TopTop
Begin typing your search above and press return to search.

ജല്ലിക്കട്ടില്‍ താല്‍പര്യമില്ല, നിരോധനം ഒന്നിനും പരിഹാരവുമല്ല: ടി എം കൃഷ്ണ

ജല്ലിക്കട്ടില്‍ താല്‍പര്യമില്ല, നിരോധനം ഒന്നിനും പരിഹാരവുമല്ല:  ടി എം കൃഷ്ണ

ജല്ലിക്കെട്ട് എന്ന കായിക വിനോദത്തോടെ തനിക്ക് താല്‍പര്യമില്ലെന്നും എന്നാല്‍ നിരോധിക്കലല്ല പ്രശ്‌നം പരിഹരിക്കാനുള്ള പോംവഴിയെന്നു പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ടി എം കൃഷ്ണ. കായിക വിനോദത്തിന്റെ അന്തസത്ത നിലനിറുത്തിക്കൊണ്ട് ഇത് പുനര്‍സൃഷ്ടിക്കാന്‍ ആവശ്യമായ സാമൂഹിക സംവാദങ്ങളാണ് ഈ ഘട്ടത്തില്‍ ഉയര്‍ന്നു വരേണ്ടതെന്നും സ്‌ക്രോള്‍.ഇന്നില്‍ എഴുതുന്ന പതിവ് കോളത്തില്‍ വിഷയത്തെ പ്രതിപാദിച്ചുകൊണ്ട് ടിഎം കൃഷ്ണ പറഞ്ഞു. പക്ഷെ ദൗര്‍ഭാഗ്യവശാല്‍ ഇങ്ങനെ ഒരു സംവാദം ഉയര്‍ന്നുവരാനുള്ള അന്തഃരീക്ഷമല്ല ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇരുപക്ഷവും കടുംപിടിത്തം തുടരുന്ന സാഹചര്യത്തില്‍ ഒറ്റ വാക്കില്‍ വിഷയത്തോട് പ്രതികരിക്കാന്‍ ഭൂരിപക്ഷവും നിര്‍ബന്ധിതമാവുകയാണെന്നും അദ്ദേഹം കാര്യകാരണസഹിതം വിശദീകരിക്കുന്നു.

ജല്ലിക്കെട്ട് അനുകൂലികളുടെ വൈകാരിക പ്രശ്‌നങ്ങളോട് ബഹുമാനത്തോടെ പ്രതികരിക്കാന്‍ പെറ്റയ്ക്കും മറ്റ് മൃഗസംരക്ഷണ സംഘടനകള്‍ക്കും സാധിക്കുന്നില്ല. സാമൂഹികമായും സാമ്പത്തികമായും ഉയര്‍ന്ന പദവിയിലുള്ള ജല്ലിക്കെട്ട് അനുകൂലികള്‍ പുലര്‍ത്തുന്ന അതേ അസഹിഷ്ണുതയാണ് മൃഗസംരക്ഷണ സംഘടനകള്‍ തിരിച്ചും പുലര്‍ത്തുന്നത്. ഒരു ഭാഗം ശാരീരിക ആക്രമണങ്ങളില്‍ അഭിരമിക്കുമ്പോള്‍ മറുഭാഗം പ്രത്യയശാസ്ത്ര ആക്രമണങ്ങളുമായി മുന്നേറുന്നു. അനുഷ്ഠാനങ്ങളാണ് നമ്മുടെ വ്യക്തിത്വത്തെയും അഭിമാനത്തെയും നിലനിറുത്തുന്നത്. ഇത്തരം അനുഷ്ഠാനങ്ങളോട് പോരാടേണ്ടി വരുമ്പോള്‍ നമ്മള്‍ സാമാന്യജനങ്ങളെക്കാള്‍ ഉയരത്തില്‍ നില്‍ക്കുന്നവരാണെന്ന ഭാവം പാടില്ല. ദൗര്‍ഭാഗ്യവശാല്‍ മിക്ക മൃഗസംരക്ഷണ സംഘടനകളും ഈ ഒരു മനോഭാവമാണ് വച്ചുപുലര്‍ത്തുന്നത്. ഒരു നഗര-ഗ്രാമ സംഘര്‍ഷവും ഇതിലൂടെ ഉരുത്തിരിഞ്ഞിട്ടുണ്ട്.

എന്നാല്‍ മറുഭാഗം ഉയര്‍ത്തുന്ന വാദമുഖങ്ങള്‍ ഇതിലും വിചിത്രമാണെന്ന് പറയാതിരിക്കാനാവില്ല. ജല്ലിക്കെട്ടിന് ഉപയോഗിക്കുന്ന മാടുകളെ വളര്‍ത്തുന്നത് തേവര്‍ സമുദായക്കാരാണ്. സാമ്പത്തികമായും ജാതീയമായും സാമൂഹികമായും ഉയരത്തില്‍ നില്‍ക്കുന്ന ഇവരാണ് ജല്ലിക്കെട്ടിന്റെ പ്രധാന പ്രായോജകരും. ജല്ലിക്കെട്ടില്‍ മാടുകളെ കീഴടക്കുന്ന കളിക്കാര്‍ മാത്രമാണ് എപ്പോഴും ദളിതര്‍. തമിഴ് ജീവിതത്തില്‍ ഏറെ സ്വാധീനമുള്ള ഇവരെ പ്രീണിപ്പിക്കാനാണ് സിനിമ താരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ജല്ലിക്കെട്ടിന് അനുകൂലമായി രംഗത്തെത്തുന്നത്. മുഖ്യധാര മാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണയും ഇക്കൂട്ടര്‍ക്കുണ്ട്. തമിഴ്‌നാട്ടിലെ ദളിതര്‍ ഏറ്റവും കൂടുതല്‍ സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെടുന്നതും ഭൂഉടമകളായ തേവ•ാരുമായിട്ടാണ്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ പുറത്തുവരികയോ ദളിതര്‍ക്ക് അനുകൂലമായി ഏതെങ്കിലും പ്രമുഖര്‍ രംഗത്തെത്തുകയോ ചെയ്യാറില്ല എന്നതും ഇവിടെ പ്രധാനമാണ്.

മാടുകളെ പീഢിപ്പിക്കുന്നില്ലെന്നും മറ്റുമുള്ള അസംബന്ധങ്ങളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇത് പരിഹാസ്യമാണ്. ഒരു തവണ ജല്ലിക്കെട്ട് കണ്ടവര്‍ക്കറിയാം മാടുകള്‍ക്കും പങ്കെടുക്കുന്നവര്‍ക്കും ഉണ്ടാവുന്ന അംഗഭംഗങ്ങളുടെയും ജീവനാശത്തിന്റെയും കഥകള്‍. ഇത്തരം സാഹചര്യങ്ങളെ ഒഴുവാക്കിക്കൊണ്ടുള്ള ഒരു ജല്ലിക്കെട്ടിന്റെ സാധ്യതകളാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. എന്നാല്‍, അറവുശാലകളുടെയും മറ്റ് ഉദാഹരണം ഉയര്‍ത്തിക്കൊണ്ടും മാംസാഹാരികളെ ചൂണ്ടിക്കാണിച്ചുകൊണ്ടും ഉത്സവത്തെ ന്യായീകരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. കഴിക്കാന്‍ വേണ്ടി കൊല്ലുന്നതും വിനോദത്തിന് വേണ്ടി പീഢിപ്പിക്കുന്നതും തമ്മിലുള്ള അന്തരം അവര്‍ മറന്നുപോകുന്നു. ഇന്ത്യന്‍ മാട്ടുവംശങ്ങളെ പരിപോഷിപ്പിക്കുന്നതിന് ജല്ലിക്കെട്ട് ആവശ്യമാണെന്നാണ് മറ്റൊരു വാദം. അവരുടെ സന്താനോല്‍പാദന ശേഷി വര്‍ദ്ധിപ്പിച്ച് വംശം നിലനിറുത്താന്‍ ഈ ആനുഷ്ഠാനം സഹായിക്കുമെന്നും പറയപ്പെടുന്നു. എന്നാല്‍ പാല്‍സംഭരണം ഉള്‍പ്പെടെയുള്ള നിരവധി മാര്‍ഗ്ഗങ്ങളിലൂടെ നാടന്‍ ഇനങ്ങളെ വളര്‍ത്താന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കാവുന്നതേ ഉള്ളു. ഗ്രാമങ്ങളിലെ യുവാക്കളിലെ ശാരീരിക ക്ഷമത നിലനിറുത്താന്‍ ഈ വിനോദം ആവശ്യമാണെന്ന വാദത്തിനും പ്രസക്തിയില്ല. ഈ വിനോദം നിലനില്‍ക്കാത്ത ഗ്രാമങ്ങളിലെ യുവാക്കള്‍ ശാരീരികക്ഷമതയില്ലാത്തവരാണെന്ന് കരുതാനാവില്ലല്ലോ.

അതുകൊണ്ടുതന്നെ, ജല്ലിക്കെട്ടിലെ ക്രൂരതയും സാഹസവും അവസാനിപ്പിച്ചുകൊണ്ടുള്ള ഒരു അഴിച്ചുപണിയാണ് ഇന്നിന്റെ ആവശ്യം. അതിന് വൈകാരിക പ്രതികരങ്ങള്‍ സഹായിക്കില്ല. ഇരുകൂട്ടരുടെയും വാദമുഖങ്ങള്‍ പരസ്പരം കേള്‍ക്കാനുള്ള ക്ഷമയും സഹനവും പുലര്‍ത്തിക്കൊണ്ടുള്ള ഒരു സംവാദത്തിലൂടെ മാത്രമേ ഇത്തരം ഒരവസ്ഥ സംജാതമാകൂ. അല്ലാതെ നിരോധനം ഒന്നിനും പരിഹാരമാകുന്നില്ല.

വായനയ്ക്ക്: https://goo.gl/xpb5om


Next Story

Related Stories