TopTop
Begin typing your search above and press return to search.

ആരാണപ്പാ ഈ തലശ്ശേരിയിലെ ദലിതര്‍?

ആരാണപ്പാ ഈ തലശ്ശേരിയിലെ ദലിതര്‍?

രാജേഷ് കോമത്ത്

തലശ്ശേരിയില്‍ ദലിതര്‍, അതാരാണെന്ന് അറിയാതെ പകച്ചുനില്‍ക്കുന്നവരാണ് അവിടുത്തെ ഭൂരിപക്ഷം ജനതയും. മാര്‍ക്‌സിസ്റ്റ്കാരനും മാര്‍ക്‌സിസ്റ്റ്കാരിയും കോണ്‍ഗ്രസ്സുകാരനും കാരിയും ബി.ജെ.പിക്കാരനും, കാരിയും പിന്നെ ചില ജനതാദള്‍കാരും കാരികളും ഒഴികെ അവിടുത്തെ ജനത ദലിതരെ അന്വേഷിക്കുന്ന ശീലമില്ലാത്തവരാണ്. ഒരു വീട് കാണിച്ച് പറയുന്നത് അവര്‍ കോണ്‍ഗ്രസ്സാ! സി.പി.എമ്മാ, മറ്റവര്‍ ബി.ജെ.പിയാ എന്നിങ്ങനെയാണ്. പണ്ട് മുഖ്യമന്ത്രി നായനാരുടെ ഫോണ്‍-ഇന്‍-പരിപാടിയില്‍ ഫോണ്‍ വെച്ചുകഴിഞ്ഞ് 'ഓന്‍ കോണ്‍ഗ്രസ്സാ' എന്ന് പറയുന്നത് കേട്ട് കേരളം അതൊരു തമാശയായി കണ്ടത് യാഥാര്‍ത്ഥ്യമാണ്.

ചെറിയ പ്രശ്‌നങ്ങളില്‍ പോലും പാര്‍ട്ടി സ്വത്വം മാത്രം നോക്കി വിലയിരുത്തുന്ന ചരിത്രപരമായ വിശകലനരീതിയാണ് അവിടുള്ളവര്‍ക്ക്. എന്നാല്‍ തീയ്യനും നായരും ആശാരിയും മൂശാരിയും മലയനും പുലയനും പറയനും അവിടെയുണ്ട്. അവരെ തലശ്ശേരിക്കാര്‍ക്ക് തിരിച്ചറിയാനും, ജാതിപ്പേര് വിളിക്കാനും ആക്ഷേപിക്കാനും കഴിയും. കാരണം അവിടുത്തെ സാമൂഹ്യവ്യവഹാരത്തില്‍ 'ജാതി'യുണ്ട്. എന്നാല്‍ ഈ ദലിതരെ പിടികിട്ടുന്നില്ല.

ആരാണപ്പാ ഈ ദലിതര്‍? പലരും ചോദിക്കുന്നു, പാര്‍ട്ടിക്കാര്‍ക്കുതന്നെ ഉത്തരം നല്‍കാന്‍ കഴിയുന്നില്ല. ഈ പുലയരെയാണോ ദലിതരെന്നു പറയുന്നത്? തലശ്ശേരിയില്‍ ചോദിക്കുന്ന ചോദ്യം ഇതാണ്. അതുകൊണ്ട് ദലിത് സ്ത്രീകളെ അപമാനിച്ചു/ദലിത് സ്ത്രീകളെ ജയിലില്‍ അടച്ചു എന്ന് പറഞ്ഞാല്‍ അവര്‍ക്ക് മനസ്സിലാവില്ല. പറയനെ ജയിലിലടച്ചു, തീയ്യനെ മര്‍ദ്ദിച്ചു എന്നാണ് പറയുന്നതെങ്കില്‍ സംഗതി പിടികിട്ടും. തലശ്ശേരി സംഭവത്തില്‍ പ്രതികരിക്കുന്ന തലശ്ശേരിക്കാരായ നാട്ടുകാരുടെ ചര്‍ച്ചകള്‍ കേള്‍ക്കുമ്പോള്‍ കഥയറിയാതെ ആട്ടം കാണുന്നവരെപ്പോലെയാണ് തോന്നുന്നത്. ചില തലശ്ശേരിക്കാര്‍ അങ്ങനെയാണ് മാര്‍ക്‌സിന്റെയും, ലെനിന്റെയും പടത്തിനടുത്ത് ഗാന്ധിയുടെ ചിത്രംവച്ചാല്‍ അത് ചൂണ്ടി അവര്‍ ചിലപ്പോള്‍ ഇങ്ങനെ ചോദിച്ചെന്നിരിക്കും 'ആരാണ്?' മറ്റ് രണ്ടുപേരും അവിടുത്തെ സാധാരണക്കാര്‍ക്ക് പോലും സുപരിചിതമാണ്. അപ്പോഴാണ് മഹാരാഷ്ട്രയിലെ 'ഫൂലെ' വഴിവന്ന ദലിതരെക്കുറിച്ച് ചര്‍വിതചര്‍ച്ച!

തലശ്ശേരിക്കാരോട് പ്രത്യേകിച്ച് പാര്‍ട്ടി ഗ്രാമങ്ങളിലെ അണികളോട് 'ദലിതര്‍' എന്നൊക്കെ പറഞ്ഞാല്‍ അവര്‍ പറയും അതങ്ങ് 'പള്ളീപോയ് പറഞ്ഞാല്‍' മതിയെന്ന്! ഏത് പള്ളിയെന്ന് ചോദിക്കരുത്? പല പ്രധാന പള്ളികളും ഉള്ള സ്ഥലമാണ് തലശ്ശേരി. അങ്ങനെ ചോദിച്ചാല്‍ ചോദിച്ചവര്‍ 'വര്‍ഗീയ വാദി'യാണെന്നും അവന്‍ 'മതനിരപേക്ഷത' തകര്‍ക്കുമെന്നും പറഞ്ഞ് അതൊരു രാഷ്ട്രീയ പ്രശ്‌നമാക്കി ചിലപ്പോള്‍ ഒരു കൊലവരെ നടത്തിക്കളയും. അത്ര വൈകാരികതയുള്ള ജനങ്ങളാണ് തലശ്ശേരിക്കാര്‍. പിന്നെ, കഥയും, ആട്ടവും അറിയാവുന്ന തലശ്ശേരിക്കാര്‍ ഇത്തരം ചോദ്യങ്ങള്‍ക്കോ, രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്കോ പോകാറില്ല. കാരണം അവര്‍ക്ക് മനസ്സമാധാനം ജീവിതത്തെക്കാള്‍ പ്രധാനമാണ്.ദലിതര്‍ ആരാണെന്ന് വ്യാകുലപ്പെടുന്ന തലശ്ശേരിയിലെയും കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെയും ബുദ്ധിജീവികള്‍ക്കും,സാധാരണ പ്രവര്‍ത്തകര്‍ക്കും വിദ്വാന്‍മാര്‍ക്കുമായി ഒരു നിര്‍വചനം തരാം. നിങ്ങള്‍ പെട്ടെന്ന് അസ്വസ്ഥരാവുകയും ചീത്തവിളിക്കുകയും പലപ്പോഴും ചെകിട്ടത്തടിക്കുകയും ചെയ്യാറുള്ള കറുത്ത കുറുകിയ മനുഷ്യരില്ലേ? അവരാണ് ദലിതര്‍, വൃത്തികെട്ടവര്‍. നിങ്ങളുടെ വീട്ടിലോ പരിസരത്തോ അഴുക്കുചാലില്‍ അഴുക്കുവെള്ളമോ, മലമോ മറ്റ് വിസര്‍ജനമോ ഉണ്ടായാല്‍ ധൃതിയില്‍പോയി വിളിച്ചുകൊണ്ടുവരുന്ന മനുഷ്യരെന്ന് നിങ്ങള്‍ക്ക് തോന്നാത്തവരുണ്ടല്ലോ? അവരാണ് ദലിത്. കോരന്‍, പൊക്കന്‍, പൊക്കി, ചക്കി, കിട്ടന്‍ എന്നൊക്കെ നിങ്ങളുടെ മുന്‍തലമുറ വിളിക്കാറുള്ള മനുഷ്യരില്ലേ? അവരാണ് ദലിതര്‍. കറുത്ത് കുറുകിയ, കണ്ണുകള്‍ പിന്നോട്ട് വലിഞ്ഞ ശുഷ്‌കിച്ച ശരീരമുള്ള ആ ശരീരത്തെ നിങ്ങളാഗ്രഹിക്കാത്തവിധം മുഷിഞ്ഞ, ചിലപ്പോള്‍ കീറിയ വസ്ത്രമണിഞ്ഞ റോഡരികിലോ പുഴവക്കത്തോ, തോട്ടിന്‍കരയിലോ ജീവിക്കാറുള്ള എന്നാല്‍ നിങ്ങളുടെ കാമനകളെ ചിലപ്പോള്‍ ഉണര്‍ത്താറുള്ള തലയില്‍ എന്തെങ്കിലും ഭാരവും ചുമന്ന് നടക്കാറുള്ള സ്ത്രീകളുണ്ടല്ലോ? അവരാണ് ദലിതര്‍. നിങ്ങളുടെ ആഘോഷങ്ങള്‍ക്ക് നിറവും, ശബ്ദപകിട്ടും, കൊഴുപ്പും കൂട്ടാന്‍ കറുത്ത ശരീരമുള്ള മനുഷ്യരെ ചെണ്ടകൊട്ടാനും, ചുമരെഴുതാനും, നൃത്തം ചെയ്യാനും, നിങ്ങള്‍ക്ക് വേണ്ടി ഏത് ഭാരമേറിയ തൊഴിലും, ആട്ടും തുപ്പും കേട്ട് ചെയ്ത് തരാറുള്ള ചിലരെ പരിചയമുണ്ടോ? അവര്‍ ദലിതരാണ്.

നിങ്ങള്‍ സ്ഥിരം പറ്റിക്കാറുള്ള ഒരുപറ്റം ആള്‍ക്കാരെ നിങ്ങള്‍ക്കറിയാമോ? അവരും ദലിതരാണ്. നിങ്ങള്‍ സ്വന്തം വീട്ടിലെടുക്കാത്ത സ്വാതന്ത്ര്യത്തോടെ മറ്റ് മനുഷ്യരുടെ വീട്ടില്‍ പോയി വോട്ട് ചോദിക്കുകയും, ചിലപ്പോള്‍ ഭീക്ഷണിപ്പെടുത്തുകയും ചെയ്യാറുണ്ടോ? അവരും ദലിതരാണ്. ഏതാണ്ട് ഇരുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ആശുപത്രികളൊന്നും സജീവമല്ലാതിരുന്ന കാലത്ത് വീട്ടിലെ സ്ത്രീക്ക് പ്രസവവേദന വരുമ്പോള്‍ അര്‍ധരാത്രിയില്‍ ചൂട്ട്കത്തിച്ച് തോട്ടിന്‍കരയും കടന്ന് 'കുട്ടിയെടുക്കാന്‍' നിങ്ങള്‍ ഒരു 'പേറ്റിച്ചി'യെ തേടി നടന്നില്ലേ? അവര്‍ ദലിത് സ്ത്രീയാണ്. നിങ്ങളുടെ വീട്ടില്‍ ഒരു മരണം നടന്നാല്‍ മറവുചെയ്തിടത്ത് 41 ദിവസം ചില കര്‍മങ്ങള്‍ ചെയ്യാന്‍ വേണ്ടി ചിലരെ തേടിനടന്നട്ടില്ലേ? അവരും ദലിതരാണ്. നിങ്ങള്‍ക്ക് ആട്ടാനും തുപ്പാനും, ആക്രോശിക്കാനും പരിഹസിക്കാനും, ഇല്ലാത്ത നെഞ്ചിന്‍ പലക നിവര്‍ത്തി റോഡിലൂടെ നെഞ്ചോളം മുണ്ട് മാടികെട്ടി ആണത്തം കാണിക്കാനുള്ള മനോനില തരുന്നവരില്ലേ? അവരും ദലിതരാണ്. ആ ദലിതര്‍ ചിലപ്പോള്‍ നിങ്ങളുടെ ജാതിക്കാവുകളില്‍ തെയ്യമായി ഉറഞ്ഞ് തുള്ളാറുണ്ട്, നിങ്ങളുടെ അനുവാദത്തോടെ, നിങ്ങള്‍ക്ക് വേണ്ടിമാത്രം, നിങ്ങളുടെ ആശ പോലെ.........അവരും ദലിതരാണ്. നിങ്ങളുടെ സ്വജാതിയില്‍പ്പെട്ട സുഹൃത്തുക്കളോട് അവന്‍ 'പട്ടിയാണ്' എന്ന് കളിയാക്കി പറയാറില്ലേ? അവന്‍ പട്ടികജാതിക്കാരനാണ്, അവന്‍ ദലിതനാണ്.

പയ്യന്നൂരില്‍ ജീവിക്കാന്‍ വേണ്ടി ഓട്ടോ ഓടിച്ചിരുന്ന ഒരു ചിത്രലേഖയെ പരിചയമില്ലേ? നിങ്ങള്‍ കത്തിച്ച ഓട്ടോ ഓര്‍മയുണ്ടോ? അത് ദലിത് സ്ത്രീയുടേതാണ്. നിങ്ങള്‍ക്ക് തൊട്ടുകൂടാത്ത ഓട്ടോയായിരുന്നു അത്. കുട്ടപ്പന്‍ എം.എല്‍.എയെ ഒരാള്‍ 'ഹരിജന്‍ കുട്ടപ്പന്‍' എന്ന് പരിഹസിച്ച് വിളിച്ചത് ഓര്‍മയുണ്ടോ? അത് 'ദലിത്' എന്താണെന്ന് അറിയാത്തതിനാല്‍ മാത്രമല്ല; സവര്‍ണ മനസ്സിന്റെ ജാതിയുടെ നിറമാണ് പുറത്തേക്ക് ചാടിയത്. മേല്‍പ്പറഞ്ഞ മനുഷ്യരെ മാര്‍ക്‌സിന്റെ പുസ്തകത്തില്‍ പരതിയാല്‍ കിട്ടില്ല.

അവരാണ് ദലിതര്‍. ഉപദ്രവിക്കരുത്. ജീവിച്ചുപോട്ടെ....

ഞാന്‍ കല്യാണം കയിച്ചോളാ തമ്പ്രാ.....!
ഞാന്‍ പെറ്റോളാ തമ്പ്രാ.....!

(എം ജി സര്‍വകലാശാല സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ അസിസ്റ്റന്‍റ് പ്രൊഫസറാണ് രാജേഷ് കോമത്ത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories