TopTop
Begin typing your search above and press return to search.

ജയറാമിന്റെ പഴയ ഫോര്‍മുല തന്നെ; കൂടെ റിമി ടോമിയും

ജയറാമിന്റെ പഴയ ഫോര്‍മുല തന്നെ; കൂടെ റിമി ടോമിയും


കണ്ണൻ താമരക്കുളത്തിന്റെ തിങ്കൾ മുതൽ വെള്ളി വരെ ആ പേര് കൊണ്ടാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ടെലിവിഷൻ കേരളത്തിൽ സജീവമായ 90 കൾ മുതൽ അത് സീരിയൽ തുടർച്ചകളെ ഓർമിപ്പിക്കുന്ന വാചകമാണ്. റിമി ടോമി ആദ്യമായി നായിക ആയി എത്തുന്നതും ജയറാമിന്റെ നായക വേഷവും സീരിയൽ അന്തരീക്ഷത്തിൽ കണ്ട പരസ്യങ്ങളും പാട്ടുകളും എല്ലാം സ്ത്രീകളെയും കുടുംബത്തെയും ലക്ഷ്യം വെച്ചുള്ള സിനിമ എന്ന ലേബൽ തിങ്കൾ മുതൽ വെള്ളി വരേക്ക് ചാർത്തികൊടുത്തു.

കേരളത്തിൽ സീരിയൽ വ്യവസായം ഇത്രത്തോളം സജീവമായിട്ട് ഏകദേശം 20 കൊല്ലമാകുന്നു. മനോരമ, മംഗളം നോവലുകൾ പോലെ സ്ത്രീകൾക്ക് വേണ്ടി എന്ന് ബ്രാൻഡ്‌ ചെയ്യപ്പെട്ട ഒന്നാണ് സീരിയൽ മേഖല. തിങ്കൾ മുതൽ വെള്ളി വരെ പുതുകാലത്തെ സീരിയൽ വിപണിയെ പറ്റിയുള്ള സിനിമയാണ്. ആർഭാടങ്ങളുടെ കടും നിറത്തിലുള്ള കെട്ടു കാഴ്ചകൾ ആണ് പുതു സീരിയലുകൾ. വസ്ത്ര ആഭരണ വിപണിയെ സിനിമയേക്കാൾ എളുപ്പത്തിൽ സ്വാധീനിക്കുന്ന, വർഷങ്ങളോളം നീണ്ടുനില്‍ക്കുന്ന ഒരു ആഘോഷം.

ഹിറ്റ് സീരിയലുകൾക്ക് തിരക്കഥ എഴുതുന്ന ജയദേവൻ ചുങ്കത്തറ ആയി ജയറാമും അയാളുടെ സീരിയൽ ഭ്രാന്തി ഭാര്യ പുഷ്പവല്ലി ആയി റിമി ടോമിയും എത്തുന്നു. ജയറാമിന്റെ നല്ല സുഹൃത്തുക്കൾ ആയി അനൂപ്‌ മേനോനും ഗണേഷ് കുമാറും ഉണ്ട്. ഒരുപിടി സീരിയൽ തൊഴിലാളികള്‍ അവർ ആയി തന്നെ സിനിമയിൽ ഉടനീളം ഉണ്ട്. സന്ദേശത്തിൽ ജയറാമിന്റെ ചേച്ചിയായും ഒരുപിടി സിനിമകളിൽ അമ്മയായും അഭിനയിച്ച കെ പി എ സി ലളിത ജയറാമിന്റെ മുത്തശിയും ദി കാർ പോലുള്ള സിനിമകളിൽ ജയറാമിന്റെ സുഹൃത്തായി എത്തുന്ന ജനാർദ്ദനൻ അദ്ദേഹത്തിൻറെ അച്ഛനും ആകുന്നു. നായകന് പ്രയമാകില്ല, ഇതൊക്കെ പറയുന്നത് അസഹിഷ്ണുതയാണ് എന്നൊക്കെ വാദിക്കാമെങ്കിലും സിനിമയിലെ നായകൻറെ മേക്ക് അപ്പിന്റെ സഹായം പോലും ആ വാദത്തെ ന്യായീകരിക്കാൻ പോന്നതല്ല.
90 കളുടെ തുടക്കം മുതൽ കുറച്ചുകാലം രാജസേനൻ ജയറാം കൂട്ടുകെട്ടിന്റെ കുറെ സിനിമകൾ വന്നിരുന്നു. നായകൻ, വീട്, സര്‍വംസഹയായ അമ്മ, ഗൌരവക്കാരനും സ്നേഹമൂർത്തിയും ആയ അച്ഛൻ, മുത്തശ്ശി, ഭാര്യ, നല്ല കൂട്ടുകാർ ഒക്കെ നിറഞ്ഞു നിൽക്കുന്ന സിനിമകൾ. കഥയ്ക്ക് ആവശ്യമേ ഇല്ലാത്ത ട്വിസ്റ്റുകൾ, മിക്ക സിനിമകളിലും ഭാര്യയുടെ തന്നിഷ്ടം കാരണം ഈ നായകൻ പോറുതിമുട്ടുന്നുണ്ടാവും. ഈ സ്ഥിരം ഫോർമുലയിലേക്ക് കുറച്ചു സീരിയൽ കുത്തിനിറച്ചാൽ തിങ്കൾ മുതൽ വെള്ളി വരെ ആയി.

സാഗർ കൊട്ടപ്പുറത്തിൽ നിന്നാണെന്ന് തോന്നുന്നു സംവിധായകനും കഥാകൃത്തും ജയദേവൻ ചുങ്കത്തറയിൽ എത്തുന്നത്. മലയാള നോവലിസ്റ്റ്‌ സാഗർ കോട്ടപ്പുറം നടത്തിയ അതെ വെല്ലുവിളികൾ ഇയാളും നടത്തുന്നുണ്ട്. 'സ്ത്രീ മനസുകളെ അമ്മാനമാടൽ' ആണ് ഇവർക്കിടയിലെ ഒരു സാമ്യത. പക്ഷെ അയാൾ കഥ എഴുതുകയാണ് പല അർത്ഥത്തിലും സമ്പന്നമായ ഒരു സിനിമയാണ്. തിരക്കഥയുടെ കെട്ടുറപ്പും അസാധ്യ ഹ്യുമറും അനായാസ അഭിനയവും ആ സിനിമയുടെ ജനകീയതയുടെ അടിത്തറ ആണ്. പക്ഷെ അതിന്റെ മെഗാ സീരിയൽ കാലത്തെ തുടര്‍ച്ചയായ ഈ സിനിമയെ നയിക്കുന്നത് പേടിപ്പിക്കുന്ന ഹ്യുമറും ചിരിപ്പിക്കുന്ന ഹൊററും ആണ്.
റിമി ടോമിയുടെ പുഷ്പവല്ലി മിഥുനത്തിലെയും കടിഞ്ഞൂൽ കല്യാണത്തിലെയും മഴവിൽക്കാവടിയിലെയും ഉർവശികഥാപാത്രങ്ങളുടെ മിശ്രണമാണ്. ചിലപ്പോഴൊക്കെ കുസൃതിക്കാറ്റിലെ കനകയുടെ കഥാപാത്രത്തെയും ഓർമിപ്പിച്ചു. അടക്ക ഒതുക്ക പാതയിൽ നിന്ന് ചിലരെങ്കിലും റിമി ടോമിക്ക് നേരിയ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. പിന്നെ മിനി സ്ക്രീനിൽ ഇവർ എപ്പോഴും നിറഞ്ഞു നിൽക്കുന്നുമുണ്ട്. ഈ രണ്ടു സാദ്ധ്യതകളെ ആണ് സംവിധായകൻ ഉപയോഗിച്ചത്. പുതു സീരിയലുകളുടെ പൊതു രീതിയായ കടും ചായങ്ങളും ചമയങ്ങളും ഉപയോഗിച്ചത് കണ്ണ് മഞ്ഞളിപ്പിക്കുന്നു.

സീരിയലുകളുടെ അതിവൈകാരികതയെ കളിയാക്കുക എന്ന ലക്‌ഷ്യം സംവിധായകന് ഉള്ളത് പോലെ തോന്നുന്നു. പക്ഷെ സിനിമയിൽ ഇതിനേക്കാൾ വലിയ നാടകീയത തീർത്ത്‌ സംവിധായകൻ പ്രേക്ഷകരുടെ യുക്തിയെ പരിഹസിക്കുന്നു. സിനിമയിലെ സീരിയൽ സാന്നിധ്യം സ്ത്രീകളെ തീയറ്ററിൽ എത്തിക്കും എന്ന് സംവിധായകൻ പ്രതീക്ഷിക്കുന്നു. പക്ഷെ അടുക്കളയിൽ നിന്ന് അധികം ദൂരമില്ലാത്തത് കൊണ്ടാണ് സ്ത്രീകൾക്ക് സീരിയൽ കാണാൻ പറ്റുന്നത്. പക്ഷെ പുഷപവല്ലിയെ പോലെ കിടപ്പറയിൽ നിന്നും സീരിയൽ കാണാൻ ഇവരാരും ഓടി എത്താറില്ല, പിന്നെയല്ലേ തീയറ്ററിൽ പോയി മഴക്കാലത്ത് ഒരു സിനിമ. തീയറ്ററിൽ വന്നു സിനിമ കാണാൻ ഉള്ള സ്വാതന്ത്ര്യവും സമയവും ഉള്ള ഈ സ്ത്രീകളുടെ മക്കളും മരുമക്കളും പേരമക്കളും സിനിമയുടെ മേക്കിങ്ങിനെ പറ്റിയും ഓരോ ഷോട്ടിലെയും ദൃശ്യ ഭാഷയെയും വരെ അളന്നു മുറിക്കുന്നവരാണ്. ഈ ഭൂരിപക്ഷത്തിനിടയിൽ ഇങ്ങനെയൊരു ഫാമിലി ഡ്രാമയുടെ വിധി എന്തായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories