TopTop
Begin typing your search above and press return to search.

തിരുവല്ല സീറ്റ് തര്‍ക്കത്തിലെ മലങ്കര-ഓര്‍ത്തോഡോക്‌സ് അന്തര്‍ധാര

തിരുവല്ല സീറ്റ് തര്‍ക്കത്തിലെ മലങ്കര-ഓര്‍ത്തോഡോക്‌സ് അന്തര്‍ധാര

കെ എ ആന്റണി

തിരുവല്ലയില്‍ എന്താണ് സംഭവിക്കുന്നതെന്ന അന്വേഷണം കൊണ്ടു ചെന്നെത്തിച്ചത് ക്രിസ്തീയ സഭകളുടെ കുശുമ്പിലേക്കും കുന്നായ്മയിലേക്കുമാണ്. അതിനുമപ്പുറം മധ്യ തിരുവിതാംകൂറില്‍ യുഡിഎഫില്‍ സ്ഥാനാര്‍ത്ഥികളെ മാത്രമല്ല എതിര്‍പക്ഷത്തുള്ളവരുടെ സ്ഥാനാര്‍ത്ഥികളെ കൂടി തീരുമാനിക്കുന്ന ഒരു മാര്‍പാപ്പയുണ്ടെന്ന രഹസ്യം പറയലുകളിലേക്കു കൂടിയാണ്. അരമന രഹസ്യം അങ്ങാടിപ്പാട്ടാകുമ്പോള്‍ പ്രതി സ്ഥാനത്ത് നില്‍ക്കുന്ന മാര്‍പാപ്പ കോണ്‍ഗ്രസ് സമ്മുന്നത നേതാവും രാജ്യസഭാ അധ്യക്ഷനുമായ പ്രൊഫസര്‍ പിജെ കുര്യന്‍ ആകുന്നതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ലെന്ന് തിരുവല്ലക്കാര്‍ പറയുന്നു. വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന സാമുദായിക സന്തുലിതാവസ്ഥയ്ക്കും സഭാതര്‍ക്ക പരിഹാരങ്ങളിലും ജാഗരൂകനാകേണ്ട കടമ അദ്ദേഹത്തിന് ഉണ്ടെന്ന് കൂടി ചിലരൊക്കെ പറഞ്ഞുവയ്ക്കും.

സ്ഥാനാര്‍ത്ഥി നിര്‍ണയം ഏതാണ്ട് പരിസമാപ്തിയിലെത്തിയെങ്കിലും യുഡിഎഫില്‍ ഇനിയും മാറ്റങ്ങള്‍ വന്നു കൂടെന്നില്ലിടത്തേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്. കണ്ണൂരിലെ ഇരിക്കൂറില്‍ ഉറ്റചങ്ങാതിയായ കെ സി ജോസഫിനെ സംരക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയുമെന്ന കാര്യത്തില്‍ എതിരാളികള്‍ക്കു പോലും തര്‍ക്കമില്ല. പക്ഷേ, തിരുവല്ലയിലെ കാര്യം അങ്ങനെയല്ല. വെറുമൊരു സ്ഥാനാര്‍ത്ഥി തര്‍ക്കത്തിന് അപ്പുറം ഒരു സഭാ തര്‍ക്കം കൂടിയായി അത് വളര്‍ന്നു കഴിഞ്ഞു. ഒരു മലങ്കര-ഓര്‍ത്തോഡ്ക്‌സ് തര്‍ക്കം. ഓര്‍ത്തഡോക്‌സുകാരനായ ഉമ്മന്‍ചാണ്ടിക്ക് തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസഫ് എം പുതുശേരി സ്വവിഭാഗക്കാരനാണ്. ആളു കേരള കോണ്‍ഗ്രസുകാരനാണെങ്കിലും ഒരേ സഭയില്‍ പെടുന്ന ആളായ്കയാല്‍ പിന്തുണയ്‌ക്കേണ്ട ബാധ്യതയും അദ്ദേഹത്തിനുണ്ട്. എന്നാല്‍ പി ജെ കുര്യനെ സംബന്ധിച്ചിടത്തോളം പുതുശേരി കൊള്ളരുതാത്തവനാണ്. കാര്യം വളരെ ലളിതമാണ്. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വന്തക്കാരനായ വിക്ടര്‍ ടി തോമസിന്റെ പരാജയത്തിന് ഉത്തരവാദി പുതുശേരിയാണെന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നിടത്താണ് തിരുവല്ലയിലെ സഭാ തര്‍ക്കം കൊഴുക്കുന്നത്. സഭാ തര്‍ക്കങ്ങള്‍ പണ്ടും പതിവാണെങ്കിലും തീര്‍ത്തും രാഷ്ട്രീയമായ ഒരു തര്‍ക്കമായി അതിപ്പോള്‍ മാറുകയാണ്. മെയ് 16-ന് നടക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യ തിരുവിതാംകൂറിലെ ജയപരാജയങ്ങളെ ഈ തര്‍ക്കം സ്വാധീനിച്ചു കൂടായ്കയില്ല.

പെറ്റുവീണ കാലം മുതല്‍ താന്‍ കേരള കോണ്‍ഗ്രസുകാരന്‍ ആണെന്നാണ് പുതുശേരിയുടെ അവകാശവാദം. ഇടയ്‌ക്കൊന്ന് ബാലകൃഷ്ണപിള്ള വിലാസം കേരള കോണ്‍ഗ്രസില്‍ ചേക്കേറുകയും കഴിഞ്ഞതവണ വിമത വേഷം കെട്ടി ആളെപ്പേടിപ്പിച്ച് പിന്‍വാങ്ങിയിരുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ക്രിമിനല്‍ നടപടിയായാണ് പിജെ കുര്യന്‍ കാണുന്നത്. 'ഞാന്‍ തിരുവല്ലയിലെ വോട്ടറല്ല. എന്നു കരുതി, എനിക്ക് എന്റെ അഭിപ്രായം പറയാതെ വയ്യ. പുതുശേരിയോടുള്ള എതിര്‍പ്പ് ആശയപരമാണ്. പലരും ഇതിനെ പല രീതിയില്‍ വ്യാഖ്യാനിക്കുന്നുണ്ട്. ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു', ഡല്‍ഹിയില്‍ നിന്നും കുര്യന്‍ പറഞ്ഞു.

അതേസമയം, കുര്യന്‍ നടത്തുന്നത് മാത്യു ടി തോമസിനെ ജയിപ്പിക്കാനുള്ള ഒരു കുടില തന്ത്രമാണ് എന്നാണ് പുതുശേരി വിഭാഗക്കാരുടെ ആരോപണം. പുതുശേരിയെ സംരക്ഷിക്കുന്ന ഉമ്മന്‍ചാണ്ടിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്നത് കുറച്ചു കൂടി നടക്കുന്ന ഒരു വാര്‍ത്തയാണ്. കുര്യന്‍ എന്‍ഡിഎയില്‍ ചേക്കേറാന്‍ തീരുമാനിച്ചുവെന്ന രഹസ്യ പ്രചാരണമാണ് ഇക്കൂട്ടര്‍ മധ്യ തിരുവിതാംകൂറില്‍ കാതോടുകാതോരം പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇതേ കുറിച്ച് കുര്യന്റെ പ്രതികരണം ഇങ്ങനെ, 'ആര്‍ക്കും എന്തും പറയാം. എനിക്ക് എന്‍ഡിഎയുമായി യാതൊരു ബന്ധവുമില്ല'. ചുരുക്കത്തില്‍ അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന മട്ടിലാണ് തന്നോട് കോണ്‍ഗ്രസിലെ (ഓര്‍ത്തഡോക്‌സ് സഭയിലെ) ചില പ്രമാണിമാര്‍ പെരുമാറി കൊണ്ടിരിക്കുന്നത് എന്ന വാദത്തിലേക്കാണ് കുര്യന്റെ പരിഭവം ചെന്നെത്തി നില്‍ക്കുന്നത്. സഭാ തര്‍ക്കം കൊഴുക്കട്ടെ, രാഷ്ട്രീയത്തെ എത്ര കണ്ട് സഭയ്ക്ക് നിയന്ത്രിക്കാനാകും എന്ന് അധികം വൈകാതെ തന്നെ അറിയാമല്ലോ.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories