TopTop
Begin typing your search above and press return to search.

ഇന്നു മുതല്‍ പ്രതിസന്ധി പല മടങ്ങ് മൂര്‍ച്ഛിക്കും, കേന്ദ്ര സര്‍ക്കാരിന്റെ കയ്യില്‍ നോട്ടില്ല: ടി എം തോമസ് ഐസക്

ഇന്നു മുതല്‍ പ്രതിസന്ധി പല മടങ്ങ് മൂര്‍ച്ഛിക്കും, കേന്ദ്ര സര്‍ക്കാരിന്റെ കയ്യില്‍ നോട്ടില്ല: ടി എം തോമസ് ഐസക്

അഴിമുഖം പ്രതിനിധി

നോട്ടുപ്രതിസന്ധി ഇന്നുമുതല്‍ പല മടങ്ങ് മൂര്‍ച്ചിക്കമെന്നും കേന്ദ്ര സര്‍ക്കാരിന്റെ കയ്യില്‍ നോട്ടില്ലെന്നും കേരള ധനമന്ത്രി തോമസ് ഐസക്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് തോമസ് ഐസക് പ്രസ്താവന നടത്തിയിരിക്കുന്നത്. ബി ജെ പി വക്താക്കളുടെ വിമര്‍ശനത്തിന് മറുപടി നല്‍കി കൊണ്ടുള്ള ധനമന്ത്രിയുടെ പ്രസ്താവന പറയുന്നത് രാജ്യത്തിനിയും പ്രതിസന്ധി വര്‍ദ്ധിക്കുമെന്നാണ്. ഐസക് ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തുന്നുവെന്നും കൃത്യ നിര്‍വഹണത്തില്‍ വലിയ വീഴ്ച വരുത്തിയെന്നുമാണ് വിമര്‍ശനം. താന്‍ പരിഭ്രാന്തി സൃഷ്ടിക്കുവല്ലെന്നും സത്യം മാത്രമാണ് പറഞ്ഞതെന്നും അദ്ദേഹം പറയുന്നു.

തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

'ബി ജെ പി വക്താക്കള്‍ രണ്ട് വിമര്‍ശനങ്ങള്‍ ആണ് എനിക്കെതിരെ പത്രസമ്മേളനത്തിലും ചാനല്‍ ചര്‍ച്ചകളിലും ഇന്നലെ ഉയര്‍ത്തി കേട്ടത്.

ഒന്ന്- ഞാന്‍ ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തുന്നു. ഇത് ധനമന്ത്രിക്ക് യോജിച്ചതല്ല .

രണ്ട്- കേരളത്തിന് ശമ്പളം വിതരണം ചെയ്യാന്‍ പണം വേണമെന്ന് തലേ ദിവസമാണ് ആവശ്യപ്പെട്ടത്. നേരത്തെ പറഞ്ഞിരുന്നുവെങ്കില്‍ ഇന്നലെയുണ്ടായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാമായിരുന്നു. ധനമന്ത്രി ഇങ്ങനെ കൃത്യ നിര്‍വഹണത്തില്‍ വലിയ വീഴ്ച വരുത്തിയിരിക്കുന്നു.

ആദ്യം വിമര്‍ശകര്‍ മനസ്സിലാക്കേണ്ടത് വെയ്‌സ് ആന്‍ഡ് മീന്‍സിന്റെ ഭാഗമായി റിസര്‍വ് ബാങ്കില്‍ നിന്ന് കാശ് വാങ്ങാന്‍ അഡ്വാന്‍സ് നോട്ടീസ് നല്‍കേണ്ടതില്ല. ഇത് ആവശ്യാനുസരണം നടക്കുന്ന ഒരു ദൈനംദിന പ്രക്രിയയാണ്. എങ്കിലും ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ശമ്പളവും പെന്‍ഷനും പൂര്‍ണ്ണമായി കാശായി പിന്‍വലിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുവാദവും സഹായവും അഭ്യര്‍ത്ഥിച്ച് കൊണ്ട് എത്രയോ നാള്‍ക്ക് മുന്‍പ് കത്തെഴുതി. കേന്ദ്ര ധനമന്ത്രിയോട് നേരിട്ട് അഭ്യര്‍ത്ഥിച്ചു. പക്ഷെ ചെവിക്കൊണ്ടില്ല. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അനുവദനീയമായ പരിധിക്കുള്ളില്‍ ശമ്പളവും പെന്‍ഷനും പിന്‍വലിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പരിശോധിക്കുന്നതിന് ബാങ്കര്‍മാരെ വിളിച്ചത്.

ആദ്യ ഗഡുവായി 500 കോടി രൂപയാണ് എത്തിക്കുമെന്ന് പറഞ്ഞത്. പക്ഷെ അത്രയും പണം ഉണ്ടാവില്ല എന്നറിയച്ചപ്പോള്‍ ആദ്യ ദിവസത്തെ ആവശ്യത്തിനു വേണ്ട 160 കോടി രൂപ അടിയന്തിരമായി എത്തിച്ചാല്‍ മതി എന്നറിയിച്ചു. വൈകുന്നേരം ട്രഷറി അടയ്ക്കുന്നത് വരെ എത്തിച്ചത് 111 കോടി രൂപ മാത്രം. അതിന്റെ ഫലമാണ് ശമ്പളക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും (സ്വകാര്യ മേഖലയിലടക്കം) ഇന്നലെ നേരിട്ട ബുദ്ധിമുട്ടുകള്‍.

ഇന്നത്തെ ദല്‍ഹി പത്രങ്ങള്‍ വായിച്ചപ്പോള്‍ കേരളീയര്‍ എത്ര ഭാഗ്യവാന്മാര്‍ എന്നാണ് തോന്നിയത്. ദല്‍ഹിയടക്കം വടക്കേ ഇന്ത്യയില്‍ നല്ലൊരു പങ്ക് പേര്‍ക്കും പെന്‍ഷനോ ശമ്പളമോ കിട്ടിയിട്ടില്ല. കേരള ഹൗസിലെ ജീവനക്കാരുടെയും സ്ഥിതി ഇത് തന്നെ. കിട്ടയവര്‍ക്കാകട്ടെ അനുവദനീയ തുകയായ 24000 രൂപ ലഭിക്കുകയുണ്ടായില്ല. ഗുജറാത്തില്‍ 5000-10000 രൂപ വീതമാണ് ലഭിച്ചത്. മഹാരാഷ്ട്രയില്‍ 8000 രൂപ. ഉത്തര്‍പ്രദേശില്‍ 8000 രൂപ. ഇതേ പോലെ അരാജകത്വം ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടോ? കേന്ദ്ര സര്‍ക്കാരിന്റെ വാക്കിനു എന്ത് വില?

ഇനി പരിഭ്രാന്തി സൃഷ്ടിക്കുന്നതിനെ കുറിച്ച്, സത്യം പറയാതെ വയ്യ. നവംബര്‍ 8 ന് ഞാന്‍ പറഞ്ഞതാണോ സംഘികള്‍ പറഞ്ഞതാണോ ശരിയായി വന്നത്. എത്ര മിതമായ രീതിയില്‍ ആണ് ട്രെഷറിയിലും മറ്റും ഉണ്ടാകാവുന്ന പ്രശ്നങ്ങളെ കുറിച്ച് സര്‍ക്കാര്‍ വിശദീകരിച്ചിട്ടുള്ളത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ ഇന്നലത്തെ പ്രസ്താവനകളും ഇന്നത്തെ പത്ര റിപ്പോര്‍ട്ടുകളും ഒന്ന് താരതമ്യപ്പെടുത്താം. പക്ഷെ ഇന്നലെ സൂചിപ്പിച്ചത് ഇനി തെളിച്ച് പറയുകയാണ്. ഇന്നുമുതല്‍ പ്രതിസന്ധി പല മടങ്ങ് മൂര്‍ച്ചിക്കുവാന്‍ പോകുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ കയ്യില്‍ നോട്ടില്ല.'Next Story

Related Stories