Top

തെരേസ മെയ്: ബ്രെക്സിറ്റാനന്തര ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വെല്ലുവിളികള്‍

തെരേസ മെയ്: ബ്രെക്സിറ്റാനന്തര ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വെല്ലുവിളികള്‍

ടീം അഴിമുഖം

ബ്രിട്ടന്റെ ചരിത്രത്തിലെ രണ്ടാമത്തെ വനിത പ്രധാനമന്ത്രിയാവുകയാണ് തെരേസ മെയ്.

യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള കഴിഞ്ഞമാസത്തെ അപ്രതീക്ഷിതമായ ഹിതപരിശോധന ഫലത്തെ തുടര്‍ന്ന് രാജി പ്രഖ്യാപിച്ച ഡേവിഡ് കാമറൂണിന്റെ പിന്‍ഗാമിയായാണ് മെയ്(59)അധികാരമേല്‍ക്കുന്നത്. ബ്രിട്ടന്റെ പിന്മാറ്റം 28 അംഗ യൂറോപ്യന്‍ കൂട്ടായ്മയെ ദുര്‍ബലമാക്കുകയും വാണിജ്യ, നിക്ഷേപ രംഗത്തെ അനിശ്ചിതാവസ്ഥക്ക് പുറമെ സാമ്പത്തിക വിപണികളെ പിടിച്ചുകുലുക്കുകയും ചെയ്തു.

എതിരാളിയായിരുന്ന ലീഡ്‌സം പിന്‍വാങ്ങിയതിനെ തുടര്‍ന്നാണ് മെയ് യാഥാസ്ഥിതിക കക്ഷിയിലെ സെപ്റ്റംബര്‍ 9ലെ വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ പ്രധാനമന്ത്രി പദത്തിലെത്തിയത്. തന്റെ എതിരാളിക്ക് കുട്ടികളില്ലെന്നതിനെക്കുറിച്ചുള്ള തിരിച്ചടിച്ച പ്രചാരണവും തന്റെ മുന്‍നേട്ടങ്ങള്‍ പെരുപ്പിച്ചു കാട്ടിയെന്ന ആരോപണവുമൊക്കെയായതിനെ തുടര്‍ന്നാണ് ലീഡ്‌സം തിങ്കളാഴ്ച്ച അപ്രതീക്ഷിതമായി പിന്‍വാങ്ങിയത്.

ഇ യൂവില്‍ തുടരണമെന്ന അഭിപ്രായക്കാരിയായിരുന്ന മെയ് പക്ഷേ ജൂണ്‍ 23ലെ ഹിതപരിശോധന ഫലത്തില്‍ നിന്നും പിറകോട്ടില്ലെന്നും വ്യക്തമാക്കി. 'ബ്രെക്‌സിറ്റ് എന്നാല്‍ ബ്രെക്‌സിറ്റ് തന്നെ. നാമത് വിജയമാക്കാന്‍ പോവുകയാണ്.'

തന്റെ അവസാന മന്ത്രിസഭ യോഗം ചൊവ്വാഴ്ച്ചയാകുമെന്നും ബുധനാഴ്ച്ച പാര്‍ലമെന്റില്‍ അവസാനമായി പ്രധാനമന്ത്രിയെന്ന നിലയില്‍ ചോദ്യങ്ങള്‍ക്കുത്തരം നല്‍കിയതിന് ശേഷം എലിസബത്ത് രാജ്ഞിക്കു രാജി സമര്‍പ്പിക്കുമെന്ന് തന്റെ ഡൗനിങ് തെരുവിലെ 10ആം നമ്പര്‍ വസതിക്ക് മുന്നില്‍ ഡേവിഡ് കാമെറോണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

'അപ്പോള്‍ എന്റെ പിറകിലെ കെട്ടിടത്തില്‍ ബുധനാഴ്ച്ച വൈകിട്ടോടെ നമുക്ക് പുതിയൊരു പ്രധാനമന്ത്രിയുണ്ടാകും,' അദ്ദേഹം പറഞ്ഞു.മാര്‍ഗരറ്റ് താച്ചര്‍ക്ക് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ സ്ത്രീയാണ് മെയ്.

ഇഞ്ചോടിഞ്ച് പോരാടിയ ഹിതപരിശോധനയിലെ തോറ്റ വിഭാഗത്തില്‍പ്പെട്ട ഒരാളായിരിക്കും ഇ യുവില്‍ നിന്നുള്ള ബ്രിട്ടന്റെ പുറത്തുപോക്കിനെ നയിക്കുക എന്നാണ് അവരുടെ തെരഞ്ഞെടുപ്പിനര്‍ത്ഥം. വിട്ടുപോരലിന് ബ്രിട്ടന് കൂടുതല്‍ സമയം വേണമെന്നും ഔദ്യോഗിക നടപടികള്‍ ഈ വര്‍ഷാവസാനം മുമ്പ് തുടങ്ങരുതെന്നും അവര്‍ പറഞ്ഞു.

രണ്ടാമതൊരു ഹിതപരിശോധന ഉണ്ടാകില്ലെന്നും ഇ യുവിലേക്ക് പിന്‍വാതില്‍ പ്രവേശനത്തിന് ശ്രമിക്കില്ലെന്നും തിങ്കളാഴ്ച്ച മെയ് പറഞ്ഞിരുന്നു.

'പ്രധാനമന്ത്രിയെന്ന നിലയില്‍ നമ്മള്‍ ഇ യു വിടുന്നു എന്നു ഞാന്‍ ഉറപ്പാക്കും.'

താരതമ്യേന അപ്രശസ്ത
ഇ യു വിടാനുള്ള പ്രചാരണത്തിന്റെ മുന്‍പന്തിയില്‍ എത്തുംവരെ ഒരു ജൂനിയര്‍ ഊര്‍ജമന്ത്രി മാത്രമായി ഒതുങ്ങിയിരുന്നു 53കാരിയായ ലീഡ്‌സം. കുട്ടികളില്ലാത്ത മെയ്യേക്കാള്‍ അമ്മയായ തനിക്കാണ് രാജ്യത്തെ നയിക്കാന്‍ കൂടുതല്‍ അവകാശമെന്ന് ഒരഭിമുഖത്തില്‍ സൂചിപ്പിച്ചതിന്റെ പേരില്‍ അവര്‍ക്കെതിരെ വലിയ കുറ്റപ്പെടുത്തലുകളുയര്‍ന്നു. ഈ പരാമര്‍ശങ്ങള്‍ക്ക് ലീഡ്‌സം പിന്നീട് മാപ്പ് പറഞ്ഞു.

ശക്തമായ നേതൃത്വം ആവശ്യമുള്ള സമയത്ത് ഒമ്പത് ആഴ്ച്ച നീണ്ടുനില്‍ക്കുന്ന പ്രചാരണ അനിശ്ചിതത്വം ഒഴിവാക്കാനാണ് താന്‍ പിന്‍മാറുന്നതെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ലമെന്റിലെ കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ക്കിടയ്ക്കുള്ള വോട്ടില്‍ മെയ് ഏറെ മുന്നിലാണെന്നും അവര്‍ സമ്മതിച്ചു.

ഉടന്‍ പ്രാബല്യത്തോടെ മെയ് തെരഞ്ഞെടുക്കപ്പെട്ടതായി യാഥാസ്ഥിതിക കക്ഷി നേതൃമത്സര മേല്‍നോട്ട സമിതി തലവന്‍ ഗ്രഹാം ബ്രാഡി അറിയിച്ചു.

ഹിതപരിശോധനയ്ക്ക് ശേഷം മൂല്യം ഇടിഞ്ഞ പൗണ്ട് യാഥാസ്ഥിതിക കക്ഷിയിലെ നേതൃപ്രശ്‌നം പരിഹരിച്ചതോടെ നേരിയ നേട്ടമുണ്ടാക്കി. എങ്കിലും ഹിതപരിശോധനയ്ക്ക് ശേഷം ഇപ്പൊഴും 13% ഇടിവിലാണ് പൗണ്ടിന്റെ മൂല്യം.

'അടുത്ത പ്രധാനമന്ത്രിയാകാന്‍ വലിയ പിന്തുണയുള്ള ഒറ്റ സ്ഥാനാര്‍ത്ഥിയാണ് നമുക്കുള്ളതെന്നത് നല്ല വാര്‍ത്തയാണ്. തെരേസ മെയ് ആ ജോലിക്കുവേണ്ട ശക്തിയും നിശ്ചയദാര്‍ഢ്യവുമുള്ളയാളാണ്,' ധനമന്ത്രി ജോര്‍ജ് ഓസ്‌ബോണ്‍ പറഞ്ഞു.

പുതിയ വേഷം
48 വര്‍ഷത്തെ അംഗത്വത്തിന് ശേഷം 48നെതിരെ 52% വോട്ടിന് ഇ യു വിടാനുള്ള ഹിതപരിശോധനാഫലം ബ്രിട്ടനിലെ രാഷ്ട്രീയ നേതാക്കള്‍ക്ക്, വിശിഷ്യ വിട്ടുപോരുന്നത് വലിയ സാമ്പത്തിക ദുരന്തമുണ്ടാക്കുമെന്ന് വാദിച്ച കാമറൂണിന് വലിയ തിരിച്ചടിയായിരുന്നു.

എന്നാല്‍ ബ്രിട്ടീഷുകാര്‍ ഈ മുന്നറിയിപ്പുകളെ തള്ളിക്കളഞ്ഞു. ബ്രസല്‍സില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ് ബ്രെക്‌സിറ്റ് എന്ന വാദത്തിനെ അവര്‍ അംഗീകരിച്ചു. ഉയര്‍ന്ന കുടിയേറ്റ നിരക്കിനെ തടയാന്‍ ഇതിന് കഴിയും എന്നവര്‍ കരുതുന്നു. ആളുകള്‍ക്ക് ഇ യു രാജ്യങ്ങളില്‍ സ്വതന്ത്ര യാത്ര, ജോലി സ്വാതന്ത്ര്യം നല്‍കിയ ഇ യുവിന് കീഴില്‍ ഇത് സാധ്യമല്ലാതിരുന്നു.

ആറു വര്‍ഷം ആഭ്യന്തര മന്ത്രി എന്ന നിലയില്‍ കുടിയേറ്റ നിരക്ക് കുറക്കാന്‍ കഴിയാഞ്ഞതും ഹിതപരിശോധനയില്‍ തോറ്റ പക്ഷത്തായതും മെയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരുന്നു.

എന്നാല്‍ അവരും രണ്ടു പ്രധാന എതിരാളികള്‍ പരസ്പര രാഷ്ട്രീയ അട്ടിമറി നടത്തിയതോടെയാണ് വഴി തെളിഞ്ഞത്. നിയമ സെക്രട്ടറി മൈക്കല്‍ ഗോവ് മുന്‍ ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സനെ വീഴ്ത്തിയപ്പോള്‍ രാഷ്ട്രീയച്ചതി എന്നു കരുതിയ ആ നീക്കത്തിന്റെ ശിക്ഷയായി യാഥാസ്ഥിതിക എം പിമാരുടെ വോട്ടെടുപ്പില്‍ അയാള്‍ തള്ളിപ്പോയി.

'കുറച്ചു ആഭിജാതര്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും വേണ്ടിയുള്ള ഒരു രാജ്യത്തിന്' വേണ്ടിയാണ് ബെര്‍മിങ്ഹാമിലെ തന്റെ പ്രസംഗത്തില്‍ മെയ് ആഹ്വാനം ചെയ്തത്.

കൂടുതല്‍ പാര്‍പ്പിട നിര്‍മാണം, നികുതിവെട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടി, കുറഞ്ഞ ഊര്‍ജനിരക്കുകള്‍, ശമ്പളക്കാരും കോര്‍പ്പറേറ്റ് മേധാവികളും തമ്മിലുള്ള വരുമാന അന്തരം കുറയ്ക്കല്‍ എന്നിവ മെയ് തന്റെ മുന്‍ഗണനകളായി അവതരിപ്പിക്കുന്നു.


ആന്‍ഡ്രിയ ലിഡ്‌സം

ലേബറിന്റെ പ്രതിസന്ധി
27 അംഗ ഇ യുവുമായി വിടുതല്‍ ധാരണ ഉണ്ടാക്കുകയാണ് മെയ് നേരിടുന്ന അടിയന്തര വെല്ലുവിളി. 'ബ്രിട്ടനുമായുള്ള ചര്‍ച്ചകള്‍ ബുദ്ധിമുട്ടേറിയതാകും,' എന്നു ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍ പറഞ്ഞു. ആളുകളുടെ സ്വതന്ത്രമായ യാത്ര അനുവദിക്കാത്തിടത്തോളം ഇ യുവിന്റെ ഏകീകൃത വിപണി ബ്രിട്ടനായി തുറക്കില്ലെന്ന് മെര്‍ക്കല്‍ ആവര്‍ത്തിച്ചു.

മെയുടെ നേതൃത്വവാര്‍ത്തയോട് പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായാണ് പ്രതിപക്ഷം പ്രതികരിച്ചത്.

'ബ്രെക്‌സിറ്റിനെ തുടര്‍ന്നുള്ള അസ്ഥിരതയില്‍ രാജ്യത്തിന് ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രി വേണം,' ലേബര്‍ പാര്‍ടിയുടെ തെരഞ്ഞെടുപ്പ് കോഡിനേറ്റര്‍ ജോണ്‍ ടിക്കറ്റ് ആവശ്യപ്പെട്ടു.

ലേബര്‍ കക്ഷിയിലും കുഴപ്പങ്ങള്‍ കുറവല്ല. പാര്‍ട്ടി നേതാവ് ജേര്‍മി കോര്‍ബിന്‍ ഇ യൂവില്‍ നില്ക്കാന്‍ വേണ്ടി വേണ്ടത്ര ആവേശത്തോടെ പ്രചാരണം നടത്തിയില്ല എന്നു വിമര്‍ശനമുണ്ട്.

ലീഡ്‌സം പിന്‍വാങ്ങുന്ന പ്രഖ്യാപനത്തിന് മിനിറ്റുകള്‍ക്ക് മുമ്പായി കോര്‍ബിന്റെ നേതൃത്വത്തിനെതിരെ ലേബര്‍ കക്ഷിയിലെ ഏഞ്ചല ഈഗിള്‍ രംഗത്തുവന്നു.

'കോര്‍ബിന് പാര്‍ട്ടിക്കാവശ്യമുള്ള നേതൃത്വം നാല്‍കാനാവില്ല എനിക്കാവുമെന്ന് ഞാന്‍ കരുതുന്നു,' അവര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം താഴെ തട്ടിലുള്ള ലേബര്‍ പ്രവര്‍ത്തകരുടെ വലിയ പിന്തുണയോടെയാണ് കോര്‍ബിന്‍ നേതൃത്വത്തിലെത്തിയത്. അവിശ്വാസത്തിനായുള്ള പാര്‍ട്ടി എം പിമാരുടെ ആവശ്യം കോര്‍ബി അവഗണിച്ചു. ലേബര്‍ പ്രവര്‍ത്തകരുടെ അംഗീകാരത്തെ മുന്നോട്ടുകൊണ്ടുപോകേണ്ട കടമ തനിക്കുണ്ടെന്ന് കോര്‍ബിന്‍ പറഞ്ഞു.Next Story

Related Stories