TopTop
Begin typing your search above and press return to search.

ദി ഫോര്‍ ഹോഴ്സ്മെന്‍: പുത്തന്‍ സാമ്പത്തിക നയങ്ങള്‍ക്കൊരു തിരുത്ത്/ഡോക്യുമെന്ററി

ദി ഫോര്‍ ഹോഴ്സ്മെന്‍: പുത്തന്‍ സാമ്പത്തിക നയങ്ങള്‍ക്കൊരു തിരുത്ത്/ഡോക്യുമെന്ററി

ദി ഫോര്‍ ഹോഴ്സ്മെന്‍

സംവിധാനം: റോസ്സ് ആഷ്ക്രോഫ്റ്റ്

'ദി ഫോര്‍ ഹോഴ്സ്മെന്‍' ഒരു സ്വതന്ത്ര ഫീച്ചര്‍ ഡോക്യുമെന്‍ററിയാണ്. ശരിക്കും ലോകത്ത് കാര്യങ്ങള്‍ എങ്ങനെയാണ് നടക്കുന്നത് എന്നു കാണിച്ചു തരാന്‍ ശ്രമിക്കുന്ന ഒന്ന്.

ഉപഭോക്തൃസംസ്കാരം നമ്മളെ അതിവേഗം നാശത്തിലേയ്ക്ക് നയിച്ചു കൊണ്ടിരിക്കുന്നു. എവിടെയോ എന്തോ കുഴപ്പമുണ്ടെന്ന തോന്നല്‍ ഒട്ടു മുക്കാല്‍ പേര്‍ക്കുമുണ്ട്. പുത്തന്‍ സാമ്പത്തിക വളര്‍ച്ചയുടെ ഗുണങ്ങള്‍ ഏതാണ്ട് അവസാനിക്കുകയാണ്. തങ്ങളുടെ മുന്‍ഗാമികള്‍ക്കു ലഭിച്ച അവസരങ്ങളോ ജീവിത സൌകര്യങ്ങളോ പുതിയ തലമുറയെ കാത്തിരിക്കുന്നില്ല. കാര്യങ്ങളൊന്നും ഇനിയൊരിക്കലും പഴയപടിയാകില്ല എന്ന ബോദ്ധ്യത്തോടെ എന്തെങ്കിലും ചെയ്യണമെന്ന് റോസ്സ് ആഷ്ക്രോഫ്റ്റും (എഴുത്തുകാരന്‍, സംവിധായകന്‍) മെഗന്‍ ആഷ്ക്രോഫ്റ്റും തീരുമാനിച്ചതിന്‍റെ ഫലമാണ് 'ദി ഫോര്‍ ഹോഴ്സ്മെന്‍' - അവര്‍ തന്നെ നിര്‍മ്മിച്ച ഫീച്ചര്‍ ഡോക്യുമെന്‍ററി. "അമര്‍ഷത്തില്‍ നിന്നും ആശങ്കകളില്‍ നിന്നുമുണ്ടായത്, അത്യാവശ്യമെന്ന തോന്നലില്‍ നിന്നുണ്ടായത്," എന്നാണ് അവര്‍ ഇതിനെ കുറിച്ചു പറയുന്നത്. നമ്മള്‍ ഉണ്ടാക്കി വച്ച വ്യവസ്ഥകളെ ചോദ്യം ചെയ്യുകയും അവയെ നവീകരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുകയാണ് ഈ ഡോക്യുമെന്‍ററി.

വെളിപാടു പുസ്തകത്തില്‍ ലോകാവസാനത്തിന്‍റെ മുന്നോടിയായി കുതിരപ്പുറത്തെത്തുന്ന നാലു പേരെ പറ്റി പറയുന്നുണ്ട്. കീഴടക്കല്‍, യുദ്ധം, ക്ഷാമം, മരണം എന്നിവരാണവ. ഈ പ്രതീകത്തെ ആധാരമാക്കി 2012ലെടുത്ത ഡോക്യുമെന്‍ററിയില്‍ ലോകത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥയും ഭാവി എന്തായേക്കാം എന്നതും പരിശോധിക്കുന്നു. സമീപകാലങ്ങളിലെ സാമ്പത്തിക പരിഷ്കരണങ്ങളുടെ ദുരിതങ്ങള്‍ അനുഭവിച്ച, ലോകജനതയുടെ 99 ശതമാനം പേരിലാണ് കഥയുടെ ഊന്നല്‍. നോം ചോംസ്കി, ഹെര്‍മന്‍ ഡാലി എന്നിങ്ങനെ ആധുനിക ചിന്തകരിലെ പ്രധാനപ്പെട്ട 23 പേരെ ഈ ഫിലിം ഒന്നിച്ചു കൊണ്ടു വരികയും അവരിലൂടെ ഒരുപാടു ചോദ്യങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും വിഷയങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. പരാജയപ്പെട്ട ഒരു മുതലാളിത്ത വ്യവസ്ഥയില്‍ നീതിയും സദാചാരവും എങ്ങനെ പുനഃസ്ഥാപിക്കാമെന്നതാണ് ഈ ചിന്തകരുടെ മുന്‍പിലുള്ള ഏറ്റവും വലിയ സമസ്യയെന്നു പറയാം. അച്ഛനമ്മമാരുടെ തലമുറയ്ക്കു കിട്ടിയ അവസരങ്ങള്‍ തങ്ങള്‍ക്കു കിട്ടില്ലെന്ന ചെറുപ്പക്കാരുടെ നൈരാശ്യത്തിനും മറ്റനേകം കുഴപ്പങ്ങള്‍ക്കും ഇടയില്‍ ഒരു ക്രമമുണ്ടാക്കുക എന്നത് സാദ്ധ്യമാണോ? പുരാതന റോമിന്‍റെ പതനമാണ് താരതമ്യത്തിനായി മുന്നോട്ടു വയ്ക്കുന്നത്. പ്രക്ഷുബ്ദമായ ആ കാലത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വളര്‍ന്നു, വലിയ തോതില്‍ അധികാര ദുര്‍വ്വിനിയോഗമുണ്ടായി, നാണയ മൂല്യം ഇടിഞ്ഞു, ജനം അധികാരവര്‍ഗ്ഗത്തിന്‍റെ കീഴിലായിരിക്കാന്‍ ആഗ്രഹിച്ചു.

സാമ്രാജ്യങ്ങള്‍, ബാങ്കിങ്, ഭീകരത, വിഭവങ്ങള്‍ എന്നീ നാലു വിഭാഗങ്ങളിലായി ഈ ചിന്തകര്‍ ഇപ്പോഴത്തെ അവസ്ഥകളെ രാഷ്ട്രീയ, സാമൂഹ്യ, ചരിത്ര പശ്ചാത്തലത്തില്‍ വിലയിരുത്തുന്നു. മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്ന് ഏതാണ്ട് ഒഴിവാക്കപ്പെട്ടവരാണ് ഇവരിലേറെയും. വാക്കുകളെ മയപ്പെടുത്താതെയും കോര്‍പ്പറേറ്റ് രീതിയില്‍ വളച്ചു കെട്ടാതെയും ഇവര്‍ കാര്യത്തിന്‍റെ ഗൌരവത്തെ പറ്റി പറയുന്നു. പലരെ സംബന്ധിച്ചും ഈ പ്രതിസന്ധി ഒരു ജീവന്മരണ പ്രശ്നം തന്നെയാണ്. ഇത്രയും അറിവും സാങ്കേതികവിദ്യയുടെ സഹായവും ഉണ്ടായിട്ടും എന്തു കൊണ്ടാണ് ന്യായമായ സമ്പത്തിന്‍റെ വിതരണം ഉറപ്പു വരുത്താന്‍ നമുക്ക് സാധിക്കാത്തത്? ഭൂരിഭാഗത്തിന്‍റെ സഹായത്തോടെ ഏതാനും പേര്‍ മാത്രം സുഖമായി കഴിയുന്ന ഒരു സമൂഹത്തില്‍ എങ്ങനെ ജീവിക്കും? കുഴപ്പം നമ്മുടെതാണോ അതോ വ്യവസ്ഥയുടെയോ? കുതിരപ്പുരത്തെത്തിയ നാലു പേര്‍ ഈ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം കാണാന്‍ ശ്രമിക്കുന്നു. ഒപ്പം, ബാങ്കിങ് സമ്പ്രദായത്തെയും സാമ്പത്തിക വ്യവസ്ഥയെയും പറ്റി പറയുമ്പോള്‍ സങ്കീര്‍ണ്ണമായ ഭാഷയും പ്രയോഗങ്ങളുമൊക്കെ ഒഴിവാക്കി സത്യത്തില്‍ എത്ര ലളിതമാണ് അതെല്ലാം എന്നും കാണിച്ചു തരുന്നു. നമ്മുടെ മൂല്യങ്ങളില്‍ ഏറ്റവും പ്രധാനം പണമായതാണ് ഈ വിനാശത്തിനു കാരണമായി ചിത്രം പറയുന്നത്. സമ്പത്ത് പങ്കു വയ്ക്കുന്ന, എല്ലാവര്‍ക്കും ഗുണമുള്ള ഒരു ഫ്രീ മാര്‍ക്കറ്റ് സംവിധാനത്തില്‍ നിന്ന് നാം വളരെ അകന്നിരിക്കുന്നു. കാപ്പിറ്റലിസം കാലഹരണപ്പെടുന്നതിന്‍റെ വക്കിലാണ്. കോര്‍പ്പറേറ്റ് അത്യാര്‍ത്തിയുടെയും ഡീറെഗുലേഷന്‍റെയും ഈ കാലത്ത് സാമ്പത്തിക സ്ഥാപനങ്ങള്‍ നോക്കുന്നത് സ്വന്തം താല്‍പ്പര്യങ്ങള്‍ മാത്രമാണ്. രാഷ്ട്രീയക്കാരെ കോര്‍പ്പറേറ്റുകള്‍ വിലയ്ക്കെടുത്തിരിക്കുന്നു. അവര്‍ നയിക്കുന്ന യുദ്ധങ്ങള്‍ പോലും ലാഭത്തിനു വേണ്ടി മാത്രമാണ്.

മുതലാളിത്തത്തിന്‍റെ സ്വഭാവത്തെ കുറിച്ചും നിലവിലെ സാമ്പത്തിക വ്യവസ്ഥയെ കുറിച്ചുമൊക്കെ പൊതുവേ നിലനില്‍ക്കുന്ന അഭിപ്രായങ്ങളെ എതിര്‍ക്കുന്ന ഈ ഡോക്യുമെന്ററി കണ്ണു തുറപ്പിക്കുന്ന ഒരനുഭവമാകും എന്നു തീര്‍ച്ചയാണ്. 'ദി ഫോര്‍ ഹോഴ്സ്മെന്‍' ബാങ്കര്‍മാരെ നിന്ദിക്കാനോ രാഷ്ട്രീയക്കാരെ വിമര്‍ശിക്കാനോ ഉപജാപക സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കാനോ ഒന്നും മുതിരുന്നില്ല. പകരം ക്ലാസ്സിക് എക്കണോമിക്സിലേയ്ക്കും സ്വര്‍ണത്തെ ആധാരമാക്കിയുള്ള കറന്‍സി മൂല്യ നിര്‍ണ്ണയത്തിലേയ്ക്കും തിരിയുന്നതിനെ ചിത്രം പ്രോല്‍സാഹിപ്പിക്കുന്നു. തങ്ങളിലേയ്ക്കെത്തുന്ന തെറ്റായ വിവരങ്ങളെ ചോദ്യം ചെയ്യുകയോ എതിര്‍ക്കുകയോ ചെയ്യാതെ സ്വീകരിക്കുന്ന ജനതയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നാണ് ഇതിലെ വിലയിരുത്തല്‍. ഇക്കാലത്തിനകം ലക്ഷക്കണക്കിനാളുകള്‍ക്ക് അവരുടെ വീടും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ടു, അവരുടെ കുഞ്ഞുങ്ങള്‍ യുദ്ധങ്ങളില്‍ മരിച്ചു. എന്നിട്ടും ആള്‍ക്കാര്‍ ഒരു നിലപാടെടുക്കാന്‍ ഭയക്കുകയാണോ അതോ സാഹചര്യത്തിന്‍റെ സങ്കീര്‍ണ്ണതകള്‍ അവര്‍ മനസ്സിലാക്കുന്നില്ലേ? എന്തു തന്നെയായാലും 'ദി ഫോര്‍ ഹോഴ്സ്മെന്‍' സംഘടിക്കാനും പ്രതികരിക്കാനും മാറ്റത്തിനായി ശ്രമിക്കാനുമാണ് കാണികളെ പഠിപ്പിക്കുന്നത്. വര്‍ത്തമാനകാലത്തെ കുറിച്ചുള്ള നമ്മുടെ ആശയങ്ങളെയും ധാരണകളെയും വെല്ലുവിളിക്കുന്ന ചിത്രമാണിത്. മെച്ചപ്പെട്ട ഭാവിക്കായി ആഴത്തില്‍ ചിന്തിക്കാനും കൂടുതല്‍ പൊരുതാനും പ്രേരിപ്പിക്കുന്ന ചലച്ചിത്ര സംരംഭം.


Next Story

Related Stories