TopTop
Begin typing your search above and press return to search.

അയാള്‍ ജനാധിപത്യത്തിന് വേണ്ടി നൃത്തം ചെയ്യട്ടെ; അതായിരുന്നു ഏകാധിപതിക്കുള്ള ശിക്ഷ

അയാള്‍ ജനാധിപത്യത്തിന് വേണ്ടി നൃത്തം ചെയ്യട്ടെ; അതായിരുന്നു ഏകാധിപതിക്കുള്ള ശിക്ഷ

നീതു ദാസ്

ഭരണത്തില്‍ പ്രജകള്‍ സംതൃപ്തരാണോ എന്നറിയാന്‍ തെരുവുകളിലൂടെ വേഷം മാറി നടന്ന രാജാവിന്റെ കഥകള്‍ നമ്മളെത്രയോ കേട്ടിട്ടുണ്ട്. എന്നാല്‍ സ്വന്തം രാജ്യത്ത് ഒറ്റപ്പെട്ടുപോയ, ആട്ടിടയനായും തെരുവ് ഗായകനായും യുദ്ധകുറ്റവാളിയായും വേഷം മാറാന്‍ നിര്‍ബന്ധിതനായ, ഏകാധിപതിയുടെയും അയാളുടെ കൊച്ചുമകന്റെയും കഥയാണ് മൊഹസീന്‍ മക്മല്‍ബഫ് ‘ദ പ്രസിഡന്റ്’ എന്ന സിനിമയിലൂടെ അവതരിപ്പിക്കുന്നത്. ഏകാധിപത്യ ഭരണത്തെയും പട്ടാള അട്ടിമറികളെയും ഒരേ തുലാസിലിട്ട് തൂക്കുന്ന ‘ദ പ്രസിഡന്റ്’ പാക്കിസ്ഥാന്‍, ഈജിപ്ത്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ഭരണമാറ്റങ്ങളെ പ്രതീകാത്മകമായി വിമര്‍ശന വിധേയമാക്കുന്നുണ്ട്.ഐസ്‌ക്രീം വേണമെന്ന് വാശിപിടിച്ച് കരയുന്ന നാലു വയസുകാരന് കണ്ടു രസിക്കാന്‍ മുത്തച്ഛനായ പ്രസിഡന്റ് ഒരുക്കുന്ന ഒരു കളിയിലൂടെയാണ് ചിത്രത്തിന്റെ തുടക്കം. വൈദ്യുതി അലങ്കാരങ്ങളില്‍ മുങ്ങി നില്‍ക്കുന്ന നഗരം. തനിക്കെതിരെ ശബ്ദിച്ച വിപ്ലവകാരികളെ തൂക്കിക്കൊല്ലാനുള്ള വിധിയില്‍ പ്രസിഡന്റ് ഒപ്പുവെക്കുന്നു. കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ തന്റെ ചെറുമകനെ മടിയിലിരുത്തി താഴെ കാണുന്ന തിരക്കു പിടിച്ച നഗരത്തെ മുഴുവന്‍ ഒരു ഫോണ്‍ കോളിലൂടെ ഇരുട്ടിലാക്കാന്‍ ആജ്ഞാപിച്ചാണ് കുട്ടിയെ അയാള്‍ രസിപ്പിക്കുന്നത്. ഒരു നഗരത്തിന്റെ വൈദ്യുതി നിയന്ത്രണം ചെറുമകന്റെ കുട്ടിക്കളിക്ക് വിട്ടുകൊടുക്കുകയാണ് പ്രസിഡന്റ്. അവന്‍ ആജ്ഞാപിക്കുന്നതിനനുസരിച്ച് നഗരത്തിലെ വെളിച്ചം മുഴുവന്‍ അണയുകയും തെളിയുകയും ചെയ്യുന്നു. കളിക്കിടെ ഒരിക്കല്‍ അണഞ്ഞു പോകുന്ന വെളിച്ചം പിന്നീട് അവന്‍ എത്ര ആജ്ഞാപിച്ചിട്ടും തെളിയുന്നില്ല. ഇരുട്ടിലാണ്ടു പോയ നഗരത്തിന്റെ പലയിടങ്ങളിലായി സ്‌ഫോടനങ്ങള്‍ നടക്കുന്ന ദൃശ്യവും വെടിവെപ്പിന്റെ ശബ്ദവും ചെറുമകനെ ഭയപ്പെടുത്തുന്നു. പ്രസിഡന്റിന്റെ അധികാര ഗര്‍വിന്റെയും അയാളുടെ ഭരണം നേരിടുന്ന പ്രതിസന്ധിയുടെയും ആമുഖത്തോടെയാണ് ചിത്രം ആഴങ്ങളിലേക്കിറങ്ങുന്നത്.

തനിക്ക് സ്തുതി പാടിയവരും ചുമരില്‍ തൂക്കിയിട്ട തന്റെ ചിത്രങ്ങളെ ആരാധിച്ചവരുമടക്കമുള്ളവര്‍ തനിക്കെതിരെ കല്ലും വാളുമെടുത്തപ്പോള്‍ ജീവനും കയ്യില്‍പ്പിടിച്ച് രാജ്യം വിടാന്‍ ശ്രമിക്കുന്ന പ്രസിഡന്റിന്, തന്റെ 'ഭരണ നേട്ടങ്ങളെ' ആ ഓട്ടത്തിനിടയിലാണ് ആദ്യമായി നേരിടേണ്ടി വരുന്നത്. ചെറുമകന്റെ ചോദ്യങ്ങള്‍ക്ക് മുന്നിലാണ് പലപ്പോഴും അയാള്‍ക്ക് ഉത്തരം മുട്ടുന്നത്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്ന ക്ഷുരകന് മുന്നില്‍, യൗവനകാലത്തെ ആശ്രയമായിരുന്ന വേശ്യക്ക് മുന്നില്‍, തന്നെ അട്ടിമറിച്ച പട്ടാളക്കാരാല്‍ അപമാനിക്കപ്പെടുന്ന നവവധുവിന് മുന്നില്‍, രാഷ്ട്രീയത്തടവുകാരാക്കി താന്‍ പീഡിപ്പിച്ച, തന്റെ മകനെയും ഭാര്യയെയും കൊലപ്പെടുത്തിയ മനുഷ്യര്‍ക്കു മുന്നില്‍ നിസ്സഹായനായ കാഴ്ചക്കാരനായി പ്രസിഡന്റിന് മാറേണ്ടി വരുന്നു. ഒടുവില്‍ പിടിക്കപ്പെടുമ്പോള്‍ ജനവിധിക്ക് തന്നെത്തന്നെ വിട്ടുകൊടുക്കുകയല്ലാതെ മറ്റൊരു വഴി അയാള്‍ക്കില്ലായിരുന്നു. പ്രസിഡന്റിനോടുള്ള പകയുടെ തീവ്രത കാരണം അയാള്‍ക്ക് എന്ത് ശിക്ഷ വിധിക്കണമെന്ന് തീരുമാനമെടുക്കാന്‍ ആളുകള്‍ക്ക് കഴിയുന്നില്ല. ജനാധിപത്യത്തിന്റെ അവധൂതനായി ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ എത്തി പ്രസിഡന്റിനുള്ള ശിക്ഷ വിധിക്കുന്നു, ''ലെറ്റ് ഹിം ഡാന്‍സ് ഫോര്‍ ഡെമോക്രസി''. ഗിത്താറിന്റെ താളത്തിനൊത്ത് ചെറുമകന്‍ കടല്‍തീരത്ത് നൃത്തം ചെയ്യുന്നതോടൊപ്പം പ്രസിഡന്റുണ്ടാക്കിയ മണല്‍കൊട്ടാരം തിരകളില്‍ അലിഞ്ഞില്ലാതാവുന്നു. അട്ടിമറികളോ പിടിച്ചടക്കലുകളോ അല്ല, സമൂഹത്തിന്റെയാകെ പരിണാമമാണ് യഥാര്‍ഥത്തില്‍ ഉണ്ടാകേണ്ടതെന്ന ബോധമാണ് ചിത്രം മുന്നോട്ട് വെക്കുന്നത്.

പ്രസിഡന്റായി വേഷമിട്ട ജോര്‍ജിയന്‍ നടന്‍ മിഷ ഗോമിയാഷ്‌വിലിയും അഭിനയ മികവും ചെറുമകനായെത്തിയ ഡാച്ചി ഓവര്‍ലാഷ്‌വിലിയുടെ നിഷകളങ്കമായ ഭാവങ്ങളും പ്രേക്ഷകനെ പിടിച്ചിരുത്തുക തന്നെ ചെയ്യും. മക്മല്‍ ബഫ് സിനിമ ഹൌസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


Next Story

Related Stories