TopTop
Begin typing your search above and press return to search.

'ഒരു സ്വര്‍ഗ്ഗം ഇന്ത്യ നോക്കി നില്‍ക്കേ വിജനമായിരിക്കുന്നു': ഇന്‍ഷാ അല്ലാഹ് കശ്മീര്‍

അശ്വിന്‍ കുമാര്‍ രചിച്ച്, അദ്ദേഹം തന്നെ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച ഡോക്യുമെന്ററിയാണ് 2012-ല്‍ ഇറങ്ങിയ ഇന്‍ഷാ അല്ലാഹ് കശ്മീര്‍ (അഥവാ ഇന്‍ഷാ അല്ലാഹ് കശ്മീര്‍: ലിവിങ് ടെറര്‍). കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ ക്യാമറ വേര്‍ഷനല്ല ഇത്. മറിച്ച്, 'മതേതര ജനാധിപത്യമെന്ന കൊക്കൂണില്‍' കഴിയുന്നവര്‍ സ്വതസിദ്ധമെന്നു കരുതുന്ന കാര്യങ്ങളെ തിരഞ്ഞുള്ള ചലച്ചിത്രകാരന്റെ വ്യക്തിപരമായ ഒരു യാത്ര കൂടിയാണ് ഇന്‍ഷാ അല്ലാഹ് കശ്മീര്‍. സെന്‍സര്‍ഷിപ്പ് ഒഴിവാക്കാനായി സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കാതെ 2012 ജനുവരി 26-ന് ഈ ചിത്രം ഓണ്‍ലൈനില്‍ സൗജന്യമായി റിലീസ് ചെയ്യുകയാണുണ്ടായത്. റിപ്പബ്ലിക് ദിനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് ആഴ്ചതോറും പതിനായിരക്കണക്കിന് ഹിറ്റുകളാണ് ലഭിച്ചത്. 2012-ലെ മികച്ച അന്വേഷണാത്മക ചിത്രത്തിനുള്ള നാഷണല്‍ ഫിലിം അവാര്‍ഡ് ഇന്‍ഷാ അല്ലാഹ് കശ്മീരിനായിരുന്നു.

ഇന്‍ഷാ അല്ലാഹ് കശ്മീര്‍


സംഘര്‍ഷ മേഖലയില്‍ ഷൂട്ട് ചെയ്ത മുന്നൂറോളം മണിക്കൂറുകള്‍ നീളുന്ന അപൂര്‍വ്വ ഫുട്ടേജുകളില്‍ നിന്നു രൂപപ്പെടുത്തിയ ഈ ഡോക്യുമെന്ററി രണ്ടു ദശകങ്ങള്‍ നീണ്ട കലാപത്തിന്റെ മുറിവുകള്‍ തുറന്നു കാണിക്കുന്നു. കുടുംബം തകര്‍ന്ന നാല്‍പ്പതോളം പേര്‍ അവരുടെ അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നുണ്ട്. തീവ്രവാദ പ്രദേശമായ കശ്മീരിലെ മനുഷ്യത്വത്തിന്റെ മുഖമാണ് ചിത്രത്തിലൂടെ കാണാന്‍ സാധിക്കുന്നത്- കശ്മീര്‍ അതിര്‍ത്തികള്‍ക്കുള്ളിലെ മനുഷ്യര്‍ക്ക് മുഖവും ശരീരവും ശബ്ദവും നല്‍കിയിരിക്കുന്നു. ഇതിലെ മനുഷ്യത്വപരമായ പ്രവണതകള്‍ സ്റ്റേറ്റിന്റെ രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക സംരംഭങ്ങള്‍ക്കു ഭീഷണിയാണ് എന്നതിനാല്‍ ഓണ്‍ലൈന്‍ റിലീസിനു ശേഷം സെന്‍സര്‍ ചെയ്തു പുറത്തിറങ്ങിയ ചിത്രം തിയേറ്ററുകളില്‍ എത്തിയില്ല.

39-കാരനായ അശ്വിന്‍ കുമാറിന് ഒരു ഡോക്യുമെന്ററി ചലച്ചിത്രകാരനാകുന്നതിനു മുന്‍പ് കശ്മീരുമായുള്ള ബന്ധം കാശ്മീരിന്റെ ബോളിവുഡ് പതിപ്പിനു സമാനമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം താഴ്വരയിലൂടെ ഡ്രൈവ് ചെയ്ത് അവിടെ വേനല്‍ക്കാലങ്ങള്‍ ചെലവഴിക്കാറുണ്ടായിരുന്നു. പഹല്‍ഗാം, മാറ്റന്‍, അനന്ത്‌നാഗ് ഇവിടങ്ങളിലൊക്കെ നിര്‍ത്തിയാണ് പോകാറ്. 'ഹൌസ്‌ബോട്ടില്‍ ഒരാഴ്ച, ഗുല്‍മാര്‍ഗില്‍ ഒന്നുരണ്ടാഴ്ചകള്‍ ഇതായിരുന്നു എനിക്ക് കാശ്മീര്‍. വലിയ നഗരങ്ങളില്‍ നിന്നു വരുന്നവര്‍ക്കുള്ള ഫാഷനബിള്‍ സ്ഥലം. അതൊരു നല്ല കാലമായിരുന്നു. കാശ്മീരിന്റെ ചരിത്രമോ രാഷ്ട്രീയമായ നൈരാശ്യങ്ങളെ കുറിച്ചോ എനിക്കറിയില്ലായിരുന്നു', അദ്ദേഹം തന്റെ ബ്ലോഗില്‍ എഴുതുന്നു. കശ്മീരുമായി ബന്ധപ്പെട്ട കുടുംബപുരാണവും ഉണ്ട്- അശ്വിന്റെ മുതുമുത്തച്ഛന്‍ കാശ്മീരിയായിരുന്നു. 'ഫോറസ്റ്റ് ഓഫീസറായി സേവനമനുഷ്ഠിച്ച അദ്ദേഹമാണ് ടാങ്ഗ്മാര്‍ഗ് മുതല്‍ ഗുല്‍മാര്‍ഗ് വരെയുള്ള വഴിയിലെ മരങ്ങളെല്ലാം നട്ടുപിടിപ്പിച്ചത്.' ഗോവയില്‍ സ്ഥിരതാമസമാക്കിയ അശ്വിനും അമ്മയും ഫാഷന്‍ ഡിസൈനറുമായ റിതു കുമാറും ചേര്‍ന്ന് കശ്മീര്‍ താഴ്‌വരയിലേയ്ക്ക് തങ്ങളുടെ പൂര്‍വ്വികരുടെ ഓര്‍മകളിലൂടെയുള്ള ഒരു തീര്‍ത്ഥയാത്ര നടത്തിയിരുന്നു.പട്ടാളത്തില്‍ നിന്നു നേരിടേണ്ടി വന്ന അക്രമങ്ങളെയും പീഢനങ്ങളെയും കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന കഥകള്‍ പങ്കു വയ്ക്കുന്ന കശ്മീരി തീവ്രവാദികളില്‍ നിന്നാണ് ചിത്രം തുടങ്ങുന്നത്. അസ്വസ്ഥതയുളവാക്കുന്ന ഈ അനുഭവങ്ങളാണ് ഡോക്യുമെന്ററിയുടെ ഫ്രെയിം. സൈന്യത്തിന്റെയും സ്റ്റേറ്റിന്റെയും ക്രൂരവും അയുക്തവുമായ ബലപ്രയോഗങ്ങളുടെ കഥകള്‍. സ്വാതന്ത്ര്യലബ്ദിയില്‍ നിന്നു തുടങ്ങി പിന്നീടുണ്ടായ കൈയ്യേറ്റം, 1987-ലെ അഴിമതിയില്‍ മുങ്ങിയ തെരഞ്ഞെടുപ്പ് തുടങ്ങിയവയിലൂടെ കടന്ന് കശ്മീരിന്റെ ഇന്നത്തെ അവസ്ഥയിലെത്തി ചിത്രം പൂര്‍ത്തിയാവുന്നു.

''Missing or Disappeared?' എന്ന വിഭാഗം പൊതുവ്യവഹാരങ്ങളിലേയ്ക്ക് കശ്മീരി വനിതകള്‍ കടന്നു വരുന്നതിനെ പറ്റിയാണ്. പര്‍വീണ അഹങ്ഗാര്‍ സ്ഥാപിച്ച ആക്റ്റിവിസ്റ്റ് ഗ്രൂപ്പായ Association of Parents of Disappeared Persons (APDP) അംഗങ്ങളില്‍ കൂടുതലും സ്ത്രീകളാണ്. APDPയുടെ പശ്ചാത്തലത്തില്‍ 'അപ്രത്യക്ഷരായ ആളുകളെ' പറ്റി ചിത്രം സംസാരിക്കുന്നു. ഗ്രൂപ്പിലെ വനിതകള്‍ സാമൂഹ്യ അസമത്വങ്ങളെ മറികടന്ന് തങ്ങളുടെ കാണാതായ മക്കളെയും ഭര്‍ത്താക്കന്മാരെയും തിരികെയെത്തിക്കാന്‍ പൊതുമണ്ഡലങ്ങളില്‍ ആവശ്യപ്പെടുന്നു.

[caption id="attachment_70169" align="aligncenter" width="550"] അശ്വിന്‍ കുമാര്‍[/caption]

ചിത്രത്തില്‍ ഒരാള്‍ വിശദീകരിക്കുന്നതു പോലെ മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിലുള്ള സാഹോദര്യചരിത്രത്തെ കുറിക്കുന്ന 'കശ്മീരിയത്ത്' എന്ന സവിശേഷതയ്ക്കാണ് ഇതില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. എന്നാല്‍ 1990-ലെ Gawkadal കൂട്ടക്കൊല കശ്മീരിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ ഭിന്നതയുടെ അദ്ധ്യായമാണ്. കശ്മീരിയത്തിനെ ഇല്ലായ്മ ചെയ്ത സംഭവമെന്ന് ആഖ്യാതാവ് ഇതിനെ രേഖപ്പെടുത്തുന്നു. ഭരണകൂടത്തിനെതിരെ അനാവശ്യ അക്രമങ്ങള്‍ക്കു പ്രേരിപ്പിക്കുന്നതിന് മുസ്ലീം സമുദായം ഹിന്ദു പണ്ഡിറ്റുകളെ കുറ്റപ്പെടുത്തി. ഇത് രണ്ടുകൂട്ടര്‍ക്കുമിടയില്‍ സ്ഥായിയായ വിള്ളലുണ്ടാക്കുകയും അക്രമങ്ങളെ തുടര്‍ന്നു ഹിന്ദു കാശ്മീരികളെ അഭയാര്‍ത്ഥി ക്യാമ്പുകളിലേയ്ക്ക് മാറ്റേണ്ടി വരികയും ചെയ്തു. സ്റ്റേറ്റിന്റെ വിവിധ തലങ്ങളില്‍ നിന്നും രാഷ്ട്രീയ ഗ്രൂപ്പുകളില്‍ നിന്നും തീവ്രവാദികളില്‍ നിന്നുമൊക്കെയുള്ളവര്‍ അവരവരുടെ ഭാഗങ്ങള്‍ ആടിയ, അക്രമങ്ങളുടെ സങ്കീര്‍ണ്ണമായ ശൃംഖലയായി കശ്മീര്‍ പ്രശ്‌നത്തെ നിര്‍മ്മിക്കുകയാണ് 'ഇന്‍ഷാ അല്ലാഹ് കശ്മീര്‍'.

നിശ്ശബ്ദതയുടെ രാഷ്ട്രീയത്തിലേയ്ക്കുള്ള വിപ്ലവകരമായ ഇടപെടലാണ് ഈ ചിത്രം. 'സ്വാതന്ത്ര്യം എന്നത് ചുരുങ്ങി ഭയമായി മാറിയിരിക്കുന്നു, ഭരണം ഇന്‍സ്റ്റിസ്റ്റ്യൂഷണലൈസ് ചെയ്ത അടിച്ചമര്‍ത്തലായിരിക്കുന്നു. ഒരു സ്വര്‍ഗ്ഗം ഇന്ത്യ നോക്കി നില്‍ക്കേ വിജനമായിരിക്കുന്നു; മതേതര, ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യ' എന്നു വെളിപ്പെടുത്തി സാധാരണ നിലയെന്ന പ്രസ്താവനകളെ ചോദ്യം ചെയ്യുകയാണ് 'ഇന്‍ഷാ അല്ലാഹ് കാശ്മീര്‍'.

Next Story

Related Stories