TopTop
Begin typing your search above and press return to search.

സ്വതന്ത്രമായ കമന്ററിയെ കളിക്കളത്തിന് പുറത്ത് നിര്‍ത്തുന്ന ബിസിസിഐ

സ്വതന്ത്രമായ കമന്ററിയെ കളിക്കളത്തിന് പുറത്ത് നിര്‍ത്തുന്ന ബിസിസിഐ

അഴിമുഖം പ്രതിനിധി

ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗിലെ (ഐ പി എല്‍) കളിവിശകലന,വിവരണ വിദഗ്ദ്ധരുടെ പട്ടികയില്‍ നിന്നും ഹര്‍ഷ ഭോഗ്ലെയെ നീക്കാനുള്ള തീരുമാനം ജസ്റ്റിസ് ലോധ സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകത ഒരിക്കല്‍ക്കൂടി തെളിയിക്കുന്നു.

മുന്‍ കളിക്കാര്‍ പലതരം ചുമതലകള്‍ വഹിക്കുന്നതിന്റെ ഔചിത്യം, തത്സമയവിവരണം നല്‍കുന്നവരുടേതടക്കം, വിരുദ്ധ താത്പര്യങ്ങളുടെ പേരില്‍ സമിതി ചോദ്യം ചെയ്യുന്നുണ്ട്. ഒരു ക്രിക്കറ്റ് കളിക്കാരന് മേലുള്ള നിരോധനം അയാളുടെ ടെലിവിഷന്‍ പണികള്‍ക്കും ബാധകമാക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്യുന്നു.

പക്ഷേ,‘സുതാര്യതയും നോട്ടപ്പിഴയും’ എന വിഭാഗത്തില്‍പ്പെടുത്തിയാണ് ഏറ്റവും നിശിതമായ നിരീക്ഷണം: “ക്രിക്കറ്റ് കളിവിവരണത്തിന്റെ കാര്യത്തില്‍പ്പോലും ബി സി സി ഐ ക്കെതിരെയോ തെരഞ്ഞെടുക്കല്‍ (കളിക്കാരെ)പ്രക്രിയക്കെതിരെയോ ഒരു വിമര്‍ശവും ഉണ്ടാകാന്‍ പാടില്ലെന്നുള്ള കരാര്‍ ഉപാധിയുണ്ട്. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്. കളിയുമായി ബന്ധപ്പെട്ട എന്തിനെയും കുറിച്ചായിരിക്കണം വസ്തുതാപരമായ വിവരണം. കളിവിവരണം നടത്തുന്നവര്‍ക്ക് സ്വതന്ത്രവും വസ്തുനിഷ്ഠവുമായി അഭിപ്രായം പറയാനാകണം.”

എന്തുകൊണ്ടാണ് കളിയുടെ വിവരണം നടത്തുന്നവര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം അത്യന്താപേക്ഷിതമാകുന്നത്?

കാരണം, തലതിരിച്ചിട്ട പിരമിഡ് ആയ അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ (ഐ സി സി) തലപ്പത്തിരിക്കാന്‍ ബി സി സി ഐ ആഗ്രഹിക്കുന്നതുകൊണ്ട് മറ്റ് രാജ്യങ്ങള്‍ക്ക് ചില നല്ല മാതൃകകള്‍ അവര്‍ കാണിക്കേണ്ടതുണ്ട്. കളിയുടെ തത്സമയവിവരണത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുകയാണ് അതിലൊന്ന്. ശരാശരി ഉപഭോക്താവ് ടെലിവിഷനിലെ ആദ്യ അടയാളത്തില്‍ ആകൃഷ്ടനാകും.ഒരുതരത്തില്‍ ഈ കുഴപ്പങ്ങളുടെ ആദ്യപടി 1990-കളില്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ പ്രസാര്‍ ഭാരതിക്കെതിരെ ജഗ്മോഹന്‍ ഡാല്‍മിയ നല്കിയ കേസിലുണ്ട്. ഡാല്‍മിയ ആ കേസ് ജയിച്ചതോടെ സംപ്രേഷണാവകാശം നല്കാനുള്ള ലേലം വിളി ബി സി സി ഐ തുടങ്ങി. 1992-93-ലെ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരക്കുള്ള 18 ലക്ഷത്തിന്റെ കരാര്‍ TWI-യില്‍ നിന്നും കിട്ടിയതിനുശേഷം ബി സി സി ഐ തിരിഞ്ഞുനോക്കിയിട്ടില്ല. ഒന്നിന് പുറകെ ഒന്നായി വന്‍ലേലം വിളികള്‍. ഇതുകൊണ്ടും തൃപ്തിവരാതെ ബി സി സി ഐ സ്വന്തം ടി വി പരിപാടി നിര്‍മ്മാണം തുടങ്ങി. പിന്നെ ബോര്‍ഡിന്റെ പണം വാങ്ങുന്ന മുന്‍ കളിക്കാരെ കളിവിവരണക്കാരായി നിയമിക്കുന്ന ഏര്‍പ്പാട് തുടങ്ങി. അവര്‍ സംപ്രേഷണാവകാശമുള്ള കമ്പനിയുമായുള്ള കരാറിന്റെ ഭാഗ്മായിരുന്നില്ല. കാര്യങ്ങള്‍ വേഗത്തില്‍ മോശമായി. ക്രിക്കറ്റ് കളിക്കാര്‍ക്ക് ഏത് അടിയുമടിക്കാം, പക്ഷേ കളി വിവരിക്കുന്നവര്‍ക്ക് വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമില്ല. സത്യത്തില്‍ ആര്‍ക്കും തങ്ങളുടെ മനസിലുള്ളത് പറയാന്‍ സ്വാതന്ത്ര്യമില്ല. വലിയ വിവാദങ്ങള്‍ക്കിടയിലും ബി സി സി ഐ ഒട്ടും സുതാര്യമല്ലാതെ ഐ പി‌ എല്‍ നടത്തിയത് ആളുകള്‍ മറന്നിട്ടില്ല. കാണികള്‍ക്കും കേള്‍ക്കുന്നവര്‍ക്കും അരോചകമായ വിധത്തില്‍ തത്സമയ വിവരണക്കാര്‍ ഒന്നും സംഭവിക്കാത്ത വിധത്തിലായിരുന്നു തങ്ങളുടെ പണി തുടര്‍ന്നത്. വിഷമിപ്പിക്കുന്ന ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ മാധ്യമ മാനേജര്‍മാര്‍ ശ്രമിക്കവേ ചാംപ്യന്‍സ് ട്രോഫിക്ക് പോകും മുമ്പുള്ള പത്രസമ്മേളനത്തില്‍ എം എസ് ധോനി അതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് ചിരിക്കുക മാത്രം ചെയ്തു. സകലര്‍ക്കും അറിയാമായിരുന്നിട്ടും എല്ലാവരും ഇരുട്ടില്‍ത്തപ്പി.

എന്നാലും ധോനിക്ക് ഒരഭിപ്രായം ഉണ്ടായിരുന്നു എന്നു നമുക്കറിയാം. ആവേശകരമായ ഒരു വിജയത്തിനും മനംമടുപ്പിക്കുന്ന തോല്‍വിക്കും ശേഷമൊക്കെ മാധ്യമപ്രവര്‍ത്തകര്‍ എങ്ങനെയാണ് ചോദ്യങ്ങള്‍ ചോദിക്കേണ്ടതെന്നതിനെക്കുറിച്ച് അയാള്‍ക്ക് അഭിപ്രായങ്ങളുണ്ട്. കൃഷിക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമൊക്കെ ഏറെ നിര്‍ണായകമായ മഹാരാഷ്ട്രയിലെ ജലദൌര്‍ലഭ്യത്തെക്കുറിച്ചുപോലും അയാള്‍ ഈയിടെ അഭിപ്രായം പറഞ്ഞു. അപ്പോള്‍ തങ്ങള്‍ നിരീക്ഷിക്കാന്‍ നിയുക്തരായ കളിയെക്കുറിച്ച് അഭിപ്രായം പറയാന്‍ കളിയുടെ വിവരണം നടത്തുന്നവര്‍ക്ക് സ്വാതന്ത്ര്യമില്ലേ? ബി സി സി ഐയുടെ പങ്കാണ് ഇതിലെ പൊതുഘടകം. 2013-ലെ വിവാദത്തിന് ശേഷം തലകളേറെ ഉരുണ്ടെങ്കിലും അത് അധികമൊന്നും മാറിയിട്ടില്ല.ഇന്ത്യ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യക്കാരായ വിവരണക്കാര്‍ക്ക് തുല്യ അവസരം നല്‍കുന്നതില്‍ ബി സി സി ഐയെ കുറ്റപ്പെടുത്താന്‍ കഴിയില്ല. പക്ഷേ അതിന്റെ കൂടെ കാണികള്‍ക്ക് നഷ്ടമാകുന്നത് റിച്ചി ബനൌടിന്റെയും മൈക്കല്‍ ഹോല്‍ഡിങ്ങിന്റെയും മൂടിവെക്കാത്ത അഭിപ്രായങ്ങളാണ്.

ഭോഗ്ലെയെ ഒഴിവാക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്റെ ട്വീറ്റും ധോനി അത് വീണ്ടും ട്വീറ്റ് ചെയ്തതും ഒരു കാരണമാണെന്ന് പറയുന്നു. അങ്ങനെയാണ് കാര്യങ്ങളെങ്കില്‍ സ്വാഭിപ്രായം മടികൂടാതെ പറയുന്ന ഒരാളില്‍ ബി സി സി ഐക്കുള്ള അവിശ്വാസമാണ് ഈ തീരുമാനം കാണിക്കുന്നത്. കഴിഞ്ഞ മാസം നടന്ന ലോക ടി-20 മത്സരത്തില്‍ ബി സി സി ഐ അദ്ധ്യക്ഷന്‍ ശശാങ്ക് മനോഹറിന്റെ ആസ്ഥാനമായ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷനിലെ ഒരു ഭാരവാഹിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടതും ഭോഗ്ലെയെ ഒഴിവാക്കാനുള്ള കാരണങ്ങളിലൊന്നായി പറയുന്നുണ്ട്.

കൃത്യം കാരണം എന്തായാലും ശരി പണമെറെ ഒഴുകുന്ന ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് ചാടാന്‍ കാത്തിരിക്കുന്ന വിദേശ കളിവിശകലനവിദഗ്ധന്‍മാര്‍ക്ക് ഇതൊരു അവസരമാണ്. ഇന്ത്യയില്‍ നിന്നുള്ള പലരും ഭോഗ്ലെയെ പോലെ മിടുക്കരല്ല. വിമതശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നത് ഒരു പതിവാകുന്ന ഈ കാലത്ത് ക്രിക്കറ്റ് കളി വിവരണക്കാര്‍ സ്വാഭിപ്രായം തുറന്നു പറയേണ്ടതുണ്ട്. ലോകത്ത് ഇന്ത്യക്ക് വിജയകരമായി വില്‍ക്കാന്‍ കഴിഞ്ഞ ഏകകളി ക്രിക്കറ്റാണ്. പക്ഷേ ഇന്ത്യയെ ആ കളിയുടെ ഒരു നല്ല മാതൃകയായി ലോകം കാണേണ്ടതുണ്ട്. അതിന്റെ ആദ്യപടി കളിയുടെ വിവരണം നല്‍കുന്നവരോട് ന്യായമായി പെരുമാറുക എന്നതാണ്.

ബി സി സി ഐ സ്വന്തമായി ഒന്നും ചെയ്യാന്‍ സാധ്യതയില്ലാത്തതിനാല്‍ ജസ്റ്റിസ് ലോധ സമിതിയുടെ ശുപാര്‍ശകള്‍ അല്പം വെളിച്ചം വീശാന്‍ സഹായിക്കും.

ഈ തരത്തിലൊന്ന് നോക്കൂ, മാര്‍ക് നികോളാസ് ആ പംക്തി എഴുതിയില്ലായിരുന്നുവെങ്കില്‍ ലോക T-20ക്കു ആവേശത്തിലിറങ്ങാന്‍ വെസ്റ്റ് ഇന്‍ഡീസിന് ഒരു കാരണം കുറഞ്ഞേനെ. അവര്‍ വിജയിച്ചപ്പോള്‍ നിക്കോളാസ് പെട്ടെന്ന്‌ മാപ്പ് പറഞ്ഞു. ക്രിക്കറ്റിന്റെ ജനപ്രിയത ഏറുന്നത് നിരീക്ഷകരും കളിക്കാരും തമ്മിലുള്ള ഈ പല മാനങ്ങളുള്ള ബന്ധങ്ങളിലാണ്. ഒരു നിരീക്ഷകന് അല്ലെങ്കില്‍ മാധ്യമപ്രവര്‍ത്തകന് ഒരു കളിക്കാരനെപ്പോലെ ബാറ്റ് വീശേണ്ട കാര്യമില്ല. ഒരു കളിക്കാരന് കളിയെ സൂക്ഷ്മമായി കീറിമുറിക്കേണ്ട കാര്യവുമില്ല. പക്ഷേ ഇത് രണ്ടും സ്വതന്ത്രമായി നടക്കേണ്ടത് ക്രിക്കറ്റിന്റെ ആവശ്യമാണ്.


Next Story

Related Stories