TopTop
Begin typing your search above and press return to search.

ക്യാപിറ്റല്‍ ഇന്‍ ദ ട്വന്റിഫസ്റ്റ് സെഞ്ച്വറി - ഒരു വായന

ക്യാപിറ്റല്‍ ഇന്‍ ദ ട്വന്റിഫസ്റ്റ് സെഞ്ച്വറി - ഒരു വായന

ടീം അഴിമുഖം

ഫ്രഞ്ച് സാമ്പത്തികശാസ്ത്രജ്ഞനായ തോമസ്‌ പിക്കറ്റിയുടെ പുസ്തകം “ക്യാപിറ്റല്‍ ഇന്‍ ദ ട്വന്റിഫസ്റ്റ് സെഞ്ച്വറി” ലോകം മുഴവന്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. പുസ്തകം പ്രസിദ്ധീകരിച്ചത് ഫ്രഞ്ചിലാണ്. മാര്‍ച്ച് മുതല്‍ ഇംഗ്ലീഷ് വിവര്‍ത്തനവും എത്തിയിട്ടുണ്ട്. ഇന്ത്യയില്‍ പുസ്തകം ഇപ്പോള്‍ ലഭ്യമാണ്.

ഇക്കണോമിസ്റ്റ് മാസിക ഇദ്ദേഹത്തെ ആധുനികകാല (കാള്‍) മാര്‍ക്സ് എന്നാണ് വിശേഷിപ്പിച്ചത്. ഫിനാന്‍ഷ്യല്‍ ടൈംസ് ലേഖകന്‍ ഇദ്ദേഹത്തിന്റെ നിഗമനങ്ങളെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ഈ പുസ്തകം അവഗണിക്കാന്‍ ആര്‍ക്കും കഴിയില്ല. ഒട്ടുമിക്ക ആളുകളും ഈ പുസ്തകത്തെ പുകഴ്ത്തുകയാണ്.

പുസ്തകത്തിന് ലഭിച്ച ജനപ്രീതി അവിശ്വസനീയമാണ്. അത് പുസ്തകത്തിന്‍റെ വിഷയമായ ആഗോളഅസമത്വത്തെപ്പറ്റി ഒരു വിശാലമായ ചര്‍ച്ചയും തുടങ്ങിവെച്ചു. ആദായവിഭജനത്തെപ്പറ്റിയും രാഷ്ട്രങ്ങളുടെ സാമ്പത്തികനയങ്ങളെപ്പറ്റിയും ഉള്ള ധാരണകളെ ഇത് നാടകീയമായി തന്നെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്.പിക്കറ്റിയുടെയും മറ്റുചില സാമ്പത്തികശാസ്ത്രജ്ഞരുടേയും ഒരു ദശാബ്ദക്കാലത്തെ ഗവേഷണത്തിന്റെ ഫലമാണ് ഈ പുസ്തകം. പഠനത്തിനായി അവര്‍ ധനസമാഹരണത്തിന്റെ ചരിത്രപരമായ മാറ്റങ്ങളെയാണ് വിഷയമാക്കിയത്. വ്യവസായവിപ്ലവം മുതലുള്ള അസമത്വത്തിന്റെ ചരിത്രമാണ് പുസ്തകം വരച്ചുകാട്ടുന്നത്.

പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകളിലെ യൂറോപ്യന്‍ സമൂഹം ഉച്ചനീചത്വങ്ങളുടേതായിരുന്നു. ദേശീയആദായത്തെ ചെറുതാക്കുന്ന സ്വകാര്യമൂലധനം വളരെ കുറച്ചു ധനികകുടുംബങ്ങളുടെ കൈവശമായിരുന്നു. അവരാണ് കെട്ടുറപ്പുള്ള ഒരു വര്‍ഗഘടനയുടെ ഏറ്റവും മേലേത്തട്ടില്‍. വ്യവസായവല്കരണത്തിലൂടെ തൊഴിലാളികളുടെ വേതനം ഉയര്‍ന്നുവന്നെങ്കിലും ഈ ഘടനയില്‍ വലിയ മാറ്റമൊന്നും ഉണ്ടായില്ല.

ഈ രീതിക്ക് മാറ്റമുണ്ടായത് ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ കൊണ്ടുവന്ന പ്രശ്നങ്ങളോടെയാണ്. നികുതിവര്‍ദ്ധനയും വിലക്കയറ്റവും പാപ്പരത്തവും വെല്‍ഫെയര്‍ സ്റ്റേറ്റുകളുടെ വരവും ഒക്കെ നിമിത്തം മൂലധനം നാടകീയമായി ചുരുങ്ങി. വരുമാനവും ധനവും ഏറെക്കുറെ തുല്യമായി വീതിക്കപ്പെടുന്ന അവസ്ഥയുണ്ടായി. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഈ ഞെട്ടലുകള്‍ മാറി വീണ്ടും മൂലധനത്തിന്റെ തള്ളിക്കയറ്റം ഉണ്ടാവുകയാണ്. ഒന്നാം ലോകമഹായുദ്ധത്തിനു മുന്പ് ഉണ്ടായിരുന്ന അതേ രീതിയിലാണ് ഇന്ന് ആധുനികസമ്പദ് വ്യവസ്ഥകളില്‍ മൂലധനത്തിന്റെ പ്രാധാന്യം എന്നാണ് പിക്കറ്റിയുടെ വാദം.ഉയര്‍ന്ന സാമ്പത്തികവളര്‍ച്ച ഒരു സമൂഹത്തിന്റെ ധനത്തിന്റെ പ്രാധാന്യം കുറയ്ക്കുമ്പോള്‍ പതിയെയുള്ള വളര്‍ച്ച ധനത്തിന്റെ പ്രാധാന്യം കൂട്ടുകയാണ് ചെയ്യുന്നത്. എന്നാല്‍ ധനസമാഹരണത്തെ ബാധിക്കുന്ന സ്വാഭാവികശക്തികള്‍ ഒന്നും തന്നെയില്ല. ടെക്നോളജിയിലൂടെയൊ ജനസംഖ്യ വര്‍ദ്ധനയിലൂടെയോ ഗവണ്‍മെന്‍റ് ഇടപെടലിലൂടെയോ ഒക്കെയാണ് മാര്‍ക്സിനെ പേടിപ്പിച്ച പാട്രിമോണിയല്‍ ക്യാപ്പിറ്റലിസം തടയാന്‍ സമ്പദ് വ്യവസ്ഥകള്‍ക്ക് സാധിക്കുന്നത്.

ധനത്തിനുമേല്‍ ഗവണ്‍മെന്‍റുകള്‍ ഒരു ആഗോളനികുതി ഏര്‍പ്പെടുത്തണമെന്നും സാമ്പത്തികമോ രാഷ്ട്രീയമോ ആയ അസമത്വങ്ങള്‍ തടയാന്‍ ഇത് ഉപയോഗിക്കപ്പെടുത്തണമെന്നും പറഞ്ഞാണ് പിക്കറ്റി പുസ്തകം അവസാനിപ്പിക്കുന്നത്.

പുസ്തകത്തിന് ധാരാളം വിമര്‍ശങ്ങളുമുണ്ട്. ഭാവി ഭൂതകാലം പോലെ തന്നെയായിരിക്കും എന്ന് പിക്കറ്റി പറഞ്ഞുവയ്ക്കുന്നത് ശരിയാണോ എന്ന് ചിന്തിക്കുന്നവരുണ്ട്‌. കൂടുതല്‍ ധനമുള്ളിടത്തോളം അതില്‍ നിന്ന് ലാഭമുണ്ടാക്കല്‍ ബുദ്ധിമുട്ടായിത്തീരുമെന്നാണ് പഠനം. ഇന്നത്തെ അതിസമ്പന്നര്‍ക്ക് അവരുടെ ജോലിയിലൂടെയാണ് പാരമ്പര്യത്തിലൂടെയല്ല ധനം ലഭിക്കുന്നത്. പിക്കറ്റിയുടെ നയ ശുപാര്‍ശകള്‍ സാമ്പത്തികശാസ്ത്രപരമായല്ല തത്വശാസ്ത്രപരമായി ഉണ്ടായവയാണെന്നും അത് ഗുണത്തെക്കാള്‍ ദോഷമാകും ചെയ്യുക എന്നും പറയുന്നവരുണ്ട്. എന്നാല്‍ ഡാറ്റയുടെയും വിശകലനത്തിന്റെയും കാര്യത്തില്‍ വിമര്‍ശകര്‍ക്കും എതിരഭിപ്രായങ്ങളില്ല. പിക്കറ്റി പോളിസിയില്‍ മാറ്റമുണ്ടാക്കുന്നതില്‍ വിജയിച്ചാലും ഇല്ലെങ്കിലും ഇ വിഷയത്തെപ്പറ്റി ചിന്തിക്കാന്‍ ആയിരക്കണക്കിന് വായനക്കാരെയും ധാരാളം സാമ്പത്തികശാസ്ത്രജ്ഞരെയും അദ്ദേഹം പ്രേരിപ്പിക്കും എന്നുറപ്പ്.അസാമാന്യമായ ഒറിജിനാലിറ്റിയും ആഗ്രഹവും കാര്‍ക്കശ്യവുമുള്ള ഒരു പുസ്തകമാണിത്. സാമ്പത്തികയാഥാര്‍ഥ്യങ്ങള്‍ മനസിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ വായിച്ചിരിക്കേണ്ട പുസ്തകം. ഒരുനേരത്തെ ആഹാരം കിട്ടാതെ കുട്ടികള്‍ മരിക്കുന്ന ആദിവാസിഗ്രാമങ്ങളുടെ അരികില്‍ തന്നെ വമ്പന്‍ ഷോപ്പിംഗ്‌ മാളുകളും തിളങ്ങുന്ന കാര്‍ ഷോറൂമുകളും ഉണ്ടാകുന്നത് എങ്ങനെ എന്ന അമ്പരപ്പ് ഉണ്ടായിട്ടുണ്ടെങ്കില്‍, വളര്‍ച്ചയുള്ളപ്പോഴും ഈ അന്തരം എങ്ങനെ ഉണ്ടാകുന്നു എന്ന് മനസിലാക്കാന്‍ ഈ പുസ്തകം സഹായിച്ചേക്കും.

പുസ്തകം ഇവിടെ നിന്നും വാങ്ങാം.

http://www.amazon.in/Capital-Twenty-First-Century-Thomas-Piketty/dp/067443000X/ref=sr_1_1?s=books&ie=UTF8&qid=1401415004&sr=1-1&keywords=piketty


Next Story

Related Stories