Top

ബിബിസി ഇന്ത്യയുടെ ഓഫീസ് അടച്ചുപൂട്ടിച്ച ചിത്രം 'ഫാന്റം ഓഫ് ഇന്ത്യ'

ബിബിസി ഇന്ത്യയുടെ ഓഫീസ് അടച്ചുപൂട്ടിച്ച ചിത്രം
തന്റെ ജീവിതത്തിലെ ഏറ്റവും ആത്മനിഷ്ടമായ ചിത്രം എന്നാണ് 'ഫാന്റം ഓഫ് ഇന്ത്യ' എന്ന മനോഹരവും പുതിയ വഴികള്‍ വെട്ടിത്തുറന്നതുമായ തന്റെ ഡോക്യുമെന്ററിയെ ലൂയി മാള്‍ വിശേഷിപ്പിച്ചത്. യൂറോപ്യന്‍ ടെലിവിഷനില്‍ പരമ്പരകളായി സംപ്രേക്ഷണം ചെയ്ത ഇന്ത്യയിലേക്കുള്ള ഈ അനിതരസാധാരണ യാത്രയില്‍, അദ്ദേഹത്തിന്റെ പര്യവേഷണത്വരയോടൊപ്പം ഇടയ്ക്കിടെ ഉയരുന്ന രോഷവും, നിഗൂഢതകളും ആഹ്ലാദങ്ങളും നിറഞ്ഞുനില്‍ക്കുന്നു. ഇതിഹാസം എന്ന് വിശേഷിപ്പിക്കാവുന്ന ആഴത്തിലുള്ള ബൗദ്ധീക ചിന്ത പ്രദര്‍ശിപ്പിക്കുന്ന ഏഴ് ഭാഗങ്ങളായുള്ള ഈ ചിത്രം ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ ഭൂമികയെയും പാരമ്പര്യത്തെയും ഇവിടുത്തെ ജനങ്ങളെയും കുറിച്ചുള്ള അന്വേഷണത്തോടൊപ്പം ലൂയി മാളിലെ കഥേതര ചലച്ചിത്രകാരനെ സ്വയം കണ്ടെത്തുന്ന ഒന്ന് കൂടിയായി മാറുന്നു.
(ലൂയി മാള്‍)

'ഫ്രഞ്ച് നവസിനിമയെ' ഇന്ത്യയിലെമ്പാടും പരിചയപ്പെടുത്തുന്നതിനായി ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയത്തിന് വേണ്ടി 1967-ല്‍ മാള്‍ ഇന്ത്യയില്‍ നടത്തിയ സന്ദര്‍ശനമാണ് ഈ ഡോക്യുമെന്ററിക്ക് പ്രചോദനമായത്. മാള്‍ 16എംഎം ക്യാമറ ചലിപ്പിച്ച എറ്റിയെനി ബക്കറുടെയും ശബ്ദലേഖനം നടത്തിയ ഴാങ്-ക്ലോഡെ ലൗറക്‌സിന്റെയും സഹായത്തോടെ 1968 ജനുവരി അഞ്ചിനും 1968 മേയ് ഒന്നിനും ഇടയ്്ക്കാള്‍ മാള്‍ ചിത്രീകരണം നടത്തിയത്. പ്രത്യേകിച്ച് ഉദ്ദേശം ഒന്നുമില്ലാതെ സ്വന്തം ചിലവിലാണ് അദ്ദേഹം ഇന്ത്യയില്‍ എത്തിയത്. 30 മണിക്കൂര്‍ നീളമുണ്ടായിരുന്ന ഫുട്ടേജ്, 363 മിനിട്ടാക്കി എഡിറ്റ് ചെയ്ത് ഫാന്റം ഓഫ് ഇന്ത്യയ്ക്ക് രൂപം നല്‍കി. തത്സമയ ചിത്രീകരണം, ചുരുങ്ങിയ ചിത്രീകരണസംഘം, യഥാര്‍ത്ഥ്യത്തെ പുനര്‍നിര്‍മ്മിച്ച് ചിത്രീകരിക്കാതിരിക്കല്‍ തുടങ്ങിയ 'സിനിമ ഡയറക്ടിന്റെ' ചില തത്വങ്ങളെ കൂട്ടുപിടിച്ചാണ് തന്റെ ഡോക്യുമെന്ററി തത്വശാസ്ത്രം മാള്‍ വികസിപ്പിച്ചെടുത്തത്. വര്‍ഗ്ഗബോധം നിലനിറുത്തുന്നതിനൊപ്പം വെളിയില്‍ നിന്ന് വരുന്ന ഒരാളുടെ വീക്ഷണം ചോര്‍ന്ന് പോകാതിരിക്കാനും മാള്‍ ചിത്രീകരണത്തിലുടനീളം ശ്രദ്ധിച്ചു.

ഇന്ത്യയിലെ വിനോദസഞ്ചാര സ്ഥലങ്ങള്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടു (താജ്മഹല്‍ ചിത്രത്തില്‍ കാണിക്കുന്നില്ല). മാത്രമല്ല രാജ്യത്തെ ജനസംഖ്യയിലെ ഒരു ശതമാനം മാത്രം വരുന്ന മധ്യവര്‍ഗ്ഗ, സമ്പന്ന ജനങ്ങളുടെ ശബ്ദത്തില്‍ തന്റെ കഥ പറയാന്‍ മാള്‍ ആഗ്രഹിച്ചില്ല. പകരം അവിടെയെല്ലാം അദ്ദേഹത്തിന്റെ ശബ്ദം തന്നെ ഉപയോഗിച്ചു. ഇന്ത്യയുടെ ജനതയെയും അവരുടെ സംസ്‌കാരത്തെയും ഭൂപ്രകൃതിയെയും കുറിച്ചുള്ള സത്യസന്ധമായ എന്തെങ്കിലും കണ്ടുപിടിക്കാനായിരുന്നു തന്റെ ശ്രമമെന്ന് മാള്‍ പറഞ്ഞു. വെറും രണ്ട് ശതമാനം ആളുകള്‍ മാത്രം ഇംഗ്ലീഷ് സംസാരിക്കുന്നവരായതിനാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന പലര്‍ക്കും ക്യാമറയെ നേരിട്ട് അഭിസംബോധന ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. രാജ്യത്തെമ്പാടും സംസാരിക്കപ്പെടുന്ന വൈവിധ്യമാര്‍ന്ന ഭാഷകള്‍ക്കും ഭാഷാഭേദങ്ങള്‍ക്കും വിവര്‍ത്തകനെ കണ്ടുപിടിക്കുന്നതിന് പകരം, ദൃശ്യങ്ങളെയും മാളിന്റെ വ്യാഖ്യാനങ്ങളെയുമാണ് ചിത്രം കൂടുതലും ആശ്രയിക്കുന്നത്.1969-ല്‍ ഫ്രഞ്ച് ടെലിവിഷനിലും യുകെയില്‍ ബിബിസിയിലും ഫാന്റം പ്രക്ഷേപണം ചെയ്യപ്പെട്ടു. ദാരിദ്ര്യത്തിന് പ്രാമുഖ്യം നല്‍കുകയും രാജ്യത്തിന്റെ വികസ്വരപാതയുടെ ഭാഗങ്ങള്‍ ഒഴിവാക്കുകയും ചെയ്തുകൊണ്ട് ഇന്ത്യയുടെ ഒരു വശം മാത്രമാണ് മാള്‍ കാണിച്ചതെന്ന് ഭൂരിപക്ഷം ബ്രിട്ടീഷ് ഇന്ത്യക്കാരും ഇന്ത്യ സര്‍ക്കാരും ആരോപിച്ചു. പരിപാടിയുടെ സംപ്രേക്ഷണം നിറുത്തി വെക്കണമെന്ന് ഇന്ത്യ സര്‍ക്കാര്‍ ബിബിസിയോട് ആവശ്യപ്പെട്ടത് ഒരു നയതന്ത്ര ഉലച്ചിലിന് കാരണമായി. ബിബിസി ഇന്ത്യയുടെ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് അവരുടെ ന്യൂഡല്‍ഹി ബ്യൂറോ താല്‍ക്കാലികമായി അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ആ ചിത്രം ഇന്ത്യയില്‍ ഒരിക്കലും പ്രദര്‍ശിപ്പിച്ചില്ലെങ്കിലും മാളിന്റെ പേര് ഇവിടെ കുപ്രസിദ്ധമായി. 'ആ ചിത്രങ്ങളില്‍ നിങ്ങള്‍ ആദ്യം കാണുന്നത് ഇന്ത്യന്‍ സംസ്‌കാരത്തോടും മതത്തോടുമുള്ള എന്റെ ആദരവാണെന്ന് ഞാന്‍ വിശ്വസിക്കുന്നു,' എന്ന് മാള്‍ പിന്നീട് പറഞ്ഞു.

'ഫാന്റം ഓഫ് ഇന്ത്യ'യുടെ യുട്യൂബ് വീഡിയോകള്‍


Next Story

Related Stories