Top

മോദി മുഖംമൂടി ഉപേക്ഷിച്ചിരിക്കുന്നു; ഹിന്ദു രാഷ്ട്രത്തിലേക്ക് ഇനി എത്ര ദൂരം?

മോദി മുഖംമൂടി ഉപേക്ഷിച്ചിരിക്കുന്നു; ഹിന്ദു രാഷ്ട്രത്തിലേക്ക് ഇനി എത്ര ദൂരം?
ഇനി ഒരു സംശയത്തിനും ഇടയില്ല: തന്റെ വികസന മുഖംമൂടി നരേന്ദ്ര മോദി അഴിച്ചുവച്ചിരിക്കുന്നു. ഒപ്പം, വന്‍ അവകാശവാദങ്ങളായി ഉന്നയിക്കുന്ന ഗുജറാത്ത് മോഡല്‍, വികസന കാഴ്ചപ്പാട്, ബുള്ളറ്റ് ട്രെയിന്‍ തുടങ്ങിയവയൊക്കെ കേവലം വാഗ്ദാനം മാത്രമാണെന്നും വ്യക്തമാക്കിയിരിക്കുന്നു. ഭിന്നിപ്പിക്കുന്ന, വര്‍ഗീയമായ, സങ്കുചിതമായ ഒന്നാണ് തന്റെ രാഷ്ട്രീയമെന്നും അദ്ദേഹം തെളിയിച്ചിരിക്കുന്നു.

യോഗി ആദിത്യനാഥിനെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി അവരോധിച്ചതോടെ ഇന്ത്യന്‍ ഭരണഘടനയോട് എന്തെങ്കിലും കൂറ് ഉണ്ടെങ്കില്‍ അതും അവസാനിപ്പിച്ച് ഭൂരിപക്ഷ രാഷ്ട്രീയത്തെ ഇറുകെ പുണര്‍ന്നിരിക്കുകയാണ് മോദി. അതായത്, എല്ലാവരേയും ഉള്‍ക്കൊള്ളുക എന്നതിനെ വേണ്ടെന്നു വച്ച, ഗുജറാത്തില്‍ നടപ്പാക്കി വിജയിച്ച അതേ രാഷ്ട്രീയം.

ഭരണഘടനയോട് കൂറുളള, യുക്തിപരമായ ചിന്തിക്കുന്ന ഏതൊരു ഇന്ത്യക്കാരനേയും ഞെട്ടിപ്പിക്കുന്നതു തന്നെയായിരുന്നു, ഏറ്റവും വലിയ അക്രമിയും നിയമലംഘകനുമായ ഒരാളെ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ വസിക്കുന്ന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി അവരോധിക്കാനുള്ള തീരുമാനം. പക്ഷേ, മോദിക്കും അദ്ദേഹത്തിന്റെ വലംകൈയായ അമിത് ഷായ്ക്കും ആര്‍എസ്എസിനും ഇതൊരു സ്വാഭാവിക നടപടി മാത്രമാണ്. ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള അവരുടെ പ്രഖ്യാപിത ദൗത്യത്തിന്റെ അടുത്ത പടി.

മോദിയുടെ ചരിത്രം

2002 മുതല്‍ 2010 വരെയുള്ള സമയത്ത് മോദി രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളും രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളും നേരിട്ടത് ഹം പാഞ്ച് ഹമാരെ പച്ചീസ് (നമ്മളഞ്ച്, നമുക്കിരുപത്തഞ്ച്) എന്ന വിഷയം ഉയര്‍ത്തിയായിരുന്നു. ഒപ്പം, ദുരിതാശ്വാസ ക്യാമ്പുകള്‍ കുട്ടികളെ ഉണ്ടാക്കുന്ന ഫാക്ടറിയാണെന്നതും. അദ്ദേഹത്തിന്റെ പ്രചരണം ഗുജറാത്തി ഹിന്ദുക്കളോടായിരുന്നു, അതില്‍ അദ്ദേഹം മികച്ച രീതിയില്‍ വിജയിക്കുകയും ചെയ്തു.

ഗുജറാത്തിലെ ജനസംഖ്യാ കണക്കുവച്ച് 182 അംഗ സംസ്ഥാന അസംബ്ലിയില്‍ 18 മുസ്ലീം എം.എല്‍.എമാര്‍ ഉണ്ടാകേണ്ടതാണ്. എന്നാല്‍ 2012-ലെ അസംബ്ലി തെരഞ്ഞെടുപ്പിനു ശേഷം ഗുജറാത്ത് അസംബ്ലിയിലെ മുസ്ലീം എം.എല്‍.എമാരുടെ എണ്ണം- രണ്ട്. അതിനു മുമ്പുള്ള അസംബ്ലിയില്‍ ഏഴു പേരുണ്ടായിരുന്നു.

2002-ല്‍ ഉറപ്പായിരുന്ന വന്‍ പരാജയത്തെ വെറുപ്പിന്റെയും വ്യാജ പ്രചാരണങ്ങളുടേയും രാഷ്ട്രീയം ഉയര്‍ത്തി മോദി വന്‍ വിജയമാക്കി മാറ്റി. ഒപ്പം, ഗുജറാത്തിനെ ഹിന്ദുത്വയുടെ പരീക്ഷണശാലയായി മാറ്റിയെടുത്തു. ഒറ്റ മുസ്ലീങ്ങള്‍ക്കും മോദി ടിക്കറ്റ് നല്‍കിയില്ല. വഡോദര പോലുള്ള വന്‍ നഗരങ്ങളില്‍ ഒറ്റ മുസ്ലീം കോര്‍പറേറ്റര്‍മാരില്ല. ലോക്‌സഭയിലാകട്ടെ, ഗുജറാത്തില്‍ നിന്ന് അടുത്ത കാലത്തൊന്നും ഒരു മുസ്ലീമും എത്തിയിട്ടുമില്ല.

ഗുജറാത്തിലെ വന്‍ നഗരങ്ങളുടെ അരികുകളിലേക്ക് മുസ്ലീങ്ങള്‍ തള്ളിമാറ്റപ്പെട്ടു കഴിഞ്ഞു. മര്യാദകെട്ട രാഷ്ട്രീയത്തിന്റേയും ക്രൂരരായ പോലീസിന്റെയും ദയയ്ക്കു കീഴില്‍ അവരിന്ന് രണ്ടാതരം പൗരന്മാരായാണ് അവിടെ കഴിയുന്നത്.

മോദിയുടെ ആഗ്രഹങ്ങള്‍ വളരുന്നതിനനുസരിച്ച് അദ്ദേഹം ഒരുകാര്യം കൂടി മനസിലാക്കി. ദേശീയ തലത്തില്‍ അധികാരം പിടിക്കുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. അതിനായി സമഗ്രതയുടേതായ ഒരു വമ്പന്‍ ഷോ അദ്ദേഹം ആവിഷ്‌കരിച്ചു. എന്നാല്‍ അതൊരു നാട്യം മാത്രമായിരുന്നു.

ധാര്‍മികമായി യാതൊരു നിലപാടുകളുമില്ലാത്ത കുശാഗ്രബുദ്ധിയായ ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍ ഗുജറാത്ത് കൊണ്ടു മാത്രം തനിക്ക് പ്രധാനമന്ത്രിയാകുക എളുപ്പമല്ലെന്ന് മോദി വേഗം തിരിച്ചറിഞ്ഞു. ഗുജറാത്തില്‍ നിന്ന് 26 സീറ്റുകള്‍ മാത്രമാണ് ലോക്‌സഭയിലേക്കുള്ളത്. ജനസംഖ്യയുടെ 10 ശതമാനം മുസ്ലീങ്ങളുള്ള ഗുജറാത്തില്‍ കൂടുതലായി വര്‍ഗീയ രാഷ്ട്രീയം കളിക്കുന്നത് നേട്ടമുണ്ടാക്കും. അതായത്, 90 ശതമാനം ജനങ്ങളെ 10 ശതമാനത്തിനെതിരാക്കി നിര്‍ത്തുക. എന്നാല്‍ 31 ശതമാനം മുസ്ലീം ജനസംഖ്യയുള്ള അസം, 25 ശതമാനം മുസ്ലീം ജനസംഖ്യയുള്ള പശ്ചിമ ബംഗാള്‍, 18 ശതമാനം മുസ്ലീം ജനസംഖ്യയുള്ള ബിഹാര്‍, 19 ശതമാനം മുസ്ലീം ജനസംഖ്യയുള്ള യു.പി എന്നിവിടങ്ങളില്‍ ഇതത്ര എളുപ്പമല്ല. ഈ സംസ്ഥാനങ്ങള്‍ ഒന്നിച്ച് 200 അംഗങ്ങളെയാണ് ലോക്‌സഭയിലേക്ക് അയയ്ക്കുന്നത്.

അവിടെ ഒരേയൊരു വഴി എ.ബി വാജ്‌പേയിയുടെ പാത പിന്തുടരുകയും ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരുപോലെ സ്വീകാര്യനായി മാറുക എന്നതായിരുന്നു. 2002-ലെ ദുരന്തങ്ങള്‍ക്ക് കാരണക്കാര്‍ മുസ്ലീങ്ങളാണെന്ന് കരുതുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അതത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ തന്റെ 'സദ്ഭാവന' യോഗങ്ങളിലൂടെ മോദി അതിനു ശ്രമിച്ചു. സബ്കാ സാത്, സബ്കാ വികാസ് (എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടേയും വികസനം) എന്ന വമ്പന്‍ മുദ്രാവാക്യവുമുണ്ടാക്കി.

അഴിമതിയും കഴിവുകേടും കൊണ്ട് രാജ്യത്തെ നശിപ്പിച്ച യു.പി.എ ഭരണത്തെ സംബന്ധിച്ചിടത്തോളം അവര്‍ കാത്തിരുന്ന മിശിഹയായിരുന്നു മോദി. കുറഞ്ഞത് ഒരു വലിയ വിഭാഗം വോട്ടര്‍മാരെ സംബന്ധിച്ചെങ്കിലും. അങ്ങനെ 30 ശതമാനത്തിലധികം വോട്ട് നേടി മോദി അധികാരത്തിലെത്തി. എല്ലാവരും, അദ്ദേഹത്തിന് വോട്ടു ചെയ്യാത്തവരുള്‍പ്പെടെ ചിന്തിച്ചത് മോദി അധികാരത്തിലെത്തിയിരിക്കുന്നത് 'വികസനം' ഉണ്ടാക്കാനാണ് എന്നാണ്.വികസനം? കളിയാക്കുകയാണോ?

ഡല്‍ഹിയിലെ അധികാര ഇടനാഴികളില്‍ മോദി ഇപ്പോള്‍ സുരക്ഷിതനായിക്കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ഇന്ത്യ പോലെ ഇത്രയും സങ്കീര്‍ണവും വിശാലവുമായ ഒരു രാജ്യം ഭരിക്കുന്നത് എത്ര ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു, എന്നാല്‍ അതിലും എത്രയോ എളുപ്പമാണ് ഭിന്നിപ്പിന്റെ രാഷ്ട്രീയം വോട്ട് കൊണ്ടുവരുന്നത് എന്നും.

മോദി ഔദ്യോഗികമായി തന്നെ തന്റെ മുഖംമൂടി വലിച്ചെറിഞ്ഞിരിക്കുന്നു. ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിലേക്ക് അദ്ദേഹം തിരിച്ചെത്തിയിരിക്കുന്നു. ഇപ്പോഴത് തുറന്ന് പ്രഖ്യാപിക്കുന്നതില്‍ അദ്ദേഹത്തിന് യാതൊരു മന:സാക്ഷിക്കുത്തുമില്ല. അല്ലെങ്കില്‍, 44 വയസുള്ള, ക്രിമിനലെന്ന് ആരോപിക്കപ്പെടുന്ന, വാ തുറന്നാല്‍ സാമുദായിക കലാപമുണ്ടാക്കുന്ന കാര്യങ്ങള്‍ മാത്രം പറയുന്ന, ന്യൂനപക്ഷങ്ങള്‍ പേടിയോടെ മാത്രം കാണുന്ന ഒരാളെ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് ആനയിക്കുന്നതില്‍ മറ്റൊരു യുക്തിയുമില്ല.

അണികളുടെ ജയ് ശ്രീറാം വിളികള്‍ക്കിടയില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി പദത്തിലേക്ക് ഏകകണ്ഠമായി നിര്‍ദേശിക്കപ്പെട്ട, ഭിന്നിപ്പിന്റെ കൊടിയ വിഷം പേറുന്ന ആദിത്യനാഥിനെ വെല്ലാന്‍ അധികം പേരുണ്ടാവില്ല.

ഗോരഖ്പൂര്‍ മഠത്തിന്റെ മുഖ്യ പുരോഹിതന്‍ എന്ന നിലയില്‍ അയാള്‍ക്ക് ചോദ്യം ചെയ്യപ്പെടാത്ത അധികാരമുണ്ട്. അതോടൊപ്പം, അന്ധമായ അനുസരണയും ആദരവും അയാള്‍ പ്രതീക്ഷിക്കുന്നുമുണ്ട്.

ഹിന്ദുത്വ അക്രമകാരികളെ ഇളക്കി വിട്ടതിനും നിരോധനാജ്ഞ ലംഘിച്ചതിനും ആദിത്യനാഥ് 2007-ല്‍ അറസ്റ്റിലായിട്ടുണ്ട്. നിയമം ലംഘിക്കുന്നതില്‍ യാതൊരു നാണക്കേടും അയാള്‍ക്കില്ല താനും. അയാളാണ് ഇനി ഉത്തര്‍ പ്രദേശിലെ നിയമം.

ഷാരൂഖ് ഖാനെ ഒരിക്കല്‍ ജമാ അത് ദവാ തലവനും പാക് ഭീകരതയുടെ കുന്തമുനയുമായ ഹഫീസ് സയീദുമായി ഉപമിച്ചിട്ടുണ്ട് ആദിത്യനാഥ്. വെസ്‌റ്റേണ്‍ യു.പിയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കൈരാനയെ ആവഹേളനപരമായ രീതിയില്‍ കാശ്മീര്‍ എന്നു വിളിച്ചിട്ടുണ്ട്, ദേശവിരുദ്ധരുടെ കേന്ദ്രമെന്നും.

തങ്ങളുടെ മതത്തിലേക്ക് ആളെക്കൂട്ടാന്‍ മുസ്ലീം സമുദായം ഗൂഡാലോചന നടത്തുന്നതാണ് ലൗ ജിഹാദ് എന്ന പ്രചരണം ഏതാനും വര്‍ഷം മുമ്പ് തുടങ്ങി വച്ചതും ആദിത്യനാഥാണ്. ലൗ ജിഹാദ് ഒരു കാരണമാക്കി എടുത്തുകൊണ്ട് തിരിച്ചടിക്ക് അയാള്‍ ആഹ്വാനം ചെയ്തു. "ഇത് അവരുടെ സ്ത്രീകളോടും നമ്മള്‍ ചെയ്യണം. അവരുടെ ഓരോ പെണ്‍കുട്ടികളും നമ്മുടെ വീടുകളിലേക്ക് വരുമ്പോള്‍ ഞാന്‍ ആഘോഷിക്കും. അവരോരോരുത്തരും ഹിന്ദുമായി മാറുമ്പോള്‍, നമ്മുടെ ദേശീയ അഭിമാനം വീണ്ടുമുയരുകയാണ്" അയാള്‍ പറഞ്ഞു.

ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പിനിടെ മാധ്യമങ്ങള്‍ ആദിത്യനാഥിനോട് ചോദിച്ചു, ഇന്ത്യ ഹിന്ദുക്കള്‍ക്ക് മാത്രമുള്ളതാണോ എന്ന്. കണ്ണിമ ചിമ്മാതെ അയാള്‍ മറുപടി പറഞ്ഞു. "ഇന്ത്യയും ഹിന്ദുക്കളും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. ഇന്ത്യ ഹിന്ദുക്കളുടേതാണ്. അത് എല്ലാവരും അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യേണ്ട സമയം വന്നിരിക്കുന്നു".

മോദി നിയന്ത്രിക്കുന്ന ബി.ജെ.പിക്കും വന്‍ ഹിന്ദുത്വ സ്വപ്നങ്ങളുള്ള ആര്‍.എസ്.എസിനും ഉത്തര്‍ പ്രദേശ് ഭരിക്കാന്‍ ഇതിലും നല്ല ഒരാളെ കിട്ടാനില്ല.ഇനി?

സാധാരണക്കാരായ ഉത്തര്‍ പ്രദേശ് നിവാസികളോട്, പ്രത്യേകിച്ച് മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളോട് ഞങ്ങള്‍ക്ക് പറയാനുള്ളത് ഇതാണ്:

എപ്പോഴെങ്കിലും ഒരു ട്രെയിനിന്റെ മുഴക്കം കേട്ടാല്‍ നിങ്ങള്‍ പേടിക്കണം. എപ്പോഴെങ്കിലും പോലീസ് നിങ്ങളുടെ ഗ്രാമത്തിലെത്തുന്നുണ്ടെങ്കില്‍ നിങ്ങള്‍ പേടിക്കണം. കാരണം, ഉത്തര്‍ പ്രദേശ് 2002-ലെ ഗുജറാത്ത് മോഡലിലേക്ക് കടന്നുകഴിഞ്ഞു: ആര്‍.എസ്.എസിന്റെ ആശീര്‍വാദത്തോടെ മോദി പൂര്‍ത്തീകരിച്ച ആ ഭൂരിപക്ഷ രാഷ്ട്രീയം.

മെച്ചപ്പെട്ട ഭരണത്തിനും വികസനത്തിനും പകരം ഉത്തര്‍ പ്രദേശ് ഇനി സാക്ഷിയാകാന്‍ പോകുന്നത് പോലീസ് എന്‍കൗണ്ടറുകള്‍ക്കും ഭീകരാക്രമണങ്ങള്‍ക്കും അതുപോലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കുമായിരിക്കും.

ഉത്തര്‍ പ്രദേശിലെ മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം പേടി നിറഞ്ഞ ദിനരാത്രങ്ങള്‍ ഇതിനകം തന്നെ എത്തിക്കഴിഞ്ഞു. മുസ്ലീങ്ങള്‍ക്കു മാത്രമല്ല, നിയമത്തെ അനുസരിക്കുന്ന, സമാധാനം ആഗ്രഹിക്കുന്ന ഏതൊരാളും ഒരു കാര്യം മനസിലാക്കുക: നിങ്ങളുടെ സംസ്ഥാനം ഒരു പുതിയ കാലഘട്ടത്തിലേക്ക് കടന്നുകഴിഞ്ഞു. അവിടെ അക്രമവും അശാന്തിയും സംഘര്‍ഷവുമായിരിക്കും ഇനിയുള്ള ദിവസങ്ങളെ നിര്‍ണയിക്കുക. നിങ്ങളുടെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ ചിലപ്പോള്‍ അടച്ചുപൂട്ടാം, നഗര കേന്ദ്രങ്ങളില്‍ പൊടുന്നനെ പോലീസ് വെടിവയ്പുകളുണ്ടാവാം, നിങ്ങളുടെ വ്യക്തിഗത സ്വാതന്ത്ര്യങ്ങള്‍ക്കൊക്കെ വിലക്കു വീഴാം, നിങ്ങള്‍ എന്തുകഴിക്കണമെന്ന് മറ്റാരൊക്കെയോ തീരുമാനിക്കപ്പെടാം, അങ്ങനെ നിങ്ങളുടെ ഹൃദയത്തില്‍ ഭയം നിറയുമ്പോള്‍ അവര്‍ അവരുടെ രാഷ്ട്രീയ വിജയങ്ങള്‍ കൊയ്തു കൊണ്ടിരിക്കും.

ഇത് നിങ്ങളെ, ഒരു സാധാരണ ഇന്ത്യക്കാരനെ ആശങ്കപ്പെടുത്തുന്നുണ്ടെങ്കില്‍, ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന കാര്യങ്ങളില്‍ വിശ്വസിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍, ഇന്ത്യയുടെ വൈവിധ്യത്തില്‍ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, മറ്റുള്ളവരോട് ദയാവായ്പുള്ള ഒരാളാണ് നിങ്ങളെങ്കില്‍, നിങ്ങള്‍ക്ക് ഉറക്കം നഷ്ടപ്പെടുമെന്നുറപ്പാണ്.

കാരണം, ദശകങ്ങളായി നേരിട്ടിട്ടില്ലാത്ത ഒരു പ്രധാന പരീക്ഷണകാലഘട്ടത്തിലേക്ക് ഇന്ത്യ എന്ന ആശയം കടന്നുകഴിഞ്ഞിരിക്കുന്നു.


Next Story

Related Stories