TopTop
Begin typing your search above and press return to search.

അച്ചാര്‍ ഒരു തൊടുകറിയല്ല; ഈ ഗ്രാമത്തിന്റെ തൊഴിലുറപ്പും നിലനില്‍പ്പുമാണ്

അച്ചാര്‍ ഒരു തൊടുകറിയല്ല; ഈ ഗ്രാമത്തിന്റെ തൊഴിലുറപ്പും നിലനില്‍പ്പുമാണ്

ഭക്ഷണപ്പാത്രത്തിന്റെയോ ഇലയുടേയോ അരികില്‍ തൊട്ടുവച്ചിരിക്കുന്ന അച്ചാറുകളെ ഇനി മുതല്‍ നിങ്ങള്‍ വെറുതെ കിട്ടുന്ന ഒന്നായി സമീപിക്കരുത്. കാരണം, നിങ്ങളുടെ ഭക്ഷണത്തെ രുചികരമാക്കുന്നതോടൊപ്പം തന്നെ ചില ജീവിതങ്ങളെ മാറ്റിമറിക്കാനുള്ള ശേഷിയും അതിനുണ്ട്. വടക്കുപടിഞ്ഞാറന്‍ കര്‍ണാടകത്തിലെ ബല്‍ഗാവി ജില്ലയിലെ ഖാദിഗ്രാമില്‍ പ്രവര്‍ത്തിക്കുന്ന ഹുദ്‌ലി പദ്ധതി നിങ്ങള്‍ക്ക് നല്‍കുന്ന പാഠമാണത്. ഹുദ്‌ലിയിലെ വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കിക്കൊണ്ട് ഒരു ഗ്രാമം മുഴുവന്‍ ഒഴിഞ്ഞുപോകുന്നത് തടയാന്‍ ഈ പദ്ധതിയിലൂടെ സാധിച്ചു.

ബംഗളൂരുവില്‍ നിന്നുള്ള അമിത് വടവി, ആദര്‍ശ് മുത്താന, പ്രണോയ് റോയ് എന്നീ മൂന്ന് ഡാറ്റാ ജീവനക്കാരാണ് പദ്ധതിക്ക് ജീവന്‍ നല്‍കിയത്. ഇപ്പോള്‍ ഹുദ്‌ലിയിലെ 125 വനിതകള്‍ക്ക് സുസ്ഥിരമായ തൊഴില്‍ പ്രദാനം ചെയ്യാനാണ് ഇവരുടെ വിപണന വെബ്‌സൈറ്റ് വഴി ശ്രമിക്കുന്നത്. ചില്ലറ വ്യാപാരത്തിലെ വിവരങ്ങള്‍ അവലോകനം ചെയ്യുന്ന തങ്ങളുടെ തൊഴില്‍ കുറച്ചുകൂടി സാമൂഹിക പ്രതിബദ്ധതയുള്ള കാര്യങ്ങള്‍ക്കായി ഉപയോഗിക്കണം എന്ന ചിന്തയില്‍ നിന്നാണ് മൂവരും തൊഴിലുപയോഗിച്ച് പദ്ധതിക്കായി ഇറങ്ങിപ്പുറപ്പെട്ടത്.

അമിതിന്റെ മുതുമത്തച്ഛന്‍ മഹാത്മ ഗാന്ധിയുടെ ശിക്ഷ്യനായിരുന്നു. ഹൂദ്‌ലിയില്‍ ഖാദി ഗ്രാമം സ്ഥാപിക്കാന്‍ ഗാന്ധിജിയ്ക്ക് പിന്തുണ നല്‍കിയത് അദ്ദേഹമായിരുന്നു. ഗ്രാമസ്വരാജിലൂടെ രാഷ്ട്ര പുനര്‍നിര്‍മ്മാണം എന്ന ഗാന്ധിജിയുടെ സ്വപ്‌നത്തിന്റെ ഭാഗമായിരുന്നു അത്. അതില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് ഹൂദ്‌ലി തിരഞ്ഞെടുക്കാന്‍ ഇവര്‍ തീരുമാനിച്ചത്.

സംഘം ഹൂദ്‌ലി സന്ദര്‍ശിപ്പപ്പോള്‍ കൂടുതല്‍ സാധ്യതകള്‍ തെളിഞ്ഞുവന്നു. ഖാദിഗ്രാമില്‍ സോപ്പുകളും ചന്ദനത്തിരികളും ഖാദി വസ്ത്രങ്ങളും പപ്പടവും നിര്‍മ്മിക്കുന്നുണ്ടെന്ന് അവര്‍ കണ്ടെത്തി. നിരവധി ഉല്‍പന്നങ്ങള്‍ ഉണ്ടെങ്കിലും നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാത്തതും ശരിയായ വില്‍പന ശൃംഖലകള്‍ ഇല്ലാത്തതും ചെറുകിട വ്യവസായത്തിന്റെ വളര്‍ച്ചയെ തടയുന്നതായി അവര്‍ കണ്ടെത്തി. അങ്ങനെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗും ഇ-കൊമേഴ്‌സും ആരംഭിക്കാന്‍ അവര്‍ തീരുമാനിച്ചു.

വീടുകളെ ശാക്തീകരിക്കാനും അതുവഴി ഗ്രാമത്തെ തന്നെ സ്വയംപര്യാപ്തമാക്കാനും സാധിക്കുമെന്നതിനാല്‍ സ്ത്രീ കേന്ദ്രീകൃത തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് സംഘം ശ്രമിച്ചത്. ഗ്രാമത്തിലെ അച്ചാര്‍ കമ്പനിയില്‍ സ്ത്രീകള്‍ക്ക് മാത്രമാണ് തൊഴില്‍ നല്‍കുന്നത്. എന്നാല്‍ മറ്റ് നിര്‍മ്മാണ യൂണിറ്റുകളില്‍ പുരുഷന്മാരും ജോലി ചെയ്യുന്നു. അച്ചാര്‍ നിര്‍മ്മാണശാലയില്‍ ഇപ്പോള്‍ 25 സ്ത്രീകളാണ് ജോലി ചെയ്യുന്നത്. 100 സ്ത്രീകള്‍ക്ക് കൂടി തൊഴില്‍ നല്‍കുകയാണ് ലക്ഷ്യം.

അച്ചാര്‍ പ്രധാന ഉല്‍പന്നമാക്കി മാറ്റുന്നത് ചില പ്രായോഗിക സാധ്യതകള്‍ മുന്നില്‍ കണ്ടാണ്. മറ്റ് ഉല്‍പ്പന്നങ്ങളെ അപേക്ഷിച്ച് അച്ചാര്‍ പെട്ടെന്ന് ഉപഭോക്താക്കളില്‍ എത്തുകയും ഇടനിലക്കാരുടെ എണ്ണം കുറയുകയും ചെയ്യും. മാത്രമല്ല വ്യക്തിഗത ഉപഭോക്താക്കളും ഹോട്ടലുകളും കാറ്ററിംഗ് സര്‍വീസ് നടത്തുന്നവരുമൊക്കെ ഇത് വാങ്ങും എന്നതിനാല്‍ ഉപഭോക്തൃ ശൃംഖല കൂടുതല്‍ വിശാലവുമാണ്.

2016 ഓഗസ്റ്റിലാണ് ഇവര്‍ വെബ്‌സൈറ്റ് നിര്‍മ്മാണം ആരംഭിച്ചത്. 2017 ജനുവരി മുതല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങി. 18 മാസം അച്ചാര്‍ വിതരണം ചെയ്യുന്നതിന് 1,440 രൂപയും 12 മാസത്തേക്ക് 960 രൂപയുമാണ് നിരക്ക്. മാങ്ങ, നാരങ്ങ, പച്ചക്കറി അച്ചാറുകളാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ജവാന്‍ എന്ന പേരില്‍ ഇപ്പോള്‍ ഈ അച്ചാറുകള്‍ ഇന്ത്യയില്‍ എമ്പാടും വിതരണം ചെയ്യപ്പെടുന്നു.

ഹൂദ്‌ലി ഗ്രാമത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ ഇതിനകം 1,90,000 പേര്‍ കണ്ടുകഴിഞ്ഞു. ഫേസ്ബുക്കില്‍ 2,700 ഷെയറുകളാണ് ലഭിച്ചത്. ഇതിന്റെ പ്രശസ്തി വര്‍ദ്ധിച്ചതോടെ വ്യക്തിഗത ഉപഭോക്താക്കള്‍ക്ക് പുറമെ ഹോട്ടലുകളും റസ്‌റ്റോറന്റുകളും പലചരക്ക് വില്‍പ്പനശാലകളും അച്ചാറുകള്‍ ഇപ്പോള്‍ മൊത്തമായും വാങ്ങുന്നുണ്ട്. ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം വില്‍പ്പനയെ നന്നായി സഹായിക്കുന്നുണ്ട്. ഒരു ഗ്രാമത്തെ സഹായിക്കുന്നു എന്നതിനാല്‍ അച്ചാര്‍ കഴിക്കാത്തവര്‍ പോലും ഇപ്പോള്‍ ഇത് വാങ്ങുകയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സമ്മാനിക്കുകയും ചെയ്യുന്നു. 30,000 സ്ഥിരം ഉപഭോക്താക്കളെ സൃഷ്ടിക്കാനാണ് മൂവരും ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഹൂദ്‌ലിയിലെ സംരംഭം സ്വയംപര്യാപ്തമായി കഴിഞ്ഞാല്‍ പദ്ധതി മറ്റ് ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കാനും സംഘം പദ്ധതിയിടുന്നുണ്ട്.


Next Story

Related Stories