TopTop
Begin typing your search above and press return to search.

ഐസക്കിന്റെ പാണ്ഡിത്യം മതിയാകില്ല സുരേന്ദ്രനെ ജയിക്കാന്‍

ഐസക്കിന്റെ പാണ്ഡിത്യം മതിയാകില്ല സുരേന്ദ്രനെ ജയിക്കാന്‍

ഡല്‍ഹിയില്‍ എത്തുമ്പോള്‍ പല സംസ്ഥാന നേതാക്കള്‍ക്കും വലിയ തിരക്കുണ്ടാകില്ല. കേരളാ ഹൗസിലെ കാന്റീനില്‍ ചായകുടിക്കാനും ഊണുകഴിക്കാനും പോയിരുന്നത് ഇത്തരത്തിലൊരു 'നേതാവ് ഹണ്ടിംഗി'ന് കൂടിയാണ്. കൊണാട്ട് പ്‌ളേസിലേക്കെന്നും കരോള്‍ ബാഗിലേക്കെന്നും ഒക്കെപ്പറഞ്ഞ് അരമണിക്കൂര്‍ മുന്‍പ് പിരിഞ്ഞ പത്രസുഹൃത്തുക്കളെ കേരളാ ഹൗസിലെ ഏതെങ്കിലും മുറികളില്‍ ഈ നേതാക്കളുടെ ഒപ്പം കാണുന്നതും മഞ്ഞച്ചിരി സംഭവിക്കുന്നതും പതിവാണ് (ചിലപ്പോള്‍ തിരിച്ചും).

പതിവ് വേട്ടയ്ക്കിടയില്‍ ഒരിക്കല്‍ കണ്ടുമുട്ടിയത് സിപി ജോണിനെയായിരുന്നു. ലോട്ടറി വിഷയത്തില്‍ ഡോ. തോമസ് ഐസക് - വി ഡി സതീശന്‍ സംവാദം നടക്കാന്‍ പോകുന്ന സമയമായിരുന്നു. ഐസക്കിന് പിഴയ്ക്കും എന്നു തന്നെയായിരുന്നു ജോണിന്റെ കണക്കുകൂട്ടല്‍. കാരണവും അദ്ദേഹം വ്യക്തമാക്കി.

തോമസ് ഐസക്കിന് അസാമാന്യമായ വിവരമാണ്. ഡാറ്റ വച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. അത് ശരിയാണെന്ന്‍ എനിക്കും തോന്നി. ഐസക്കിനെക്കുറിച്ച് മാരാരിക്കുളത്തു പറയുന്നൊരു സംഗതിയുണ്ട്. ഊണ് എങ്ങനെ വേണം എന്നു ചോദിച്ചാല്‍, ഐസക്കിന്റെ മറുപടി ഇങ്ങനെയായിരിക്കും- മൂന്നു കാര്യങ്ങള്‍ ശ്രദ്ധിക്കുക, ഒന്നാമതായി ചോറ് ചോറുവിളമ്പുക, രണ്ടാമതായി തൊടുകറി വയ്ക്കുക, മൂന്നാമതായി സാമ്പാര്‍ ഒഴിക്കുക! ഇതാണ് ഐസക്കിന്റെ തിയറി. ലഘുവായ കാര്യമാണെങ്കിലും മൂന്നു പോയിന്‍റുകളെങ്കിലും ഐസക്കിനു പറയാതിരിക്കാനാവില്ല.

സിപി ജോണിലേക്കു വരാം. എസ്എഫ്‌ഐ കാലത്ത്, തന്നെ എക്കണോമിക്‌സിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചത് ഐസക്ക് ആണെന്നും അതിന്റെ ബഹുമാനമുണ്ടെന്നും ജോണ്‍ പറഞ്ഞു. ഐസക്കിന് മറ്റൊരു പ്രശനമുണ്ട്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് പദവി കഴിഞ്ഞ് അദ്ദേഹം അക്കാദമിക് മേഖലയിലേക്കാണ് പോയത്. തങ്ങളെപ്പോലുള്ളവര്‍ കവലപ്രസംഗവുമായി നടന്നപ്പോള്‍ ഐസക് സെമിനാറുകളുടെയും ശില്പശാലകളുടെയും ലോകത്തായിരുന്നു.

എന്നാല്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലത്ത് സമ്പാദിച്ച ഡിഗ്രി സര്‍ട്ടിഫിക്കറ്റ് മാത്രമല്ല, കോടതിയില്‍ വാദിച്ചു ജയിച്ച മികച്ച അഭിഭാഷകന്‍ കൂടിയായിരുന്നു വിഡി സതീശന്‍. അതുകൊണ്ടു തന്നെ സതീശനോട് ഏറ്റുമുട്ടുക ഐസക്കിന് ബുദ്ധിമുട്ടാകും എന്നതായിരുന്നു ജോണിന്റെ വിലയിരുത്തല്‍. ആ സംവാദത്തില്‍ സതീശനെ തറപറ്റിക്കാന്‍ ഐസക്കിന് കഴിഞ്ഞില്ല എന്ന് തന്നെയായിരുന്നു വാസ്തവം.

അക്കാദിമിക് ക്വാളിറ്റിയില്‍ എതിരാളിയെക്കാള്‍ ബഹുദൂരം മുന്നിലാണെങ്കിലും സംവാദത്തില്‍ ആവശ്യമുള്ള തിണ്ണമിടുക്കിന്റെ കാര്യത്തില്‍ ഐസക് പിന്നിലാണ്. അതിന് ഒരു ഉദാഹരണവും ജോണ്‍ പറയുന്നുണ്ട്. സംവാദത്തില്‍ ഐസക്കിനോട് പിടിച്ചു നില്‍ക്കുക ബുദ്ധിമുട്ടാണെങ്കില്‍, എന്ത് വിഡ്ഢിത്തരം ആണ് നിങ്ങള്‍ പറയുന്നതെന്നു പരസ്യമായി ചോദിച്ചാല്‍ മതി, അതോടെ ഐസക് സാറിന്റെ ടെമ്പര്‍ തെറ്റും. അതുവരെയുണ്ടായിരുന്ന മേല്‍ക്കൈ നഷ്ടപ്പെടുകയും ചെയ്യും.

ഇപ്പോള്‍ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഐസക്കുമായി സംവാദത്തിനുള്ള നാളും തീയതിയും അറിയാന്‍ കാത്തിരിക്കുകയാണ്. അങ്ങനെയൊരു സംവാദം നടന്നാല്‍ തോമസ് ഐസക്കിന്റെ പ്രകടനം ഏതുവിധമായിരിക്കും എന്ന ആലോചനയിലാണ് മനസിലേക്ക് പഴയ സംഭവങ്ങള്‍ ഓടിയെത്തിയത്. ഇവിടെയിപ്പോള്‍ സുരേന്ദ്രനു പകരം ബിജെപി ടിജി മോഹന്‍ദാസിനെയണ് ഇറക്കുന്നതെന്നു കരുതുക. സത്യം മാത്രം പറഞ്ഞു ശീലിച്ച ഐസക് ആദ്യ പത്തു മിനിറ്റിനുള്ളില്‍ തോറ്റമ്പും. ഒരമ്പലം കത്തിയാല്‍ അത്രയും അന്ധവിശ്വാസം നശിച്ചെന്നു പറഞ്ഞത് കമ്യൂണിസ്‌റ് നേതാവായ ദാമോദരന്‍ ആണെന്നു വിളിച്ചു പറയുന്ന മോഹന്‍ദാസിനെപോലുള്ളവര്‍ക്കു മുന്നിലേക്ക് ദാമോദരന്‍ അല്ല സി കേശവന്‍ ആണെന്ന് തിരുത്തുന്ന എം സ്വരാജിനെ പോലുള്ളവരെ സംവാദത്തിനയയ്ക്കുകയാണ് ഐസക്കിനും സിപിഎമ്മിനും നല്ലത്.

തലകുലുക്കുന്ന ആരാധകരെ മാത്രം അംഗീകരിക്കുകയെന്ന ദോഷവും ഐസക്കിനുണ്ട്. കഴിഞ്ഞദിവസം അദ്ദേഹം എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കര്‍മ്മരഥ്യയില്‍ മുന്നേറുന്നവര്‍ക്ക് ക്രിസ്തുമസ് - പുതുവത്സര ആശംസകള്‍ നേര്‍ന്നിരുന്നു. 'കര്‍മരഥ്യ' എന്ന വാക്കിന്റെ അര്‍ഥം നിരവധി പേരിലാണ് സംശയമുണ്ടാക്കിയത്. പ്രഭാവര്‍മയ്ക്ക് ആശംസ നേരുമ്പോള്‍ ഇത്തരം വാക്കുകള്‍ ഉപയോഗിച്ചാല്‍ തെറ്റില്ല. പക്ഷെ സാധാരണക്കാര്‍ക്ക് ആശംസ നേരുമ്പോള്‍ ഇത്രയും സംസ്‌കൃത വാക്കുകള്‍ കുത്തിനിറയ്ക്കണമെന്നില്ല. പറയുന്നതെല്ലാം ഗംഭീരം എന്നു പുകഴ്ത്തുന്ന ആളുകളെയാണ് ഐസക് ആഗ്രഹിക്കുന്നത് എന്ന് പറയാതെ വയ്യ.

ജനങ്ങള്‍ നോട്ട് ദുരിതത്തില്‍ വട്ടം കറങ്ങുമ്പോള്‍ ലഡു വിതരണം നടത്താന്‍ ധൈര്യം കാണിച്ച സുരേന്ദ്രന്റെയും കൂട്ടരുടെയും മുന്നിലേയ്ക്ക് പണ്ഡിതനായ ഐസക് പോകാതിരിക്കുകയാണ് നല്ലത്. തൊടുന്യായവും മുട്ടാപ്പോക്കും പാതിസത്യങ്ങളും നിറഞ്ഞ സംവാദത്തില്‍ ഐസക് ജയിച്ചാലും സുരേന്ദ്രന്‍ ജയിച്ചെന്ന്‍ സംഘികള്‍ സമര്‍ത്ഥിക്കും. ഇതെല്ലാം തരണം ചെയ്യാന്‍ കഴിഞ്ഞാല്‍ ഇടതുപക്ഷത്തെ ഏറ്റവും മികച്ച നേതാവ് ആരാണെന്ന കാര്യത്തില്‍ രണ്ടാമതൊരു ഉത്തരം ഉണ്ടാകില്ല. ശക്തനെയല്ലല്ലോ എക്കാലവും നേതാവായി ജനം അംഗീകരിക്കുന്നത്...

(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories