TopTop
Begin typing your search above and press return to search.

സോഷ്യല്‍ മീഡിയയിലെ ജാതീയമായ വേര്‍തിരിവുകള്‍

സോഷ്യല്‍ മീഡിയയിലെ ജാതീയമായ വേര്‍തിരിവുകള്‍

അമലു സത്യന്‍

2017- ഓടുകൂടി ലോകത്തില്‍ എറ്റവും കൂടുതല്‍ ഫേസ്ബുക്ക് ഉപഭോക്താകള്‍ ഉള്ള രാജ്യം ഇന്ത്യയാകും എന്നതാണ് ഔദ്യോഗിക കണക്കുകള്‍. ഇന്ത്യയെ പോലെ വൈവിധ്യമായ ഒരു രാജ്യത്ത് സോഷ്യല്‍ മീഡിയ സമൂഹത്തെ ഏറെക്കുറെ ജനാധിപത്യവല്കരിച്ചു എന്ന് പറയപ്പെടുമ്പോള്‍, ഇവയെല്ലാം ഉപരിവിപ്ലവങ്ങള്‍ മാത്രമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ആശയവിനിമയ ഉപാധികള്‍ മാറുന്നതിലൂടെ കാര്യമായ മാറ്റം സംഭവിച്ചതു അവതരണരീതീക്ക് മാത്രമാണ്; ആശയങ്ങള്‍ക്ക് അല്ല.

സോഷ്യല്‍ മീഡിയയില്‍ നിന്ന് പ്രവര്‍ത്തനം അവസാനിപ്പിച്ചു പോയ ഓര്‍ക്കുട്ടില്‍ നിന്ന് തുടങ്ങി ഇന്ന് ഫേസ്ബുക്കില്‍ വരെ എത്തി നില്കുന്ന രാഷ്ട്രീയവും ജാതീയവും സാമുദായികവുമായ ആയിരക്കണക്കിനു കമ്മ്യൂണിറ്റികളും ഗ്രൂപ്പുകളും തുറന്നു കാട്ടുന്നത് 'വെര്‍ച്വല്‍ ജനാധിപത്യം' എലീറ്റ് ക്ലാസ്സ് സമൂഹത്തില്‍ എത്രത്തോളം കേന്ദ്രീകൃതമാണ് എന്നതാണ്. സോഷ്യല്‍ മീഡിയയിലൂടെ ഏറി വരുന്ന ജാതി, മതം, സംവരണം തുടങ്ങിയ സംവാദങ്ങള്‍ തന്നെയാണ് ഇത്തരം ആയിരക്കണക്കിനു ഗ്രൂപ്പുകള്‍ രംഗത്ത് വരാനുള്ള കാരണം.

ഇത്തരം ഗ്രൂപ്പുകള്‍ പ്രധാനമായും രണ്ടു വിഭാഗത്തില്‍പ്പെടുന്ന ജനതയെ പ്രതിനിധീകരിക്കുന്നതാണ്. സമൂഹത്തെ ഇന്റര്‍നെറ്റ് അര്‍ബന്‍, റൂറല്‍ എന്നിങ്ങനെ രണ്ടായി തിരിച്ചത് പോലെ, സവര്‍ണര്‍, ദളിത് എന്ന വേര്‍തിരിവാണ് ഇത്തരം കമ്മ്യൂണിറ്റികള്‍ സൃഷ്ടിക്കുന്നത്. ദളിത് ഓണ്‍ലൈന്‍ കമ്മ്യൂണിറ്റികള്‍ ഇത്തരം വേദികളെ തങ്ങളുടെ സാമൂഹിക ദൈന്യാവസ്ഥ തുറന്നു കാട്ടാനുള്ള അവസരമായി കാണുമ്പോള്‍, തങ്ങളുടെ മേല്‍ക്കോയ്മയും പ്രാമാണിത്തവും അരക്കിട്ടുറപ്പിക്കാനുള്ള അവസരമായാണ്‌ സവര്‍ണ്ണ കമ്മ്യൂണിറ്റികള്‍ ഇവയെ കാണുന്നത്.

അടുത്തിടെ PUKAR (Partners for Urban Knowledge, Action & research) പ്രസിദ്ധികരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് 'ബ്രാഹ്മണ, രജപുത്ര തുടങ്ങിയ ഉയര്‍ന്ന ജാതിക്കാര്‍ താരതമ്യേന വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഉയര്‍ച്ചയിലാണ്. അതിനാല്‍ തന്നെ ഇന്റര്‍നെറ്റിന്റെ ലഭ്യതയും കൂടുന്നു. ഇത് സമൂഹത്തില്‍ നിലനിന്നിരുന്ന അസമത്വം വര്‍ധിക്കാന്‍ ഉത്തേജനമായി'.

പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടികള്‍ കൂട്ടബാലാത്സംഗത്തിന് ഇരയാവുന്നതും, ക്ഷേത്രത്തിനകത്ത് പ്രവേശിച്ച കീഴ്ജാതികാരനായ യുവാവിനെ ഉയര്‍ന്നജാതിയില്‍ പെട്ടവര്‍ അടിച്ചു കൊന്നതും, ഐഐറ്റിയില്‍ അഡ്മിഷന്‍ ലഭിച്ചതിന്റെ പേരില്‍ ദളിത് യുവാക്കള്‍ ആക്രമണത്തിന് ഇരയായതും തുടങ്ങിയവയൊക്കെ ചര്‍ച്ചകളില്‍ കൊണ്ടുവന്ന്‌ തങ്ങളുടെ നിലനില്പിന് വേണ്ടിയുള്ള പരിശ്രമങ്ങളാണ് ഇത്തരം ദളിത് ഗ്രൂപ്പുകളില്‍ പ്രധാനമായും നടക്കുന്നത്.

മുഖ്യധാര മാധ്യമങ്ങള്‍ പൊതുവെ പുറം തിരിഞ്ഞു നില്കുന്ന ഇത്തരം വിഷയങ്ങളെ പൊതുശ്രദ്ധയില്‍ പെടുത്താനുള്ള ഒരു മാര്‍ഗം കൂടിയാണ് ഇത്തരം കമ്മ്യൂണിറ്റികള്‍. എന്നാല്‍ സവര്‍ണ്ണ ഗ്രൂപ്പുകളിലെ പ്രധാന വിഷയം ക്ഷേത്രത്തിലെ ശാന്തിമാര്‍ക്ക് വേളി കഴിക്കാന്‍ പെണ്‍കുട്ടികളെ കിട്ടുന്നില്ല തുടങ്ങിയവയൊക്കെയാണ്. ബ്രാഹ്മണ, നമ്പൂതിരി പെണ്‍ക്കുട്ടികളുടെ എണ്ണം കുറഞ്ഞു വരുന്നതും, അന്യജാതിക്കാരുമായുള്ള വിവാഹങ്ങളുടെ എണ്ണം കൂടിയതും സവര്‍ണ്ണ ഗ്രൂപ്പുകളിലെ ചര്‍ച്ച വിഷയമാണ്. മറ്റു സമുദായങ്ങളില്‍ നിന്നുള്ള പെണ്‍ക്കുട്ടികളെ ദത്തെടുത്തു സ്വന്തം സമുദായത്തില്‍ ചേര്‍ത്ത് വിവാഹം ചെയ്യുന്നതിലെ ഇഷ്ടാനിഷ്ടങ്ങളും മറ്റുമാണ് ഇതര വിഷയങ്ങള്‍. എന്നാല്‍ ഇവയെല്ലാം തന്നെ എത്തി നില്കുന്നത് ഒരേ അടിസ്ഥാന ആശയത്തിലാണ്. ഒരു കൂട്ടര്‍ തങ്ങളുടെ ജീവനും നിലനില്പിനും വേണ്ടി ശബ്ദമുയര്‍ത്തുമ്പോള്‍ മറ്റൊരു കൂട്ടര്‍ ബ്രാഹ്മണിക്കല്‍ ആശയങ്ങളെ ആഴത്തില്‍ വളര്‍ത്താനുള്ള പുതുമണ്ണ് തേടുകയാണ്.

തങ്ങള്‍ ഒന്നിച്ചു നില്‍കണമെന്നും, അതിലൂടെ നമ്മുടെ പൈതൃകത്തെ അറിയാം എന്നും മാത്രമല്ല ബ്രാഹ്മണ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ചേര്‍ന്നാല്‍ ഒരു പുതിയ ലോകം തന്നെ സൃഷ്ടിക്കാം എന്ന രീതിയിലുള്ള വിശദീകരണങ്ങളോട് കൂടിയുള്ള ഇത്തരം കമ്മ്യൂണിറ്റികളിലെ അംഗങ്ങളുടെ എണ്ണം ലക്ഷങ്ങള്‍ വരും. ഇവയില്‍ കൂടുതലും വിദ്യാസമ്പന്നരായ ചെറുപ്പക്കാരുമാണ്. എന്നാല്‍ ദളിത്, പിന്നോക്ക വിഭാഗങ്ങളിലെ കമ്മ്യൂണിറ്റികളുടെയും ഗ്രൂപ്പുകളുടെയും, ഇവയിലെ അംഗസംഖ്യയിലേയും കാര്യമായ കുറവ് വിരല്‍ ചൂണ്ടുന്നത് വെര്‍ച്വല്‍ ജനാധിപത്യത്തിന്റെ അസാമാന്യമായ വേര്‍തിരിവുകളിലേക്കാണ്.

എന്നാല്‍ ഇത്തരം കമ്മ്യൂണിറ്റികളെ ഉപയോഗപ്പെടുത്തുന്ന മറ്റൊരു കൂട്ടര്‍ യുവാക്കളാണ്. സ്വജാതിയില്‍ നിന്ന് തന്നെ പങ്കാളിയെ കണ്ടെത്താന്‍ ഇവര്‍ കണ്ടെത്തുന്ന മാര്‍ഗമാണ് ഇത്തരം കമ്മ്യൂണിറ്റികള്‍. 'മറ്റൊരു ജാതിയില്‍ നിന്ന് വിവാഹം ചെയ്യുന്നതിനോട് വലിയ യോജിപ്പില്ല, അതിനാല്‍ തന്നെ ഇത്തരം കമ്മ്യൂണിറ്റികളെ ആശ്രയിക്കുന്നതില്‍ തെറ്റില്ല', കൗമാര പ്രായക്കാരനായ ഒരു മകനോടുള്ള അമ്മയുടെ അഭിപ്രായം ആണിത്. അന്യ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയ്ക്ക് പ്രേമലേഖനം എഴുതി എന്നതിന്റെ പേരില്‍ ബംഗ്ലൂരില്‍ ദളിത് യുവാവ് കൊല്ലപ്പെട്ടതും, വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തരം മരണങ്ങളും കൊലപാതകങ്ങളും തുടര്‍ക്കഥയാകുന്നതും എല്ലാം ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്.

തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും എല്ലാം തന്നെ മായ്ച്ചു കളയുന്ന മാന്ത്രിക ദണ്ഡൊന്നുമല്ല സോഷ്യല്‍ മീഡിയ. ഫേസ്ബുക്കിന്റെ സാങ്കല്‍പ്പിക ജനാധിപത്യത്തിലേക്ക് ജനിച്ചു വീഴുന്ന പുതുതലമുറക്കു മുന്നില്‍ ഒളിപ്പിച്ചു വക്കാന്‍ കൂടി കഴിയാത്തവിധം വളര്‍ന്നു പോയിരിക്കുന്നു 'ചില' വേര്‍തിരിവുകള്‍.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Next Story

Related Stories