TopTop
Begin typing your search above and press return to search.

പോപ്പിന്റെ ഇടപെടലും മത വൈതാളികന്‍മാരും

പോപ്പിന്റെ ഇടപെടലും മത വൈതാളികന്‍മാരും

വൈതാളികന്‍മാരും സമഗ്രാധിപതികളും മതവിശ്വാസത്തെ ഇത്രയധികം ദുരുപയോഗം ചെയ്‌തൊരു കാലം ഇതിനുമുമ്പ് അധികമുണ്ടായിട്ടില്ല. ഇസ്ലാമിക മത മൗലികവാദികളുടെ അക്രമങ്ങള്‍ പരിചിതമായിരിക്കുന്നു. ഇസ്രായേലിലെ ജൂത യാഥാസ്ഥിതികര്‍, റഷ്യയിലെ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികള്‍, അമേരിക്കയിലെ പ്രൊട്ടസ്റ്റന്റ് യാഥാസ്ഥിതികര്‍ എന്നിവരെല്ലാം വെളിവാക്കുന്നത് വെറുപ്പിന്റെയും അത്യാഗ്രഹത്തിന്റെയും വിശാലമായ ഭയാനകദൃശ്യങ്ങളാണ്. എന്തിന്, ആഗ്രഹങ്ങള്‍ക്ക് മേല്‍ കടുത്ത ശമം പഠിപ്പിക്കുന്ന ബുദ്ധമതം പോലും ഏഷ്യയിലെ ക്രൂരമായ രാഷ്ട്രീയ സാമ്പത്തിക പോരാട്ടത്തില്‍ ഒരു കൂട്ടായ സ്വത്വമായി രൂപപ്പെട്ടിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ കാലാവസ്ഥാ മാറ്റത്തില്‍ പോപ് ഫ്രാന്‍സിസ് നടത്തിയ അസാധാരണമായ ഇടപെടലിനെ, ലോകത്തിന്റെ സകല കുഴപ്പങ്ങള്‍ക്കും മതത്തെ കുറ്റപ്പെടുത്തുന്നവര്‍ സംശയദൃഷ്ടിയോടെ നോക്കിയേക്കാം.

അദ്ദേഹത്തിന്റെ 183 പുറങ്ങളുള്ള ചാക്രിക ലേഖനത്തില്‍ കാലാവസ്ഥാ മാറ്റത്തെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അടങ്ങിയ, പ്രത്യേകിച്ചും ദരിദ്രര്‍ക്ക് ഉണ്ടാക്കുന്ന, ആഗോള പ്രശ്‌നമായി കാണുന്നു. രാഷ്ട്രീയക്കാര്‍, വ്യാപാരികള്‍, മാധ്യമങ്ങള്‍ എന്നിവയ്ക്ക് നേരെ രൂക്ഷമായ വിമര്‍ശനവും ഈ ചാക്രിക ലേഖനത്തില്‍ അദ്ദേഹം നടത്തുന്നുണ്ട്. 'ഒടുവില്‍ ഈ അനന്തമായ ഭൗതിക പുരോഗതി എന്ന ആധുനിക മിഥ്യയെ കയ്യൊഴിയാന്‍' നമ്മോടാവശ്യപ്പെടുന്നു. നമ്മുടെ ശക്തിയെ വഴിനടത്താനും വികസിപ്പിക്കാനും നിയന്ത്രിക്കാനും അത് നമ്മെ വെല്ലുവിളിക്കുന്നു. പുനരുത്പാദിക്കാന്‍ ആകാത്ത ഊര്‍ജോപഭോഗം ഗണ്യമായി കുറച്ചും സുസ്ഥിരവികസനത്തിനുള്ള നയങ്ങളെയും പദ്ധതികളെയും പിന്തുണച്ചുകൊണ്ടു ദരിദ്രരാജ്യങ്ങളെ സഹായിക്കാനും പോപ് വികസിത രാജ്യങ്ങളെ ഉപദേശിക്കുന്നുണ്ട്. എന്നാലും, പ്രശ്‌നങ്ങളേയും, അതിന്റെ ലക്ഷണങ്ങളെയും മറച്ചുവെക്കാന്‍ പണിപ്പെടുന്ന അധികാരവും വിഭവങ്ങളും കൈവശമുള്ളവര്‍ തന്നെ കേള്‍ക്കുമെന്ന മായികസ്വപ്നമൊന്നും അദ്ദേഹത്തിനില്ല.

ഒരു ദോഷൈകദൃക്കിന് ഇത് നഷ്ടപ്രതാപത്തിന്റെ കുശുമ്പായി തോന്നാം. ഒരിക്കല്‍ യൂറോപ്പിലാകെ സഭ ഇത്തരത്തില്‍ അധികാരം കയ്യാളുകയും ദുരുപയോഗം ചെയ്യുകയുമുണ്ടായിരുന്നു എന്നത് ചരിത്രം. സഭയുടെ അധികാരത്തിന്റെ തകര്‍ച്ചക്ക് മുകളില്‍ നിന്നാണ് ആധുനികലോകവും യുക്തിയിലും ഭൗതിക വികാസത്തിലുള്ള അതിന്റെ വിശ്വാസവും പണിതുയര്‍ത്തിയത്. ഇപ്പോള്‍, രണ്ടു നൂറ്റാണ്ടുകളിലേറെ കഴിഞ്ഞ് പരിഷ്‌കരിക്കപ്പെട്ട സഭ മറ്റൊരു അനുഭവത്തെക്കുറിച്ച് സംസാരിക്കുന്നു; അപക്രിസ്തീയവത്കരണത്തിന് ശേഷമുള്ള ആധുനിക രാഷ്ട്രീയ, സാമ്പത്തിക, ശാസ്ത്രീയ വിപ്ലവത്തെ കുറിച്ച്. 19-ാം നൂറ്റാണ്ടില്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ഒന്നിന് പുറകെ ഒന്നായി മതേതരമാക്കപ്പെട്ടു. തലപ്പത്ത് സാമ്പത്തിക വളര്‍ച്ചക്കും അന്താരാഷ്ട്ര മത്സരത്തിനും ഉപയുക്തമായ തരത്തിലുള്ള ഒരു രാഷ്ട്ര മാതൃകയില്‍ ശ്രേണീബന്ധങ്ങള്‍ പുനര്‍നിര്‍ണയിക്കപ്പെട്ടു. പാതിരിമാരുടെ പ്രലോഭനങ്ങളെ ഏറെനാള്‍ ചെറുത്ത ഇന്ത്യയും ചൈനയും പോലുള്ള പുരാതന ഏഷ്യന്‍ രാജ്യങ്ങളില്‍പ്പോലും യൂറോപ്പില്‍ നിന്നുള്ള മതപ്രചാരകര്‍ തങ്ങളുടെ ഭൗതിക പുരോഗതിയുടെ വിശ്വാസം പ്രചരിപ്പിച്ചു.


പക്ഷേ ഈ അനിതരസാധാരണമായ വിജയം ആഴത്തിലുള്ള മറ്റൊരു പരാജയത്തെ മറച്ചുപിടിക്കുകയായിരുന്നു. അതിനെക്കുറിച്ചാണ്, 'എല്ലാ പൗര സമൂഹങ്ങളുടെയും അടിത്തറയായ മറ്റ് മനുഷ്യരോടുള്ള ഉത്തരവാദിത്തബോധം' നഷ്ടമായി എന്ന് പോപ് ഫ്രാന്‍സിസ് വിലപിക്കുന്നത്. 18-ാം നൂറ്റാണ്ടിലേ ഉയര്‍ന്നുവന്നിരുന്ന ബൂര്‍ഷ്വാസിയുടെ ചിന്തകര്‍ കരുതിയതുപോലെ മതേതരത്വം മനുഷ്യരാശിയുടെ ആഴത്തിലുള്ള ധാര്‍മിക ഐക്യത്തിലേക്ക് നയിച്ചില്ല. വര്‍ഗം, വംശം, ദേശം, സ്വകാര്യ താത്പര്യങ്ങള്‍ എന്നിവയെച്ചൊല്ലിയുള്ള സംഘര്‍ഷങ്ങള്‍ മതനിരാസത്തിനുശേഷം കൂടുതല്‍ രൂക്ഷമായി എന്നതാണ് യാഥാര്‍ത്ഥ്യം. സമ്പത്തിന്റെയും അധികാരത്തിന്റെയും കയ്യാളലിലെ അസമത്വങ്ങള്‍ കഴിഞ്ഞ രണ്ടു ലോക മഹായുദ്ധങ്ങളിലായി പ്രതിഫലിച്ചു.

പുത്തന്‍ കുതിപ്പില്‍ പിന്നിലായവരെ സാര്‍വത്രിക വോട്ടവകാശവും ദേശീയ സ്വയം നിര്‍ണയാവകാശവുമൊന്നും ആശ്വസിപ്പിച്ചില്ല. തിന്മയെ ഇല്ലാതാക്കി ദൈവത്തിന്റെ രാജ്യം സ്ഥാപിക്കാനുള്ള തലത്തിരിഞ്ഞ മതചോദനകള്‍ ബൂര്‍ഷ്വാ നാഗരികതക്കെതിരായി പലതരത്തിലുള്ള, പലപ്പോഴും കരാളമായ പോരാട്ടങ്ങള്‍ക്ക് പ്രചോദനമാകുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ശരിക്കുള്ള മുന്‍ഗാമികള്‍ 19-ാം നൂറ്റാണ്ടിലെ റഷ്യന്‍ നിഹിലിസ്റ്റുകളും അരാജകവാദികളുമാണ്. ക്രിസ്ത്യന്‍ യൂറോപ്പിന് ശേഷമുള്ള പ്രതിസന്ധിയുടെ തുടര്‍ച്ചയാണ് പലതരത്തിലും ഇന്നത്തെ ആഗോള സംഘര്‍ഷങ്ങള്‍. യുക്തിസഹമായ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ വ്യക്തികളുടെ ധാര്‍മിക ജീവിതത്തിനും സമൂഹങ്ങള്‍ക്കും മാത്രമല്ല ഒരു രാഷ്ട്രീയ സംഘടനക്ക് പോലും പറ്റിയ അടിത്തറയല്ല. തികഞ്ഞ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കും അരാജകവാദത്തിനുമാണ് പല രാജ്യങ്ങളിലും ഇത് വഴിതെളിച്ചത്. ആശയക്കുഴപ്പവും ഭീതിയും വളര്‍ത്തിക്കൊണ്ട് സ്വേച്ഛാധിപതികളാണ് ഇവിടെയെല്ലാം ഉയര്‍ന്നുവന്നത്.

പോപ് ഫ്രാന്‍സിസ് ഫലത്തില്‍ ആക്രമിക്കുന്നത് 19-ാം നൂറ്റാണ്ടിന് ശേഷമുള്ള ആധുനിക നാഗരികതയുടെ വികാസത്തെയാണ്. ചരിത്രത്തിലെ മറ്റേത് നാഗരികതയേക്കാളും വേഗത്തില്‍ പ്രകൃതിയെ തകര്‍ത്ത ഒന്നിനെ. അതിനെക്കുറിച്ച് ഒന്നും മറയ്ക്കാതെ അദ്ദേഹത്തിന് സംസാരിക്കാം. കാരണം കഴിഞ്ഞ രണ്ടു നൂറ്റാണ്ടിലേറെയായി സഭക്കോ പോപ്പിനോ അധികാരമോ സ്വാധീനമോ ഒന്നുമില്ല. മതത്തെ അധികാരത്തിനുള്ള ഒരു മാര്‍ഗമായി കാണുന്നവരില്‍ നിന്നും അദ്ദേഹം വേറിട്ടുനില്‍ക്കുന്നു. സ്വകാര്യതാത്പര്യങ്ങള്‍ സുരക്ഷിതമാക്കുന്ന സാങ്കേതികവിദഗ്ദ്ധരോ ഭരണകൂടത്തിന്റെ അധികാരം അരക്കിട്ടുറപ്പിക്കുന്ന സമഗ്രാധിപതികളോ ആയി അദ്ദേഹത്തിന് ഒന്നും പങ്കുവെക്കാനില്ല.

ആഗോള പുരോഗതിയുടെ മുന്നോട്ടുപോക്കിനെക്കുറിച്ചും യുക്തിയുടെ വിജയത്തെക്കുറിച്ചുമുള്ള പകല്‍സ്വപ്നങ്ങളില്‍ തലപൂഴ്ത്തി നിഷ്‌ക്രിയരാകാന്‍ എളുപ്പമാണ്. ഒളിച്ചോടലുകളെ അതിജീവിച്ചവര്‍ നാമെവിടെ എത്തിനില്‍ക്കുന്നു എന്നതിനെക്കുറിച്ചുള്ള പോപ്പിന്റെ നിശിതമായ വിശകലനം കാര്യമായി ശ്രദ്ധിക്കേണ്ടതുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories