TopTop
Begin typing your search above and press return to search.

വാല്മീകി സഹോദരങ്ങളുടെ കരളുറപ്പിന്റെ കഥ പാഠമാകേണ്ടത് ഇന്ത്യന്‍ ഹോക്കിയ്ക്ക് മാത്രമല്ല

വാല്മീകി സഹോദരങ്ങളുടെ കരളുറപ്പിന്റെ കഥ പാഠമാകേണ്ടത് ഇന്ത്യന്‍ ഹോക്കിയ്ക്ക് മാത്രമല്ല

ടീം അഴിമുഖം

തിക്കും തിരക്കും നിറഞ്ഞ മുംബൈയിലെ മറൈന്‍ ലൈന്‍സ് സ്റ്റേഷനിലേക്കുള്ള പടികള്‍ക്ക് താഴെ, 10x10 ച.അടി വലിപ്പത്തിലുള്ള കുടിലുകളില്‍ നിന്നും ഏകതാനമായ തുടര്‍ച്ചയോടെ, അവിശ്വസനീയമായ നിശ്ചയദാര്‍ഢ്യത്തോടെ ആണ്‍കുട്ടികള്‍ വന്നുകൊണ്ടിരിക്കുന്നു. ആ കുടിലുകളിലെ മൂന്നു വാല്‍മീകി സഹോദരങ്ങള്‍ ദാരിദ്ര്യത്തെ തോല്പ്പിച്ചു ഇന്ത്യന്‍ കായിലോകത്തിന് കീര്‍ത്തി നേടിക്കൊടുത്തു.

മൂന്നാമത്തെ സഹോദരന്‍ ദേവീന്ദര്‍ റിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഹോക്കി സംഘത്തിനായി കളിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ അനാഥമായ കുറെ സര്‍ക്കാര്‍ വാഗ്ദാനങ്ങളും 21-ആം നൂറ്റാണ്ടിലെ ഇന്ത്യയിലെ ഹോക്കിയുടെ ദയനീയാവസ്ഥയും ഒപ്പമുണ്ട്.

മൂന്നു സഹോദരങ്ങളും കടുത്ത ദാരിദ്യത്തിലാണ് വളര്‍ന്നത്. ഒരു ദിവസം ഒരുനേരം മാത്രം ആഹാരം കഴിച്ച ദിവസങ്ങളുണ്ട്. ഏഴാംഗങ്ങളുടെ താമസം ഈ കുടിലിലാണ്. 2011-വരെ വീട്ടില്‍ വൈദ്യുതിയും ഇല്ലായിരുന്നു.

മൂന്നു സഹോദരങ്ങളും-യുവരാജ്, അനൂപ്, ദേവീന്ദര്‍- ഇന്ത്യന്‍ ഹോക്കി ടീമിനായി കളിച്ചു. യുവരാജ് 90-ലേറെ കളികള്‍ കളിച്ചപ്പോള്‍ അനൂപ് തെക്കനേഷ്യന്‍ കായിക മേളയില്‍ ഇന്ത്യക്കായി ഇറങ്ങി. റിയോ ഒളിമ്പിക്സിന് അനുജന്‍ ദേവീന്ദറിനെ തെരഞ്ഞെടുത്തു എന്നു കേട്ടപ്പോള്‍ മുതല്‍ അവര്‍ അത്യാഹ്ളാദത്തിലാണ്.

യുവരാജ് ഇപ്പോള്‍ സെന്‍ട്രല്‍ റെയില്‍വേയിലാണ് ജോലി ചെയ്യുന്നത്. 4 കൊല്ലം തുടര്‍ച്ചയായി ജര്‍മന്‍ ഹോക്കി ലീഗില്‍ കളിച്ച ഏക ഇന്ത്യന്‍ കളിക്കാരനാണ് അയാള്‍-2010, 2011 വര്‍ഷങ്ങളിലെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ അടിച്ച കളിക്കാരനും. ടീമില്‍ തിരിച്ചെത്താന്‍ രാവും പകലും അദ്ധ്വാനിക്കുകയാണ് അയാള്‍. പകല്‍ ടിക്കറ്റ് കളക്ടറും രാത്രി ഹോക്കി കളിക്കാരനും. തന്റെ ശമ്പളം തന്റെയും അനുജന്റെയും പരിശീലനത്തിനും കുടുംബം നോക്കാനും ഉപയോഗിക്കുന്നു. ഇവരുടെ അച്ഛന്‍ ഒരു ഡ്രൈവറാണ്. പ്രതിമാസം കേവലം 6,000 രൂപ കിട്ടും. ഒരു ഇടത്തരം ജീവിതം നയിക്കാനുള്ള ആ കുടുംബത്തിന്റെ പ്രതീക്ഷയത്രയും ഇപ്പോള്‍ ദേവീന്ദറിലാണ്.കഴിഞ്ഞ വര്‍ഷം ജൂലായില്‍ ലോക ലീഗ് ഹോക്കി സെമിഫൈനലില്‍ ദേവീന്ദറും യുവരാജും തോളുരുമ്മി ദേശീയഗാനം ആലപിക്കുമ്പോള്‍ ഒളിമ്പിക്സിലും അതിനു കഴിയണമെന്നായിരുന്നു അവരുടെ ആഗ്രഹം. എന്നാല്‍ ഒരാള്‍ക്കെ-ദേവീന്ദറിന്-ഭാഗ്യം കിട്ടിയുള്ളൂ.

പല നിലയ്ക്കും ജ്യേഷ്ഠന്റെ ആഗ്രഹങ്ങള്‍ നിറവേറ്റുകയാണ് ദേവീന്ദര്‍. അഞ്ചുകൊല്ലത്തിലേറെ ദേശീയ ടീമിന്റെ ഭാഗമായിട്ടും യുവരാജിന് ഒളിമ്പ്യന്‍ എന്ന ഭാഗ്യം കിട്ടിയില്ല. 2012-ല്‍ പരിക്കുമൂലം അതിനുള്ള അവസരം കൈവിട്ടുപോയി. “ഞാന്‍ ശരിക്കും സന്തോഷവാനാണ്. കാരണം അവന്‍ വാല്മീകി കുടുംബത്തിന്റെ അഭിമാനം മുന്നോട്ടുകൊണ്ടുപോകുന്നു.”

യുവരാജിന്റെ നീണ്ട അനുഭവവും അന്താരാഷ്ട്ര കളികളിലെ പരിചയവുമൊക്കെയായിട്ടും വാല്മീകി കുടുംബത്തെ ആര്‍ക്കുമറിയില്ല. റിയോ ഒളിമ്പിക്സ് അടുക്കുമ്പോള്‍ ഇന്ത്യയുടെ മെഡല്‍ നേട്ടങ്ങള്‍ ഒന്നുമല്ലാതിരിക്കാനുള്ള കാരണങ്ങള്‍ വാല്മീകി സഹോദരങ്ങളുടെ കഥയിലുണ്ട്. രാജ്യത്തിനുവേണ്ടി നേട്ടമുണ്ടാക്കിയിട്ടും കായികതാരങ്ങള്‍ നേരിടുന്ന അവഗണനയുടെ കഥ.

ക്രിക്കറ്റുമായുള്ള താരതമ്യത്തിലാണ് ഇന്ത്യയില്‍ ഹോക്കി എപ്പോഴും വീണുപോയത്. വാല്മീകി സഹോദരങ്ങള്‍ ക്രിക്കറ്റ് കളിക്കാരായിരുന്നുവെങ്കില്‍ അവരിപ്പോള്‍ സ്പോര്‍ട്ട്സ് കാറുകള്‍ ഓടിച്ചു നടക്കുകയും ആര്‍ഭാട ജീവിതം നയിക്കുകയും ചെയ്തേനെ. നിര്‍ഭാഗ്യവശാല്‍ ദേശീയ കളി എന്ന പേരുണ്ടെങ്കിലും കാര്യമായി ഒരു സാമ്പത്തിക നേട്ടവും ഇല്ലാത്ത ഹോക്കിയാണ് അവര്‍ കളിക്കുന്നത്.2011-ല്‍ പാകിസ്ഥാനെ തോല്‍പ്പിച്ചു ഇന്ത്യ ഏഷ്യന്‍ ജേതാക്കളായ കളിയില്‍ വിജയ ഗോള്‍ നേടിയ യുവരാജിന് അന്നത്തെ കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രി ഒരു വീടും ഗ്രേഡ് 2 ജോലിയും വാഗ്ദാനം ചെയ്തു. 2014- ല്‍ ബി ജെ പി മുഖ്യമന്ത്രിയെ ദേവേന്ദ്ര ഫദ്നാവിസിന്‍റെ സത്യപ്രതിജ്ഞക്കും അയാളെ ക്ഷണിച്ചു. ഇത്തവണ കഴിഞ്ഞ സര്‍ക്കാരിന്റെ വാഗ്ദാനം നല്‍കുമെന്ന ഉറപ്പും കിട്ടി. അതിനുശേഷം ഏതാണ്ട് 40 തവണ ഇതിനായി അയാള്‍ സര്‍ക്കാര്‍ കാര്യാലയങ്ങള്‍ കയറിയിറങ്ങി. പലതവണ ഇക്കാര്യം മാധ്യമങ്ങളില്‍ വന്നു. പക്ഷേ മഹാരാഷ്ട്ര സര്‍ക്കാര്‍ അതൊക്കെ പൂര്‍ണമായും അവഗണിച്ചു.

യുവരാജ് പറയുന്നു,“എനിക്ക് കിട്ടിയ പൊള്ളയായ ഉറപ്പുകള്‍ ഈ വ്യവസ്ഥയിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെടുത്തി. ഞാനിപ്പോഴും ആ ചെറിയ കുടിലിലാണ് താമസം. എല്ലാവര്‍ക്കും കൂടി കഴിയാന്‍ വലിയ പാടാണ്. 2013 ലോകകപ്പില്‍ ഞാന്‍ തിരികെയെത്തിയെങ്കിലും അകത്തും പുറത്തുമായിരുന്നു. ഹോക്കി ഇന്ത്യ ലീഗില്‍ ഞാന്‍ നന്നായി കളിച്ചു. 2015-ല്‍ ടീമിന് പുറത്തായപ്പോള്‍ ഇനി അകത്തുകയറുക ബുദ്ധിമുട്ടാണെന്ന് ഞാന്‍ മനസിലാക്കി. 30 വയസില്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുക എളുപ്പമല്ല. അസാധ്യം എന്നല്ല, പക്ഷേ ദുഷ്കരമാണ്. എന്റെ വീടിന്റെ മുന്നില്‍ ‘യുവരാജ് വാല്‍മീകിയുടെ വീട്’ എന്നൊരു ഫലകമുണ്ട്. ഇപ്പോഴത് ‘ഒളിമ്പ്യന്‍ ദേവീന്ദര്‍ വാല്‍മീകിയുടെ വീട്’ എന്നാക്കി മാറ്റാന്‍ ഞാന്‍ കൊടുത്തിരിക്കയാണ്.'

തങ്ങളുടെ സാഹചര്യങ്ങളുടെ ഇല്ലായ്മകളെ വെല്ലുവിളിച്ച് വാല്മീകി സഹോദരങ്ങള്‍ ഇന്ത്യക്ക് നേട്ടമുണ്ടാക്കിയപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അവരെ ആദരിക്കുന്നതില്‍ പരാജയപ്പെട്ടു. കായികലോകത്ത് മുന്നേറുന്ന ആയിരക്കണക്കിന് ദരിദ്രരായ കുട്ടികളുടെ പ്രതീകങ്ങളാണ് വാല്മീകി സഹോദരന്മാര്‍. അവരുടെ നേട്ടങ്ങളെ അവഗണിക്കുന്നത് ഈ തലമുറയുടെ സ്വപ്നങ്ങളെ തകര്‍ക്കുന്നതിന് സമമാണ്.


Next Story

Related Stories