TopTop
Begin typing your search above and press return to search.

സുധീരന്‍റെ കിനാശേരി യാഥാര്‍ത്ഥ്യമാക്കാന്‍ പ്രതാപന്‍റെ ഇടപെടലുകള്‍

സുധീരന്‍റെ കിനാശേരി യാഥാര്‍ത്ഥ്യമാക്കാന്‍ പ്രതാപന്‍റെ ഇടപെടലുകള്‍

അഴിമുഖം പ്രതിനിധി

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അതിന്റെതായ ചില കീഴ്‌വഴക്കങ്ങളുണ്ട്. ആരെങ്കിലും ഉരച്ചുതേച്ചാല്‍ പോകുന്നതൊന്നുമല്ലത്. എന്നാല്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ കുറച്ചുനാളായി അതിനുള്ള ശ്രമത്തിലാണ്. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആദര്‍ശം എന്ന നാലക്ഷരത്തിന്റെ പേറ്റന്റ് സുധീരന്റെ പേരിലാണ്. കളി മുഴുവന്‍ അതുവച്ചാണ്. ജയിക്കാന്‍ വേണ്ടി മാത്രം കളിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ നേരെയാണ് സുധീരന്‍ ആദര്‍ശഗോലി എയ്യുന്നതെന്നുമാത്രം. എന്നാല്‍ സുധീരനെ, സുധീരന്റെ ശ്രമങ്ങളെ കുറച്ചു കാണേണ്ടതുണ്ടോ? കരുണാകാരന്റെ, ഉമ്മന്‍ ചാണ്ടിയുടെ എല്ലാം പകയും അവഗണനയുമൊക്കെ ഏറ്റ് പത്തുപതിനാറു വര്‍ഷം പാര്‍ട്ടിയുടെ വേലിക്കരികില്‍ നിന്നൊരാള്‍, രാഷ്ട്രീയാസ്തമനത്തിന്റെ ആഴത്തിലേക്ക് മുങ്ങിപ്പോകേണ്ടയിടത്തു നിന്ന് സംസ്ഥാനത്ത് പാര്‍ട്ടിയെ നയിക്കുന്ന കസേരയിലേക്ക് എത്താന്‍ വി എമ്മിനു കഴിഞ്ഞെങ്കില്‍ ഇപ്പോള്‍ സുധീരന്‍ കളിക്കുന്നതും വെറുതയല്ല, ജയിക്കാന്‍ തന്നെയാണ്.

ആ കളിയിലേക്ക് സുധീരന്‍ ഇറക്കിയ പുതിയ തുരുപ്പ് ചീട്ടാണ് ടി എന്‍ പ്രതാപന്‍. നേതാക്കന്മാരുടെ പാര്‍ട്ടിയാണ് എന്നും കോണ്‍ഗ്രസ്. വ്യക്തികള്‍ക്കാണ് തത്വശാസ്ത്രങ്ങളെക്കാള്‍ ഇവിടെ വില. അത്തരമൊരു പാര്‍ട്ടിയില്‍ അച്ചടക്കത്തിന്റെയും മര്യാദയുടെയും ലക്‍ചറിംഗ് നടത്തിയിട്ട് കാര്യമില്ലെന്നു മനസിലാക്കിയിട്ടാണ് പ്രതാപനെ കൊണ്ട് ത്യാഗി പരിവേഷം കെട്ടിച്ച് സുധീരന്‍ രംഗത്തു വന്നിരിക്കുന്നത്. രണ്ടു ടേമില്‍ കൂടുതല്‍ എം എല്‍ എ ആയവര്‍ മത്സരരംഗത്തു നിന്നു മാറിനില്‍ക്കണമെന്നാണ് കെപിസിസി പ്രസിഡന്റ് പറയുന്നത്. എണ്ണം മാത്രമല്ല പ്രായവും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പരിഗണിക്കണമെന്നും സുധീരന്‍ നിര്‍ബന്ധം പിടിച്ചു. പക്ഷേ വിഎമ്മിന്റെതു വെറും വീണ്‍വാക്കുകളായേ ഉമ്മന്‍ ചാണ്ടിയായാലും മറ്റു കോണ്‍ഗ്രസ് നേതാക്കളായാലും കണ്ടുള്ളൂ. അവിടെയാണ് ടി എന്‍ പ്രതാപന്‍ എന്ന ആയുധം പ്രയോഗിക്കപ്പെട്ടത്.സുധീരന്‍ കോണ്‍ഗ്രസിനകത്ത് ആരെയെങ്കിലും സംരക്ഷിക്കുകയോ എന്തെങ്കിലും ചെയ്യുകയോ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ടി എന്‍ പ്രതാപനു വേണ്ടി മാത്രമാണെന്നു പറയുന്നത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്. താന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന പ്രഖ്യാപനവുമായി പ്രതാപന്‍ വരാന്‍ കാരണവും സുധീരന്റെ കൈസഹായം തുടര്‍ന്നും കിട്ടുമെന്നുള്ളതുകൊണ്ടാണ്. തുടര്‍ച്ചയായി മൂന്നുതവണ മത്സരിച്ച താന്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും അവസരം ലഭിക്കാന്‍ വേണ്ടി ഇത്തവണ മാറി നില്‍ക്കുന്നൂവെന്നാണ് പ്രതാപന്‍ കെപിസിസി പ്രസിഡന്റിന് നല്‍കിയ കത്തില്‍ പറയുന്നത്. ഈ കത്ത് ഉയര്ത്തിപ്പിടിച്ചാണ് വി എമ്മിന്റെ പുതിയ കളി. പുതിയ ചില രീതികള്‍ പാര്‍ട്ടിയില്‍ നടപ്പിലാക്കാന്‍ സമയമായി എന്നും അതിനി നാന്ദികുറിക്കുകയാണ് പ്രതാപനെന്നും വി എം ഉദ്‌ഘോഷിച്ചു. തദ്വാര പ്രതാപന് പുതിയൊരു ഇമേജും കിട്ടി. സ്ഥാനത്യാഗം കോണ്‍ഗ്രസുകാരെ സംബന്ധിച്ച് ആത്മഹത്യക്കു തുല്യമാണ്. ഇവിടെ പ്രതാപനാകട്ടെ സ്വയം രക്തസാക്ഷിത്വം വരിച്ചിരിക്കുന്നു. കരുതിയതുപോലെ ചാനലുകളും പത്രങ്ങളും അത്ഭുതപരതന്ത്രരായി പ്രതാപനെ വര്‍ണിക്കാന്‍ തുടങ്ങി. ചിലര്‍ കൊടുങ്ങല്ലൂര്‍ എംഎല്‍എ യെ മാതൃകാ കോണ്‍ഗ്രസുകാരനാക്കി. അങ്ങനെ സുധീരന്‍ കളിയുടെ ഒന്നാം റൗണ്ട് കടന്നു.

ഈ കളിയുടെ ക്യാപ്റ്റന്‍ സുധീരന്‍ ആണെങ്കിലും മാന്‍ ഓഫ് ദി മാച്ച് പ്രതാപന്‍ കൊണ്ടുപോകും. സുധീരന്റെ വിശ്വസ്തനായാലും പ്രതാപന്‍ ഇപ്പോള്‍ കാണിച്ചിരിക്കുന്ന ഈ 'ആദര്‍ശം' കെപിസിസി പ്രസിഡന്റിന്റെ കിനാവുകള്‍ സഫലമാക്കാനൊന്നുമല്ല. പകരത്തിനുപകരം പറഞ്ഞുറപ്പിച്ചിട്ടു തന്നെയാണെന്നു തൃശൂരിലെ പാര്‍ട്ടിക്കാര്‍ക്കറിയാം. വി എം-ടി എന്‍ സഖ്യം ജില്ലയുടെ കടിഞ്ഞാണ്‍ ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ്. കെപിസിസി പ്രസിഡന്റ് വിചാരിച്ചാല്‍ ഒരു ജില്ലയുടെ ഡിസിസി പ്രസിഡന്റ് കസേര പിടിച്ചെടുക്കാനൊക്കെ സാധിക്കും. അങ്ങനെ വരുമ്പോള്‍ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഒ. അബ്ദുറഹിമാന്‍ കുട്ടി കസേര ഒഴിയേണ്ടി വരും. പകരം ഉപവിഷ്ഠനാവുക ടി എന്‍ പ്രതാപന്‍ ആയിരിക്കും. മത്സരിക്കുന്നില്ല എന്നു പറഞ്ഞു പ്രതാപന്‍ മാറി നില്‍ക്കുന്നതു തൃശൂര്‍ ഡിസിസി പ്രസിഡന്റ് ആകാനാണെന്നു ജില്ലയിലെ പ്രമുഖര്‍ തന്നെ മണത്തറിഞ്ഞിട്ടുണ്ട്. വി എമ്മിന്റെ പിന്തുണ ഇക്കാര്യത്തിലുണ്ട്. അങ്ങനെ വരുമ്പോള്‍ തൃശൂരിന്റെ പൂര്‍ണാധിപത്യം ഇവരുടെ കൈയിലാവും. സുധീരനും ഇപ്പോള്‍ എറിയുന്നത് വീശിയാണ്. പ്രതിപക്ഷ എംഎല്‍എ ആവുന്നതിനേക്കാള്‍ എത്രകണ്ടും നല്ലത് ഒരു ഡിസിസി പ്രസിഡന്റാവുക എന്നതാണ്. സഭയ്ക്കകത്തു കയറിയിരുന്നു മുദ്രാവാക്യം മുഴക്കാനും വാക്ക് ഔട്ട് നടത്താനും മാത്രം കഴിയുന്നതിനേക്കാള്‍ ഗമയുണ്ട് ഡിസിസി പ്രസിഡന്റിന്റെ പണിക്ക്. ഇനി ഭരണം കിട്ടിയെന്നിരിക്കട്ടെ അപ്പോള്‍ മൂര്‍ച്ഛ കൂടും.

ഡിഡിസി പ്രസിഡന്റ് ആവുകയല്ല ലക്ഷ്യമെന്ന് പ്രതാപന്‍ ആണയിടുകയാണെന്നിരിക്കട്ടെ, അപ്പോഴും മറ്റൊരു സാധ്യതയുടെ പുറത്താണ് പ്രതാപന്‍ മത്സരരംഗത്തു നിന്നുമാറി നില്‍ക്കുന്നതെന്നു പറയേണ്ടി വരും. ആ സാധ്യത പരാജയത്തിന്റെതാണ്. ഇത്തവണ കാര്യങ്ങള്‍ ഒട്ടും പന്തിയല്ലെന്നു പ്രതാപന് നന്നായിട്ടറിയാം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ തൊട്ട് മണം അടിച്ചു തുടങ്ങിയതാണ്. പോരാത്തതിന് തന്റെ ചോരയ്ക്കു വേണ്ടി ദാഹിക്കുന്നവര്‍ സ്വന്തം പാളയത്തില്‍ തന്നെയുണ്ട്. മുന്നില്‍ നില്‍ക്കുന്ന ശത്രുവിന്റെ തടുക്കാം കൂടെ നില്‍ക്കുന്ന വഞ്ചകനെ പ്രതിരോധിക്കുക പ്രയാസമാണ്. അതുകൊണ്ട് കൊടുങ്ങല്ലൂരില്‍ ഒരു ഭാഗ്യപരീക്ഷണം ആത്മഹത്യാപരമാണ്. തോറ്റാല്‍ പിന്നെ ഭാവി അചിന്ത്യനീയമാണ്. ഈ ഭയം തുടക്കം മുതല്‍ ഉണ്ടായിരുന്നുവെങ്കിലും മത്സരിക്കേണ്ടയെന്ന തോന്നല്‍ അപ്പോള്‍ കൂടെയുണ്ടായിരുന്നില്ല. അതുകൊണ്ടാണ് മണ്ഡലം മാറാനുള്ള ചില പദ്ധതികള്‍ ആസൂത്രണം ചെയ്തത്. മണലൂരായിരുന്നു മനസില്‍. പി എ മാധവനാണ് സിറ്റിംഗ് എംഎല്‍എ. ഉമ്മന്‍ ചാണ്ടിയുടെ ആളാണ്. സുധീരന്‍ മത്സരിക്കുകയാണെങ്കില്‍ ഒഴിഞ്ഞുകൊടുക്കാമെന്നൊക്കെ പറഞ്ഞെങ്കിലും പ്രതാപനോട് ആ താത്പര്യം കാണിക്കില്ല. തന്ത്രങ്ങളുടെ കാര്യത്തില്‍ പ്രതാപശാലിയാണെങ്കിലും ഇവിടെയതെല്ലാം ഓരുവെള്ളം കേറി നശിച്ചു. മത്സരിക്കുകയാണെങ്കില്‍ കൊടുങ്ങല്ലൂരില്‍ തന്നെ വേണ്ടി വരും. അതിലും നല്ലത് വേണ്ടന്നു വയ്ക്കുന്നതാണ്. അപ്പോഴാണ് സുധീരന്റെ ഇടപെടലുണ്ടാകുന്നത്. അതാണെങ്കില്‍ ഓര്‍ക്കാപ്പുറത്തൊരു കോളുകിട്ടിയപോലെയും. ചുളുവിലൊരു ആദര്‍ശപരിവേഷം അണിയാന്‍ പറ്റി. കള്ളത്തരം എന്നു സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ പരിഹസിക്കുന്നുണ്ടെങ്കിലും ജനം മാറി ചിന്തിച്ചോളും. സുധീരനു വേണ്ടി വെള്ളം കോരുന്നവര്‍ തന്നെയും നനയ്ക്കാതിരിക്കില്ലെന്നു പ്രതാപന് അറിയാം.രണ്ടായാലും പ്രതാപന് ഈ കളിയില്‍ ജയമാണ് ഫലം. ഇനിയിപ്പോള്‍ ആവുന്നിടത്തോളം മാര്‍ക്കറ്റ് ചെയ്യണം. മര്‍മാണിയോട് മര്‍മം പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. മാധ്യമപ്രവര്‍ത്തകരെ മീന്‍കറിവച്ച് ഊട്ടൂന്ന പാര്‍ട്ടിയാണ്. അതുകൊണ്ട് എങ്ങനെ വാര്‍ത്തയാകാമെന്ന് പ്രതാപന് നന്നായി അറിയാം. ചെറിയൊരു തമാശ കേട്ടിട്ടുണ്ട്. നിയമസഭയില്‍ ചോദ്യോത്തര വേളയുടെ സമയത്ത് തന്റെ ഊഴമാകുമ്പോള്‍ പ്രതാപന്‍ തനിക്കൊന്നും ചോദിക്കാനില്ലെന്നു പറഞ്ഞ് ഇരുന്നു കളയും. ഉടന്‍ തന്നെ ചാനലില്‍ വാര്‍ത്തയുമാകും. ഒരു ദിവസം പതിവുപോലെ ചോദ്യോത്തരവേള 'ബഹിഷ്‌കരിക്കാന്‍' ശ്രമിച്ച പ്രതാപനെ ഭരണ-പ്രതിപക്ഷ എംഎല്‍എമാര്‍ തടഞ്ഞു. എന്തെങ്കിലും ചോദിക്കൂ പ്രതാപാ എന്നവര്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. ആവശ്യം മുറുകിയപ്പോള്‍ ഒരു സഹപ്രവര്‍ത്തകന്‍ അല്‍പ്പം ദൈന്യത കലര്‍ത്തി ഇങ്ങനെ പറഞ്ഞുവത്രേ; 'ദയവു ചെയ്തു പ്രതാപനെ നിര്‍ബന്ധിക്കരുത്, ചാനലില്‍ സ്‌ക്രോള്‍ പോയി തുടങ്ങി...' അതാണ് പ്രതാപന്‍.

കേരളത്തിലെ ജനങ്ങളെല്ലാം കോണ്‍ഗ്രസുകാരല്ലാത്തതുകൊണ്ട് കയ്യടി കിട്ടാന്‍ ഇതൊക്കെ മതി. പക്ഷേ അതിനൊപ്പം ചില കല്ലേറുകളും കൊള്ളേണ്ടി വരും.സ്വന്തം തടി നോക്കുന്നതല്ല ആദര്‍ശമെന്നു കേള്‍ക്കേണ്ടി വരും. ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നിലെന്നു പറയാതെ ഇത്തവണ മാത്രം മാറി നില്‍ക്കുന്നൂവെന്നു പറയുന്നത് ഭീരുത്വം കൊണ്ടല്ലേയെന്ന ചോദ്യം കേള്‍ക്കേണ്ടി വരും. പൊതുപ്രവര്‍ത്തനം കഴിഞ്ഞു വരുന്ന തന്നെയും കാത്ത് പാതിരാത്രിവരെ കഞ്ഞിയും ചുട്ടമീനുമായി മണ്ണെണ്ണ വിളക്കിന്റെ ഇത്തിരിവെട്ടത്തില്‍ വഴിക്കണ്ണുമായി കാത്തിരിക്കുന്ന അമ്മയുടെ കഥകള്‍ പറഞ്ഞ് സ്വന്തം ദാരിദ്ര്യം വരെ മാര്‍ക്കറ്റ് ചെയ്തയാളാണ് പ്രതാപനെന്നു കോണ്‍ഗ്രസുകാര്‍ പാടി നടക്കുന്നതു കേള്‍ക്കേണ്ടി വരും. വരുമ്പോള്‍ കുടിക്കാന്‍ കഞ്ഞിയും ചുട്ടമീനുമെങ്കിലും പ്രതാപനുണ്ടായിരുന്നല്ലോ. അതുപോലുമില്ലാതിരുന്ന കോണ്‍ഗ്രസുകാരെ കടന്നാണ് പ്രതാപന്‍ എംഎല്‍എ ആയതെന്ന പരിഹാസം കേള്‍ക്കേണ്ടി വരും. ആദര്‍ശം പറയുന്ന പ്രതാപന്‍ ലക്ഷങ്ങള്‍ വിലവരുന്ന ഇന്നോവ കാര്‍ എങ്ങനെ രൊക്കം പണം കൊടുത്തു വാങ്ങിയെന്നു പി സി ജോര്‍ജ് ചോദിച്ചപ്പോള്‍ പരുങ്ങിയതിനേക്കാള്‍ വലിയ പരുങ്ങലുകള്‍ക്ക് ഇനിയും അവസരം വരും...

സുധീരന്‍ സ്വപ്‌നം കാണുന്ന കിനാശേരി യാഥാര്‍ത്ഥ്യമായാല്‍ മാത്രമേ ഇതൊന്നും പേടിക്കേണ്ടത്തവയാകുന്നുള്ളൂ, ഇല്ലെങ്കില്‍ തിരമുറിച്ചു കടക്കാന്‍ പ്രതാപന്‍ പാടുപെടും.


Next Story

Related Stories