TopTop
Begin typing your search above and press return to search.

ഇത് ടി.ഒ സൂരജ് സ്റ്റൈല്‍

ഇത് ടി.ഒ സൂരജ് സ്റ്റൈല്‍

പി കെ ശ്യാം

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് കേസിൽപ്പെട്ട പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജിന്റെ ജീവിതരേഖ ആരുടേയും കണ്ണുതള്ളിക്കുന്നതാണ്. വനംവകുപ്പിൽ റേഞ്ച് ഓഫീസറായി തുടങ്ങിയതാണ് സൂരജിന്റെ ഔദ്യോഗിക ജീവിതം. ഇന്ന് പതിനായിരക്കണക്കിന് കോടികളുടെ ഇടപാട് നടക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ സെക്രട്ടറി, ഭവനനിർമ്മാണ വകുപ്പ് സെക്രട്ടറിയുടെ ചുമതല, മതപരമായ ബോർഡിൽ പ്രമുഖസ്ഥാനവും. ഔദ്യോഗിക പദവികൾക്കെല്ലാം പുറമേ വ്യക്തിപരമായ വളർച്ചയിൽ ആകാശംമുട്ടി നിൽക്കുകയാണ് സൂരജ്. റെയ്ഡിൽ പിടിച്ചെടുത്ത സൂരജിന്റെ സ്വത്തുവിവരത്തിന്റെ രേഖകൾ കണ്ട് അന്തംവിട്ടിരിക്കുകയാണ് വിജിലൻസ് ഉദ്യോഗസ്ഥർ. റേഞ്ചറായി സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിക്ക് കയറുമ്പോള്‍ സൂരജിന് ആകെയുണ്ടായിരുന്നത് കൊട്ടാരക്കരയിലെ കുടുംബസ്വത്ത് മാത്രമായിരുന്നു. നാല് ലക്ഷം രൂപയാണ് ഇതിന് മൂല്യം കാണിച്ചിരുന്നത്. ഇന്ന് കേരളത്തിലും പുറത്തുമായി നൂറുകോടിയോളം രൂപയുടെ സ്വത്തുക്കളാണ് സൂരജിനുള്ളതെന്നാണ് വിജിലൻസ് പറയുന്നത്.

രസതന്ത്രത്തിലും നിയമത്തിലും ബിരുദവും മാനേജ്മെന്‍റില്‍ ബിരുദാനന്തര ബിരുദവുമുള്ള 56 കാരനായ സൂരജിന് ഇടതു-വലതു മുന്നണികളിലെ പ്രമുഖർ എന്നും തുണയായിരുന്നു. ഒരുവര്‍ഷം ബാങ്ക് ഉദ്യോഗസ്ഥനായശേഷം വനംവകുപ്പില്‍ റേഞ്ചറായി സര്‍ക്കാര്‍ സര്‍വീസിലെത്തുകയും പിന്നീട് സ്പെഷൽ റിക്രൂട്ട്മെന്റിലൂടെ ഡപ്യൂട്ടി കലക്ടറായി റവന്യൂ വകുപ്പിലെത്തുകയും ചെയ്തു. കൃത്യം എട്ടുവർഷം തികഞ്ഞപ്പോൾ സൂരജിന് ഐ.എ.എസ് പദവി സമ്മാനിച്ചാണ് സർക്കാരിലെ ഉന്നതർ കൂറുകാട്ടിയത്. 1994ലാണ് സൂരജിന് ഐ.എ.എസ് പദവിയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയത്. റേഞ്ച് ഓഫീസറായിരിക്കുമ്പോൾ മുതൽ അഴിമതിക്കേസുകളിൽ കുടുങ്ങിയ സൂരജിന്റെ പിന്നീടുള്ള വളർച്ച കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിലായിരുന്നു.

ഐ.എ.എസ് കിട്ടിയതോടെ പാലായിലും മൂവാറ്റുപുഴയിലും ആര്‍.ഡി.ഒ, എറണാകുളം സബ് കലക്ടര്‍, തൃശൂരും കോഴിക്കോടും കലക്ടര്‍ തുടങ്ങിയ താക്കോൽസ്ഥാനങ്ങളിലേക്ക് സൂരജ് കുതിച്ചെത്തി. രജിസ്‌ട്രേഷന്‍ ഐജി, ടൂറിസം ഡയറക്ടര്‍, വ്യവസായ വകുപ്പ് ഡയറക്ടര്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ പദവികൾ തളികയിലാക്കി രാഷ്ട്രീയക്കാർ സൂരജിന് നൽകി. വ്യവസായവകുപ്പ് ഡയറക്ടറായും പൊതുമരാമത്ത് സെക്രട്ടറിയായും മുതിർന്ന ഐ.എ.എസുകാരെ മറികടന്ന് സൂരജിനെ സർക്കാർ പ്രതിഷ്‌ഠിച്ചു. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥനാണ് സൂരജെന്നാണ് ഭരണവൃത്തങ്ങളിലെ സംസാരം. യു.ഡി.എഫ് അധികാരത്തിലെത്തുമ്പോഴെല്ലാം നിര്‍ണ്ണായകമായ വകുപ്പുകളുടെ ചുമതലകള്‍ സൂരജിനെത്തേടിവന്നു.

2009 മുതല്‍ സൂരജിന്റെ പേരില്‍ അനധികൃത സ്വത്ത് സമ്പാദനത്തിനും നികുതി വെട്ടിപ്പിനും ഇന്‍കം ടാക്‌സ്, വിജിലന്‍സ് അന്വേഷണങ്ങള്‍ നേരിടുന്നുണ്ട് സൂരജ്. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലും ഇതുസംബന്ധിച്ച കേസുകളുണ്ട്. എന്നിട്ടും 2011 ല്‍ യുഡിഎഫ് അധികാരത്തിലെത്തിയ ഉടനെ സൂരജിനെ സ്ഥാനക്കയറ്റത്തോടെ പൊതുമരാമത്ത് സെക്രട്ടറിയായി നിയമിക്കുകയായിരുന്നു.

മാറാട് കേസിൽ കമ്മിഷനെ വെല്ലുവിളിച്ചു
കോഴിക്കോട് മാറാട് കലാപം തടയുന്നതില്‍ അന്ന് കോഴിക്കോട് കളക്ടറായിരുന്ന സൂരജ് വീഴ്ച വരുത്തിയെന്ന് അന്വേഷണ കമ്മിഷനായ തോമസ് പി ജോസഫ് കണ്ടെത്തിയിരുന്നു. മാറാട് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഐജി മഹേഷ് കുമാര്‍ സിംഗ്ല , കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ സഞ്ജീവ് പട്ജോഷി, കലാപം നടക്കുമ്പോള്‍ കോഴിക്കോട് സൗത്ത് അസിസ്റ്റന്റ് കമ്മിഷണറായിരുന്ന എം. അബ്ദുള്‍ റഹിം എന്നിവരേയും കമ്മിഷൻ കുറ്റക്കാരാണെന്ന് കണ്ടെത്തി. മാറാട് കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെയ്ക്കുമ്പോള്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടിയും രേഖപ്പെടുത്തിയിരിക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചിരുന്നു.

മാറാട് കലാപ സാധ്യതയെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ച സൂരജ് വേണ്ട മുന്‍കരുതല്‍ എടുക്കുന്നതില്‍ ഉദാസീനത കാട്ടുകയും ചെയ്തു. കേസ് അന്വേഷിച്ചപ്പോള്‍ ബാഹ്യ ശക്തി ഇടപെടലുകളെക്കുറിച്ച് അന്വേഷിച്ചില്ല എന്നതാണ് മഹേഷ് കുമാര്‍ സിംഗ്ലയ്ക്കെതിരെയുള്ള കുറ്റം. മാറാട് രണ്ടാം കലാപത്തിന് മുന്നോടിയായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിരുന്നില്ലെന്ന സൂരജിന്റെ നിലപാട് സത്യവിരുദ്ധവും ബാലിശവുമാണെന്നാണ് കമ്മിഷന്‍ കണ്ടെത്തിയത്. രണ്ടേകാല്‍ വർഷം കൊണ്ട് 121 സാക്ഷികളെ വിസ്തരിച്ചാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ റിപ്പോർട്ട് പ്രകാരം സൂരജിനെതിരേ ശിക്ഷാനടപടികളൊന്നുമുണ്ടായില്ല. മാത്രമല്ല പിന്നീട് ഹൈക്കോടതി ജഡ്ജിയായ തോമസ് പി ജോസഫിനെ വിസ്തരിക്കണമെന്ന്ആവിശ്യപ്പെട്ട് സൂരജ് കോടതിയെ സമീപിക്കുകയും ചെയ്തു. മാറാട് റിപ്പോര്‍ട്ടില്‍ തനിക്കെതിരായ പരാമര്‍ശങ്ങളുടെ കാരണം വിശദീകരിക്കണമെന്നായിരുന്നു സൂരജിന്റെ ആവശ്യം.

കേസുകളുടെ പ്രവാഹം
ഐ.എ.എസ് ലഭിച്ചതിനു ശേഷം സൂരജ് രണ്ടു ഡസനോളം വിജിലൻസ് കേസുകളിലും അന്വേഷണങ്ങളിലും കുടുങ്ങി. കഴിഞ്ഞ ഇടതുസർക്കാർ മൂന്ന് പ്രധാനകേസുകളാണ് സൂരജിനെതിരെയെടുത്തിരുന്നത്. കോഴിക്കോട് കളക്ടറായിരിക്കുമ്പോൾ 12 സ്ഥാപനങ്ങളിൽ നിന്നും ഒരു വ്യക്തിയിൽ നിന്നും കളക്ടറുടെ ഡിസാസ്റ്റർ മാനേജ്മെന്റ് ഫണ്ടിന്റെ പേരിൽ 1.25ലക്ഷം രൂപ തട്ടിയെടുത്തു എന്നതായിരുന്നു ഒരു കേസ്. വിജിലൻസ് കേസെടുത്തെങ്കിലും പിന്നീട് സൂരജിനെ കുറ്റവിമുക്തനാക്കി. കോഴിക്കോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ രണ്ടാം പ്രതിയായിരുന്ന സൂരജിനെ കുറ്റവിമുക്തനാക്കി. നാലും അഞ്ചും പ്രതികൾക്കെതിരേ കുറ്റപത്രം നൽകി. മണൽക്കടത്ത് നടത്തിയ വാഹനങ്ങൾ വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട കേസിലും ഇടതുസർക്കാർ സൂരജിനെ കുറ്റവിമുക്തനാക്കി. കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലും രാഷ്ട്രീയക്കാർ സൂരജിനെ രക്ഷിച്ചെടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാന്‍ സലിംരാജ് പ്രതിയായ കളമശേരി ഭൂമി തട്ടിപ്പ് കേസിലും സൂരജിന്റെ ഇടപെടലിനെക്കുറിച്ച് മൊഴികളുണ്ടായെങ്കിലും സർക്കാർ ഭദ്രമായി അതെല്ലാം ഒതുക്കിതീർത്തു. കോടികളുടെ അവിഹിത സ്വത്ത് സമ്പാദിച്ചതിനെ അഞ്ച് വിജിലന്‍സ് കേസുകളില്‍ സൂരജിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് വിജിലന്‍സ് എ.ഡി.ജി.പിയായിരിക്കെ സിബി മാത്യൂസ് ഫയലില്‍ രേഖപ്പെടുത്തിയിരുന്നു. മൂവാറ്റുപുഴ ആര്‍.ഡി.ഒ, കോഴിക്കോട് കളക്ടര്‍ എന്നീ പദവികളിലിരിക്കെയെല്ലാം സൂരജിനെതിരെ വിജിലന്‍സ് കേസുകളുണ്ടായിരുന്നു.റോഡ് കരാറുകാരൻ മുതൽ അംബാനി വരെ
ബുധനാഴ്ച രാവിലെ ഏഴ് മണിക്ക് വിജിലൻസ് ആരംഭിച്ച റെയ്ഡ് രാത്രി വൈകിയാണ് അവസാനിച്ചത്. ബാങ്ക് നിക്ഷേപവും ഫ്ലാറ്റുകളും വസ്തുക്കളുമായി 7.35 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് സൂരജ് സര്‍ക്കാറിനെ അറിയിച്ചത്. എന്നാല്‍ ഇതിന്റെ രണ്ടോ മൂന്നോ മടങ്ങ് ആസ്തി സൂരജിനുണ്ടെന്നാണ് വിജിലന്‍സ് ഇതുവരെ കണ്ടെത്തിയത്. മൊത്തം ആസ്തി നൂറുകോടിക്കടുത്ത് വരും എന്നാണ് സൂചനകള്‍.

തിരുവനന്തപുരം കുന്നുകുഴിയിലെ വസതിയിലും കൊച്ചി വെണ്ണലയിലെ വീട്ടിലും കലൂരിലെ ഭാര്യവീട്ടിലും ഒരേസമയത്താണ് റെയ്ഡ് നടത്തിയത്. തിരുവനന്തപുരത്തെ വീട്ടിൽനിന്ന് കണക്കിൽപ്പെടാത്ത 23 ലക്ഷം രൂപയും 240ഗ്രാം സ്വർണാഭരണങ്ങളും ക്രമക്കേടുണ്ടെന്നു കരുതുന്ന 16 രേഖകളും കണ്ടെടുത്തു. സെക്രട്ടേറിയ​റ്റിലെ പൊതുമരാമത്ത് ഓഫിസിൽ നടത്തിയ റെയ്ഡിൽ പൊതുമരാമത്ത് ടെൻഡർ നൽകിയതിൽ വമ്പൻ ക്രമക്കേടുകളുള്ള നിരവധി അനധികൃത കരാർരേഖകളും പിടിച്ചെടുത്തു.

റെയ്ഡില്‍ റിലയന്‍സുമായി ബന്ധപ്പെട്ട ചില സുപ്രധാന ഫയലുകളും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. 4 ജി കേബിളുകള്‍ കേരളത്തിലിടുന്നതിന്റെ കരാറുമായി ബന്ധപ്പെട്ട രേഖകളാണിത്. ഈ കരാറിലൂടെ വഴിവിട്ട രീതിയില്‍ സൂരജിന് പണം ലഭിച്ചിട്ടുണ്ടോയെന്നും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലുമായി ഉള്ള ഫ്ലാറ്റുകള്‍ക്ക് പുറമെ കോയമ്പത്തൂരിലും അദ്ദേഹത്തിന് ഫ്ലാറ്റുണ്ടെന്ന് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. സൂരജിന്റെ മകന്‍ കോയമ്പത്തൂരില്‍ പഠിച്ചിരുന്നത് ഈ ഫ്ലാറ്റില്‍ താമസിച്ചുകൊണ്ടാണ്. ഇതിനും പുറമെ ബാംഗ്ലൂരിലും സൂരജിന് ഫ്ലാറ്റുണ്ടെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. സൂരജിന്റെ 2003 മുതലുള്ള സാമ്പത്തിക വളര്‍ച്ചയാണ് പരിശോധിക്കുന്നത്. ഭാര്യയുടെ പേരില്‍ മാത്രം സൂരജിന് ആറിടത്ത് ഭൂമിയുണ്ട്. തൃപ്പൂണിത്തുറയിൽ മൂന്നുലക്ഷം രൂപ മാസവാടക ലഭിക്കുന്ന ഗോഡൗണിന്റേയും വെണ്ണലയിലെ കെന്റ് ഹൗസിംഗ് കോളനിയിൽ മൂന്ന് കോടിരൂപ വീതം വിലവരുന്ന രണ്ട് വില്ലകളുടേയും എളമക്കരയിൽ ഒരു കോടിയുടെ വീടിന്റേയും കുണ്ടന്നൂരിനും വൈറ്റിലയ്ക്കുമിടയ്ക്ക് ബൈപ്പാസിൽ കോടികൾ വിലമതിക്കുന്ന വലിയ പ്ളോട്ടിന്റേയും രേഖകൾ വിജിലൻസ് പിടിച്ചെടുത്തു. ഒരു കോടിയുടെ അനധികൃത ചിട്ടിയുടെ രേഖകളും കിട്ടി. ഇടക്കൊച്ചിയിൽ സൂരജ് വാങ്ങിയ കോടികൾവിലയുള്ള സ്ഥലത്തെക്കുറിച്ച് വിജിലൻസ് അന്വേഷിക്കുകയാണ്. തൃക്കാക്കര നഗരസഭയിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ പൈപ്പ് ലൈൻ റോഡിലെ ഗോഡൗണുകൾ, ഷോപ്പിംഗ്‌ കോംപ്ളക്സുകൾ, വ്യാപാര സ്ഥാപനം എന്നിവയുടെ രേഖകളും പിടിച്ചെടുത്തു. വീടുകളിൽ പണം കണ്ടെത്തിയില്ലെങ്കിലും നിരവധി രേഖകൾ പിടിച്ചെടുത്തു. ഇടപ്പളളി സബ് രജിസ്‌ട്രാർ ഓഫീസിലാണ് ഏറ്റവും കൂടുതൽ ഭൂമിയിടപാടുകൾ നടത്തിയതെന്നും വിജിലൻസ് കണ്ടെത്തി. റിലയൻസിന് 4 ജികേബിള്‍ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് റോഡുകള്‍ വെട്ടിപ്പൊളിക്കാന്‍ റിലയന്‍സിന് അനുമതി ലഭിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ ഉള്ളതിനേക്കള്‍ കുറഞ്ഞ നിരക്കിലാണ് കരാര്‍ നല്‍കിയിരിക്കുന്നത്. രണ്ടാംഘട്ട കരാറിന് റിലയന്‍സിന് അനുമതി നല്‍കാനുള്ള കരാര്‍ ശ്രദ്ധയില്‍പെട്ട മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ഇടപാട് റദ്ദാക്കുകയായിരുന്നു. ഇതും വിജിലൻസ് പരിശോധിക്കുകയാണ്.


Next Story

Related Stories