Top

ജയ്പൂര്‍ സാഹിത്യോത്സവ ബഹിഷ്ക്കരണത്തില്‍ സീ ന്യൂസിന്റെ സ്പോണ്‍സര്‍ഷിപ്പിനും പങ്കുണ്ട്

ജയ്പൂര്‍ സാഹിത്യോത്സവ ബഹിഷ്ക്കരണത്തില്‍ സീ ന്യൂസിന്റെ സ്പോണ്‍സര്‍ഷിപ്പിനും പങ്കുണ്ട്
ആര്‍എസ്എസ് നേതാക്കളുടെ സാന്നിധ്യം കൊണ്ടും ഇതില്‍ പ്രതിഷേധിച്ച് രാജ്യത്തെ പ്രമുഖ എഴുത്തുകാരുടെ ബഹിഷ്ക്കരണം കൊണ്ടും ഇതിനകം തന്നെ വിവാദമായി കഴിഞ്ഞതാണ് ഇത്തവണത്തെ ജയ്പൂര്‍ സാഹിത്യോത്സവം. എന്നാല്‍ ആര്‍എസ്എസ് നേതാക്കള്‍ പങ്കെടുത്തത് മാത്രമല്ല ബഹിഷ്ക്കരണത്തിന്റെ കാരണമെന്നും മറിച്ച് സാഹിത്യോത്സവത്തിന്റെ പ്രധാന സ്‌പോണ്‍സറായ ചാനലിന്റെ നിലപാടുകളുമുണ്ടെന്ന വാദവും ഉയര്‍ന്നു വന്നിട്ടുണ്ട്. പ്രമുഖ കവികളായ അശോക് വാജ്പേയ്, കെ സച്ചിദാനന്ദന്‍ തുടങ്ങിയവര്‍ സാഹിത്യോത്സവം ബഹിഷ്ക്കരിച്ചവരില്‍ ഉള്‍പ്പെടും.

ഡല്‍ഹി സര്‍വകലാശാല ഹിന്ദി വിഭാഗം അദ്ധ്യാപകന്‍ അപൂര്‍വാനന്ദയുടെ വാദം ഈ വിധത്തിലാണ്. അതായത് തീവ്ര വലതുപക്ഷത്തെ ഒഴിവാക്കിക്കൊണ്ട് സംവാദങ്ങള്‍ നടത്തുന്നതില്‍ അര്‍ത്ഥമില്ല എന്നും അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനും അത് ചര്‍ച്ച ചെയ്യപ്പെടാനും ഇത്തരം സമ്മേളനങ്ങള്‍ വേദിയാവണം. ഇക്കാര്യത്തില്‍ ജവഹര്‍ലാല്‍ നെഹ്രു വളരെ സുതാര്യമായ നിലപാടാണ് എടുത്തിരുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവരെ സമ്മേളനത്തിന് ക്ഷണിച്ചിരുന്നതിനാല്‍ രണ്ട് ആര്‍എസ്എസ് നേതാക്കളെ അവിടേക്ക് ക്ഷണിച്ചതില്‍ തെറ്റില്ലെന്ന മാധ്യമപ്രവര്‍ത്തകനായ ശേഖര്‍ ഗുപ്തയുടെ വാദത്തില്‍ കഴമ്പുണ്ടെന്നും ഓണ്‍ലൈന്‍ പോര്‍ട്ടലായ സ്ക്രോളില്‍ എഴുതിയ ലേഖനത്തില്‍ അപൂര്‍വാനന്ദ പറയുന്നു.

എന്നാല്‍ സാഹിത്യോത്സവം സ്‌പോണ്‍സര്‍ ചെയ്യുന്ന സീ ന്യൂസ് ചാനല്‍ കഴിഞ്ഞ കുറെക്കാലമായി പുലര്‍ത്തുന്ന രാഷ്ട്രീയ നിലപാടുമായി ഒത്തുപോകാന്‍ സ്വതന്ത്ര മനസികാവസ്ഥയുള്ളവര്‍ക്ക് സാധിക്കാത്തതാണ് യഥാര്‍ത്ഥ പ്രശ്‌നമെന്നും അദ്ദേഹം പറയുന്നു. നിയമം കൈയ്യിലെടുക്കുന്ന ആള്‍ക്കൂട്ടങ്ങള്‍ക്ക് കുടപിടിക്കുന്ന തരത്തിലാണ് ചാനല്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. ഇതില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ വ്യാജ വാര്‍ത്തകളും ഉള്‍പ്പെടുന്നു.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ സംഘടിത ആക്രമണമാണ് ഈ ചാനല്‍ നടത്തിയത്. തുടര്‍ന്ന് അന്ന് യൂണിയന്‍ പ്രസിഡന്റായിരുന്ന കനയ്യ കുമാറിനും മറ്റ് മൂന്നു പേര്‍ക്കുമെതിരെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കേസെടുക്കുന്നതിനും ഡല്‍ഹി കോടതിയില്‍ വച്ച് ഒരുസംഘം അഭിഭാഷകര്‍ അദ്ദേഹത്തെ മര്‍ദ്ദിക്കുന്നതിനും ഇതിടയാക്കി. ഈ വിദ്യാര്‍ത്ഥികളെല്ലാം ദേശവിരുദ്ധരാണ് എന്ന തുടര്‍ച്ചയായ ആരോപണമാണ് ചാനല്‍ മുഴക്കിക്കൊണ്ടിരുന്നത്.

പ്രശസ്ത സ്ത്രീപക്ഷ എഴുത്തുകാരിയും ജെഎന്‍യു പ്രൊഫസറുമായ നിവേദിത മേനോനെതിരെ ഈ ചാനല്‍ തിരിഞ്ഞതോടെ അവരും ആക്രമണത്തിന് ഇരയായി. ഉറുദു കവി ഗൌഹര്‍ റാസ, 2001ലെ പാര്‍ലമെന്റ് ആക്രമണത്തില്‍ ശിക്ഷയ്ക്ക് വിധേയനായ അഫ്‌സല്‍ ഗുരുവിന്റെ കൂട്ടാളിയാണ് എന്നായിരുന്നു മറ്റൊരു ആരോപണം. ഇതൊന്നും ഒറ്റപ്പെട്ട ആക്രമണങ്ങളായിരുന്നില്ല. യുപിയിലെ കൈരാനയിലെ മുസ്ലീങ്ങള്‍ അവിടെയുള്ള ഹിന്ദുക്കള്‍ക്ക് ഭീഷണിയാണെന്ന് വ്യാജവാര്‍ത്ത അവര്‍ നല്‍കി. പിന്നീട് അത് പശ്ചിമ ബംഗാളിലെ ദുലഗാര്‍ഗ്ഗിലെ മുസ്ലീങ്ങള്‍ക്ക് നേരെയായി. ദാദ്രിയില്‍ 50 വയസുകാരന്‍ മുഷ്താഖ് അഖ്‌ലാക്കിനെ ജനക്കൂട്ടം തല്ലിക്കൊന്നപ്പോഴും അവര്‍ അക്രമകാരികള്‍ക്കൊപ്പമായിരുന്നു. എഴുത്തുകാരും കലാകാരന്മാരും ശാസ്ത്രജ്ഞരും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോള്‍ ഇവരെ ദേശവിരുദ്ധര്‍ എന്ന് വിശേഷിപ്പിക്കാനാണ് ചാനല്‍ ശ്രമിച്ചതെന്ന് അപൂര്‍വാനന്ദ ചൂണ്ടിക്കാണിക്കുന്നു.ഇത്തരം ഒരു സാഹചര്യത്തില്‍ വലിയ സ്‌പോണ്‍സര്‍മാരെ പിടിച്ച് ഇത്രയും ആര്‍ഭാടമായി സാഹിത്യോത്സവങ്ങള്‍ നടത്തണോ എന്ന് ആലോചിക്കണമെന്നും അദ്ദേഹം പറയുന്നു. ലാഭം എന്ന അതിപുരാതന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്നവരാണ് ഇത്തരം സ്‌പോണ്‍സര്‍മാര്‍. സാഹിത്യോത്സവത്തിന്റെ അടിസ്ഥാന തത്വമായ സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് സാധിക്കില്ല.

കഴിഞ്ഞ രണ്ടുവര്‍ഷമായി ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കും ജനാധിപത്യവാദികള്‍ക്കും വളരെ ബുദ്ധിമുട്ടേറിയ കാലമാണ്. സ്വാതന്ത്ര്യത്തിന്റെ ഇരുപ്പിടങ്ങള്‍ എന്ന് വിശേഷിപ്പിക്കാവുന്ന സര്‍കലാശാലകളിലും കലാലയങ്ങളിലും ഭീതിയും അസ്വാതന്ത്ര്യവും നടമാടുന്നു. ഈ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ സാഹിത്യോത്സവത്തിന്റെ പ്രമേയമായി ഭക്തി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതിന് പിന്നിലെ തന്ത്രവും വ്യക്തമാണെന്ന് അപൂര്‍വാനന്ദ പറയുന്നു. ബിജെപി ടിക്കറ്റില്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സുഭാഷ് ചന്ദ്രയുടെ ഉടമസ്ഥതയിലുള്ളതാണ് സീ നെറ്റ്വര്‍ക്ക്.

കടുത്ത അടിച്ചമര്‍ത്തല്‍ നടക്കുന്ന കാലഘട്ടം, ഉയര്‍ന്നതും വൈശിഷ്ട്യവുമായ വിഷയങ്ങളില്‍ സംസാരങ്ങള്‍ നടക്കുന്ന കാലഘട്ടം കൂടിയായിതിനാല്‍, ആ സമയത്ത് മ്ലേച്ഛവും നിന്ദ്യവുമായ കാര്യങ്ങളെ കുറിച്ച് എഴുതുന്നതിന് നല്ല ധൈര്യം ആവശ്യമായി വരുമെന്ന് ബെര്‍ത്തോള്‍ഡ് ബ്രഹ്തിന്റെ വാചകങ്ങള്‍ ഉദ്ദരിച്ചുകൊണ്ടാണ് അപൂര്‍വാനന്ദ തന്റെ ലേഖനം അവസാനിപ്പിക്കുന്നത്.


Next Story

Related Stories