TopTop
Begin typing your search above and press return to search.

ഗുരുവായൂരിലെ കദളിക്കുല; സംഘികള്‍ തോമസ് ഐസക്കിനെതിരെ വിഷം ചീറ്റുന്നു

ഗുരുവായൂരിലെ കദളിക്കുല; സംഘികള്‍ തോമസ് ഐസക്കിനെതിരെ വിഷം ചീറ്റുന്നു

തോമസ് ഐസക് എംഎല്‍എ

സ്വാമി വിവേകാനന്ദന്‍ കണ്ടു ഞെട്ടിയ ഭ്രാന്താലയത്തിലേക്ക് കേരളത്തെ തിരിച്ചെത്തിക്കുന്നതിന് ഏതറ്റം വരെയും പോകാന്‍ ആര്‍.എസ്.എസ്സിന് ഒരു മടിയുമില്ല. എന്റെ ചില കുറിപ്പുകള്‍ക്കു കീഴില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരും അനുയായികളും നടത്തുന്ന പ്രതികരണങ്ങളില്‍ പ്രതിഫലിക്കുന്ന വര്‍ഗ്ഗീയ മനോവൈകൃതങ്ങളുടെ സൂചന അതാണ്. രാഷ്ട്രീയ കാര്യങ്ങള്‍ മാത്രമല്ല, സാധാരണക്കാര്‍ തങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ കൂട്ടായി ഇടപെടുന്നതിന്റെ കാഴ്ച്ചകളും ഞാന്‍ ഫേസ് ബുക്കില്‍ പങ്കുവെക്കുന്നുണ്ട്. രാഷ്ട്രീയ കാര്യങ്ങളില്‍ നിശിതമായ വാദപ്രതിവാദങ്ങള്‍ മനസ്സിലാക്കാം. പക്ഷേ കദളിപ്പഴം കൃഷിയെയും ആടു വളര്‍ത്തലിനെയും വര്‍ഗ്ഗീയ കണ്ണോടെ കണ്ടാലോ? 12 ലക്ഷം പേര്‍ കാണുകയും ഏതാണ്ട് 30000 പേര്‍ ഇഷ്ടം രേഖപ്പെടുത്തുകയും ചെയ്ത കദളിപ്പഴം പോസ്റ്റിന് (https://www.facebook.com/thomasisaaq/posts/1174903592525780) വന്ന പല വര്‍ഗ്ഗീയ പ്രതികരണങ്ങളില്‍ ഒന്ന് താഴെ കൊടുക്കുന്നു.

''ഡോക്ടര്‍ തോമസ് ഐസ്സക്കിനും മറ്റു ക്രിസ്ത്യന്‍-മുസ്ലീങ്ങള്‍, മാര്‍ക്‌സിസ്റ്റുകാര്‍ക്ക് മനസ്സിലാകാത്ത, അല്ലെങ്കില്‍ അംഗീകരിക്കാന്‍ പറ്റാത്ത ഒരു കാര്യം ഗുരുവായൂരിലെ കദളിക്കുലയില്‍ ഉണ്ട്. തമിഴര് വലിയ ഭക്തരാണ്, പ്രത്യേകിച്ചും കൃഷിക്കാര്‍. നാഗര്‍കോവിലിനടുത്തുള്ള തോവാളയില്‍ ആണ് തീരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലേക്കും മറ്റും പൂക്കള്‍ നൂറ്റാണ്ടുകളായി എത്തുന്നത്. ആ പൂന്തോട്ടങ്ങള്‍ പോയി നോക്കിയാല്‍ അവ തന്നെ ക്ഷേത്രം പോലെ പരിശുദ്ധം ആണ്. ചെരിപ്പിട്ടു കൊണ്ട് കയറില്ല. തീണ്ടാരിയായ സ്ത്രീകള്‍ പൂ പറിക്കില്ല. തമിഴ്‌നാട്ടില്‍ അമ്പലങ്ങള്‍ക്കു വേണ്ടിയുള്ള കദളിവാഴ തോട്ടങ്ങളും ഇത് പോലെ ശുദ്ധമായി സൂക്ഷിക്കുന്നു. നിരീശരവാദികള്‍ ആയ സിപിഎം ഉല്പാദിപ്പിക്കുന്ന കദളിക്കുലകള്‍ ഗുരുവായൂര് ക്ഷേത്രത്തില്‍ ഉപയോഗിക്കുന്നത് തടയണം.'

എന്തൊരു വിവരക്കേടാണിത്? കദളിപ്പഴം കൃഷി ചെയ്യുന്നവര്‍ ഹിന്ദുക്കള്‍ ആയാല്‍ മാത്രം പോര. ഗുരുവായൂര്‍ അമ്പലത്തില്‍ അവരുടെ കദളിപ്പഴം ഉപയോഗിക്കണമെങ്കില്‍ അവര്‍ മാര്‍ക്സിസ്റ്റ്കാരോ നിരീശ്വരവാദികളോ ആവാന്‍ പാടില്ല പോലും. പുതുക്കാട് മണ്ഡലത്തിലെ മഹാഭൂരിപക്ഷം വീടുകളിലും ഏതാനും കദളി വാഴകളെങ്കിലും ഉണ്ട്. അവരുടെ വിശ്വാസപ്രമാണം ഇനി സംഘപരിവാര്‍ സര്‍ട്ടിഫൈ ചെയ്യണമെന്നാണ് ഈ പ്രതികരണക്കാരന്റെ ആഗ്രഹം. തീര്‍ന്നില്ല, ക്രിസ്ത്യാനിയായ തോമസ് ഐസകിന് ഗുരുവായൂര്‍ അമ്പലത്തിലെ കദളിപ്പഴത്തെ കുറിച്ച് പറയാന്‍ എന്തവകാശം എന്നും ഇദ്ദേഹം മറ്റൊരിടത്ത് ചോദിക്കുന്നുണ്ട്.

ഗുരുവായൂരിലെ കദളിക്കുലയെ കുറിച്ച് ഒന്നെനിക്കറിയാം. ദേവസ്വവും കുടുംബശ്രീയും ലേബര്‍ സഹകരണസംഘവും തമ്മില്‍ കരാറില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് കോണ്‍ട്രാക്ടര്‍മാര്‍ വഴിയാണ് കദളി വാങ്ങിയിരുന്നത്. കോണ്‍ട്രാക്ടര്‍മാര്‍ എവിടെ നിന്നു വാങ്ങുന്നു എന്നൊന്നും ആരും അന്വേഷിച്ചിരുന്നില്ല. പൂജാ കദളി അല്ല പലപ്പോഴും നല്‍കി വന്നത്. നല്ല കദളി ലഭ്യമല്ലാത്തത് കൊണ്ട് കദളിപ്പഴം ഉപയോഗിക്കുന്ന മരുന്നുകളുടെ ഉത്പാദനം തന്നെ പല ഔഷധശാലകളും നിര്‍ത്തലാക്കി. ഇന്ന് പൂജാ കദളി തന്നെ ഗുരുവായൂര്‍ അമ്പലത്തിനു ലഭിക്കും. അതിന്റെ വില ഒരു കരാറുകാരന്റെയും ഇടനിലയില്ലാതെ കൃഷി ചെയ്യുന്നവര്‍ക്ക് കിട്ടും. വിശ്വാസികള്‍ക്ക് യഥാര്‍ത്ഥ കദളി കിട്ടും, കര്‍ഷകര്‍ക്കു വിലയും.

ഈ സഹകരണം സാധ്യമായതിലെ നന്മയും സഹവര്‍ത്തിത്വവും എല്ലാവരിലും സന്തോഷമുണ്ടാക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ജനങ്ങള്‍ പരസ്പരം ഇത്തരത്തില്‍ സഹകരിക്കുന്നതു കാണുമ്പോള്‍, അയിത്ത ചിന്തകളും തൊട്ടുകൂടായ്മയുടെ ശാഠ്യങ്ങളും ഇന്നും മനസിലുളളവര്‍ക്ക് അങ്കലാപ്പാണ്. ആ സഹകരണം തകര്‍ക്കാനും നശിപ്പിക്കാനുമുളള വ്യാഖ്യാനങ്ങള്‍ക്കു വേണ്ടി അവരെന്തും ചെയ്യും. ഇവര്‍ നാടിനാപത്താണ്. അപകടകാരികളായ ഈ വര്‍ഗ്ഗീയവാദികള്‍ക്കൊപ്പം കൂടാനുളള ശ്രമമാണ് ഏറ്റവും വലിയ ഗുരുനിന്ദ എന്ന് ശ്രീനാരായണീയര്‍ തിരിച്ചറിയണം.

ഫേസ് ബുക്കില്‍ ഞാനെഴുതുന്ന വികസനക്കുറിപ്പുകള്‍ അരാഷ്ട്രീയമാണെന്നും ഫാസിസം പടിവാതിക്കല്‍ നില്‍ക്കുമ്പോള്‍ ഇതാണോ വേണ്ടത് എന്നും ചോദിക്കുന്ന ചില സുഹൃത്തുക്കളുണ്ട്. അവരോടെനിക്കുള്ള ഉത്തരം ഇതാണ്. ക്ലബുകളിലും വായനശാലകളിലും അയല്‍ക്കൂട്ടങ്ങളിലും സംഘകൃഷിയിലുമൊക്കെ രൂപപ്പെടുന്ന സാധാരണക്കാരുടെ കൂട്ടായ്മകളില്‍ പ്രതിഫലിക്കുന്ന മതനിരപേക്ഷ ജനകീയത വര്‍ഗ്ഗീയവാദികള്‍ക്കും ജാതിവാദികള്‍ക്കുമെതിരായ വലിയൊരു പ്രതിരോധമാണ്. രാഷ്ട്രീയ മണ്ഡലത്തില്‍ മാത്രമല്ല, പൗരസമൂഹത്തിലും വര്‍ഗ്ഗീയ ഫാസിസത്തിനെതിരായ പ്രതിരോധം വളര്‍ത്തിയെടുക്കേണ്ടതുണ്ട്.

( തോമസ് ഐസക്കിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories