TopTop
Begin typing your search above and press return to search.

ബാബുവിനെ സുധീരന്‍ തോല്‍പ്പിക്കുമോ? സ്വരാജിനെ വി എസ്സും

ബാബുവിനെ സുധീരന്‍ തോല്‍പ്പിക്കുമോ? സ്വരാജിനെ വി എസ്സും

ഡി. ധനസുമോദ്

കേരള നിയമ സഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രചാരണവും സംവാദങ്ങളും അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയിരിക്കുന്നു. ഇടതു വലതു മുന്നണികള്‍ക്കൊപ്പം ഒരു ഡസന്‍ മണ്ഡലങ്ങളിലെങ്കിലും നിര്‍ണ്ണായക ശക്തിയായി ബി ജെ പി മാറിക്കഴിഞ്ഞിട്ടുണ്ട്. ബിഡിജെഎസ്സിന്‍റെ രംഗപ്രവേശവും തെരഞ്ഞെടുപ്പ് ചിത്രത്തെ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്. അഴിമതിയും മദ്യവും വര്‍ഗീയതയുമൊക്കെ പ്രധാന ചര്‍ച്ചാ വിഷയമായി ഉയര്‍ന്നു വരുമ്പോള്‍ ഏറ്റവും ചുരുങ്ങിയത് 25 മണ്ഡലങ്ങളിലേയെങ്കിലും പോരാട്ടം മൂന്നു മുന്നണികള്‍ക്കും നിര്‍ണായകമാണ്. തെരഞ്ഞെടുത്ത 25 മണ്ഡലങ്ങളിലെ രാഷ്ട്രീയ ഗതിവിഗതികളെ വിശകലനം ചെയ്യുകയാണ് അഴിമുഖം.

ടി .എം. ജേക്കബിന്റെ മരണത്തെ തുടര്‍ന്ന് പിറവം നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു. നേരിയ ഭൂരിപക്ഷത്തില്‍ നില്‍ക്കുന്ന ഉമ്മന്‍ചാണ്ടി മന്ത്രിസഭയ്ക്ക് ഏറ്റവും നിര്‍ണ്ണായക തെരഞ്ഞെടുപ്പായിരുന്നു അത്. സ്ഥാനാര്‍ത്ഥിയായി അനൂപ് ജോക്കബിനെ തീരുമാനിച്ചതുപോലെ പ്രധാനപ്പെട്ടതായിരുന്നു തെരഞ്ഞെടുപ്പിന്റെ ചുമതല മുതിര്‍ന്ന നേതാവിന് നല്‍കുക എന്നത്. തഴക്കവും പഴക്കവും ചെന്ന നിരവധി പടക്കുതിരകള്‍ ഉള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. തെരഞ്ഞെടുപ്പിന്റെ ചുക്കാന്‍ ഉമ്മന്‍ ചാണ്ടി വിശ്വസിച്ച് ഏല്‍പ്പിച്ചത് എക്‌സൈസ് വകുപ്പ് മന്ത്രി കെ. ബാബുവിനെയായിരുന്നു. തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് ഒരു കലയാണ്. എല്‍. ഡി. എഫിനു മേല്‍ക്കൈയുള്ള തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്നും അഞ്ച് തവണ മത്സരിച്ചു ജയിച്ച ബാബു ഈ കലയിലെ പ്രതിഭയാണ് എന്നതുകൊണ്ടാണ് കടിഞ്ഞാണ്‍ ഏല്‍പ്പിച്ചത്. കള്ള് ഒഴുക്കാനാണ് എക്‌സൈസ് മന്ത്രിയെ ഏല്‍പ്പിച്ചത് എന്നൊക്കെ ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും മുഖ്യമന്ത്രി ബാബുവിനെ വിശ്വസിച്ചു. കാരണം മറ്റൊരാളെ ഏല്‍പ്പിച്ച് റിസ്‌ക് എടുക്കുവാനുള്ള ധൈര്യം ഉമ്മന്‍ചാണ്ടിക്കുണ്ടായില്ല. മൂന്നക്കത്തിലെ ഭൂരിപക്ഷം അഞ്ചക്കത്തിലേക്ക് ഉയര്‍ത്തി അനൂപ് ജേക്കബ് വിജയിച്ചതോടെ ബാബുവിലുള്ള വിശ്വാസം കൂടുതല്‍ ശക്തമായി.

ബാര്‍ കോഴ ആഞ്ഞടിക്കുകയും സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ് തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ത്ഥിയാകും എന്ന വാര്‍ത്ത പരക്കുകയും ചെയ്തതോടെ കാല്‍നൂറ്റാണ്ടിനിടയില്‍ ബാബു ആദ്യമായി വിരണ്ടു. സ്വന്തം നിഴലിനെപ്പോലും വെറുപ്പിക്കുമെന്നു അടക്കം പറയുന്ന എറണാകുളത്തെ മുതിര്‍ന്ന നേതാവല്ല മികച്ച പ്രവര്‍ത്തനത്തിന്റെ പേരില്‍ രാജ്യസഭയുടെ ചരിത്രത്തില്‍ പേരെഴുതി ചേര്‍ത്തയാള്‍, രാജ്യസഭാ കാലാവധി പൂര്‍ത്തിയാക്കിയപ്പോള്‍ കക്ഷിഭേദമില്ലാതെ നേതാക്കള്‍ സീതാറാം യെച്ചൂരിയോട് അഭ്യര്‍ത്ഥിച്ചത് പി. രാജീവിന് ഒരു വട്ടം കൂടി അവസരം നല്‍കണമെന്നായിരുന്നു. ഇങ്ങനെ ജനകീയനും കഴിവുറ്റ നേതാവുമായ രാജീവിനെ നേരിടുക എളുപ്പമല്ലെന്നറിഞ്ഞ് സ്വന്തം നാടായ അങ്കമാലിയിലേക്ക് കടക്കാനായിരുന്നു ബാബുവിന്റെ പദ്ധതി. ഒളിഞ്ഞും തെളിഞ്ഞും വി. എം. സുധീരന്‍ എയ്യുന്ന അമ്പുകളും ബാബുവിന്റെ മേല്‍ തറച്ചു. ബാര്‍കോഴക്കേസില്‍ കുടുങ്ങി മുഖ്യമന്ത്രിക്ക് മുമ്പാകെ രാജി സമര്‍പ്പിച്ചപ്പോള്‍ സുധീരനെ സന്ദര്‍ശിക്കാന്‍ പോലും ബാബു കൂട്ടാക്കിയില്ല. കുറ്റക്കാരനെന്ന് കോടതി വിധിച്ചിട്ടില്ലെന്ന ന്യായം പറഞ്ഞ് അവധിക്ക് ശേഷം മന്ത്രിപ്പണി തുടര്‍ന്നു.ആരോപണവിധേയര്‍ മത്സരിക്കേണ്ടെന്ന് ഡല്‍ഹിയില്‍ വെച്ച് സുധീരന്‍ കടുംപിടുത്തം നടത്തിയെങ്കിലും ബാബു ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ വീണ്ടും അങ്കത്തട്ടില്‍ ഇറങ്ങട്ടെയെന്ന് ഹൈക്കമാന്‍ഡ് കല്‍പ്പിക്കുകയായിരുന്നു. ബാബുവിനെ വെട്ടിമാറ്റിയശേഷം തൃപ്പൂണിത്തുറയില്‍ സുധീരന്‍ പട്ടികയില്‍ എഴുതിച്ചേര്‍ത്ത വേണുഗോപാല്‍ ഉള്‍പ്പെടെ ആരും ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികള്‍ ആയിരുന്നില്ല. തൃപ്പൂണിത്തുറയില്‍ മത്സരിക്കാന്‍ പച്ചക്കൊടി കാട്ടിയ ഹൈക്കമാന്‍ഡ് നടപടിയേക്കാള്‍ ബാബുവിനെ ആഹ്ലാദിപ്പിച്ചത് തൃപ്പൂണിത്തുറയില്‍ മത്സരിക്കുന്നതില്‍ നിന്നും പി. രാജീവിനെ സി. പി. എം. സംസ്ഥാന നേതൃത്വം തഴഞ്ഞതായിരുന്നു. തൃപ്പൂണിത്തുറ നിയമസഭാമണ്ഡലത്തിന്റെ പരിധിയില്‍ ആദര്‍ശഗ്രാമം കണ്ടെത്തിയും ബാര്‍ക്കോഴക്കെതിരെ മണ്ഡല വ്യാപകമായി പോസ്റ്റര്‍ യുദ്ധം നടത്തിയും രാജീവിന് വേണ്ടി നിലം ഒരുക്കിയത് വെറുതെയായി. മണ്ഡലത്തില്‍ നിറഞ്ഞ് നില്‍ക്കുന്നയാളും സവര്‍ണ വോട്ടുകള്‍ കൂടി പെട്ടിയിലാക്കാന്‍ ശേഷിയുള്ള ഏക ജില്ലാ നേതാവായ പി. വാസുദേവനായിരുന്നു ബാബുവിന്റെ അടുത്ത വെല്ലുവിളി. ആദ്യറൗണ്ടില്‍ തന്നെ വാസുദേവനെ പുറത്താക്കാന്‍ വി. എസ്. പക്ഷക്കാരന്‍ എന്ന ലേബല്‍ ധാരാളമായിരുന്നു. എം. എ. ബേബി, കെ. കെ. രാഗേഷ് എന്നിവരുമായി ചേര്‍ന്ന് രാജീവ് എറണാകുളത്ത് പ്രത്യേക യോഗം ചേര്‍ന്നതായി
പിണറായി വിജയന്റെ ചെവിയില്‍ ജില്ലയിലെ ഒരു നേതാവ്‌ എത്തിച്ചു. നിലവില്‍ വി എസ്സിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന പൊളിറ്റ് ബ്യൂറോ അംഗം
എം എ ബേബിയുമായി രാജീവ് അടുത്ത് പെരുമാറുന്നത് പിണറായിക്ക് അത്ര രുചിച്ചില്ല. രാജീവും വാസുദേവനും മാറി എം. സ്വരാജ് എത്തിയതോടെ മണ്ഡലം ഭദ്രമാണെന്നു ബാബുവിനു തോന്നിത്തുടങ്ങി.

എരൂരില്‍ ജ്യോതിഷാലയം നടത്തുന്ന കെ. കെ. രാമനാഥനോട് തെരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ കമ്മ്യൂണിസ്റ്റുകാരനാണെന്ന ആമുഖത്തോടെയാണ് സംസാരിച്ചു തുടങ്ങിയത്. എം. സ്വരാജ് എന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ''പാര്‍ട്ടിയെ കെട്ടിപ്പടുത്ത, മുതിര്‍ന്ന നേതാവായ വി. എസ്. അച്യുതാനന്ദനെ വെട്ടി പട്ടിക്ക് ഇടണമെന്നും പറഞ്ഞ ആളല്ലേ'' എന്നായിരുന്നു മറുചോദ്യം. വി. എസിനെ തൂക്കിക്കൊല്ലണം എന്നു പറഞ്ഞ ചെറുപ്പക്കാരന്‍'' എന്നായിരുന്നു ഓട്ടോറിക്ഷ ഡ്രൈവര്‍ മുരളിയുടെ പ്രതികരണം. ഈ രണ്ട് പേരും പറയുന്നത് പോലെയല്ല വസ്തുത. പക്ഷെ മണ്ഡലത്തില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട പ്രതിച്ഛായയുമായിട്ടാണ് സ്വരാജ് മത്സരത്തിന് ഇറങ്ങിയത്. സ്വരാജിന്റെ ചില പരാമര്‍ശങ്ങള്‍ വളച്ചൊടിച്ച് ജനങ്ങളിലേക്ക് ഇറക്കിവിടുകയാണ് തൃപ്പൂണിത്തുറയില്‍ നടക്കുന്നത്.

കണിയാമ്പുഴ റോഡ് കോണ്‍ക്രീറ്റ് ചെയ്തതും ആനപറമ്പ് കുളം മനോഹരമാക്കിയതും ഉദയംപേരൂരില്‍ പൊതുശ്മശാനം സ്ഥാപിച്ചതുമൊക്കെ മണ്ഡലത്തില്‍ നടപ്പാക്കിയ നിരവധി പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയുന്ന നാട്ടുകാര്‍, ബാബുവിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തെക്കുറിച്ച് നിസംഗതയോടെ സംസാരിക്കുന്നത് കേട്ടാല്‍ ചിന്തിക്കുന്നവര്‍ക്ക് സങ്കടം വരും. ''അഴിമതി നടത്താതിരിക്കുന്ന നേതാവ് ഇപ്പോള്‍ ഉണ്ടോ'' ''മുന്‍ എം. എല്‍. എ. ടി. കെ. രാമകൃഷ്ണന്‍ അഴിമതിക്കാരനായിരുന്നില്ല, പക്ഷെ ബാബുവിനെപ്പോലെ വികസനം എത്തിക്കുവാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല''. ''ബാബു കാശ് വാങ്ങിയിട്ടുണ്ടെങ്കില്‍ അത് ബാറ് മുതലാളിമാരോടല്ലേ, അവരുടെ കൂടുതലുള്ള കാശില്‍ കുറച്ച് എങ്ങോട്ടെങ്കിലും പോകട്ടെ'' എന്നിങ്ങനെ പോകുന്നു പ്രതികരണം.നായര്‍ സമുദായാംഗമായതിനാല്‍ സവര്‍ണ വോട്ടുകള്‍ സ്വരാജ് നേടും എന്ന പ്രചരണം ഇടതുക്യാമ്പില്‍ നിന്നു തന്നെ ഉയരുന്നുണ്ട്. തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയിലെ പട്ടികജാതി സംവരണ മണ്ഡലത്തില്‍ വോട്ടിംഗ് ശതമാനം തീരെ കുറവായിരുന്നു. മണ്ഡലത്തില്‍ താമസിക്കുന്ന സമയത്ത് എല്ലാ വ്യാഴാഴ്ചകളും തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ തൊഴാന്‍ എത്തുന്ന ബാബു ഈ പ്രചരണത്തെ തടുത്തു നിര്‍ത്തുന്നു. മന്ത്രിയെന്നോ എം. എല്‍. എ.യെന്നോ ഒരു അധികാര ആനൂകൂല്യങ്ങളും ഉപയോഗിക്കാഗിക്കാതെ ഷര്‍ട്ട് അഴിച്ച്, സാധാരണ ഭക്തരോടൊപ്പം ക്യൂ നിന്നാണ് ക്ഷേത്രദര്‍ശനം നടത്തുന്നത്. കൊച്ചി രാജകുടുംബാംഗങ്ങളുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചതും ബാബു മുന്‍കൈ എടുത്താണ്. സവര്‍ണ ഹൃദയം ആഗ്രഹിക്കുന്ന ആദരവിന്റെ ശരീരഭാഷ നല്‍കാന്‍ ബാബുവിന് കഴിയുന്നുണ്ട്. കല്ല്യാണരാമന്‍, ബലികാക്ക എന്നൊക്കെ ആദ്യം പരിഹസിച്ച് വിളിക്കുമ്പോഴും മണ്ഡലത്തിലെ വിവാഹം, മരണം തുടങ്ങിയ കാര്യങ്ങളില്‍ ബാബു പങ്കാളിത്തം ഉറപ്പാക്കാറുണ്ട്. ബന്ധുക്കള്‍ കഴിഞ്ഞാല്‍ വിളിച്ചാല്‍ വരുമെന്നു തൃപ്പൂണിത്തുറക്കാര്‍ക്ക് ഉറപ്പുള്ള വ്യക്തി എം. എല്‍. എ. ആയിരുന്നു. ഓരോ വിവാഹ ആല്‍ബത്തിലും സെല്‍ഫിയിലും ചിത്രം പതിയുമ്പോള്‍ ഉറപ്പാക്കുന്നത് വോട്ട് കൂടിയാണെന്ന് ഈ മന്ത്രിക്ക് അറിയാം.

''ബാബുവിനെതിരായ അഴിമതി ആരോപണവും അദ്ദേഹത്തിന്റെ സോപ്പിടലും തന്ത്രവുമൊക്കെ അറിയാം. പക്ഷെ എന്തുകാര്യത്തിനും കൂടെ ഉണ്ടാകുമെന്നത് കൊണ്ട് കെ. ബാബുവിനു തന്നെ വോട്ട് ചെയ്ത് പോകും'' ഡ്രൈവറായ വിനോദ് പറയുന്നു.

സി. പി. എമ്മില്‍ നിന്നും പുറത്താക്കിയ മത്സ്യത്തൊഴിലാളി നേതാവ് റ്റി. രഘുവരന്റെ നേതൃത്വത്തില്‍ പി. കൃഷ്ണപിള്ളയുടെ പേരില്‍ പുതിയ സംഘടന രൂപീകരിച്ചെങ്കിലും വോട്ട് ഇടതുപക്ഷസ്ഥാനാര്‍ത്ഥിക്കായിരിക്കും എന്നാണ് ഇവര്‍ പറയുന്നത്. വി. എസിനോട് അനുഭാവമുള്ള പ്രവര്‍ത്തകരാണ് പാര്‍ട്ടി വിട്ടുപോയതും സംഘടന രൂപീകരിച്ചതും. അതുകൊണ്ട് തന്നെ ഈ വോട്ട് വാഗ്ദാനം പൂര്‍ണ്ണമായി വിശ്വസിക്കാന്‍ സി. പി. എം. തയ്യാറായിട്ടില്ല.

തദ്ദേശസ്വയംഭരണസ്ഥാപനത്തിലേയ്ക്ക് ഈ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ നഗരസഭയില്‍ യു. ഡി. എഫിനെ മൂന്നാം സ്ഥാനത്തേക്ക് പുറന്തള്ളി ബി. ജെ. പി. രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. കോണ്‍ഗ്രസ്സിന്റെ മുന്‍ നഗരസഭാദ്ധ്യക്ഷന്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ചരിത്രത്തില്‍ ആദ്യമായി ഉദയംപേരൂര്‍ പഞ്ചായത്ത് പിടിച്ചെടുത്തതാണ് ഇതിനു പകരമായി കോണ്‍ഗ്രസ്സ് ഉയര്‍ത്തികാട്ടുന്നത്. ബിഡിജെഎസ് ശക്തമായ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്നത് എരൂര്‍ മേഖലയില്‍ ബാബുവിന്റെ വോട്ട് കുറയും. വാഗ്മിയും പണ്ഡിതനുമായ പ്രൊഫ. തുറവൂര്‍ വിശ്വംഭരനാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥി. എന്‍ ഡി എ സ്ഥാനാര്‍ത്ഥി വോട്ട് ഇരട്ടിയാക്കിയാല്‍ സ്വരാജിനേക്കാള്‍ കൂടുതല്‍ അപകടം സംഭവിക്കുന്നത് ബാബുവിനായിരിക്കും. കരുണാകരന്‍ ഡി ഐ സി രൂപീകരിച്ച് ഇടതിനൊപ്പം പോയപ്പോഴും, ഐ എന്‍ ടി യു സിയും ഐ ഗ്രൂപ്പും കാല് വാരാന്‍ നോക്കിയപ്പോഴും വിജയം ബാബുവിനോടൊപ്പമായിരുന്നു.

ഇത്തവണ പ്രചരണത്തില്‍ ഇടതുപക്ഷം ഒരടി മുന്നിലാണ്. ഇടതുമനസ്സുള്ള ചെറുപ്പക്കാര്‍ മറ്റ് മണ്ഡലങ്ങളില്‍ നിന്നെത്തി തൃപ്പൂണിത്തുറയില്‍ പ്രചരണം ശക്തമാക്കുന്നു. സ്വന്തമായി വോട്ട് ബാങ്ക് മണ്ഡലത്തില്‍ സൃഷ്ടിച്ച കെ. ബാബുവാണ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി എന്നത് മാത്രമാണ് ഇടതുപക്ഷത്തിന്റെ ഏക വെല്ലുവിളി. സ്വരാജിനു പകരം പിണറായി വിജയനോ വി. എസ്. അച്യുതാനന്ദനോ ബാബുവിനെതിരെ മത്സരിച്ചിരുന്നെങ്കില്‍ കൃത്യമായ രാഷ്ട്രീയ സന്ദേശമായിരിക്കും നല്‍കുന്നത് എന്ന വിശ്വസിക്കുന്നവരും ഈ മണ്ഡലത്തിലുണ്ട്.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)


Next Story

Related Stories