UPDATES

വാര്‍ത്തകള്‍

ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത് തൃണമൂലെന്ന് അമിത് ഷാ; പാര്‍ട്ടി 300-ലധികം സീറ്റുകളില്‍ ജയിക്കും

ബംഗാളിലെ സ്ഥിതിഗതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തുകയാണ്.

ബംഗാളിലെ സാമൂഹ്യ പരിഷ്‌കര്‍ത്താവ് ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത് തൃണമൂല്‍ കോണ്‍ഗ്രസാണെന്ന ആരോപണവുമായി ബിജെപി. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തിലാണ് ആക്രമണത്തിന്റെ ഉത്തരവാദികള്‍ തൃണമൂല്‍ പ്രവര്‍ത്തകരാണെന്ന് ആരോപിച്ചത്.

‘തൃണമൂല്‍ മല്‍സരിക്കുന്നത് ബംഗാളിലെ 42 സീറ്റുകളില്‍ മാത്രമാണ്. ബിജെപി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും മല്‍സരിക്കുന്നുണ്ട്. അതുകൊണ്ട് ബംഗാളില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം തൃണമൂലിനാണ്’ അമിത്ഷാ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത് സഹതാപ തരംഗമുണ്ടാക്കാന്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ചെയ്തതാണെന്നും അദ്ദേഹം ആരോപിച്ചു. അവസാന ഘട്ട തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ബിജെപി 300 ലധികം സീറ്റുകളില്‍ വിജയിക്കുമെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം അവകാശപ്പെട്ടു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രചാരണം നടത്തുന്നതില്‍നിന്ന് മമതാ ബാനര്‍ജിയെ വിലക്കണമെന്നും ബിജെപി അധ്യക്ഷന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കാത്തതിനെ അദ്ദേഹം വിമര്‍ശിച്ചു.

അതിനിടെ ബംഗാളില്‍ ഇന്നലെ നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ചേരുകയാണ്. അമിത്ഷായുടെ വാഹനം വിദ്യാസാഗര്‍ കോളെജിന് മുന്നിലൂടെ പോകുമ്പോഴായിരുന്നു സംഘര്‍ഷം ഉണ്ടായത്. കോളെജിന് മുന്നില്‍ തടിച്ചുകൂടി അമിത്ഷാ ഗോബാക്ക് എന്ന് മുദ്രാവാക്യം വിളിച്ച തൃണമുല്‍ പ്രവര്‍ത്തകരും ബിജെപിക്കാരും രൂക്ഷമായ സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതിനിടെയാണ് പ്രതിമ തകര്‍ക്കപ്പെട്ടത്.

ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്ത സംഭവത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശ്രമം. പ്രതിമ തകര്‍ത്തതിനെ തുടര്‍ന്ന് നിരവധി തൃണമൂല്‍ പ്രവര്‍ത്തകര്‍ അവരുടെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലെ പ്രൊഫൈല്‍ പടം മാറ്റി ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെതാക്കി.

ആരും തനിക്കെതിരെ പ്രതിഷേധിക്കാന്‍ പാടില്ലെന്നാണോ അമിത് ഷാ കരുതുന്നതെന്ന് സംഭവത്തോട് പ്രതികരിച്ച് മമതാ ബാനര്‍ജി ചോദിച്ചു. ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്ത സംഭവം നാണക്കേടാണ്. ഇതുപോലൊരു സംഭവം കൊല്‍ക്കത്തിയില്‍ നടന്നിട്ടില്ല. ഇതിന് ഉത്തരവാദികളായവരെ വെറുതെ വിടില്ല, ഒരോ കാര്യത്തിനും മറുപടി ചോദിക്കും’ മമത ബാനര്‍ജി പറഞ്ഞു.
ബംഗാളില്‍ ഒമ്പത് സീറ്റുകളിലേക്കാണ് ഇനി തെരഞ്ഞെടുപ്പ് നടക്കാനുള്ളത്. 42 സീറ്റുകളാണ് ബംഗാളില്‍ ഉള്ളത്. 20 ലധികം സീ്റ്റുകളില്‍ വിജയിക്കുമെന്നാണ് ബിജെപിയുടെ അവകാശ വാദം.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് രണ്ട് സീറ്റാണ് ലഭിച്ചത്. ബംഗാളില്‍ 2011 ന് ശേഷം ബിജെപിയുടെ വോട്ടുവിഹിതത്തില്‍ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടാകുന്നത്. 2011 നിയമസഭ തെരഞ്ഞെടുപ്പില്‍ 4.06 ശതമാനമായിരുന്നു. എന്നാല്‍ 2016 ല്‍ അത് 10.28 ശതമാനമായി വര്‍ധിക്കുകയായിരുന്നു.

Read More: ആരാണ് ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍? എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതിമ തകര്‍ത്തത് ബംഗാളികളെ ഇത്രയധികം പ്രകോപിപ്പിക്കുന്നത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍