TopTop

ട്രോളര്‍മാരുടെ ഭീഷണി; ഓണ്‍ലൈന്‍ ഇടങ്ങളില്‍ സ്ത്രീ പങ്കാളിത്തം: സംവാദം പിന്‍വലിച്ചു

ട്രോളര്‍മാരുടെ ഭീഷണി; ഓണ്‍ലൈന്‍ ഇടങ്ങളില്‍ സ്ത്രീ പങ്കാളിത്തം: സംവാദം പിന്‍വലിച്ചു
ലോക മാധ്യമ സ്വാതന്ത്ര്യ ദിവസത്തോട് അനുബന്ധിച്ച് ഓണ്‍ലൈന്‍ പൊതു ഇടങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം എന്ന വിഷയത്തില്‍ ന്യൂഡല്‍ഹിയിലെ സ്വീഡിഷ് എംബസി നടത്താന്‍ നിശ്ചയിച്ചിരുന്ന സംവാദം ട്രോളര്‍മാരുടെ ഭീഷണിയെ തുടര്‍ന്ന് പിന്‍വലിച്ചത് വിവാദമാകുന്നു. കേന്ദ്ര മന്ത്രി മനേക ഗാന്ധിയോടൊപ്പം പ്രമുഖ ദൃശ്യമാധ്യമ പ്രവര്‍ത്തക ബര്‍ക്ക ദത്തിനെയും ഐ ആം എ ട്രോള്‍ എന്ന പുസ്തകത്തിന്റെ രചയിതാവ് സ്വാതി ചതുര്‍വേദിയെയും സംവാദത്തില്‍ സംസാരിക്കുന്നതിനായി ക്ഷണിച്ചിരുന്നു. ഇവരുടെ സാന്നിധ്യത്തില്‍ അസഹിഷ്ണുക്കളായ ട്രോളര്‍മാരാണ് എംബസിക്കെതിരെയും സ്വീഡനെതിരെയും ഭീഷണി ട്രോളുകളുമായി രംഗത്തെത്തിയത്.

ഇതൊരു പൊതുചടങ്ങായിരുന്നില്ലെന്നും ക്ഷണിക്കപ്പെട്ടവര്‍ക്ക് വേണ്ടി മാത്രമുള്ള ഒന്നായിരുന്നുവെന്നും വിഷയം റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യന്‍ എക്‌സ്പ്രസിലെ മേഘ്‌നാഥ് ദേശായി എഴുതുന്നു. എന്നാല്‍ ഒരു എംബസി നടത്തുന്ന പത്രസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പോലും ആരെ പങ്കെടുപ്പിക്കണമെന്നും ആരെ പങ്കെടുപ്പിക്കരുതെന്നും ട്രോളര്‍മാര്‍ തീരുമാനിക്കുന്ന അവസ്ഥ പരിതാപകരമാണെന്ന് ദേശായി ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന സ്വീഡിഷ് ഉല്‍പന്നങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നും അവ ബഹിഷ്‌കരിക്കുമെന്നുമായിരുന്നു ട്രോളര്‍മാരുടെ ഭീഷണി. ഇറക്കുമതി വരുമാനം സ്ത്രീകളുടെ അഭിപ്രായസ്വാതന്ത്ര്യത്തിനെക്കാള്‍ വില കല്‍പ്പിക്കപ്പെട്ടപ്പോള്‍ സംവാദം ഉപേക്ഷിക്കാന്‍ എംബസി തീരുമാനിക്കുകയായിരുന്നു. സ്വീഡനിലും അതുപോലെ തന്നെ ഇന്ത്യയിലും അഭിപ്രായ സ്വാതന്ത്ര്യത്തിനേറ്റ അപമാനകരമായ പരാജയമായി ഇതിനെ കണക്കാക്കേണ്ടി വരും.

ലോകത്തെമ്പാടുമുള്ള ജനാധിപത്യ സംവാദങ്ങള്‍ക്ക് സാമൂഹിക മാധ്യമങ്ങള്‍ വലിയ വെല്ലുവിളിയായിക്കൊണ്ടിരിക്കുകയാണ്. ട്വീറ്റ് ചെയ്യാനുള്ള വ്യക്തികളുടെ സ്വാതന്ത്ര്യത്തെ ആരും ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ഇവരുടെ ഭീഷണിക്ക് വശംവദരാകുന്ന പ്രവണത തീര്‍ത്തും അനഭിലഷണീയമാണ്. ഇവരെ നേരിടുന്നതിന് പുതിയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുക തന്നെ വേണം. ഏതായാലും ഇക്കാര്യത്തില്‍ സ്വീഡിഷ് എംബസി പരിശീലനം നേടിയിട്ടില്ല എന്നു വേണം അനുമാനിക്കാന്‍.

ഇതൊരു സൈബര്‍ ബ്ലാക്ക്‌മെയിലിംഗ് ആയി വേണം കണക്കാക്കാന്‍. ട്രോളര്‍മാരുടെ ഭീഷണിയല്ലാതെ മറ്റൊന്നും ഇവിടെ സംഭവിച്ചിരുന്നില്ല എന്ന ദേശായി ചൂണ്ടിക്കാട്ടുന്നു. ആര്‍ക്കുമെതിരെ ശാരീരിക ആക്രമണം നടത്തുമെന്നും അവര്‍ ഭീഷണി മുഴക്കിയില്ല. സ്വീഡിഷ് ഉല്‍പന്നങ്ങളുടെ ഒരു പട്ടികയും ആരും പ്രസിദ്ധീകരിച്ചില്ല. ഒരു സ്വീഡിഷ് ഇറക്കുമതിക്കാരനും പരാതി പറഞ്ഞില്ല. എന്നിട്ടും ഒരു സുപ്രധാന ദിവസം നടക്കാനിരുന്ന സുപ്രധാന പരിപാടി എന്തിന് പിന്‍വലിച്ചു എന്നത് കൗതുകകരമാണ്.

നിയമപരമായ കുടുക്കുകളില്‍ കുരുക്കി ഇടേണ്ടതല്ല ഇത്തരം പ്രശ്‌നങ്ങള്‍. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ജനങ്ങള്‍ സ്വയം പ്രതിരോധം തീര്‍ക്കേണ്ടിയിരിക്കുന്നു എന്ന് ദേശായി ചൂണ്ടിക്കാണിക്കുന്നു. ജനങ്ങള്‍ പ്രതിരോധം തീര്‍ക്കാന്‍ തയ്യാറാകാതിരിക്കുമ്പോഴാണ് ഛിദ്രശക്തികള്‍ ഇതുമായി മുന്നോട്ട് പോകാന്‍ ധൈര്യം കാണിക്കുന്നത്. നമ്മുടെ ജനാധിപത്യ അവകാശങ്ങള്‍ക്ക് ഭീഷണിയാവുന്ന ട്രോളിംഗ് പ്രതിരോധിക്കുന്നതിന് ഒരു സാമൂഹിക പ്രസ്ഥാനം തന്നെ ഉയര്‍ന്ന് വരേണ്ടിയിരിക്കുന്നു എന്നും മേഘ്‌നാഥ് ദേശായി വാദിക്കുന്നു.

ട്രോളര്‍മാര്‍ ഒരു ചെറിയ ന്യൂനപക്ഷമാണ്. പുതിയ സാങ്കേതികവിദ്യകള്‍ വച്ച് ഒരാള്‍ക്ക് തന്നെ നൂറുകണക്കിന് ട്വീറ്റുകള്‍ അയക്കാം. ഒന്നുകില്‍ ഇവര്‍ അജ്ഞാതരായിരിക്കും. അല്ലെങ്കില്‍ ഇതിന്റെ സാധുത തെളിയിക്കാനാവില്ല. വിദേശ എംബസികള്‍ പോലും ഇവരുടെ ഭീഷണിക്ക് വഴങ്ങും എന്ന സ്ഥിതി വന്നാല്‍ ഈ പ്രവണത കൂടാനേ സാധ്യതയുള്ളു.

നേരത്തെ പ്രകടനങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇവര്‍ ഒളിഞ്ഞിരുന്ന് ആക്രമിക്കുന്നു. എന്നിട്ടും ഇവരുടെ പ്രതിഷേധങ്ങള്‍ക്ക് കൂടുതല്‍ ശക്തിയും ശ്രദ്ധയും ലഭിക്കുന്നു. എന്നാല്‍ അവര്‍ സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്ന ഭീതി നമ്മള്‍ സ്വാംശീകരിക്കാന്‍ തയ്യാറാവുമ്പോള്‍ മാത്രമേ ഈ സാമൂഹിക വിരുദ്ധശക്തികള്‍ വിജയം കൈവരിക്കുന്നുള്ളു. അതിനാല്‍ പരിപാടി നടത്താന്‍ സ്വീഡിഷ് എംബസി തയ്യാറാവുകയാണ് വേണ്ടതെന്നും ദേശായി വാദിക്കുന്നു.

Next Story

Related Stories