലാം അവനറിയാം. ഇടയ്ക്കു ലിംഗം അഴികള്‍ക്കിടയിലൂടെ പുറത്തിട്ട് അട്ടഹസിച്ചു ചിരിക്കും. അപ്പോള്‍ ആരെങ്കിലും അവനെ കുറ്റപ്പെടുത്തിയാല്‍ പ്രശ്നമാകും. പുളിച്ചതെറി പറഞ്ഞു തന്നെ വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കാന്‍ അവന്‍ വിരുതനാണ്. മാലെയില്‍ മയക്കുമരുന്ന് വില്‍പനയാണ് ജോലി. ബി സെല്‍ ഇടയ്ക്കിടെ വന്നുപോകുന്ന “സ്വന്തം വീടും”. ബി സെല്ലില്‍ വരുന്ന പല കുട്ടിത്തടവുകാരുടെയും ഭാവവും പെരുമാറ്റവും കണ്ടാല്‍ അതൊരു തടവറയായി കാണാന്‍ ഒരുക്കമല്ലാത്ത രീതിയിലാണ്”. കുറ്റവാളി അല്ലാത്ത ഒരാളെ സംബന്ധിച്ചിടത്തോളം വല്ലാത്ത അസ്വസ്ഥത സമ്മാനിക്കുന്ന കാഴ്ചകള്‍ മാത്രമേ അവിടെയുള്ളൂ.

എന്നാല്‍ തദ്ദേശീയരായ തടവുകാര്‍ക്ക് ജയിലില്‍ കിടക്കുന്നതും കോടതിയിലേക്കു പോകുന്നതുമൊക്കെ ആഘോഷമാണ്. ശരീയത്ത് നിയമങ്ങളും ശരീയത്ത് കോടതിയും നിലനില്‍ക്കുന്ന ഈ രാജ്യത്തു സെക്സ് ടൂറിസം ഒരു വരുമാന മാര്‍ഗ്ഗമാണ്. കുത്തഴിഞ്ഞ രതിക്കഥകളാണ് കേള്‍ക്കുന്നത്. പത്തുവയസ്സു കഴിഞ്ഞ ആണ്‍കുട്ടികള്‍ പോലും ഇത്തരം കാര്യങ്ങളില്‍ തല്‍പരരാണ്. ക്ലാസ് മുറിയില്‍ കുട്ടികള്‍ പലപ്പോഴും പ്രായത്തില്‍ കവിഞ്ഞ സംശയങ്ങള്‍ ചോദിച്ചു അദ്ധ്യാപകരെ ബുദ്ധിമുട്ടിക്കാറുണ്ട്. ജയിലില്‍ കഴിയുന്ന പ്രതികളിയധികവും മയക്കുമരുന്ന് സ്ത്രീപീഢന കേസിലെ പ്രതികളാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ പലപ്പോഴും പീധനങ്ങള്‍ക്ക് ഇരയാകുന്നു. ഇവിടെ ദാമ്പത്യം ഒരു ഹൃസ്വകാല കരാര്‍ മാത്രമാണ്. ഇന്ത്യക്കാരോടും ബംഗ്ലാദേശികളോടും ദ്വീപുകാര്‍ പലപ്പോഴും അവജ്ഞയോടെയാണ് പെരുമാറുന്നത്. ഒരു വിദേശിയെ വിസ്തരിക്കുമ്പോള്‍ പാലിക്കേണ്ട ഭാഷാപരമായ മര്യാദയൊന്നും കോടതിയില്‍ പ്രവാസികള്‍ക്ക് ലഭിക്കാറില്ല.

ആവശ്യത്തിന് ഭക്ഷണമോ ശുദ്ധജലമോ ലഭിക്കാതെയാണ് മാലെയിലെ ജയിലില്‍ തടവുകാര്‍ കഴിയുന്നത്. കൈകള്‍ പിറകിലാക്കി വിലങ്ങിടുന്നതുകൊണ്ട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോള്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കണം. വിലങ്ങിട്ട കൈകളുമായി ബോട്ടിലേക്ക് കയറുമ്പോള്‍ കടലിലേക്ക് വീണുപോകാതിരിക്കാന്‍ ഒരുപാട് കഷ്ടപ്പെടേണ്ടിവരുന്നുണ്ട്. ശുദ്ധീകരിച്ച കടല്‍ വെള്ളമാണ് ജയിലില്‍ കുടിക്കാന്‍ കൊടുക്കുന്നത്. അതുതന്നെ തുണിയില്‍ അരിച്ചെടുത്താണ് കുടിക്കുന്നത്. വല്ലപ്പോഴും കിട്ടുന്ന മിനറല്‍ വാട്ടറിന് ഇളനീരിന്റെ രുചി തോന്നുന്നതില്‍ അത്ഭുതം തോന്നേണ്ട കാര്യമില്ല. ഒരാഴ്ചയോളം വെള്ളമില്ലാതിരുന്നപ്പോള്‍ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങള്‍ എഴുത്തുകാരന്‍ വിവരിക്കുന്നുണ്ട്. നാട്ടിലെ നോമ്പുകാലത്തിന്‍റെ ഓര്‍മ്മയില്‍ നോമ്പു തുടങ്ങിയാല്‍ നല്ല ഭക്ഷണം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അതും കിട്ടുന്നില്ല. നോമ്പനുഷ്ഠിക്കുന്നവരുടെ ഭക്ഷണം ഇത്തിരി മെച്ചപ്പെടുന്നുണ്ടെങ്കിലും അല്ലാത്തവരുടെ കാര്യം കഷ്ടം തന്നെയാണ്. പലപ്പോഴും ബംഗാളികള്‍ക്ക് ചെറിയ കുറ്റത്തിന്നുപോലും കടുത്ത ശിക്ഷയാണ് കിട്ടുന്നത്. രണ്ടു പഴം കട്ടവന് നാലുവര്‍ഷം ശിക്ഷ, രണ്ടു ബോട്ടില്‍ റിഹാക്കുരു (ട്യൂണ മീന്‍ കൊണ്ട് ഉണ്ടാക്കുന്ന ദ്രവരൂപത്തിലുള്ള ഭക്ഷണം) കട്ടവന് ആറുവര്‍ഷം ശിക്ഷ, അങ്ങിനെ വിചിത്രവും അത്ഭുതകരവുമാണ് അവിടത്തെ ശിക്ഷാ രീതികള്‍. വിചാരണ പോലും നടക്കാത്ത കുറ്റാരോപിതരായി വര്‍ഷങ്ങളായി തടവില്‍ കഴിയുന്നവരും അവിടെയുണ്ട്. എല്ലാ അര്‍ത്ഥത്തിലും കടുത്ത മനുഷ്യാവകാശ ലംഘനമാണ് ജയിലില്‍ തടവുകാര്‍ നേരിടുന്നത്.

ഇതിനിടയില്‍ എപ്പോഴെങ്കിലും തക്കിജ്ജ എന്ന വാക്ക് കേള്‍ക്കാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പലരും. ‘തക്കിജ്ജ’ എന്ന വാക്കിന് പുറത്തേക്ക് എന്നാണ് മാലെയിലെ ദ്വിവേഹി ഭാഷയിലെ അര്‍ത്ഥം. ജയില്‍ ഉദ്യോഗസ്ഥന്‍ 'ജയചന്ദ്രന്‍ തക്കിജ്ജ' എന്നു പറയുന്നത് കേള്‍ക്കാന്‍ കാത്തിരുന്ന ഏട്ടുമാസത്തിലധികം നീണ്ട ജയില്‍ ജീവിതം. പതിനഞ്ചു ദിവസത്തിലൊരിക്കല്‍ രണ്ടു മിനുറ്റ് നേരം കിട്ടുന്ന നാട്ടിലേക്കുള്ള ഫോണ്‍ വിളികള്‍ക്കായുള്ള കാത്തിരിപ്പിന് ചിലപ്പോള്‍ യുഗങ്ങളുടെ ദൈര്‍ഘ്യം തോന്നും. ഒരു കുഞ്ഞുകടലാസില്‍ പറയാനുള്ളതൊക്കെ എഴുതിക്കൊണ്ട് പോയാലും ചിലപ്പോള്‍ അതില്‍ പകുതിയും പറയാനാവില്ല. പാതിയില്‍ മുറിഞ്ഞുപോയ സംഭാഷണങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന മനസ്സുമായി അടുത്ത പതിനഞ്ചു ദിവസത്തേക്ക് പ്രിയപ്പെട്ടവരെ ഓര്‍ത്തുകൊണ്ടുള്ള കാത്തിരിപ്പ് തുടരുന്നു.ഇതിനിടയില്‍ നിരവധി മനുഷ്യരുടെ അനുഭവങ്ങളിലൂടെ കേള്‍വിക്കാരനായി കടന്നുപോകാനും എഴുത്തുകാരന് കഴിയുന്നുണ്ട്. മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ടവരും മറ്റുമായി നിരവധി ഇന്ത്യക്കാര്‍ മാലെയിലെ ജയിലിലുണ്ട്. അതില്‍ ജയചന്ദ്രന്‍ മൊകേരി അടക്കമുള്ള മൂന്നു മലയാളികള്‍ കോട്ടയംകാരന്‍ രാജേഷും തിരുവനന്തപുരത്തുകാരി റുബീനയും മനസ്സറിയാത്ത കുറ്റത്തിനാണ് ജയിലില്‍ കിടക്കേണ്ടി വരുന്നത് എന്നതും ഒരു യാദൃശ്ചികതയാണ്. ചെയ്യാത്ത കുറ്റത്തിന് മറ്റൊരു രാജ്യത്ത് ജയിലില്‍ കിടക്കേണ്ടിവന്നതിന്‍റെ വ്യഥയും മോശമായ ആരോഗ്യസ്ഥിതിയും അലട്ടുമ്പോഴും തനിക്കുചുറ്റുമുള്ളവരോട് അനുഭാവ പൂര്‍വ്വം പെരുമാറാനും അവരുടെ വിഷമമങ്ങളില്‍ പങ്കുചേരാന് കഴിയുന്ന ഒരു മനസിന്റെ ഉടമയെ എഴുത്തുകാരനില്‍ കാണാം.

പല രാജ്യങ്ങളില്‍ നിന്നുള്ള തടവുകാര്‍ അവരവരുടെ ജീവിതവും തങ്ങളുടെ നാട്ടിലെ രാഷ്ട്രീയ സാമൂഹ്യ അവസ്ഥകളും പരസ്പരം പങ്കുവെക്കുന്നുണ്ട്. അവിടെയും വര്‍ഗ്ഗീയതയുടെ വിഷം വമിപ്പിക്കാന്‍ ശ്രമിക്കുന്നവരുണ്ടെങ്കിലും ഒട്ടുമിക്ക തടവുകാര്‍ക്കും ഒരേ മുഖമാണ്. രാജ്യങ്ങള്‍ക്കിടയിലെ അതിരുകള്‍ മനസ്സുകള്‍ക്കിടയില്‍ ഇല്ലാതാകുന്നു. അവിടെ ഇന്ത്യാക്കാരന്‍ ജയചന്ദ്രനും മലേഷ്യക്കാരന്‍ കെന്നും പാക്കിസ്ഥാന്‍കാരന്‍ ഹാമിദും ബംഗ്ലാദേശില്‍ നിന്നുള്ള അബ്ദുള്ളയുമൊക്കെ തുല്യരാണ്. ജാതിയുടെയോ മതത്തിന്‍റെയോ രാജ്യത്തിന്റെയോ അതിരുകള്‍ അവര്‍ക്കിടയിലില്ല. ഏതൊക്കെയോ രാജ്യത്തു തങ്ങളെ കാത്തിരിക്കുന്ന ഉറ്റവരെ ഓര്‍ത്ത് അവരുടെ ഉള്ള്‍ വേവുന്നത് ഒരുപോലെയാണ്.

അനുഭവമെഴുത്തില്‍ എത്രത്തോളം സത്യസന്ധതയുണ്ട് എന്നത് പലപ്പോഴും അനുഭവക്കുറിപ്പുകള്‍ വായിക്കുമ്പോള്‍ ഉയരാവുന്ന ഒരു ചോദ്യമാണ്. എന്നാല്‍ എല്ലാ അര്‍ത്ഥത്തിലും സത്യസന്ധത പുലര്‍ത്താന്‍ എഴുത്തുകാരന്‍ ശ്രമിച്ചിട്ടുണ്ട് എന്നതാണ് ‘തക്കിജ്ജ’യെ വേറിട്ട വായനാനുഭവം ആക്കുന്നത്. അതുകൊണ്ട് തന്നെ സ്വാതന്ത്ര്യം എന്നവാക്കിന്റെ അര്‍ത്ഥവും വ്യാപ്തിയും നാമോരോരുത്തരേയും അനുഭവിപ്പിക്കാന്‍ ‘തക്കിജ്ജ’ എന്ന ഈ അനുഭവക്കുറിപ്പുകള്‍ക്ക് കഴിയുന്നുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories