TopTop
Begin typing your search above and press return to search.

മൊബൈല്‍ ഫോണ്‍ സംഗീത കാലത്ത് റഹ്മാനെ കേള്‍ക്കുമ്പോള്‍

മൊബൈല്‍ ഫോണ്‍ സംഗീത കാലത്ത് റഹ്മാനെ കേള്‍ക്കുമ്പോള്‍

ജനുവരി 6 ന് ഏ ആര്‍ റഹ്മാന്റെ നാല്പത്തിയൊന്‍പതാം ജന്‍മദിനമായിരുന്നു. തൊണ്ണൂറുകള്‍ മുതല്‍ നമ്മളില്‍ പലരുടെയും ജീവിതത്തിനു ഒപ്പം കൂടിയ ഒരു സംഗീത ധാരയാണ് ഏ ആര്‍ റഹ്മാന്‍റേത്. റഹ്മാന്റെ സംഗീതത്തെ കുറിച്ച് ഒരു കുറിപ്പെഴുതാന്‍ ശ്രമിക്കുമ്പോള്‍ ഓരോ വാചകങ്ങളെ വിശദീകരിച്ചു കൊണ്ട് ഓരോ ലേഖനങ്ങള്‍ തന്നെ വികസിപ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്നു. ഒരു കോളം എന്ന നിലയിലുള്ള പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് റഹ്മാന്‍ സംഗീതത്തിന്റെ ചില മാനങ്ങളെ കുറിച്ച് മാത്രം എഴുതാം.

റഹ്മാന്റെ സംഗീതം സംഗീതത്തിന്റെ രൂപപരമായ മാറ്റങ്ങള്‍ മാത്രമല്ല ഉണ്ടാക്കിയത്. കേള്‍വി, കേള്‍വിയുടെ ഇടങ്ങള്‍ ആലാപനത്തേയും സംഗീത ഉപകരണങ്ങളെ സമീപിക്കുന്ന രീതിയിലും സംഗീതത്തിലെ ടെക്നോളജിയുടെ സ്ഥാനം എന്നിവയെ ഒക്കെ തന്നെ മാറ്റിത്തീര്‍ക്കുകയാണ് ചെയ്തത്. ഈ ഓരോ മേഖലയും വിശദമായി ചര്‍ച്ച ചെയ്യാന്‍ പറ്റുന്നവ തന്നെ. അവയെ പൊതുവായി സമീപിക്കാന്‍ മാത്രമായിരിക്കും ഇവിടെ കഴിയുക. റഹ്മാന്റെ സംഗീതത്തിന്റെ രൂപപരവും കേള്‍വിയുമായി ബന്ധപ്പെട്ട വിഷയത്തിലേക്ക് കടക്കുന്നതിനു മുന്‍പ് കേള്‍വിക്കാരുടെ ലോകത്തെ എങ്ങനെയാണ് റഹ്മാന്‍ സമീപിച്ചത് എന്ന് നോക്കാം. റഹ്മാന്‍ എപ്പോഴും കേള്‍വിക്കാരോടൊപ്പം നില്‍ക്കുന്ന ഒരാളാണ്. 'കേള്‍വി' എന്ന ഇടപാടിനെ എങ്ങനെയാണ് സംഗീതത്തിലൂടെ റഹ്മാന്‍ സമീപിച്ചത് എന്നത് ആലോചിക്കാന്‍ ശ്രമിക്കാം.

എയര്‍ടെല്‍ എന്ന മൊബൈല്‍ സര്‍വീസിന്റെ റിംഗ്ടോണ്‍ വളരെയേറെ ജനപ്രീതി നേടുകയുണ്ടായി. ഈ സംഗീത സൃഷ്ടി റഹ്മാന്‍ സംഗീതം എന്ന നിലയില്‍ തന്നെയാണ് ആസ്വദിക്കപ്പെട്ടത്‌. റഹ്മാന്‍ അതിനെ സമീപിച്ചത് ഒരു ജനപ്രിയ സംഗീത സൃഷ്ടിയെന്ന നിലയില്‍ തന്നെയാണ്. എയര്‍ടെല്‍ കമ്പനി അവകാശപ്പെട്ടത്‌ 2009 ല്‍ 200 ദശലക്ഷം പേര്‍ ഈ റിംഗ്ടോണ്‍ ഡൌണ്‍ലോഡ് ചെയ്തുവെന്നാണ്. വാള്‍സ്ട്രീറ്റ് സ്ട്രീറ്റ് ജേര്‍ണലില്‍ വന്ന ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യയിലെ സംഗീത വിപണിയെ നയിക്കുന്നത് ഇന്റര്‍നെറ്റല്ല, മറിച്ചു മൊബൈല്‍ ആണെന്നാണ്‌. 2012 ല്‍ തന്നെ ഇന്ത്യന്‍ സംഗീത വിപണിയുടെ 7.5 ബില്ല്യണ്‍ മൊത്തം വരുമാനത്തിന്റെ 30 ശതമാനത്തോളമായിരുന്നു റിംഗ് ടോണുകളുടെയും മൊബൈല്‍ ഫോണുകളിലെ പാട്ടുകളുടെയും വില്പന എന്ന് പ്രൈസ് വാട്ടര്‍ ഹൌസ് കൂപ്പര്‍ കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ആ വര്‍ഷങ്ങളില്‍ തന്നെ മൊബൈല്‍ സംഗീതം ഒരു സംഗീത ശാഖ തന്നെയായി മാറി കഴിഞ്ഞിരുന്നു എന്ന് മനസിലാക്കാം. എയര്‍ടെല്‍ റിംഗ് ടോണിന്‍റെ ജനപ്രിയത ഒരു പുതിയ 'ശ്രോതാവി'നെ തന്നെ ഇന്ത്യന്‍ സംഗീത മേഖലയിലേക്ക് കൊണ്ടുവന്നു എന്ന് തന്നെ പറയാം. ഫിനീഷ് കമ്പ്യൂട്ടര്‍ പ്രോഗ്രാമറായിരുന്ന വെസ്കു പന്നേന്‍ മൊബൈല്‍ ഓപറേറ്റര്‍മാരോടും മൊബൈല്‍ നിര്‍മ്മാതാതാക്കളോടും ജനപ്രിയ പാട്ടുകള്‍ മൊബൈലില്‍ ഓഫര്‍ ചെയ്യുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തപ്പോള്‍ “റിംഗ്ടോണോ? അതെന്താണ്?” എന്നൊക്കെ ചോദിച്ചു എന്നും പിന്നീടു ഫിനിഷ് ഓപെറേറ്റര്‍ റേഡിയോ നിന്‍ജ ലോകത്തെ ആദ്യത്തെ കമേര്‍ഷ്യല്‍ റിംഗ്ടോണ്‍ സര്‍വീസ് ആരംഭിച്ചു എന്നുമാണ് റിംഗ് ടോണുകളുടെ ചരിത്രം അന്വേഷിക്കുമ്പോള്‍ കിട്ടുന്ന സൂചനകള്‍.റഹ്മാന്‍ മൊബൈല്‍ സംഗീത മേഖലയില്‍ പ്രവേശിച്ചത്‌ ഒരു ശ്രദ്ധേയമായ ഒരു കാര്യമാണ്. അദേഹം ജിംഗിളുകളും മറ്റും ഇതുനു മുന്‍പ് ചെയ്തിട്ടുണ്ടെങ്കിലും മൊബൈല്‍ ഫോണുകള്‍ കൊണ്ട് വന്ന സംഗീതയിടം വ്യത്യസ്തമായിരുന്നു. 'പങ്കു വെക്കല്‍' എന്നത് ഒരു സാങ്കേതിക സാധ്യതയാക്കിയത് മൊബൈല്‍ ഫോണുകളുടെ ഫീച്ചറുകള്‍ ആണ്. ഒരുപക്ഷെ കേള്‍വിക്കാര്‍ക്ക് അവര്‍ എന്ത് കേള്‍ക്കണം, എങ്ങനെ കേള്‍ക്കണം, ആരുമായി എന്ത് പങ്കുവെക്കണം എന്ന് തീരുമാനിക്കാന്‍ പറ്റുന്ന ഒന്നാവണം മൊബൈല്‍ ഫോണ്‍. മറ്റൊന്ന് ഒരു കാലത്ത് പോര്‍ട്ടബിള്‍ ടേപ്പ് റിക്കോര്‍ഡുകള്‍ കൊണ്ടുവന്ന 'കൊണ്ട് നടക്കാനുള്ള' സാധ്യതകളെ ഒക്കെ തകര്‍ത്ത കൊണ്ടുനടക്കുന്നതിന്റെ അപാര സാധ്യതകള്‍ ആയി മാറിയ ഒന്നാണ് ഈ ഉപകരണം. യാത്രയിലും മറ്റു ജോലികള്‍ക്കിടയിലും ഈ ഉപകരണത്തിന്റെ ചിതറിയ രീതിയിലുള്ള ഉപയോഗം സംഗീതം കേള്‍ക്കുന്ന ശീലങ്ങളെ തന്നെ മാറ്റി തീര്‍ത്തിട്ടുണ്ട്. ഇനിയും പഠന വിഷയമാക്കേണ്ട ഒരു കേള്‍വീ ശീലമാണ് അത്. റഹ്മാന്‍ ഈ മേഖലയില്‍ കടന്നു വരുന്നത് തന്നെ മറ്റു സംഗീതജ്ഞരില്‍ നിന്നുമദ്ദേഹം എത്രത്തോളം വ്യത്യസ്തനാണ് എന്ന് തെളിയിക്കുന്നു. അദ്ദേഹം കേള്‍വിക്കാരുടെ ഒപ്പം നില്‍ക്കുന്നു. പെര്‍ഫെക്റ്റ്‌ ആണോ പെര്‍ഫെക്റ്റ് അല്ലേ എന്ന രീതിയിലല്ല ഇപ്പോള്‍ ആസ്വാദകര്‍ സംഗീതം ശ്രവിക്കുന്നതെന്നും അവര്‍ക്ക് പുതിയ ശബ്ദങ്ങള്‍ വേണമെന്നും അദ്ദേഹം പറയുന്നു.

ഒരു വിക്ടോറിയന്‍ സംഗീത ഹാള്‍ പോലെ പരിശുദ്ധമായ ഒരു ഇടമല്ല മൊബൈല്‍ ഫോണ്‍. പങ്കു വെക്കാനുള്ള സാങ്കേതിക സാധ്യതകള്‍ മൊബൈല്‍ ഫോണിനെ ഒരു 'അപകടകരമായ' ഒരു ഉപകരണമാക്കി തീര്‍ത്തിട്ടുണ്ട്. 'ദൈനംദിനം'(everydayness) എന്ന ഒരു സ്വഭാവമായിരിക്കും അതിനെ വേറിട്ടതാക്കുന്നത്. പങ്കുവെക്കപ്പെടുന്ന ഒരു സമകാലികത ആണ് പ്രധാനമായി വരുന്നത്. തങ്ങളുടെ ഓര്‍മകളെയും ജീവിതത്തെയും സംഗീത അനുഭവങ്ങളെയും എങ്ങനെയാണ് ഈ ഉപകരണത്തിന്റെ സാധ്യതകളിലൂടെയും ശീലങ്ങളിലൂടെയും ജനങ്ങള്‍ ചിട്ടപ്പെടുത്തുന്നത് എന്നത് അന്വേഷിക്കേണ്ട ഒന്നാണ്.റഹ്മാനിലേക്ക് തിരിച്ചു വന്നാല്‍, ഇവിടെ അദ്ദേഹം ഒരേ സമയം സംഗീതത്തതിന്റെ 'രൂപ'ത്തോടും ടെക്നോളജിയോടും ഇടപെടുന്നു എന്നു കാണാം. ഇവ തമ്മില്‍ വേര്‍തിരിക്കാന്‍ തന്നെ ബുദ്ധിമുട്ടാണ്, കാരണം ഇവ രണ്ടു പരസ്പരം നിര്‍ണ്ണയിക്കുന്നു. ടെക്നോളജി സംഗീതത്തിന്റെ ഒരു വാഹനമായിട്ടല്ല പ്രവര്‍ത്തിക്കുന്നത്. മറിച്ച് രൂപം തന്നെയായി അത് മാറുന്നു. മറ്റു സംഗീത സംവിധായകരില്‍ നിന്നും വ്യത്യസ്തമായി റഹ്മാന്‍ അദ്ദേഹത്തിന്റെ സംഗീതത്തില്‍ സംഗീതവും ടെക്നോളജിയും തമ്മിലുള്ള ബന്ധത്തെ രേഖപ്പെടുത്തുന്നു. പലപ്പോഴും സ്വയം ആവര്‍ത്തിക്കുന്നു എന്ന ആരോപണം കേള്‍ക്കേണ്ടി വരുന്നത് തന്നെ പുതിയ സംഗീതയിടങ്ങള്‍, ടെക്നോളജി, കേള്‍വീ ശീലങ്ങള്‍ എന്നിവ കണ്ടെത്താനുള്ള ചില സവിശേഷ ശ്രമങ്ങള്‍ കാരണമാണ്.

തങ്ങളുടെ എക്സ്പ്രസ്സ്‌ മ്യൂസിക് ഫോണുകള്‍ക്ക് വേണ്ടിയും 5800 എക്സ്പ്രസ്സ്‌ മ്യുസിക്കിന് ഒപ്പവും നോക്കിയ ഇറക്കിയ ഏ ആര്‍ റഹ്മാന്റെ കണക്ഷന്‍സ് എന്ന മ്യൂസിക് ആല്‍ബം അദ്ദേഹം ടെക്നോളജിയും പുതിയ കേള്‍വിയിടങ്ങളുമായും ശീലങ്ങളുമായും അതിലൂടെ എങ്ങനെ സ്വന്തം സംഗീത സങ്കല്‍പ്പങ്ങളെ മാറ്റി തീര്‍ക്കുന്നുവെന്നും തെളിയിക്കുന്ന ഒന്നാണ്.

കണക്ഷന്‍സ് എന്ന ആല്‍ബത്തിലെ 'മൈലാപൂര്‍ ബ്ലൂസി'നെ കേള്‍ക്കാന്‍ ശ്രമിക്കാം. ഈ സൃഷ്ടി ഒരു പക്ഷെ ആദ്യ കേള്‍വിയില്‍ ഒരു പാശ്ചാത്യ/പൌരസ്ത്യ ഫ്യൂഷന്‍ സംഗീതമായി പെട്ടന്നു മനസ്സിലാക്കപ്പെടും.എന്നാല്‍ സ്ഥിരമായി നമ്മള്‍ കേട്ടുവരുന്ന ഫ്യൂഷന്‍ സംഗീതത്തില്‍ നിന്നും വ്യത്യസ്തമായി ഇത് ആ 'ഫ്യൂഷന്‍' സങ്കല്‍പ്പത്തെ ഉലയ്ക്കുന്നുണ്ട്. പൌരസ്ത്യം/പാശ്ചാത്യം തുടങ്ങിയ പരമ്പാരാഗത സങ്കല്‍പ്പങ്ങളെയാണ് സാധരണയായി 'ഫ്യൂഷന്‍' എന്ന പേരില്‍ നമ്മുടെ നാട്ടില്‍ അറിയപ്പെടുന്ന സംഗീത ശൈലികള്‍ ആശ്രയിക്കുന്നത്. പണ്ട് മാര്‍ഗരറ്റ് കുസിന്‍സ് പോലുള്ളവര്‍ മുന്നോട്ട് വച്ച “പാശ്ചാത്യലോകം ഉപകരണ സംഗീതത്തിന്റെ സാമ്രാജ്യവും പൌരസ്ത്യ ലോകം ശാരീരത്തിന്റെ (voice) സാമ്രാജ്യവും” ആണെന്ന ഒറിയന്റലിസ്റ്റ്/കൊളോണിയല്‍ സങ്കല്‍പ്പങ്ങളെ പിന്‍പറ്റിയാണ്‌ പലപ്പോഴും പാശ്ചാത്യ /പൌരസ്ത്യ സംഗീത ഫ്യൂഷന്‍ നടത്തുന്നത്.

റഹ്മാന്റെ സംഗീതം ഈ ഫ്യൂഷന്‍ സംഗീത സങ്കല്‍പ്പത്തിന്റെ കടയ്ക്കല്‍ കത്തി വെക്കുന്നു. അദ്ദേഹത്തിന്റെ “ഫ്യൂഷനില്‍” വളരെയേറെ ട്രാക്കുകള്‍ ഉണ്ട്. ഇവ ഒന്നും തന്നെ ഒരര്‍ത്ഥത്തില്‍ ഫ്യൂസ് ചെയ്യുന്നില്ല. സ്വതന്ത്രമായി നിലനില്‍ക്കുകയും വ്യത്യസ്തമായി കേള്‍ക്കപ്പെടുകയും ചെയ്യുന്നു. ഒരൊറ്റ ശബ്ദത്തിലേക്ക് മിക്സ് ചെയ്യപ്പെടാതെ അവ വ്യത്യസ്ത ശബ്ദങ്ങളിലൂടെ സംവദിക്കുന്നു. ചില ശബ്ദങ്ങള്‍ ഉയര്‍ന്നതും ചിലവ വളരെ പതിഞ്ഞ ശബ്ദത്തിലുമാണ്. ഒരേ സമയം വ്യത്യസ്ത സംഗീത സമ്പ്രദായങ്ങളും വ്യത്യസ്ത കാലങ്ങളും നിലനില്‍ക്കുന്നു. അതുകൊണ്ട് തന്നെ ഒരേ സമയം വ്യത്യസ്ത കേള്‍വികള്‍ സാധ്യമാണ് എന്നതാണ് റഹ്മാന്‍ സംഗീതത്തിന്റെ പ്രത്യേകത. അദ്ദേഹത്തിന്റെ സംഗീതത്തില്‍ വ്യത്യസ്ത സംഗീത ശകലങ്ങള്‍ ഇടയ്ക്ക് കയറി വരുകയും മറ്റൊരു അവസരത്തില്‍ അപ്രത്യക്ഷമാകുകയും ചെയ്യുന്നത് വഴി ഒരു രേഖീയമായ പ്രോഗ്രഷന്‍ (progression) പാലിക്കാന്‍ വിസമ്മതിക്കുന്നു. പിന്നെ മുന്നോട്ടുള്ള ചലനത്തിന് പകരം പിറകോട്ടു സഞ്ചരിക്കുന്നത് പോലെ തോന്നിപ്പിക്കുന്ന ശ്രമങ്ങളും അദ്ദേഹം ചെയ്യാറുണ്ട്. അന്‍പേ അന്‍പേ കൊല്ലാതെ എന്ന പാട്ടിന്റെ റിഥം എനിക്കങ്ങനെയാണ് അനുഭവപ്പെടുന്നത്.മൈലാപൂര്‍ ബ്ലൂസില്‍ കര്‍ണാട്ടിക് (മൃദംഗം,ഘടം,മുഖര്‍ഷന്ഗ്) ആയ ഒരു താളത്തിന്റെ ട്രാക്കും ജാസ് ഡ്രം ട്രാക്കും, ബാസ് ട്രാക്കും ഉണ്ട് . ഈ ട്രാക്കുകള്‍ സമാന്തരമായി സഞ്ചരിക്കുന്നു.പലയിടങ്ങളിലും വോള്യം കുറഞ്ഞും കൂടിയും വരുന്നു. ഒരു ഡിസ്റ്റോര്‍ട്ടഡ് ബ്ലൂസ് ഗിറ്റാര്‍ അതെ പോലെ തന്നെ വോള്യം കൂടിയും കുറഞ്ഞു ലീഡ് ആയി വരുന്നുണ്ട്. സാമ്പ്ലിങ്ങിന്റെയും ലൂപുകളുടെയും സാധ്യതകള്‍ വളരെയുള്ള ഈ സമയത്ത് യഥാര്‍ത്ഥ ടോണുകള്‍ എന്താണെന്ന് കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നില്ല. സ്ലംഡോഗ് മില്ല്യനേര്‍ എന്ന സിനിമയ്ക്ക് വേണ്ടി ലോജിക് പ്രോ പ്ളഗിന്സ് ഉപയോഗിച്ച കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്” കൂടുതലും പ്രോസസിംഗ് ചെയ്തത് റിംഗ് ഷിഫ്റ്റര്‍, മള്‍ട്ടിപ്രേസ്സര്‍, സ്പേസ് ഡിസൈനര്‍ എന്നിവ ഉപയോഗിച്ചാണെന്നും അദ്ദേഹം പറയുന്നു.

മൈലാപൂര്‍ ബ്ലൂസില്‍ ബ്ലൂസ് ഗിറ്റാറിന്റെ രീതിയിലല്ല മറിച്ചു ഒരു രാഗ ശൈലിയിലാണ് ഗിറ്റാര്‍ വായിച്ചിട്ടുള്ളതെങ്കിലും ഒരു പരമ്പരാഗത കര്‍ണാടക ശൈലിയിലല്ല. ബ്ലൂസിലേക്കോ കര്‍ണാടക സംഗീതതിലേക്കോ വഴുതി വീഴാം എന്നാല്‍ വിഴില്ല എന്ന തലത്തിലാണ് ആ സംഗീതം യാത്ര ചെയ്യുന്നത്. സംഗീതം ശകലങ്ങളായി കടന്നു വരുന്നു. അതില്‍ എല്ലാത്തരം ഡിസ്റ്റോര്‍ഷന്‍സും ഉണ്ട്. ഒരൊറ്റ മൂഡിലേക്ക് ഈ സംഗീതം നമ്മളെ കൊണ്ടുപോകുന്നില്ല. കേള്‍വിക്കാരുടെ ഇഷ്ടമനുസരിച്ചു ഒരു വൈകാരിക അന്തരീക്ഷം ഉണ്ടാക്കാന്‍ കഴിയും. ഈ സംഗീത സൃഷ്ടിയുടെ പേര് തന്നെ രസകരമാണ്. രണ്ടു വ്യത്യസ്ത ഇടങ്ങളെയും സംഗീത ശൈലികളെയും ഈ പേരില്‍ കൊണ്ടുവന്നിട്ടുണ്ട്.

പല ലെയറുകള്‍, ട്രാക്കുകള്‍, ഒച്ചയിലെ, ഇഫക്ട്സിലെ വൈവിധ്യങ്ങള്‍ എന്നിവയെല്ലാം കൂടി ചേര്‍ന്ന അദ്ദേഹത്തിന്റെ മിക്സിംഗ് രീതി പരമ്പരാഗതമായ കരുതി വന്നിരുന്ന വോയിസ്‌/ലീഡ്/റിതം/ബാസ് എന്ന ഒരു രീതിയില്‍ കേള്‍ക്കാന്‍ പറ്റാത്ത ഒന്നാക്കിയിട്ടുണ്ട്. ഇവയില്‍ തന്നെ ഒരുപാട് വവിവിധ്യങ്ങള്‍ വരുന്നുണ്ട്. ഓരോ ഉപകരണവും സ്വതന്ത്രമായി നിലനില്‍ക്കുന്നു എന്ന് കാണാം. സ്കേല്‍ മാറി വരുന്നത് പോലെ തന്നെ പലപ്പോഴും പല ദിശകളിലേക്ക് വ്യത്യസ്ത സംഗീത ശൈലികള്‍ സഞ്ചരിക്കുന്നതും കാണാം.റഹ്മാന്റെ ഒരു ആദ്യകാല അഭിമുഖത്തില്‍ 'പരമ്പരാഗത' ഉപകരണ സംഗീതജ്ഞരെ കൊണ്ട് ചില സ്കോറുകള്‍ വായിപ്പിക്കുന്നതിന്റെ വിഷമതകളെ കുറിച്ച് പറയുന്നുണ്ട്. അവര്‍ വായിച്ചു വരുമ്പോള്‍ ഒരു പഴയ രീതിയില്‍ ആയിരിക്കും വായിക്കുക. പിന്നീട് റഹ്മാന്‍ തന്നെ ആ ശകലങ്ങള്‍ സ്വയം വായിക്കുകയായിരുന്നു പതിവ്. അന്ന് മുതല്‍ തന്നെ പുതിയ ഒരു സൌണ്ടിംഗ് ആയിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. 'സൌണ്ടിംഗ്' എന്നത് ഒരു വ്യത്യസ്ത സമീപനമായിരുന്നു. ഒരു കാലത്ത് 'ട്യൂണ്‍', 'മെലഡി' എന്നതായിരുന്നു ഒരു പ്രധാന കാര്യമായി കണ്ടിരുന്നത്‌. എന്നാല്‍ ഒരു പാട്ട്/പശ്ചാത്തല സംഗീതം എങ്ങനെ 'സൌണ്ട്' ചെയ്യണം എന്നത് ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ചിന്തിച്ചത് റഹ്മാനാവണം. ഈ സമീപനം പിന്നീട് വന്ന സംഗീത സംവിധായകരില്‍ സ്വാധീനം ചെലുത്തുന്നതായി കാണാം. സൌണ്ട് എഞ്ചിനീയറിംഗ് എന്നത് സംഗീത സൃഷ്ടിയുടെ ഒരു പ്രധാന സൃഷ്ടിപരമായ ഘടകമായി അംഗീകരിക്കുന്ന ഒരു ധാരണ പൊതുവ്യവഹാരത്തില്‍ തന്നെ വന്നു കഴിഞ്ഞു.

നാല്പത്തിയൊന്‍പതാം വയസ്സിലേക്ക് പ്രവേശിക്കുന്ന എ ആര്‍ റഹ്മാനെ കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതുക മാത്രമാണ് ചെയ്തത്. റഹ്മാന്റെ പാട്ടുകളുടെ രൂപപരമായ സവിശേഷതകളെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നു ആഗ്രഹിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories