TopTop
Begin typing your search above and press return to search.

'ജനസംഖ്യ നിയന്ത്രണം മുതല്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വരെ'; മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ വിപല്‍ സന്ദേശങ്ങള്‍

ജനസംഖ്യ നിയന്ത്രണം മുതല്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വരെ; മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ വിപല്‍ സന്ദേശങ്ങള്‍

ഒന്നര മണിക്കൂറോളം നീണ്ടുനിന്ന പ്രസംഗമാണ് സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. കാശ്മീരില്‍ നടപ്പിലാക്കിയ നയമാറ്റത്തിന്റെ സവിശേഷതകളായിരുന്നു പ്രസംഗത്തിന്റെ മുഖ്യ ഹൈലൈറ്റ്. ഇതിനു പുറമെ ഇന്ത്യയുടെ മൂന്ന് കരസേന വിഭാഗങ്ങള്‍ക്കും ഇനി ഒരു തലവന്‍ ഉണ്ടാകുമെന്ന പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തി. ഇതിനപ്പുറം ബിജെപി സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ആശയങ്ങളും പ്രധാനമന്ത്രി പങ്കിട്ടു. ഏകീകൃതമായ നിയമങ്ങളുള്ള, സൈനിക ശക്തിയില്‍ ഊന്നുന്ന ഒരു രാഷ്ട്രത്തെക്കുറിച്ചുള്ള ആശയങ്ങളാണ് പ്രധാനമന്ത്രി മുഖ്യമായും പങ്ക് വച്ചത്.

രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷം നടപ്പിലാക്കിയതെങ്കില്‍ ഇനി അവരുടെ സ്വപ്‌നങ്ങള്‍ക്കുവേണ്ടിയുള്ള നടപടികളാവും പ്രയോഗത്തില്‍ വരുത്തുകയെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇങ്ങനെ പറഞ്ഞ കൂട്ടത്തില്‍ പ്രത്യക്ഷത്തില്‍ നിഷ്‌കളങ്കമെന്ന് തോന്നാവുന്ന ചില ആശയങ്ങളും പ്രധാനമന്ത്രി മുന്നോട്ടുവെയ്ക്കുകയുണ്ടായി. അതില്‍ പ്രധാനം ജനസംഖ്യാ വര്‍ധനവിനെക്കുറിച്ചുള്ളതാണ്. രണ്ടാമത് ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്നതും. ഇതിന് പുറമെ ഒരു രാഷ്ട്രം ഒരു ഭരണഘടന എന്ന ആശയം നടപ്പിലാക്കി കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ബഹുസ്വരതയെക്കുറിച്ചല്ല, മറിച്ച് ഏകീകൃത സംവിധാനമാണ് സര്‍ക്കാറിന്റെ ഊന്നല്‍ എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

രാജ്യത്തെ ജനസംഖ്യയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളില്‍നിന്ന് രാഷ്ട്രീയം ഒഴിച്ചുനിര്‍ത്താന്‍ കഴിയില്ല. മുസ്ലീം സമൂദായമാണ് ജനസംഖ്യ വര്‍ധനവിന് കാരണമെന്ന് പ്രചാരണം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബിജെപി നേതാക്കള്‍ നടത്തുന്നതാണ്. രണ്ട് കുട്ടികളില്‍ അധികമുള്ളവര്‍ക്ക് വോട്ടവകാശം നല്‍കരുതെന്നാണ് കഴിഞ്ഞമാസം ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ ഗിരി രാജ് സിംങ് പറഞ്ഞത്. മുസ്ലീം സമൂഹത്തെ ലക്ഷ്യമിട്ട്, മതപരമായ ഇടപെടലുകളാണ് ജനസംഖ്യ വര്‍ധിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പല ഹിന്ദുത്വ സംഘടന നേതാക്കളും ജനസംഖ്യ വര്‍ധനവുമായി ബന്ധപ്പെട്ട വിഷയത്തെ ഒരു മുസ്ലീം പ്രശ്‌നമായാണ് കണക്കാക്കുന്നത്. ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനങ്ങളില്‍ ഒന്ന് അടിയന്തരാവസ്ഥക്കാലത്തെ നിര്‍ബന്ധിത ജനസംഖ്യ നിയന്ത്രണ പരിപാടികളായിരുന്നു.

ജനസംഖ്യാ വര്‍ധന തടയുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുന്ന മുസ്ലീം വിരുദ്ധ പ്രചാരണത്തിന് ആക്കം കൂട്ടുമോ എന്നാണ് അറിയേണ്ടത്. ജനസംഖ്യ വളര്‍ച്ചയെന്നത് ഒരു സമൂഹത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ടുള്ളതാണെന്ന നിരവിധി ശാസ്ത്രപഠനങ്ങള്‍ വന്നതിന് ശേഷവും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളെ മതപരമായി കൂട്ടിക്കെട്ടാനാണ് ഹിന്ദുത്വ വാദികള്‍ ശ്രമിച്ചത്. അത് പുതിയ സാഹചര്യത്തില്‍ തീവ്രമായി തുടരുമോ എന്നതാണ് മറ്റൊരു പ്രശ്‌നം

'ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്' എന്നത് ബിജെപി നേതൃത്വം കഴിഞ്ഞ കുറച്ചുകാലമായി മുന്നോട്ട് വെയ്ക്കുന്ന നിര്‍ദ്ദേശമാണ്. രാജ്യത്താകമാനം ഒരേ സമയം സംസ്ഥാന ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍ നടത്തുകയെന്നത്. ഇതുമൂലം ഉണ്ടായേക്കാവുന്ന സാമ്പത്തിക ലാഭത്തിന്റെയും ഭരണപരമായ സൗകര്യത്തിന്റെയും കാര്യം പറഞ്ഞാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവെയ്ക്കപ്പെടുന്നത്. എന്നാല്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഇതിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നുമില്ല. ഒരു സംസ്ഥാന മന്തിസഭ കാലവധി തീരുന്നതിന് മുമ്പ് രാജിവെയ്ക്കുകയോ അവിശ്വാസം നേരിടുകയോ ചെയ്താല്‍ ബാക്കി വര്‍ഷങ്ങളില്‍ എന്ത് ചെയ്യും? ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുമോ അതോ ഭൂരിപക്ഷമില്ലാത്ത സര്‍ക്കാര്‍ ഭരണം തുടരുമോ തുടങ്ങിയ ജനാധിപത്യത്തിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവഗണിച്ചുകൊണ്ടാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം മുന്നോട്ട് വെയ്ക്കപ്പെട്ടിട്ടുള്ളത്. പാര്‍ലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഈ ആശയവും കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.

കാശ്മീരില്‍ 370 -ാം വകുപ്പ് നീക്കം ചെയ്തതോടെ 'ഒരു രാജ്യം ഒരു ഭരണഘടന' എന്ന ആശയം നടപ്പിലാക്കപ്പെട്ടുവെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പ്രത്യേക അവകാശങ്ങളുള്ള മറ്റ് സംസ്ഥാനങ്ങളുടെ കാര്യം പ്രധാനമന്ത്രി പറഞ്ഞിട്ടില്ലെങ്കിലും ഒരു ഭരണഘടനയെന്ന നിലപാടില്‍പെടുത്തി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ പ്രത്യേകാവകാശങ്ങള്‍ എടുത്തുകളയാനുള്ള നീക്കം നടത്തുമോ എന്നും വ്യക്തമല്ല.

നാനാത്വത്തില്‍ ഏകത്വം എന്ന സ്വാതന്ത്ര്യ സമരകാലം മുതലുണ്ടായിരുന്ന ആശയത്തിന് പകരം ഒരൊറ്റ സംസ്‌ക്കാരവും രാഷ്ട്രീയവും എന്ന ആശയം തന്നെയാണ് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിലും ഊന്നല്‍ നല്‍കിയതെന്ന് വ്യക്തമാണ്.


Next Story

Related Stories