TopTop
Begin typing your search above and press return to search.

നേപ്പാള്‍ ഭൂകമ്പം: ഇനിയും അവസാനിക്കാത്ത നിലവിളികള്‍

നേപ്പാള്‍ ഭൂകമ്പം: ഇനിയും അവസാനിക്കാത്ത നിലവിളികള്‍

പാട്രിക് വാഡ്

അന്താഷ്ട്ര വാര്‍ത്താ മാധ്യമങ്ങള്‍ ചിത്രീകരിക്കുന്ന കാഠ്മണ്ഡുവും നഗരത്തിലെ ഭൂകമ്പത്തെ ചെറുക്കുന്നതരത്തിലെ എന്റെ താമസസ്ഥലത്തുനിന്നും എല്ലാ ദിവസവും കുറച്ചു മണിക്കൂറുകള്‍ പുറത്തിറങ്ങുമ്പോള്‍ ഞാന്‍ കാണുന്ന കാഠ്മണ്ഡുവും രണ്ടു തരം ലോകങ്ങളാണ്. ഇതാദ്യം പറയുന്നയാള്‍ ഞാനല്ലതാനും; ഏപ്രിലില്‍ നടന്ന ഭൂകമ്പം വന്‍നാശം വിതച്ചെങ്കിലും ഒരേതരത്തിലുള്ള നാശ നഷ്ടങ്ങളുടെ ചിത്രങ്ങള്‍ വസ്തുതയെ അല്ല കാണിക്കുന്നത്.

തലസ്ഥാനത്ത് മറ്റുള്ളിടത്തേക്കാള്‍ രൂക്ഷമാണ് സ്ഥിതി. മിക്ക തെരുവുകളിലും പല കെട്ടിടങ്ങളും തകരുകയോ സാരമായി കേടുപാട് സംഭവിക്കുകയോ ചെയ്തവയാണ്. മറ്റുള്ളവ, ഭൂരിപക്ഷവും, കുഴപ്പമില്ലാതെ നില്ക്കുന്നു. ടൂഡിഖേല്‍ പ്രദേശത്ത് ഒരു ഉദ്യാനത്തില്‍ പുത്തന്‍ ഭവനരഹിതരുടെ കൂടാരങ്ങള്‍. ചിലതിലെല്ലാം പ്രായോജകരുടെ പേരുണ്ട്; 'ചൈന'.

'ഞങ്ങളെല്ലാം ഭൂകമ്പത്തിന് ശേഷം ഇവിടെ എത്തിപ്പെട്ടതാണ്,' എന്റെ സുഹൃത്ത് പറഞ്ഞു. 'ആയിരക്കണക്കിനാളുകള്‍ ഇവിടെയുണ്ട്.'

നിങ്ങളോട് ഇവിടെ ഒത്തുകൂടാന്‍ ആവശ്യപ്പെട്ടതാണോ എന്നു ഞാന്‍ ചോദിച്ചു. 'അല്ല, പോകാന്‍ ആകെയുള്ള സ്ഥലം ഇതായിരുന്നു,' അയാള്‍ പറഞ്ഞു. ഒരു നഗരത്തില്‍ അത് ശരിയാണ്. ഇടക്കോര്‍ പോലീസുകാരന്‍ വന്നു ഞങ്ങളെന്തു ചെയ്യുന്നു എന്ന് അന്വേഷിച്ചു. മറുപടിയില്‍ തൃപ്തനായി തിരിച്ചുപോയി.

സാധാരണ നില തിരിച്ചുവരികയാണ്. രാജ്യത്തെ ചില വിദൂര പ്രദേശങ്ങള്‍ ഇപ്പോഴും ആഘാതത്തില്‍ നിന്നും മുക്തമായിട്ടില്ല. എന്നാല്‍ പ്രഭവകേന്ദ്രത്തില്‍ നിന്നും മാറിയുള്ള പ്രദേശങ്ങള്‍ സാധാരണ പോലെയാണ്. കാര്യങ്ങള്‍ മോശമല്ല എന്നു കാണിക്കാനല്ല ഇത് പറഞ്ഞത്. ആയിരക്കണക്കിനാളുകള്‍ക്ക് അതിപ്പോഴും ഭയാനകമാണ് ഭര്‍ത്താക്കന്മാരെ, കുട്ടികളെ, മാതാപിതാക്കളെ നഷ്ടപ്പെട്ടവര്‍ക്ക്, വീടും തൊഴിലും സമ്പാദ്യവും പോയവര്‍ക്ക്.

9,000 പേരോളം മരിച്ചു. ആറ് ലക്ഷത്തോളം വീടുകള്‍ തകര്‍ന്നു. 2,88,000 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇതെല്ലാം സ്ഥിരീകരിക്കപ്പെട്ടതില്‍ ഉള്ളവയാണ്. എന്നാല്‍ മാധ്യമങ്ങള്‍ ഈ രാജ്യത്തെ ആകെ തകര്‍ന്ന നിലയിലാണ് അവതരിപ്പിക്കുന്നത്. ആദ്യം 10 വര്‍ഷം നീണ്ട ആഭ്യന്തര സംഘര്‍ഷം, പിന്നെ പ്രകൃതി ദുരന്തം. ദുരന്തങ്ങളുടെയും ഇരകളുടെയും ഒരു രാജ്യമാണ് നേപ്പാളെന്ന് അവര്‍ പറയും. കെട്ടിടാവശിഷ്ടങ്ങളും അറ്റകുറ്റപ്പണികളുടെ മുരള്‍ച്ചകളും ഇല്ലെങ്കില്‍ ഒരു ദുരന്തം ഉണ്ടായി എന്നു നിങ്ങള്‍ അറിയുക പോലും ഇല്ല.ജീവിതം മുന്നോട്ടു പോയിക്കൊണ്ടേയിരിക്കുന്നു.

ഇതൊരു ഉയര്‍ന്ന തൊഴില്‍ മൂല്യബോധത്തിന്റെ പേരിലൊന്നുമല്ല, അല്ലെങ്കില്‍ അഭിമാനികളായ ജനതയുടെ ഇച്ഛാശക്തി. ദുരന്തത്തിന്റെ മുന്നില്‍ ഇച്ഛാശക്തിയെക്കുറിച്ച് പറയുന്നതില്‍ വികസ്വര രാജ്യങ്ങളില്‍ ഒരു സംരക്ഷണ മനോഭാവം കാണാം. അത് ശരിയല്ലെന്നല്ല. പക്ഷേ അതിലൊരു തെരഞ്ഞെടുപ്പിന് സാധ്യതയുണ്ടെന്ന തരത്തില്‍ പടിഞ്ഞാറന്‍ നിരീക്ഷകര്‍ പറയുന്നു. അല്ലെങ്കില്‍ ലോകത്തിന്റെ ഈ ഭാഗങ്ങളില്‍ ഇത്തരം ദുരന്തങ്ങള്‍ അത്രയൊക്കെയേ പ്രശ്‌നമുള്ളൂ എന്ന മട്ടില്‍. അവരുടെ വൈകുന്നേരത്തെ വാര്‍ത്തയിലെ ചില ദൃശ്യങ്ങള്‍ മാത്രം. ശരിയാണ്, നേപ്പാളില്‍ ഇച്ഛാശക്തിയുണ്ട്, പക്ഷേ അതല്ലാതെ വഴിയൊന്നുമില്ല.ഭൂകമ്പത്തില്‍ ഭര്‍ത്താവും കുട്ടികളും നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ കഥ ഞാനറിഞ്ഞു. തകരുന്ന വീട്ടില്‍ നിന്നും പുറത്തുകടക്കാന്‍ കഴിഞ്ഞത് അവര്‍ക്ക് മാത്രമായിരുന്നു. അതിനു കുറെയാഴ്ച്ചകള്‍ക്കു ശേഷം വീടിന്റെ അവശിഷ്ടങ്ങള്‍ കുഴിച്ച് അരിമണി കിട്ടാനുണ്ടോ എന്നു നോക്കുകയായിരുന്നു അവര്‍. അത് മനപൂര്‍വമുള്ള ഇച്ഛാശക്തിയല്ല; നിലനില്‍പ്പിനുള്ള അനിവാര്യതയാണ്.

ദാരിദ്ര്യമാണ് ഭൂകമ്പത്തിന് ശേഷമുള്ള പ്രധാന പ്രശ്‌നം. എല്ലാ വിഭാഗം ആളുകള്‍ക്കും പ്രശ്‌നങ്ങളുണ്ട്. പക്ഷേ എക്കാലത്തേയും പോലെ ദരിദ്രരാണ് കൂടുതല്‍ സഹിക്കുന്ന ഇരകള്‍. 2011-ലെ സെന്‍സസ് പ്രകാരം നേപ്പാളിലെ 40%ത്തിലേറെ വീടുകളും ഭൂചലനത്തില്‍ എളുപ്പം തകരാവുന്ന തരത്തില്‍ മണ്ണും കല്ലും വെച്ചു ഉണ്ടാക്കിയവയാണ്. ഇപ്പോള്‍ ആയിരങ്ങളാണ് സര്‍ക്കാര്‍ സഹായത്തിനായി കാത്തിരിക്കുന്നത്. നേപ്പാളി രൂപയില്‍ 15,000 രൂപ (150 ഡോളര്‍). സര്‍ക്കാര്‍ കണക്കെടുക്കും മുമ്പ് വീട് പുതുക്കിപ്പണിയാന്‍ പലരും മടിക്കുന്നു. പലര്‍ക്കും പണം കിട്ടാനുള്ള തിരിച്ചറിയല്‍ മാര്‍ഗങ്ങളില്ല. ചിലര്‍ക്കാകട്ടെ ഈ ഉദ്യോഗസ്ഥതല പ്രക്രിയ എങ്ങനെ തുടങ്ങണം എന്നതിനെക്കുറിച്ച് ഒരു പിടിയുമില്ല.

മറ്റു ചിലരാകട്ടെ പഴയ വീടുകള്‍ പൊളിഞ്ഞു പോയതില്‍ സന്തോഷിക്കുകപ്പോലും ചെയ്യുന്നു എന്നും കേള്‍ക്കുന്നു. കാരണം സര്‍ക്കാര്‍ സഹായത്തില്‍ പുതിയ വീട് പണിയാം; അത്രക്ക് മോശമായിരുന്നു പഴയ വീടുകള്‍.

കാലവര്‍ഷമായിരുന്നു അടുത്ത ആശങ്ക. രാജ്യത്തെങ്ങും. ഭൂകമ്പം കൊണ്ട് ബലക്ഷയം വന്ന ഭൂമിയില്‍ നിരവധി മണ്ണിടിച്ചിലുകള്‍. കെട്ടിടങ്ങള്‍ തകരാനും ആളുകള്‍ അതിനടിയില്‍പ്പെടാനും സാധ്യതകള്‍ ഇനിയും ഉണ്ട്. ഇതിനകം 90 പേര്‍ മരിച്ചു. ഈ വാര്‍ത്തകള്‍ നല്‍കാന്‍ അവിടേക്ക് എത്തിപ്പെടാനുള്ള പ്രശ്‌നവും ഉണ്ട്. പല സ്ഥലങ്ങളിലേക്കും എത്താനെ കഴിയുന്നില്ല. പാതകളൊക്കെ അടഞ്ഞുകിടക്കുന്നു. ഹെലികോപ്റ്ററില്‍ പോകാനുള്ള ധനശേഷി ഞങ്ങള്‍ക്ക് ഇല്ലായിരുന്നു. മിക്ക സന്നദ്ധ പ്രവര്‍ത്തകരുടെ കാര്യവും അതുതന്നെ. ഇനി ശൈത്യത്തിന്റെ വരവാണ്. ജനുവരിയില്‍ താപനില അഞ്ച് ഡിഗ്രിയില്‍ താഴുമ്പോള്‍ ഈ കൂടാരങ്ങള്‍ക്കൊണ്ട് ഒരു പ്രയോജനവുമില്ല.

തുടര്‍ചലനങ്ങള്‍ വീണ്ടും ഉണ്ടാകുന്നുണ്ട്. ഒന്നോ രണ്ടോ സെക്കന്റ് നീളുന്ന ചലനങ്ങള്‍ എല്ലാ ആഴ്ച്ചയും ഉണ്ടാകും. അപ്പോള്‍ പകലെങ്കില്‍ ചിലരൊക്കെ പുറത്തിറങ്ങി നില്ക്കും, രാത്രിയൊക്കെ ആളുകള്‍ ഉറക്കം തുടരും (ഞാനടക്കം). ആദ്യം അങ്ങനെ സംഭവിച്ചപ്പോള്‍ ഞങ്ങളുടെ വൈദ്യുതി ജനറേറ്റര്‍ ആരോ വിച്ഛേദിച്ചു. പിന്നെ അതൊരു തമാശക്ക് വഴിമാറി. വിദ്യാലയങ്ങളിലെ ചെറിയ കുട്ടികളുടെ കാര്യം അതായിരുന്നില്ല. അവര്‍ കരഞ്ഞുകൊണ്ടു പുറത്തേക്കിറങ്ങിയോടി.

ഇതെഴുതുമ്പോള്‍ കാഠ്മണ്ടുവില്‍ കനത്ത ഇടിയും മഴയുമാണ്. എന്റെ മേശപ്പുറത്തിരിക്കുന്ന വെള്ളം ഇളകുന്നു. പേടിച്ചുവിറച്ച് എത്ര കുട്ടികളായിരിക്കും എഴുന്നേറ്റ് കരയുക?

ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ നിറഞ്ഞുനില്‍ക്കുന്നു. നൂറ്റാണ്ടുകളായി അടിയുന്ന സമ്മര്‍ദം പുറത്തുവരുന്ന ആ വലിയ ഭൂകമ്പം ഇതായിരുന്നില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഹിമാലയ പര്‍വ്വതനിരകളില്‍ കാലങ്ങളായി തിങ്ങിക്കൂടുന്ന ആ സമ്മര്‍ദം നമ്മുടെ കാല്‍ക്കീഴില്‍ വിങ്ങുകയാണ്. അത് പൂര്‍ണമായിട്ടില്ല. തത്കാലം ഭീതി വിട്ടുനില്‍ക്കുന്നു എന്നുമാത്രം. അല്ലാതെന്തു ചെയ്യാനാണ്?

ദൈനംദിന പ്രശ്‌നങ്ങള്‍ വേറെ. ഞാന്‍ താമസിക്കുന്നിടത്ത് ചൂടുവെള്ളം കിട്ടാതായിട്ടു ദിവസങ്ങളായി. ചുമരൊക്കെ അടര്‍ന്നിട്ടുണ്ട്. ഇതൊക്കെ സുരക്ഷിതമാണോ? പണം ചെലവഴിക്കുന്നത് ശരിയായാണോ?

ഞാന്‍ ആദ്യം പറഞ്ഞ കാര്യത്തിലേക്കാണ് എത്തുന്നത്: നേപ്പാളിലെ സ്ഥിതിഗതികളെക്കുറിച്ച് സത്യസന്ധമായ വിലയിരുത്തല്‍ വേണം. ഞാനിതെഴുതുന്നത് തീര്‍ച്ചയായും സൗകര്യപ്രദമായ ഒരവസ്ഥയില്‍ നിന്നാണ്. ഭൂകമ്പം ഉണ്ടായാല്‍ ചെറുക്കാവുന്ന തരം സൗകര്യം. പക്ഷേ ഇതൊക്കെ മഞ്ഞുമലയുടെ തുമ്പ് മാത്രമാണ്. ഹിമാലയ നിരകളിലെ ഈ പര്‍വ്വതദേശം കുലുങ്ങിയാല്‍ ഞാന്‍ നേരിടുന്ന പ്രതിസന്ധി വിമാനത്താവളത്തിലേക്ക് എങ്ങനെ എത്തും എന്നതായിരിക്കും. പക്ഷേ നേപ്പാളിലെ ആയിരക്കണക്കിനാളുകള്‍ക്ക് ജീവിതം ഇപ്പോള്‍ കൂടുതല്‍ ദുസഹമാണ്. അതിനു പെരുപ്പിച്ചുകാട്ടലിന്റെ ആവശ്യമില്ല, അത് മറക്കാനും പാടില്ല.

(ഇംഗ്ലണ്ടിലെ ബോണ്‍മൗത്ത് യൂണിവേഴ്‌സിറ്റിയിലെ മീഡിയ ആന്റ് കമ്മ്യൂണിക്കേഷന്‍ ഫാക്കല്‍റ്റിയാണ് പ്രാട്രിക് വാര്‍ഡ്‌)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories