Top

തെരുവിലുള്ളവരെ പാര്‍പ്പിക്കുന്ന സ്ഥാപനത്തിന്റെ ബില്ല് പാസാക്കാന്‍ ഉദ്യോഗസ്ഥന് നല്‍കിയത് മൊബൈല്‍ ഫോണ്‍; മുരുകന്‍ വെളിപ്പെടുത്തുന്നു

തെരുവിലുള്ളവരെ പാര്‍പ്പിക്കുന്ന സ്ഥാപനത്തിന്റെ ബില്ല് പാസാക്കാന്‍ ഉദ്യോഗസ്ഥന് നല്‍കിയത് മൊബൈല്‍ ഫോണ്‍; മുരുകന്‍ വെളിപ്പെടുത്തുന്നു

അഗതികള്‍ക്കായി സ്ഥാപനം നടത്തിയതിലെ ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കേണ്ടി വന്നു. അനാഥാലയങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ കൈക്കൂലി കാണിക്ക പോലെ വാങ്ങിക്കാറുണ്ടെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞതായും മുരുകന്റെ വെളിപ്പെടുത്തല്‍. തെരുവില്‍ അലയുന്നവരുടെ പേരില്‍ തെരുവോരം മുരുകന്‍ ലക്ഷങ്ങള്‍ തട്ടിക്കുന്നതായും സ്ഥാപനം അനാവശ്യമാണെന്നും ആരോപിച്ച് സാമൂഹ്യക്ഷേമ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ട് യഥാര്‍ഥത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കാതിരുന്നതിന്റെ പക പോക്കലാണെന്നും മുരുകന്‍ പറയുന്നു. അഴിമുഖം പ്രതിനിധിയുമായി തെരുവോരം മുരുകന്‍ സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങള്‍ചോദ്യം: അഗതികളെയും അനാഥരെയും സംരക്ഷിക്കുന്ന മുരുകന്റെ തെരുവ് വെളിച്ചം എന്ന സ്ഥാപനത്തിന് ഗ്രാന്റ് സര്‍ക്കാരില്‍ നിന്ന് ഇനിയും ലഭിക്കാനുണ്ടോ? കൈക്കൂലി ആവശ്യപ്പെട്ട് ബില്ലുകള്‍ തടഞ്ഞു വയ്ക്കുകയാണ് എന്ന് ആരോപണം ഉണ്ടല്ലോ?


മുരുകന്‍: അദ്ദേഹം എറണാകുളം ജില്ലാ ഓഫീസറായിരുന്ന സമയത്ത് 2013 മുതല്‍ ഒരു പതിനാറ് മാസത്തെ പൈസ ഏകദേശം 4,78,000 രൂപയോളം എനിക്ക് കിട്ടാനുണ്ടായിരുന്നു. കൈക്കൂലി കൊടുക്കാത്തതിന്റെ പേരില്‍ ഞാന്‍ സൂപ്രണ്ടിനെ ഏല്‍പ്പിച്ച ബില്ലുകളെല്ലാം എന്ത് ചെയ്‌തെന്ന് അറിയാന്‍ പാടില്ലാത്ത അവസ്ഥയാണ്. അതില്‍ എനിക്ക് ഒരുലക്ഷത്തി ഇരുപത്തയ്യായിരം രൂപ മാത്രമാണ് ലഭിച്ചത്. അതും പലതവണയായി മന്ത്രിയോടും ഡയറക്ടറുടെ ഓഫീസിലുമൊക്കെ കയറിയിറങ്ങിയാണ് എനിക്കത് അനുവദിച്ചുതന്നത്. ബാക്കി പൈസ 2,32,000 രൂപയോളം എനിക്കീ നാളുവരെ കിട്ടിയിട്ടില്ല. അത് കൈക്കൂലി കൊടുക്കാത്തോണ്ട് ആ ഉദ്യോഗസ്ഥന്‍ തടസ്സപ്പെടുത്തിയിരിക്കുകയാണ്.ചോദ്യം: കൈക്കൂലി എങ്ങനെയാണ് ആവശ്യപ്പെട്ടത്? എങ്ങനെയായിരുന്നു നിങ്ങളെ സമീപിച്ചത്.


മുരുകന്‍: ആദ്യം ഫോണിലാണ് ആവശ്യപ്പെട്ടത് തനിക്ക് പൈസവേണമെന്നുള്ളത്. എന്നോട് ഓഫീസില്‍ ചെല്ലാന്‍ പറഞ്ഞു. എന്നോട് അമ്പതിനായിരം രൂപയാണ് ചോദിച്ചത്. എന്റെ മനസ്സെന്ന് പറയുന്നത് ആരെയെങ്കിലും കുടുക്കണമെന്ന് വിചാരിക്കുന്നതല്ല. അതുകൊണ്ട് ഞാനത് റെക്കോര്‍ഡ് ചെയ്തില്ല. അദ്ദേഹത്തെ ജയിലിലടയ്ക്കണമെന്ന ആഗ്രഹമുള്ള ഒരു വ്യക്തിയല്ല ഞാന്‍. ഇപ്പോഴും അങ്ങനെയല്ല. എന്റെ കൈയില്‍ ഇത്രയും കാശ് എടുക്കാനില്ല സാറേ എന്ന് പറഞ്ഞപ്പോള്‍ ഓഫീസില്‍ വന്ന് സംസാരിക്കാമെന്ന് പറഞ്ഞു. ഞാന്‍ ഓഫീസില്‍ ചെന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞത് കാശ് എല്ലാരും എനിക്ക് തരാറുണ്ട്. അനാഥാലയങ്ങളില്‍ പരിശോധനയ്ക്ക് പോകുന്ന സമയത്ത് ആയിരം രൂപ മുതല്‍ ഇരുപതിനായിരം രൂപ വരെ എനിക്ക് കാണിക്കപോലെ തരാറുണ്ട് എന്നുപറഞ്ഞു. ഇതൊക്കെ ഒരു കീഴ്‌വഴക്കങ്ങളാണെന്നും. എന്റേല്‍ പൈസയില്ലെന്ന് പറഞ്ഞ് ഞാന്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. പിന്നേട് അദ്ദേഹം ഫോണ്‍ വിളിച്ചാല്‍ ഞാന്‍ എടുക്കാറുമുണ്ടായില്ല. അതില്‍ പിന്നെ എന്നോട് ദേഷ്യമായി. ഞാന്‍ പ്രശ്‌നക്കാരനായ ഒരാളാണെന്ന നിലയില്‍ അവിടുത്തെ ഡിപ്പാര്‍ട്ട്‌മെന്റിലുള്ളവരൊക്കെ പറഞ്ഞു. 2015-ല്‍ ആശാഭവന്‍ സൂപ്രണ്ടായ ജോണ്‍ ജോസഫ് എന്ന ആള്‍ അവിടെ സൂപ്രണ്ടായി ചാര്‍ജ്ജെടുത്തു. ഞങ്ങളുടെ താല്‍ക്കാലിക ചുമതല ഇദ്ദേഹത്തിനായിരുന്നു. പദ്ധതി ഞാന്‍ നടപ്പാക്കി കഴിഞ്ഞാല്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പണം അനുവദിച്ച് തരേണ്ടത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. ബില്ല് മാറാന്‍ ചെന്നപ്പോള്‍ ഇദ്ദേഹം എന്നോട് പറഞ്ഞു, ജില്ലാ ഓഫീസര്‍ വിനയന്‍ സാര്‍ പറഞ്ഞു മുരുകന്റടുത്തുനിന്നും ഒരു പതിനായിരം രൂപ വാങ്ങിക്കൊള്ളാന്‍. എന്റെ കൈയില്‍ പൈസയില്ലാന്ന് പറഞ്ഞു. പൈസയില്ലെങ്കില്‍ ബില്ലും തരാന്‍ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാമതും ഞാന്‍ ചെന്ന് വിനയന്‍ സാറിനോട് പറഞ്ഞു. ഇങ്ങനെ പൈസ ചോദി ക്കുന്നല്ലോയെന്ന്. അത് മുരുകാ... അതൊക്കെ കൊടുക്കണമെന്ന് വിനയന്‍ സാര്‍ പറഞ്ഞു. പിന്നീട് ചെന്നപ്പോള്‍ ഫോണ്‍ പഴയതാണ്... ഒരു ഫോണ്‍ വാങ്ങിത്തരാനാണ് പറഞ്ഞത്. അപ്പോള്‍ ആദ്യം പൈസയില്ലെന്ന് പറഞ്ഞെങ്കിലും തെരുവോരത്തിന് സംഭാവന കിട്ടിയ കാശില്‍ നിന്ന് അയ്യായിരത്തിനകത്തു വിലയുള്ള ഒരു ഫോണ്‍ വാങ്ങിച്ച് ഇങ്ങേര്‍ക്ക് കൊടുത്തു.

ചോദ്യം: മുരുകന്‍ ഫോണ്‍ വാങ്ങി നല്‍കിയതിന് എന്തെങ്കിലും തെളിവുണ്ടോ? ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ട് മുരുകന് പ്രതികൂലമാണല്ലോ?


മുരുകന്‍: ഒറിജിനല്‍ ബില്ലുണ്ട്. അന്ന് ഈ സ്ഥാപനം തുടങ്ങുന്ന സമയത്ത് ഒരു നില കെട്ടിടമായിരുന്നു. ഓര്‍ക്കണം. ഏകദേശം പതിനാല് വര്‍ഷമായിട്ട് ഈ കെട്ടിടം ആര്‍ക്കും വേണ്ടാതെ കാടുപിടിച്ച് വെറുതെ കിടക്കുകയായിരുന്നു. പത്തു കട്ടിലും പത്തും പുതപ്പും പത്തു ബെഡുംഒരു പൂട്ടും മാത്രമായിട്ടാണ് എനിക്ക് സര്‍ക്കാര്‍ തന്നത്. ഇന്നിപ്പോള്‍ രണ്ടു നിലയായി. കാടുകിടന്നിരുന്ന സ്ഥലത്ത് കൃഷിയൊക്കെ ചെയ്യിപ്പിച്ചു. തെരുവിലലയുന്നവരെ ആരെങ്കിലും വിളിച്ചുപറഞ്ഞാന്‍ പോയി കൊണ്ടുവന്ന പുനരധിവസിപ്പിക്കാനുള്ള ഒരു സ്ഥാപനം നടപ്പാക്കാന്‍ സാധിച്ചു. 1088 പേരെ നമുക്ക് തെരുവില്‍ നിന്നും നാളിതുവരെ രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. കൈക്കൂലി കൊടുക്കാത്തതിന്റെ ദേഷ്യം ഇവരുടെ മനസ്സിലുണ്ടായിരുന്നു. എന്തെങ്കിലും കാര്യത്തിന് ചെല്ലുമ്പോള്‍ ഒന്നും തന്നെ അനുകൂലമായി ഇവര്‍ ചെയ്യില്ല. സ്ഥാപനം പൂട്ടിക്കാന്‍ വേണ്ടി പലരും ശ്രമം നടത്തിയിട്ടുണ്ട്. അന്നത്തെ ഡയറക്ടറും ഗവണ്‍മെന്റ് സെക്രട്ടറിയും ഈ സ്ഥാപനം സന്ദര്‍ശിച്ചിട്ടുണ്ട്. ജിതേന്ദ്രന്‍ ഐഎഎസ് സാര്‍ ഈ സ്ഥാപനം സന്ദര്‍ശിച്ചിട്ടുണ്ട്. എറണാകുളത്ത് കൂടി പോവുകയാണെങ്കില്‍ അദ്ദേഹം ഈ സ്ഥാപനം സന്ദര്‍ശിച്ചിട്ടേ പോകൂ. ഈ സ്ഥാപനം വൃത്തിയാക്കി ഒരു വീടുപോലെയാക്കുന്നത് കാണുമ്പോള്‍ അത്രയും സന്തോഷമെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. നമ്മുടെ സ്ഥാപനത്തിനെക്കുറിച്ച് നല്ലത് പറഞ്ഞപ്പോള്‍ ചില ഉദ്യോഗസ്ഥര്‍ക്ക് അത് കണ്ണില്‍ കരടായി മാറി. പിന്നെ ഞാന്‍ സീല്‍ ഉണ്ടാക്കിയെന്ന കാര്യം. പത്രത്തില്‍ വരുമ്പോഴാണ് ഈ സംഭവം തന്നെ അറിയുന്നത്. സാമ്പത്തിക ക്രമക്കേട് എന്ന് പറയാന്‍ കഴിയില്ല. കാരണം. ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് തെരുവോരത്തിന്റെ ഫയലുകള്‍ കൃത്യമായി ഫയല്‍ ചെയ്യാറുണ്ട്. ഓഡിറ്റിംഗ് ഉണ്ട്. ഗവണ്‍മെന്റിന് കൃത്യമായി കണക്കുകളും കൊടുത്തിട്ടുണ്ട്. ഗവണ്‍മെന്റിന് അത് ബോധ്യപ്പെട്ടിട്ടുണ്ട്. പിന്നെ ആ വകുപ്പില്‍ ജോലി ചെയ്ത ഉദ്യോഗസ്ഥന്‍ കണ്ടെത്തിയെന്ന് പറയുന്ന രേഖകളാണ് ചില ഓണ്‍ലൈന്‍ മാഗസിനുകളില്‍ വരുന്നത്. ഞാന്‍ കയ്യേറാന്‍ ശ്രമിക്കുന്നുവെന്ന് പറയുന്ന ഈ സ്ഥലത്തിനടുത്ത് ഭൂമിവില സെന്റിന് ഇരുപതുലക്ഷത്തോളം വിലവരുന്ന പത്തുസെന്റോളം സ്ഥലം ഒരു സ്വകാര്യ വ്യക്തി കയ്യേറിയെന്ന ആരോപണമുണ്ട്. അത് ആ സ്വകാര്യ വ്യക്തിയുടെ പേരിലാണെന്നുള്ള ആരോപണവുമുണ്ട്. ഈ സ്ഥലം തിരിച്ചുപിടിക്കുന്നതിനുവേണ്ടി പത്തുവര്‍ഷത്തോളം സാമൂഹ്യക്ഷേമവകുപ്പില്‍ ജോലി ചെയ്തിരുന്ന ഈ ഉദ്യോഗസ്ഥന്‍ എന്തെങ്കിലും ഒരു പേപ്പര്‍ കൊടുത്തിട്ടുണ്ടോയെന്ന് ഒന്ന് അന്വേഷിക്കുക.ചോദ്യം: അമ്പതിനായിരം രൂപ സംഭാവന സ്ഥാപനത്തിന് നല്‍കിയതായി രസീത് ആവശ്യപ്പെട്ടതായി അറിഞ്ഞു. സംഭവം വിശദമാക്കാമോ ?


മുരുകന്‍: ഒരാള്‍ ശമ്പളം കൈപ്പറ്റുന്നെങ്കില്‍ അതിന് ഗവണ്‍മെന്റിന് ടാക്‌സ് കൊടുക്കേണ്ടിവരും. ആ ടാക്‌സ് കൊടുക്കുന്നിന് പകരം ഇതുപോലുള്ള സ്ഥാപനങ്ങള്‍ക്ക് സംഭാവന നല്‍കിയെന്ന രീതിയില്‍ ഇന്‍കംടാക്‌സ് സര്‍ട്ടിഫിക്കറ്റ് അതായത് ടാക്‌സ് റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി ശമ്പളത്തിന് ടാക്‌സ് കുറയ്ക്കുന്ന ഒരു രീതി ഇദ്ദേഹം ചെയ്തിട്ടുണ്ട്. അതിനുവേണ്ടിയാണ് ഇദ്ദേഹം സംസാരിച്ചതെന്നാണ് എന്നോട് പറയുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ ടാക്‌സ് കൊടുക്കുമല്ലോ... അപ്പോള്‍ പൈസ കൊടുത്തതിന് പകരം ഫ്രീയായിട്ട് റെസീപ്റ്റ് വാങ്ങിക്കുക. പൈസ കൊടുത്തതായി കാണിച്ചിട്ട് ഈ റെസീപ്റ്റ് വച്ചാല്‍ മതി അതിന്റെ കൂടെ. പൈസ തരാതെ തന്നെ തെരുവോരത്തില്‍ നിന്ന് അമ്പതിനായിരം രൂപയുടെ രസീത് കൈപ്പറ്റാനാണ് ശ്രമിച്ചത്. തരാന്‍ പറ്റില്ലെന്ന് പറയുക മാത്രമല്ല, അദ്ദേഹത്തിനെതിരെ വകുപ്പു ഡയറക്ടര്‍ക്കും ജില്ലാ കളക്ടര്‍ക്കും ഞാന്‍ പരാതി കൊടുക്കുകയും ചെയ്തു. ആറുമാസം കൂടിയേ സര്‍വ്വീസുള്ളു, ആരെക്കൊണ്ടെങ്കിലും വ്യാജപരാതി കൊടുത്തിട്ടാണെങ്കിലും നിന്റെ സ്ഥാപനം പൂട്ടിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

ചോദ്യം: അഗതികള്‍ക്കായുള്ള സ്ഥാപനത്തിന്റെ ബില്‍ പാസാക്കുന്നതിന് കൈക്കൂലി കേട്ട് കേള്‍വി ഇല്ലാത്ത വാര്‍ത്തയാണ്. സ്ഥാപനത്തിന് ഏതൊക്കെ ഇനത്തിലാണ് തുക അനുവദിക്കുന്നത്?


മുരുകന്‍: നൂറു രൂപ മരുന്നിന് ഒരാള്‍ക്ക് വേണം... തെരുവില്‍ നിന്നും കിട്ടുന്ന ആള്‍ക്കാരുടെ അവസ്ഥ വളരെ പരിതാപകരമാണ്. അവര്‍ക്ക് അടിവസ്ത്രം പോലുമുണ്ടാകാറില്ല. പെണ്ണുങ്ങളായാലും ആണുങ്ങളായാലും... എല്ലാരെയും കുളിപ്പിച്ച് വൃത്തിയാക്കുന്നു... സ്ത്രീകളെ സാമൂഹ്യപ്രവര്‍ത്തകരായ സ്ത്രീകള്‍ കുളിപ്പിക്കുന്നു. സംഭാവനയായി കിട്ടുന്ന വസ്ത്രങ്ങള്‍ ഇവര്‍ക്ക് പാകമാകില്ല. ഡയറക്ടര്‍ക്ക് അത് ബോധ്യപ്പെട്ടപ്പോള്‍ മുന്നൂറ് അന്തേവാസികള്‍ക്ക് മൂന്നുലക്ഷം രൂപ അനുവദിച്ചു. അറുപതിനായിരം രൂപ കറന്റ് ബില്ല്... അമ്പതിനായിരം രൂപയ്ക്ക് പുറത്ത് വെള്ളത്തിന്റെ ബില്ല്. അഞ്ച് ലക്ഷം രൂപ അഞ്ചുപേര്‍ക്ക് ഒരു വര്‍ഷം ശമ്പളം. യാത്രാക്കൂലി അറുപതിനായിരം രൂപ ഒരു വര്‍ഷത്തേക്ക്. കെയര്‍ടേക്കര്‍ 8000, കുക്ക് 8000, സോഷ്യല്‍ വര്‍ക്കര്‍ 10,000, സൂപ്രണ്ട് 10,000, മാനേജര്‍ 10,000. ഇത്രയും സ്റ്റാഫിനെ ഗവണ്‍മെന്റ് അനുവദിച്ചിട്ടുണ്ട്. തെരുവോരം ഒരു സെക്യൂരിറ്റിയെക്കൂടി അനുവദിച്ചിട്ടുണ്ട്. കാരണം രാത്രികാലങ്ങളില്‍ സുരക്ഷയ്ക്കായിട്ട്. അതിന്റെ ശമ്പളം തെരുവോരമാണ് കൊടുക്കുന്നത്.ചോദ്യം: സര്‍ക്കാര്‍ അനുവദിക്കുന്ന തുക കൊണ്ട് സ്ഥാപനം നടത്തിക്കൊണ്ടു പോകാന്‍ കഴിയുന്നുണ്ടോ?


മുരുകന്‍: ഒരു മാസം നാല്‍പ്പത് - അമ്പതിനായിരം രൂപയോളം നമുക്ക് അധികച്ചെലവ് വരുന്നുണ്ട്. ചില മാസങ്ങളില്‍ എഴുപത് - എണ്‍പതിനായിരം രൂപ വരുന്നുണ്ട്. തെരുവോരം അസോസിയേഷന്റെ ഫണ്ടില്‍ നിന്നാണ് നമ്മള്‍ അതിനുള്ള തുക നീക്കിവയ്ക്കുന്നത്. അഞ്ച് ജീവനക്കാര്‍ക്കുള്ള ശമ്പളവും മുപ്പത് അന്തേവാസികളുടെ ഭക്ഷണവും വസ്ത്രവുമെല്ലാം നോക്കിയാല്‍ 75.000 രൂപ സര്‍ക്കാര്‍ കൂടിപ്പോയാല്‍ ഒരു മാസം തരും. ആ 75,000 രൂപ ഈ പറഞ്ഞ ഉദ്യോഗസ്ഥന് ശമ്പളമായിട്ട് മാത്രം ഗവണ്‍മെന്റ് കൊടുക്കുന്നുണ്ട്. അപ്പോള്‍ ഒന്ന് ആലോചിച്ചുനോക്കുക. ഒരു ഉദ്യോഗസ്ഥന് 75,000 കൊടുക്കുമ്പോള്‍ ഇവിടെ 35 ആളുകളാണ് ഭക്ഷണം കഴിക്കുന്നത്, സമാനയമായ തുകയ്ക്ക്. മനുഷ്യരാണ് മൃഗങ്ങളല്ലല്ലോ. മുപ്പത്തഞ്ച് ജീവന് അദ്ദേഹത്തിന് ഒരു വിലയും കല്‍പ്പിക്കാനില്ല. ഒരു കാരണവശാലും സാമൂഹ്യക്ഷേമവകുപ്പിലെ ഉദ്യോഗസ്ഥന്‍ ഇങ്ങനെ രേഖകള്‍ ചോര്‍ത്തിക്കൊടുക്കാന്‍ പാടില്ല.

ചോദ്യം : സാമൂഹ്യക്ഷേമ മന്ത്രിയോട് മുരുകന് പറയാനുള്ള ഒരു കാര്യമെന്താണ്?


മുരുകന്‍: സ്ഥാപനവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ കഴിഞ്ഞ ദിവസം ഞാന്‍ മന്ത്രിയെ കണ്ട് പറഞ്ഞിരുന്നു. മന്ത്രിയെന്നോട് എഴുതിക്കൊണ്ടുവരാനാണ് പറഞ്ഞത്. മന്ത്രി തോമസ് ഐസക്ക് സ്ഥാപനം സന്ദര്‍ശിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.ചോദ്യം: ഉദ്യോഗസ്ഥന് ദേഷ്യം തോന്നാന്‍ മറ്റെന്തെങ്കിലും കാരണം


മുരുകന്‍: സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള ഒരു സ്ഥാപനമുണ്ട്. വണ്‍ഡേ ഹോം എന്ന പേരില്‍. അവിടെ നാല്‍പ്പതുലക്ഷം രൂപ വിലമതിക്കുന്ന കമ്പ്യൂട്ടര്‍, കട്ടില്‍, മേശ... തുടങ്ങിയ ഒരുപാട് സാധനങ്ങള്‍ നിലത്തും വാഴത്തോട്ടത്തിലും പറമ്പിലുമിട്ടിരിക്കുകയായിരുന്നു. ഇത് സ്ഥലം എംഎല്‍എ, ഡിഎംഒ ഇവരുടെ സാന്നിധ്യത്തില്‍ കണ്ടെത്തി. അപ്പോള്‍ വിളിച്ചപ്പോള്‍ ഇദ്ദേഹം ഗോവയില്‍ ടൂറിന് പോയിരിക്കുകയാണെന്നാണ് പത്രക്കാരോട് പറഞ്ഞത്. ഈ വാര്‍ത്ത പുറത്തു വന്നതിന് പിന്നില്‍ ഞാന്‍ ആണെന്നാണ് അയാള്‍ വിശ്വസിക്കുന്നത്. അതു മാത്രമല്ല. ജില്ലാ സാമൂഹ്യക്ഷേമവകുപ്പിന്റെ കീഴിലുള്ള രണ്ട് - മൂന്ന് അനാഥലയങ്ങള്‍ വെറുതെ കിടക്കുന്നു. അതൊക്കെ ഉദ്ഘാടനം ചെയ്യാതെ കിടക്കുന്നുവെന്നുള്ള കാര്യങ്ങള്‍ പല മീറ്റിംഗുകളിലും ഞാന്‍ ഉന്നയിച്ചിട്ടുണ്ട്.ചോദ്യം: സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ ആത്മഹത്യാ ശ്രമം നടത്തിയതിനെതിരെ മുരുകന്‍ പ്രതികരിച്ചത് വിവാദമായിരുന്നല്ലോ


മുരുകന്‍: പെണ്‍കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചാനലുകളില്‍ ചര്‍ച്ച വന്നപ്പോള്‍ ഞാന്‍ അതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് പറഞ്ഞു. മുച്ചക്ര വാഹന അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആളുകള്‍ വിവരാവകാശമെടുക്കാനുമൊക്കെ നടക്കുമ്പോള്‍ എല്ലാം ഞാനാണെന്നുള്ള തോന്നല്‍ അദ്ദേഹത്തിനുണ്ടായി.ചോദ്യം: എന്താണ് മുച്ചക്ര വാഹന അഴിമതി?


മുരുകന്‍: മുച്ചക്ര വാഹനം വാങ്ങിച്ച ടെന്റര്‍ നടപടി സ്വീകരിച്ചതിലും പന്ത്രണ്ട് വണ്ടി വാങ്ങിക്കുമ്പോള്‍ ഒരു വണ്ടി ഫ്രീയെന്തോ ഉണ്ട്... അതിലെന്തോ തിരിമറി നടത്തിയതായി ഇവിടെ ചില ഉദ്യോഗസ്ഥര്‍ പറയുന്നു. പിന്നെ ഈ അനാഥാലയത്തില്‍ പരിശോധനയ്ക്ക് പോകുമ്പോള്‍ അദ്ദേഹം അവിടുന്ന് കൈക്കൂലി വാങ്ങിക്കുന്നതായി അവിടുത്തെ ആളുകള്‍ പരാതി പറയുന്നു.ചോദ്യം: ഈ കാര്യങ്ങളെല്ലാം വിശദമാക്കിക്കൊണ്ട് സാമൂഹ്യക്ഷേമ മന്ത്രിക്ക് മുരുകന്‍ ഒരു പരാതി നല്‍കുമോ?


മുരുകന്‍: തീര്‍ച്ചയായിട്ടും. മാത്രമല്ല വിവാദ നായകനായ ഉദ്യോഗസ്ഥന്‍ എന്നോട് പറഞ്ഞത്, ഇടതു ഭരിച്ചാലും വലതു ഭരിച്ചാലും താനിവിടെ നില്‍ക്കും എന്നായിരുന്നു. പാര്‍ട്ടി യൂണിയനിലൊക്കെ കാശുകൊടുത്തിട്ടുണ്ട്. നിനക്കൊരു പുല്ലും ചെയ്യാന്‍ പറ്റില്ലെന്ന് എന്നോട് പറഞ്ഞു.

ചോദ്യം: വിവാദത്തില്‍ കൂടുതല്‍ അന്വഷണം ആവശ്യപ്പെടുമോ


മുരുകന്‍: ഞാന്‍ പറയുന്നത് ഞാന്‍ അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് എന്നെ പുറത്താക്കട്ടെ. അവര്‍ അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് അവര്‍ക്കെതിരെ നടപടിയെടുക്കട്ടെ. എനിക്കെന്നോ അവര്‍ക്കെന്നോ വ്യത്യാസമില്ല. തെറ്റ് ആര് ചെയ്താലും തെറ്റാണ്. നടപടിയെടുക്കുക തന്നെ വേണം


Next Story

Related Stories