Top

ടൈറ്റാനിയം; ജേക്കബ് തോമസിന്റെ ചാട്ടം കൊള്ളാം, പക്ഷേ എവിടെ വരെ?

ടൈറ്റാനിയം; ജേക്കബ് തോമസിന്റെ ചാട്ടം കൊള്ളാം, പക്ഷേ എവിടെ വരെ?

കെ എ ആന്റണി

പാറ്റൂര്‍ ഫ്ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കിടയിലാണ് ജേക്കബ് തോമസ് (ജെ ടി) എന്ന വിജിലന്‍സ് എഡിജിപിയെ ഉമ്മന്‍ ചാണ്ടി ഒതുക്കിയത്. അന്വേഷണവിഷയങ്ങള്‍ പലതുണ്ടായിരുന്നു അക്കാലത്ത്. ജെ ടി അന്നു വിജിലന്‍സിന്റെ എഡിജിപി മാത്രമായിരുന്നു. അഴിമതിക്കെതിരെ പടപൊരുതുന്നയാള്‍ എന്ന ഖ്യാതി നേടിയ ജെടിയെ പെട്ടെന്നൊരു നാള്‍ ഉമ്മന്‍ ചാണ്ടി ഒതുക്കുന്നു. കാരണം വളരെ ലളിതം, സര്‍ക്കാരിന് ആവശ്യമുള്ള അല്ലെങ്കില്‍ സ്വജനപക്ഷപാത താത്പര്യങ്ങളുള്ള ഒട്ടേറെ വിഷയങ്ങള്‍. ഇത് ഒരു പുരാവൃത്തം.

ഇന്നിപ്പോള്‍ ജേക്കബ് തോമസ് വിജിലന്‍സ് ആസ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു, അതും വിജിലന്‍സ് ഡയറക്ടറായി. ഉമ്മന്‍ ചാണ്ടിയാല്‍ തിരസ്‌കൃതനായ എഡിജിപിക്ക് ഡയറക്ടര്‍ പദവി പിണറായി സര്‍ക്കാര്‍ വക. പിണറായി സര്‍ക്കാരിനു കീഴില്‍ വിജിലന്‍സിന്റെ തലപ്പത്ത് എത്തിയ ജെ ടി തന്നെ നിശബ്ദനാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. അതിന്റെ ആദ്യ സൂചനകളാണ് ബാര്‍കോഴ കേസിലെ പുനരന്വഷേണവും ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട് ലിമിറ്റഡ് എന്ന പൊതുമേഖലസ്ഥാപനത്തില്‍ അടുത്തനാള്‍ നടത്തിയ മിന്നല്‍ പരിശോധനയും.

തന്റെ വായ മൂടിക്കെട്ടിയവരുടെ വായ തുറപ്പിക്കാനുള്ള വലിയൊരു യുദ്ധത്തില്‍ തന്നെയാണ് ജെ ടി ഏര്‍പ്പെട്ടിരിക്കുന്നത്. ശത്രുക്കളില്‍ പ്രധാനികള്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തൊട്ടുപിന്നില്‍ തന്നെയുണ്ട് കുഞ്ഞാലിക്കുട്ടിയും ഒരു നിഴല്‍പോലെ എളമരം കരീമും.

മലിനീകരണ നിയന്ത്രണസംവിധാനം ഒരുക്കാനെന്ന പേരില്‍ നടത്തിയ അഭ്യാസങ്ങളില്‍ സര്‍ക്കാരിന് ഇരുന്നൂറിലേറെ കോടിയുടെ നഷ്ടമുണ്ടായെന്ന ആരോപണം നേരിടുന്ന പൊതുമേഖല സ്ഥാപനമാണ് ടൈറ്റാനിയം. പ്രസ്തുത സ്ഥാപനത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയ്ക്കുശേഷം വിജലന്‍സ് ഡയറക്ടര്‍ പറഞ്ഞത് അഴിമതി സാധൂകരിക്കാന്‍ പോന്ന തെളിവുകള്‍ ലഭിച്ചു എന്നാണ്.

ജെ ടി കള്ളം പറയാനിടയില്ല. സത്യത്തിലും നീതിയിലും വിശ്വസിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം എന്നാണറിവ്. എങ്കിലും ഈ അന്വേഷണത്തിനു പിറകില്‍ വല്ലാത്തൊരു അമിതാവേശം കടന്നുകൂടിയിട്ടുണ്ടോ എന്ന ശങ്ക ഒരു ചോദ്യമായി മനസില്‍ കിടന്നു ചിലച്ചുകൊണ്ടിരിക്കുന്നു. ചിലയ്ക്കുന്ന ചോദ്യം ഇതാണ്, ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ലക്ഷ്യമിട്ട് ജെ ടി ആരംഭിക്കാന്‍ പോകുന്ന ഈ അന്വേഷണം എവിടെ ചെന്ന് അവസാനിക്കും? ടൈറ്റാനിയവുമായി ബന്ധപ്പെട്ട ഇടതു, പ്രത്യകിച്ചും സിപിഎം ബാന്ധവം അന്വേഷിക്കാന്‍ പുതിയ ഡയറക്ടര്‍ക്ക് കഴിയുമോ? ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണിവ.

തിരുവനന്തപുരം വേളി വ്യവസായ മേഖലയില്‍ 1946 ല്‍ തിരുവിതാംകൂര്‍ വാണരുളിയിരുന്ന ചിത്തിരതിരുന്നാള്‍ ബാലരാമ വര്‍മ ബ്രിട്ടീഷ് കമ്പനിയായിരുന്ന ബ്രിട്ടീഷ് ടൈറ്റാന്‍ പ്രൊഡക്ട്‌സിന്റെ സാങ്കേതികസഹായത്തോടെ ആരംഭിച്ച ഈ കമ്പനി വിവാദങ്ങളുടെ പട്ടികയിലേക്ക് എത്തുന്നത് ഇഎംഎസ് സര്‍ക്കാര്‍ രൂപീകരണത്തോടുകൂടിയാണ്. 1957 ല്‍ അധികാരമേറ്റ ഇഎംഎസ് സര്‍ക്കാര്‍ ഈ സ്ഥാപനത്തെ യാതൊരു ദ്രോഹവും ചെയ്തില്ലെങ്കിലും കോണ്‍ഗ്രസുകാരുടെ കുശുമ്പും കുന്നായ്മയും സ്ഥാപനത്തെ വേട്ടായാടിക്കൊണ്ടേയിരുന്നു.1946ല്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും 1952 ല്‍ മാത്രമാണ് ഉത്പാദനം ആരംഭിച്ചത് എന്നത് വെറും ഗൂഗിള്‍ വാര്‍ത്തകള്‍. ഇതില്‍ സത്യമില്ലായ്കയില്ല. ടി വി തോമസ് വ്യവസായമന്ത്രി ആയിരിക്കെയാണ് ടൈറ്റാനിയം സംസ്ഥാന സര്‍ക്കാരിനു കീഴില്‍ വരുന്നത്. പിന്നീട് അങ്ങോട്ട് നടന്നതത്രയും രാഷ്ട്രീയപ്രേരിതമായ ചില പോരാട്ടങ്ങള്‍.രണ്ടുതവണ ടൈറ്റാനിയം പൂട്ടിയിടേണ്ടി വന്നു. രണ്ടുതവണയും മലിനീകരണവുമായി ബന്ധപ്പെട്ടായിരുന്നു പൂട്ടിയിടേണ്ടി വന്നത്. ആദ്യതവണ സമരം നയിച്ചത് ക്രിസ്ത്യന്‍ മുക്കുവരായിരുന്നെങ്കില്‍ അടുത്ത തവണ ധീവരരുടേതായിരുന്നു. അവരുടെ പ്രശ്‌നം വളരെ ഗുരുതരം തന്നെയായിരുന്നു. സള്‍ഫ്യൂരിക് ആസിഡ് ആണ് കുഴല്‍ മാര്‍ഗം കൊച്ചുവേളിയിലെ കടലിലേക്ക് തള്ളുന്നതെന്ന പ്രതിഷേധം തന്നെയായിരുന്നു അത്. കടലില്‍ തവിട്ട് നിറം പ്രത്യക്ഷപ്പെടുന്നതിനെ കുറിച്ച് മത്സ്യനബന്ധന തൊഴിലാളികള്‍ നടത്തിയ അന്വേഷണങ്ങളുടെ പ്രാരംഭഘട്ടത്തില്‍ ലത്തീന്‍ കത്തോലിക്ക സഭ ഏറെ നിയമനങ്ങള്‍ സംഘടിപ്പിച്ചൂ.

ടൈറ്റാനിയം സംബന്ധിച്ച ആരോപണങ്ങള്‍ എത്രകണ്ട് ശരിയെന്ന കാര്യം വിജിലന്‍സ് അന്വേഷിക്കട്ടെ. ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പ്രതിപ്പട്ടികയില്‍ ചേര്‍ത്തുകൊണ്ട് 2006 ലും ഇക്കഴിഞ്ഞ ദിവസവും പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് നേതാവും മുന്‍ ആരോഗ്യമന്ത്രിയുമായിരുന്ന കെ കെ രാമചന്ദ്രനെയും പുതിയ ഡയറക്ടര്‍ ചോദ്യം ചെയ്യും.

വയനാട്ടിലെ കോണ്‍ഗ്രസിന്റെ സാന്നിധ്യമായിരുന്ന കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ 2005 ല്‍ ആണ് സംഘര്‍ഷങ്ങള്‍ക്കിടയില്‍ രാജിവയ്‌ക്കേണ്ടി വന്നത്. പകരം മന്ത്രിയായത് മരിച്ചുപോയ എ സുജനപാല്‍. ഇക്കാലഘട്ടത്തിലാണ് മുഴുവന്‍ അഴിമതിയും നടത്തിയതെന്നാണ് ജേക്കബ് തോമസിന്റെ കണ്ടെത്തലും രാമചന്ദ്രന്‍ മാസ്റ്ററുടെ ആരോപണവും.

കോണ്‍ഗ്രസ് ഗുസ്തികള്‍ ഒരുഭാഗത്തു നില്‍ക്കുമ്പോള്‍ മറുഭാഗത്ത് ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിലൊന്ന് ടൈറ്റാനിയവുമായി ബന്ധപ്പെട്ട കുംഭകോണ കേസില്‍ പ്രതിപ്പട്ടികയില്‍ വരേണ്ട ആദ്യത്തെയാള്‍ ഉമ്മന്‍ ചാണ്ടിയല്ല എന്നതാണ്. കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരീ ഭര്‍ത്താവ് കെ എ റൗഫ് കോഴിക്കോട് ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളില്‍ ഒന്ന് വ്യവസായ മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടി നേരിട്ടും പിന്നീട് മന്ത്രിയായ ഇബ്രാഹീംകുഞ്ഞ് മുഖേനയും ടൈറ്റാനിയം കമ്പനിയുമായി ബന്ധപ്പെട്ട് കോടികള്‍ തട്ടിയെന്നാണ്. ആരോപണമുന്നയിച്ച റൗഫിനെ മഷിയിട്ടു നോക്കിയാല്‍ കാണാനില്ല.

പക്ഷേ ഒരുകാര്യം സത്യമാണ്, രണ്ടായിരം കോടിയിലേറെ പ്രതിവര്‍ഷ വരുമാനം ഉണ്ടാക്കിയിരുന്ന ഒരു പൊതുമേഖല സ്ഥാപനം വീണ്ടും വിവാദങ്ങള്‍ക്കു നടുവിലാണ്. മത്സ്യബന്ധനക്കാരുടെ പ്രശ്‌നങ്ങള്‍ ഒരു ഭാഗത്ത്. ഇതേ കുറിച്ച് ഇപ്പോള്‍ ആരും ഒന്നും സംസാരിക്കുന്നില്ല എന്നതാണ് ഏറ്റവും രസകരമായ വസ്തുത. 1974 ല്‍ ആണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയെ മലനീകരണം സംബന്ധിച്ചു പഠനം നടത്താന്‍ കമ്പനി ചുമതലപ്പെടുത്തിയത്. 1976 ല്‍ കമ്പനിക്ക് അനുകൂലമായൊരു റിപ്പോര്‍ട്ട് ലഭിച്ചിട്ടും കമ്പനി ഹൈക്കോടതിയെ സമീപിച്ചു എന്നും ആരോപണം നിലനില്‍ക്കുന്നുണ്ട്.
പക്ഷേ ഈ ആരോപണം എത്രമാത്രം ശരിയെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ആരോപണം ഉന്നയിക്കുന്നവരുടെ ന്യായവാദങ്ങള്‍ ടൈറ്റാനിയം പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം ആരും മത്സ്യം കഴിച്ച് മരിച്ചിട്ടില്ല എന്നതാണ്. കിണറിലെ/ കുടിവെള്ളത്തിലെ ആല്‍ക്കലി സാന്നിധ്യത്തിലൂടെ ആര്‍ക്കും ഒന്നും സംഭവിച്ചിട്ടില്ലെന്ന വാദത്തെയും തികച്ചങ്ങ് അംഗീകരിക്കാന്‍ ആവില്ല. മലനീകരണം മലീനീകരണം തന്നെയാണ്. അതു റോഡിലായാലും കടലില്‍ ആയാലും.

ജേക്കബ് തോമസിന്റെ അന്വേഷണങ്ങള്‍ മുറയ്ക്ക് നടക്കട്ടെ. വീണ്ടും വായമൂടിക്കെട്ടാന്‍ ആരെങ്കിലും കല്‍പ്പിച്ചാല്‍ അടുത്ത ഉദ്യേഗം എന്തായിരിക്കുമെന്ന് എന്റെ പൊന്നു സാറേ ഒന്നു പറഞ്ഞാല്‍ നന്ന്! എളമരവും കുഞ്ഞാപ്പയും പിണറായിയും തമ്മില്‍ ആരോപിക്കപ്പെടുന്ന ബന്ധങ്ങള്‍ പണ്ട് മലബാര്‍ സിമന്റ്‌സ് കേസിലേക്കുപോലും നീണ്ടു പോയിട്ടുണ്ട്. ഒരച്ഛനും രണ്ടു മക്കളും ആത്മഹത്യ ചെയ്ത കേസും മൂടിവയ്ക്കപ്പെട്ട നിലയിലാണ്. ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹമരണം അന്വേഷിക്കണമെന്ന പരാതിയെങ്കിലും ഈ സര്‍ക്കാര്‍ റീ ഓപ്പണ്‍ ചെയ്യുമോ? ഇല്ലെന്നാണ് തോന്നുന്നത്. മലബാര്‍ സിമന്റസ് കേസില്‍ ഇപ്പോള്‍ പ്രതികൂട്ടില്‍ നില്‍ക്കുന്ന എം ഡി പറയുന്നത് അനുസരിച്ച് ചാക്ക് രാധാകൃഷ്ണന്റെ കോണ്‍ട്രാക്ട് അനുവദിക്കാത്തതാണത്രേ പുതിയ പ്രശ്‌നം. നീതിമാനായ ജേക്കബ് തോമസ് വായ മാത്രമല്ല ചിലപ്പോള്‍ കണ്ണുംകൂടി പ്ലാസ്റ്റര്‍ ഒട്ടിച്ച് മൂടേണ്ടിവരുമോ എന്നതാണ് ഇപ്പോള്‍ ഉന്നയിക്കപ്പെടുന്ന ചോദ്യം. ബന്ധങ്ങള്‍ ബന്ധനങ്ങളാകുമ്പോള്‍ ഇത്തരം ചില ചോദ്യങ്ങള്‍ വളരെ പ്രസക്തമാകുന്നു.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories