TopTop
Begin typing your search above and press return to search.

നീതിബോധമുള്ള മലയാളി എന്ന എടുക്കാച്ചരക്ക്

നീതിബോധമുള്ള മലയാളി എന്ന എടുക്കാച്ചരക്ക്

കണ്ണിന് പകരം കണ്ണ്, പല്ലിനുപകരം പല്ല് എന്ന പ്രാകൃത നീതിബോധത്തില്‍നിന്ന് മുക്തമായി മനുഷ്യാവകാശങ്ങളിലും സാമൂഹികനീതിയിലും ഉന്നതമായ ജനാധിപത്യമൂല്യങ്ങളിലും വേരുകളാഴ്ത്തിയ ഒരു പരിഷ്‌കൃത സമൂഹമാണ് കേരളമെന്നാണ് മലയാളികളുടെ അഭിമാനം. സ്വന്തം വിദ്യാര്‍ത്ഥികള്‍ക്കായി എഴുതിയ ഒരു ചോദ്യത്തിന്റെ പേരില്‍ വലതുകൈ വെട്ടിമാറ്റപ്പെട്ട ഒരു മുതിര്‍ന്ന അദ്ധ്യാപകന്റെ നിശ്ശബ്ദനിലവിളി ഉയരുമ്പോഴും, മലയാളിയുടെ വിജ്രംഭിതമായ ആ അഭിമാനം അശ്ലീലമാണെന്ന് നമ്മള്‍ തിരിച്ചറിയുന്നില്ല. മനുഷ്യാവകാശലംഘനങ്ങളിലും ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലും മതോന്മാദത്തിലും വര്‍ഗ്ഗീയഭ്രാന്തുകളിലും ഖജനാവ് കൊള്ളയടിക്കുന്നതിലും സ്ത്രീവിരുദ്ധ-ആദിവാസിവിരുദ്ധ നിലപാടുകളിലും കേരളം മറ്റേത് അവികസിത സംസ്ഥാനത്തേയുംകാള്‍ ഒട്ടും പിന്നിലല്ലെന്നാണ് ടെലിവിഷന്‍ ചര്‍ച്ചകളില്‍ മാത്രം ഒടുങ്ങുന്ന വാര്‍ത്തകള്‍ തെളിയിക്കുന്നത്. ഈ വാസ്തവത്തിനുനേര്‍ക്ക് കണ്ണടച്ചുകൊണ്ടാണ് ദൈവത്തിന്റെ സ്വന്തം നാടെന്ന പരസ്യവാചകം നെറ്റിയിലൊട്ടിച്ച് നിര്‍ല്ലജ്ജം നമ്മള്‍ മേനിനടിക്കുന്നത്. ആത്മവഞ്ചനയുടെയും ജനവഞ്ചനയുടെയും പ്രതീകമായ ഈ മിഥ്യാഭിമാനം, കൊമ്പുമുളച്ച അഹങ്കാരമായി പരിണമിക്കുമ്പോഴാണ് സമൂഹം പരമമായ ജീര്‍ണ്ണതയിലേക്ക് പതിക്കുക. സ്വന്തം ജീര്‍ണ്ണതയുടെ ദുര്‍ഗ്ഗന്ധംതന്നെ ആസ്വാദ്യകരമായി അനുഭവിക്കുന്ന കേരളസമൂഹത്തിന്റെ നിസ്സംഗതയെ ഭയപ്പെടാതെ വയ്യ. ഭരണാധികാരികള്‍ നായകവേഷമാടുന്ന അഴിമതിക്കഥകളും ആ തട്ടിപ്പുകളിലെ നായികമാരായ ക്രിമിനലുകളായ അഭിസാരികകളുമാണ് മാദ്ധ്യമങ്ങളിലൂടെ നിരന്തരം നമ്മെ അഭിരമിപ്പിക്കുന്നതെന്ന വസ്തുത മാത്രമോര്‍ത്താല്‍, ചെളിക്കുണ്ടില്‍ സുഖശയനംചെയ്യുന്ന പോത്തിനേക്കാള്‍ തെല്ലും ഭേദമല്ല മലയാളി സമൂഹമെന്ന് ആര്‍ക്കും ബോദ്ധ്യമാവും. പക്ഷെ, നൂറുശതമാനം സാക്ഷരരത നേടിയെന്നവകാശപ്പെടുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ പ്രായപൂര്‍ത്തി വോട്ടവകാശമുള്ള മഹാഭൂരിപക്ഷവും അതറിഞ്ഞതായി ഭാവിക്കുകയില്ല. സ്വന്തം കുടുംബത്തിനപ്പുറത്തുള്ള ലോകം മലയാളിക്ക് ശത്രുരാജ്യമാണ്.

കഠിനസഹനങ്ങളിലൂടെയും സമരങ്ങളിലൂടെയും പല പതിറ്റാണ്ടുകള്‍കൊണ്ട് നേടിയ സാമൂഹികമായ പുരോഗതിയെയും ജനാധിപത്യമൂല്യങ്ങളെയും മാനവികതയെയും കൈവിട്ട് മദ്ധ്യകാലത്തിന്റെ പ്രാകൃതബോധത്തിലേക്ക് പിന്‍വാങ്ങുവാനുള്ള കേരളത്തിന്റെ തിടുക്കം സമസ്തമണ്ഡലങ്ങളിലും ദൃശ്യമാണിന്ന്. രാഷ്ട്രീയത്തിലും അതിനെ അസാധുവായിക്കാണുന്ന അരാഷ്ട്രീയതയിലും ജാതി-മതപ്രസ്ഥാനങ്ങളിലും ഭരണകൂടത്തിലും കുടുംബത്തിലും സ്ത്രീ-പുരുഷബന്ധങ്ങളിലും സദാചാരസങ്കല്‍പ്പങ്ങളിലുമെല്ലാം അത് പ്രതിഫലിക്കുന്നണ്ട്. നവോത്ഥാനമൂല്യങ്ങള്‍ക്കുവേണ്ടി നടന്ന കലാപങ്ങളുടെയും അവയെത്തുടര്‍ന്നുണ്ടായ സാമൂഹികപരിഷ്‌കരണങ്ങളുടെയുമെല്ലാം ഫലമായി കേരളത്തിന് കൈവന്ന പ്രശസ്തിയും പ്രസക്തിയും കാലഹരണപ്പെട്ടിരിക്കുന്നുവെന്ന വസ്തുത അംഗീകരിക്കുവാന്‍ മലയാളികള്‍ എന്നിട്ടും സന്നദ്ധമല്ലെന്നത് ഈ കാപട്യത്തിന്റെ പരമാവസ്ഥയാണ്. അതുകൊണ്ടാണ്, തങ്ങള്‍ക്ക് ഹിതകരമല്ലാത്ത വാക്കുകള്‍ ഉച്ചരിക്കുന്നവരുടെ നാവ് പിഴുതെടുക്കുവാന്‍ മുതിരുന്ന പ്രാകൃതമനസ്‌കരുടെ പ്രത്യയശാസ്ത്രത്തോടുപോലും രമ്യതയിലാകുവാന്‍ മലയാളിസമൂഹത്തിന് കഴിയുന്നത്.പ്രൊഫസര്‍ ജോസഫിന്റെ കൈവെട്ടിയ മതതീവ്രവാദികളും അവരോട് യോജിപ്പില്ലാത്ത ഇതര മത തീവ്രവാദികളും അവരുടെയെല്ലാം മനുഷ്യവിരുദ്ധ പ്രത്യയശാസ്ത്രങ്ങളും നിര്‍ബ്ബാധം തഴച്ചുവളരുന്ന ഒരു സമൂഹം രാജ്യത്തിനുതന്നെ ഭീഷണിയാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാനും വിളിച്ചുപറയാനും അക്കാദമികലോകംപോലും ഉത്സുകമല്ല. ഒറ്റപ്പെട്ട ധീര ശബ്ദങ്ങളെ നിര്‍ദ്ദയം തിരസ്‌കരിക്കുകയാണ് നമ്മുടെ ബധിരകര്‍ണ്ണങ്ങള്‍. പ്രൊഫസറുടെ കൈവെട്ടിയവര്‍ ശിക്ഷാര്‍ഹരാണെന്ന് കോടതി പറയുമ്പോഴും ആ കുറ്റവാളികള്‍ക്കുവേണ്ടി വാദിക്കുവാനും അവരുടെ ചെയ്തികളെ ന്യായീകരിക്കുവാനും വ്യക്തികളും സംഘടനകളും മാദ്ധ്യമങ്ങളുമുള്ള ഒരു നാടാണിത്. അതിനേക്കാള്‍ ഭയാനകം, അങ്ങനെ പറയുന്നവരുടെ കാടത്തം ഈ പരമാധികാര റിപ്പബ്ലിക്കിന്റെ ഭരണഘടനയുടെ തത്ത്വങ്ങള്‍ക്കെതിരാണെന്ന് പറയുവാന്‍ ആളുകള്‍ നന്നേ കുറവാണെന്നതാണ്.

വ്യത്യസ്ത മത തീവ്രവാദങ്ങളും മുഖ്യധാരാ വലതുപക്ഷ രാഷ്ട്രീയപ്പാര്‍ട്ടികളും ഒരു വിഭാഗം വന്‍കിട മാദ്ധ്യമങ്ങളും തമ്മിലുള്ള അവിശുദ്ധ പാരസ്പര്യമാണ് കേരളീയസമൂഹം നേരിടുന്ന ഇത്തരം വര്‍ഗ്ഗീയ വിപത്തുകളുടെ കാരണമെന്ന് കാണാതിരിക്കേണ്ടതില്ല. വോട്ടുബാങ്ക് നിലനിര്‍ത്താനായി ജാതി-മത സംഘടനകളെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളെ ചിലപ്പോഴെങ്കിലും വിമര്‍ശിക്കുന്ന മാദ്ധ്യമങ്ങളും ജനപ്രീതിയ്ക്കായി ജാതി-മത-വര്‍ഗ്ഗീയതകളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. മതപരിവേഷമുള്ള അനാചാരങ്ങള്‍ക്കും ആള്‍ദൈവങ്ങള്‍ക്കും പലതരം അസഹിഷ്ണുതകള്‍ക്കും പൊതുസമ്മതിയുണ്ടാക്കുവാനാണ് മാദ്ധ്യമങ്ങളുടെ ഈ നിലപാട് ഫലത്തില്‍ ഉപകരിക്കുന്നത്. ഈ അനുകൂല സാഹചര്യത്തെ പരമാവധി ചൂഷണംചെയ്തുകൊണ്ട് സൗഹൃദമത്സരത്തിലൂടെ വളരാനും മേല്‍ക്കൈ നേടാനുമാണ് വ്യത്യസ്ത മത-വര്‍ഗ്ഗീയതകള്‍ ശ്രമിക്കുന്നത്. മതതീവ്രവാദങ്ങളെ ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വിചിത്രമായൊരു മതസൗഹാര്‍ദ്ദമാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. ഇതിന്റെ നല്ലൊരുദാഹരണമായിട്ടാണ് പ്രൊഫസര്‍ ജോസഫിന്റെ ദുരനുഭവത്തെയും അതുയര്‍ത്തുന്ന മനുഷ്യാവകാശപ്രശ്‌നങ്ങളെയും കാണാനാവുക.

തന്റെ കൈവെട്ടിയവരോട് പ്രൊഫസര്‍ ജോസഫ് ക്ഷമിച്ചതായി പ്രഖ്യാപിച്ചുവെങ്കിലും, രാജ്യത്ത് നിലവിലുള്ള നിയമവ്യവസ്ഥയ്ക്കുകീഴില്‍ നടന്ന കോടതി നടപടികളിലൂടെ കുറ്റവാളികളെന്ന് തെളിയിക്കപ്പെട്ടവരോട് ക്ഷമിക്കുക സാങ്കേതികമായി അസാദ്ധ്യമാണെന്ന് ആര്‍ക്കുമറിയാത്തതല്ല. ആ കോടതി പരാമര്‍ശമുണ്ടായപ്പോള്‍ ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട ചര്‍ച്ചകളില്‍, കുറ്റവാളികളുടെ സംഘടനയെയും അതിന്റെ പ്രത്യയശാസ്ത്രത്തെയും അനുകൂലിക്കുന്നവരെക്കൂടി പങ്കെടുപ്പിക്കുവാന്‍ എഡിറ്റര്‍മാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പ്രാഥമികമായ ഭരണഘടനാ പ്രമാണങ്ങളെത്തന്നെ വെല്ലുവിളിക്കുന്ന ക്രിമിനലുകള്‍ക്കും അവരുടെ ജനാധിപത്യവിരുദ്ധമായ വാദമുഖങ്ങള്‍ക്കും പൊതുമണ്ഡലത്തില്‍ ഇടംനേടിക്കൊടുക്കുവാനാണ് മാദ്ധ്യമങ്ങളുടെ ഈ നിഷ്പക്ഷതാനാട്യം ഉപകരിക്കുക എന്ന് ആരുമോര്‍ക്കുന്നില്ല. അത്തരമൊരു ചര്‍ച്ചയില്‍ പ്രൊഫസറോടൊപ്പം അദ്ദേഹം പഠിപ്പിച്ച കോളജ് ഭരിക്കുന്ന പള്ളിയുടെ വക്താവായ എഴുത്തുകാരന്‍കൂടിയായ ഫാദര്‍ പോള്‍ തേലക്കാടും ഉണ്ടായിരുന്നു. ഇസ്ലാമിക മതഭ്രാന്തന്മാര്‍ നടത്തിയ ഹീനകൃത്യത്തെ അപലപിക്കുന്നതിനുപകരം, ഇരയായ പ്രൊഫസറെ ജോലിയില്‍നിന്ന് പിരിട്ടുവിടാന്‍ മുതിര്‍ന്ന ക്രിസ്ത്യന്‍ സഭയുടെ നടപടി രണ്ട് വര്‍ഗ്ഗീയതകള്‍ കൈകോര്‍ക്കുന്നതിന്റെ പ്രകടമായ തെളിവായിരുന്നുവെങ്കിലും പള്ളിയുടെ ഈ കിരാതത്വത്തോടും മലയാളികള്‍ അമര്‍ഷം പ്രകടിപ്പിച്ചില്ലെന്നതാണ് ശ്രദ്ധേയം.ന്യൂനപക്ഷ മതങ്ങളുടെ മതഭ്രാന്തുകളും വര്‍ഗ്ഗീയതയും കണ്ടില്ലെന്നുനടിക്കുവാന്‍ നമ്മള്‍ ശീലിച്ചിരിക്കുന്നു. ന്യൂനപക്ഷവര്‍ഗ്ഗീയതയുടെ വ്യാപനമാണ് ഭൂരിപക്ഷവര്‍ഗ്ഗീയതയുടെ ഇന്ധനമെന്ന് തിരിച്ചറിയുന്ന മതേതരവാദികള്‍ പോലും സൗകര്യപൂര്‍വ്വം അതിനെ നിസ്സാരവല്‍ക്കരിക്കുകയാണ് പതിവ്. പ്രൊഫസറോട് പള്ളി അനീതിയാണ് ചെയ്തതെന്ന ചാനലിന്റെ വിമര്‍ശനത്തോട് പള്ളിയുടെ വക്താവായ ഫാദര്‍ പോള്‍ തേലക്കാട് നടത്തിയ പ്രതികരണം ഒരു കുറ്റസമ്മതമായിരുന്നു. പക്ഷെ, അതിന് അദ്ദേഹം നല്‍കിയ വിശദീകരണം അപായകരമായൊരു പ്രവണതയിലേക്കാണ് ചൂണ്ടുന്നത്. പ്രൊഫസറുടെ പ്രവൃത്തി പ്രവാചകനിന്ദയാണെന്ന് ആക്ഷേപമുയരുകയും അതിനെതിരെ പ്രചരണമുണ്ടാവുകയും ചെയ്തപ്പോള്‍ പള്ളിക്ക് വേറെ മാര്‍ഗ്ഗമില്ലായിരുന്നു എന്ന ഫാദര്‍ തേലക്കാടിന്റെ ന്യായീകരണം മതസംഘടനകളും അവ പോറ്റിവളര്‍ത്തുന്ന വര്‍ഗ്ഗീയതകളും പരസ്പര സഹകരണത്തിലൂടെയാണ് പൗരന്മാരെ അടിച്ചമര്‍ത്തുന്നതെന്ന ഭയാനകമായ വാസ്തവത്തിന്റെ സാക്ഷ്യമാണ്.

ഭരണഘടന പൗരന് നല്‍കുന്ന സ്വാതന്ത്ര്യങ്ങള്‍ നിരോധിച്ചുകൊണ്ട് മതാധിപത്യം സ്ഥാപിക്കുവാനാണ് ഭൂരിപക്ഷ വര്‍ഗ്ഗീയതയെപ്പോലെ ന്യൂനപക്ഷവര്‍ഗ്ഗീയതകളും വേറിട്ടും സഹകരിച്ചും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നതിന് കേരളത്തില്‍നിന്നുതന്നെ നൂറുകണക്കിന് തെളിവുകളുണ്ട്. മതസ്വാതന്ത്ര്യത്തിന്റെ മറവില്‍ ജനാധിപത്യത്തെത്തന്നെ അട്ടിമറിക്കുന്ന രാഷ്ട്രീയ-സാമ്പത്തിക ലാക്കുകളുള്ള മതസംഘടനകളെയും പൗരോഹിത്യത്തെയും രാജ്യദ്രോഹികളായി കാണാന്‍ കഴിയുന്നില്ലെങ്കില്‍, ക്രാന്തദര്‍ശിയായ സ്വാമി വിവേകാനന്ദന്‍ പറഞ്ഞതുപോലെ കേരളം അധികവേഗം ഒരു ഭ്രാന്താലയമാകുമെന്ന് ഭയപ്പെടണം. ആള്‍ദൈവങ്ങള്‍ക്കും പുരോഹിതന്മാര്‍ക്കും മതാചാരങ്ങള്‍ക്കും തീര്‍ത്ഥാടനങ്ങള്‍ക്കുമെല്ലാം മാദ്ധ്യമങ്ങള്‍ നല്‍കുന്ന പരിവേഷവും പ്രചാരവും ഈ ആപത്തിലേക്കുള്ള വേഗം ഇരട്ടിപ്പിക്കുകയുമാണ്. മതങ്ങളുടെയും വര്‍ഗ്ഗീയതകളുടെയും ഈ സൗഹൃദമത്സരത്തില്‍ പരാജയപ്പെടുന്നത് മനുഷ്യരും മതേതരജനാധിപത്യം എന്ന മഹാസങ്കല്‍പ്പവുമാണ്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories