TopTop
Begin typing your search above and press return to search.

മൂത്രമൊഴിക്കലിന്റെ ലേഡീസ് / ജെന്‍റ്സ് ബോര്‍ഡുകള്‍

മൂത്രമൊഴിക്കലിന്റെ ലേഡീസ് /  ജെന്‍റ്സ് ബോര്‍ഡുകള്‍

'...ഞങ്ങള്‍ ബിരിയാണിക്കുവേണ്ടി കാത്തിരിക്കുമ്പോള്‍ എനിക്കു മൂത്രമൊഴിക്കണമെന്നു തോന്നി. റോസിച്ചേച്ചിയെന്നെ ഹോട്ടലിലെ മൂത്രപ്പുരയിലേക്കു കൊണ്ടുപോയി. അതിന്റെ രണ്ടുമുറികളില്‍ ഒന്നിന്റ മുന്നില്‍ എഴുതി വച്ചിരുന്നു 'നിന്നു മുള്ളുന്ന സ്ഥലം'. മറ്റേതിന്റെ മുന്നില്‍ 'ഇരുന്ന് മുള്ളുന്ന സ്ഥലം'. തെരഞ്ഞെടുപ്പിന്റെ വിഷമത്തില്‍ ഞാന്‍ കുറച്ചുനേരം അനങ്ങാതെ നിന്നു. 'കൊച്ചേ പോയ് വേഗം മൂത്രമൊഴിച്ചുവാ' റോസിച്ചേച്ചി പറഞ്ഞു. എന്റെ സന്ദിഗ്ദ്ധത തുടര്‍ന്നു. റോസിച്ചേച്ചി പറഞ്ഞു 'മിഴിച്ചു നിക്കാണ്ട് മൂത്രോഴി കൊച്ചേ?'
ഏതില്?
ഏതിലാന്നോ? അയ്യേ കൊച്ചിന് അതും അറിയാമ്പാടില്ലേ? പെണ്ണുങ്ങള് ഇരുന്നാണ് ഒഴിക്കേണ്ടത്.
ഇരുന്നു മൂത്രമൊഴിക്കേണ്ട മുറിയുടെ അകത്തു കയറി ഞാന്‍ വാതില്‍ കുറ്റിയിട്ടു. ആദ്യമായി ഞാന്‍ സിനിമ കണ്ട ദിവസം ആദ്യമായി ഞാന്‍ പെണ്ണെന്താണെന്നും മനസിലാക്കി. ഞാന്‍ നിന്നു മുള്ളി'.
(എന്‍. എസ്. മാധവന്‍, ലന്തന്‍ ബത്തേരിയിലെ ലുത്തീനിയകള്‍- 91).

മലയാളി ഏറ്റവും കൂടുതല്‍ ഗോപ്യതനല്കുന്ന വിഷയങ്ങളിലൊന്ന് മൂത്രമൊഴിക്കലാണ്. ലൈംഗികാവയവം എന്ന 'അശ്രീകര'ത്തിലൂടെ നിര്‍വഹിക്കപ്പെടുന്ന ക്രിയയായതിനാലുള്ള വെറളിയാണ് ഇതിനുപിന്നില്‍. ഇതില്‍ തന്നെ ലിംഗപരമായ വിഭജനം വളരെ വ്യക്തവുമാണ്. ആണിന് എവിടെയും മൂത്രമൊഴിക്കാം. ഒരു ചെറിയ മറ മതി. അതും വേണമെന്നില്ല, മറ്റുള്ളവര്‍ കാണാത്ത അകലം മതി. എന്നാല്‍ സ്ത്രീക്കാണ് പ്രശ്നം. മൂത്രപ്പുരതന്നെ ഉണ്ടായാല്‍ പോലും പലര്‍ക്കും അത് സാധിക്കാന്‍ ആവുകയില്ല. സുരക്ഷിതത്വം, വൃത്തി എന്നിങ്ങനെ പലതുമായും അത് ബന്ധപ്പെട്ടു കിടക്കുന്നു. ഇന്നാണെങ്കില്‍ കാമറാഭീതിയായും അതു വളര്‍ന്നിരിക്കുന്നു. വൃത്തിയും വെടിപ്പുമുള്ള മൂത്രപ്പുരകളുടെ അഭാവം, എല്ലായിടത്തും മൂത്രപ്പുരകള്‍ ഉണ്ടാകാത്തത് തുടങ്ങി നിരവധി പ്രശ്നങ്ങള്‍ അടുത്ത കാലത്ത് പൊതുചര്‍ച്ചയ്ക്കു വന്നിരുന്നു. ചുരുക്കത്തില്‍ മൂത്രമൊഴിക്കുക ഒരു ശാരീരിക പ്രക്രിയയായല്ല മലയാളി കാണുന്നത് എന്നതാണ് വെളിവാകുന്ന വസ്തുത. മറിച്ച് ശരീരമെന്ന സാംസ്കാരിക രൂപത്തിന്റെ വിവിധ തരത്തിലുള്ള സദാചാരത്തിന്റെ ആവിഷ്കാരമാണ് മലയാളിക്കു മുള്ളല്‍. ഈ പ്രക്രിയയിലും ആണിന് അവന്റെ താന്തോന്നിത്തത്തിന് അവസരം കിട്ടുമ്പോള്‍, പെണ്ണിന് മണിക്കൂറുകളോളം ഒന്നു പുറത്തേക്കു വിടാന്‍ കഴിയാതെ പിടിച്ചിരിക്കേണ്ട ഗതികേടുവരുന്നു.

മലയാള സിനിമയിലെ മുള്ളലുകള്‍ ശ്രദ്ധിച്ചാല്‍ മതി. ആണുങ്ങളും ആണ്‍കുട്ടികളും പുറം സ്ഥലത്തുതന്നെ യഥേഷ്ടം - പുറം തിരിഞ്ഞു - മുള്ളുന്നത് കാണിക്കും. എന്നാല്‍ സ്ത്രീകള്‍ മൂത്രമൊഴിക്കുന്നത് അപൂര്‍വമാണ്. അത് മൂത്രപ്പുരയിലേക്കു കയറുന്നതോടെ തീരുകയും ചെയ്യും. മാത്രവുമല്ല തമാശയ്ക്കുള്ള വിഭവമാണ് മിക്കപ്പോഴും ഇത് (റാംജിറാവ് സ്പീക്കിംഗിലെ വിഖ്യാത മുള്ളല്‍ ഓര്‍ക്കുക). ആണിന്റെ മൂത്രമൊഴിക്കല്‍ ഒരു പൊതു പ്രക്രിയയാണെന്നും കാണാന്‍ കഴിയാത്ത സ്ത്രീയുടെ മുള്ളല്‍ വല്ലാത്തൊരു രഹസ്യമാണെന്നും പറഞ്ഞുവയ്ക്കുന്ന ഈ കാഴ്ചകള്‍ അതിശക്തമായ ലിംഗഭേദവും വിവേചനവും സൃഷ്ടിക്കുകയാണെന്നുകാണാം. സ്ത്രീയുടെ ശരീരം എല്ലാത്തരം കാഴ്ചകളില്‍ നിന്നും മൂടിവയ്ക്കണമെന്നും അത് വളരെ ഗോപ്യമായി കരുതണമെന്നും പറയുന്നതിലൂടെ പൊതുവിടത്തില്‍ നിന്ന് സ്ത്രീ മാറിനില്‍ക്കണമെന്നു കല്പിക്കുകയാണ്.

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ വളരെ നിഗൂഡമായോ ആരുമില്ലാത്ത ഏകാന്തതയിലോ വേണം മൂത്രമൊഴിക്കല്‍ പോലുള്ള ശരീരിക പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ എന്നു പഠിപ്പിക്കുന്ന സാമുഹ്യ (പുരുഷ) യുക്തി സമൂഹത്തിന്റെ പൊതുവിടത്തില്‍ നിന്ന് സ്ത്രീ ശരീരത്തിന്റെ സാന്നിധ്യത്തെ മായ്ച്ചുകളയുകയാണ്. ഈ മായ്ച്ചുകളയലിന്റെ മറ്റൊരു രൂപമാണ് വേറിട്ട ഇടങ്ങള്‍ കല്പിച്ചു നല്കുന്നത്. ആണിനും പെണ്ണിനും വേറെവേറെ സ്ഥലങ്ങള്‍ അനുവദിക്കുമ്പോഴും ആണിന് എല്ലായിടത്തും എന്തുമാകാമെന്ന അവസ്ഥ നില്‍ക്കുന്നു. അപ്പോള്‍ നാം കല്പിച്ചു നല്‍കുന്ന വേറിട്ട ഇടം പെണ്ണിന് മാത്രമാണ് എന്നതാണ് വസ്തുത. ആ സ്ഥലത്തുമാത്രം അവള്‍ ചുറ്റിത്തിരിയുന്നു. ഈ വേറിട്ടു നിര്‍ത്തലിന്റെ ഭാവം ടോയ്ലറ്റുകളിലെ ലേഡീസ് / ജെന്‍റ്സ് ബോര്‍ഡുകളിലാണ് കാണുന്നത്. ഈ ബോര്‍ഡുകളെ എടുത്തുമാറ്റുവാന്‍ സമയമായിരിക്കുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം

അറബിയുടെ ആനയും ബീരാന്‍ മൂപ്പനും

പെണ്കുപ്പായങ്ങളിലെ എക്‌സ്ട്രാ കുടുക്കുകള്‍

മൂല്യ സൂക്ഷിപ്പുകാര്‍ അറിയേണ്ട കാര്യങ്ങള്‍

പിതാവിനും പുത്രനും : സെന്‍സര്‍ ബോര്‍ഡ് പരിശുദ്ധാത്മാവോ?

ഓരോ സ്ത്രീയും പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍

2
രണ്ടുവര്‍ഷത്തിനു മുമ്പാണ്. ഒരു തൊടുപുഴ യാത്രയില്‍ സംഭവിച്ചത്. നീണ്ടയാത്രയ്ക്കു ശേഷം വിശപ്പോടെ ഒരു ഹോട്ടലില്‍ ഭക്ഷണത്തിനായി കയറി. വിശപ്പിനൊപ്പം മൂത്രമൊഴിക്കണം എന്നാവശ്യവും ഉണ്ടായിരുന്നു. നമ്മുടെ സാമൂഹിക ജീവിതത്തിലെ എല്ലായിടത്തും എല്ലാക്കാര്യങ്ങളിലും ലിംഗപദവിയും അതിനനുസരിച്ചുള്ള സദാചാരവും പ്രവര്‍ത്തിക്കുന്നുവെന്ന ചിന്തയും അതിനെയൊക്കെ ചോദ്യം ചെയ്യണമെന്ന വാശിയും ഉള്ളതിനാല്‍ രണ്ടു ടോയ് ലറ്റും നോക്കി ലേഡീസ് എന്ന ടോയ്ലെറ്റ് തുറന്നുകിടന്നിരുന്നതിനാല്‍ മൂത്രമൊഴിച്ചു തിരികയിറങ്ങി. കൈയും മുഖവും കഴുകി ഭക്ഷണത്തിനായി വരവെയാണ് ഒരു സപ്ലയര്‍ എന്റെ നേരെ വന്ന് നിങ്ങളാ ടോയ് ലെറ്റില്‍ എന്തിനാണ് കയറിയതെന്നു ചോദിച്ചത്. അയാളുടെ ചോദ്യത്തിന് വല്ലാത്ത ഭാരമുണ്ടായിരുന്നു. അയാളെ അവഗണിച്ചുകൊണ്ട് അതിനൊന്നും സംഭവിച്ചില്ലല്ലോ എന്ന അലക്ഷ്യഭാവത്തില്‍ മറുപടി പറഞ്ഞ് ഒരിടം കണ്ടുപിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അയാള്‍ വിട്ടില്ല. അല്പം ഉറക്കെ ആ ചോദ്യം ആവര്‍ത്തിച്ചു. ലേഡീസിന്റെ ഇടത്ത് ഞാന്‍ കയറിയത് 'മറ്റേതെന്തോ' ചെയ്യാനാണെന്ന ഊന്നലാ വാക്കുകളില്‍ ഉണ്ടായിരുന്നു. അവിടെ ഭക്ഷണം കഴിക്കുന്നവരുടെ ശ്രദ്ധ എന്നിലേക്കെത്തുന്നത് ഞാനറിഞ്ഞു. പെട്ടന്ന് അതിന്റെ സദാചാര അപകടങ്ങളും മനസിലേക്കെത്തി. അതിനാല്‍ ജെന്‍ഡറിനെ കുറിച്ച് ക്ലാസെടുത്തിട്ട് കാര്യമില്ലെന്നുറപ്പായതിനാല്‍ ഞാനയാളെ ജെന്‍റ്സ് എന്നെഴുതിയ ടോയ്ലെറ്റ് കാണിച്ചു കൊടുത്തു. അതാകെ വെള്ളം തളംകെട്ടി കിടക്കുകയായിരുന്നു. ഇവിടെ നിന്നെങ്ങനെ മൂത്രമൊഴിക്കുമെന്നും ഇത് വൃത്തിയാക്കിയിടാത്തതെന്തെന്നും ഞാനങ്ങോട്ടു ചോദിച്ചു. അതേറ്റു. സാദാചാരവാദി മടങ്ങി.

ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോഴും മറ്റുള്ളവര്‍ ഞാനെന്തോ കടുംകൈ കാണിച്ചെന്ന മട്ടില്‍ ശ്രദ്ധിക്കുന്നത് അറിയുന്നുണ്ടായിരുന്നു. ബില്ലുകൊടുക്കാന്‍ നേരത്ത് കടയുടമയും കാര്യമാരാഞ്ഞു. അലക്ഷ്യമായി മറുപടി പറഞ്ഞ് ഞാനിറങ്ങി. ടോയ്ലറ്റ് വളരെ സങ്കീര്‍ണമായ സാംസ്കാരിക പ്രശ്നമാണെന്ന് എന്നെ അനുഭവിപ്പിച്ചത് ആ അനുഭവമാണ്. സമൂഹത്തിന്റെ വല്ലാത്തൊരു നോട്ടവും കാവലും അതിന്മേല്‍ പ്രവര്‍ത്തിക്കുന്നുവെന്ന തിരിച്ചറിവ്. ഏതൊരാളെയും ആണും പെണ്ണും ആക്കുവാനും ലിംഗത്തെ വല്ലാതെ പ്രശ്നവല്‍കരിക്കാനും ആ മുറിക്കു കഴിയും. അതാണ് മുകളില്‍ ഉദ്ധരിച്ച ലന്തന്‍ ബത്തേരി എന്ന നോവലില്‍ പറയുന്നത്. ശരീരികം, ജൈവികം എന്നൊക്കെ നാം പറയുന്നതെല്ലാം സാമൂഹികമാണെന്ന കൃത്യമായ ഉത്തരം ഈ മുറിയും പറയുന്നുണ്ട്.

3
ആലുവയിലെ ഒരു വിദ്യാര്‍ഥി ക്യാമ്പ്. ജെന്‍ഡറിനെ കുറിച്ച് സംസാരിക്കാനെത്തിയതാണ്. ചെറിയ ഗ്രൂപ്പായതിനാല്‍ സംവാദമാകാം എന്നു പ്ലാനിട്ടാണ് വന്നത്. അതിനാല്‍ ചുറ്റുവട്ടത്തെ ചില പ്രശ്നങ്ങളിലൂടെ പോകുന്നതാകും നല്ലതെന്നും തോന്നി. എന്നാല്‍ ഒരു ഐഡിയയും കിട്ടിയില്ല. ക്യാമ്പ് നടക്കുന്ന ഹാളിനടുത്ത് അതിലുള്ളവര്‍ക്കു ഉപയോഗിക്കാനുള്ള ടോയ്‌ലറ്റും ഉണ്ട്. ജെന്‍റ്സ് /ലേഡീസ് എന്നെഴുതുന്നതിനുപകരം അവയുടെ ചിഹ്നങ്ങളാണ് വച്ചിരിക്കുന്നത്. അവ കണ്ടാല്‍ ആണും പെണ്ണും തിരിച്ചറിയാന്‍ പറ്റില്ല. (അത് നല്ലതാണ്). ക്ലാസിനുമ്പ് മൂത്രശങ്ക തീര്‍ത്തേക്കാം എന്നു കരുതി പോയിവന്നപ്പോള്‍ ഒരാണ്‍കുട്ടി വല്ലാത്ത ഭാവത്തില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്നു. കാര്യം പിടികിട്ടിയില്ല. പിന്നെ ശ്രദ്ധിച്ചു. ഞാന്‍ പോയത് റോങ്ങ് ടോയ് ലറ്റിലാണ്. മനസിലൊരു ചോദ്യം വന്നുവീണു (ലഡുപൊട്ടി).

ക്ലാസ് മുന്നോട്ടു പോകവേ ആ ചോദ്യമെറിഞ്ഞു- വീട്ടില്‍ നമ്മളെല്ലാവരും, ആണും പെണ്ണും ഉപയോഗിക്കുന്നത് ഒരു ടോയ്ലറ്റാണ്. വീട്ടിലുള്ളവര്‍ക്കു മാത്രമല്ല ബന്ധുക്കള്‍ക്കും അല്ലാത്തവരുമായ അതിഥികള്‍ക്കും ഇതില്‍ ഒരു പ്രശ്നവുമില്ല. പിന്നെന്തിനാണ് പുറത്തിറങ്ങുമ്പോള്‍ നമ്മള്‍ വേറെ വേറെ- സ്ത്രീക്കും പുരുഷനും -ടോയ്ലറ്റ് അന്വേഷിക്കുന്നത്? അങ്ങനെ നിര്‍മിച്ചു കൂട്ടുന്നത്? അതുവരെ പലതിനും മറുപടി പറഞ്ഞിരുന്ന വിദ്യാര്‍ഥികള്‍ ഒന്നു ശങ്കിക്കുന്നതായി കണ്ടു. പലരും കാര്യമായ ആലോചനയിലേക്കു പോയി. പെട്ടന്നു മറുപടി പറയാന്‍ എഴുന്നേറ്റവര്‍ ഒരു പുനരാലോചനയിലെന്നവണ്ണം പിന്‍വാങ്ങി. ചുരുക്കിപ്പറഞ്ഞാല്‍ അവര്‍ക്കിടയില്‍ ചില കുഴപ്പങ്ങള്‍ സൃഷ്ടിക്കുവാന്‍ എനിക്കു പെട്ടെന്നു സാധിച്ചു. മൂത്രപ്പുര പ്രശ്നഭരിതമായ ഇടമാണെന്നു വീണ്ടും ബോധ്യമായി.

4
എല്ലായിടത്തും പെണ്ണ് / ആണ് എന്ന വേര്‍തിരിവിന്റെ ബോര്‍ഡുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്ന നമ്മുടെ സമൂഹത്തില്‍ ആ ബോര്‍ഡുകള്‍ എടുത്തുമാറ്റാന്‍ പോരാട്ടം അനിവാര്യമായിരിക്കുന്നുവെന്നു തോന്നുന്നു. എന്തിനാണിങ്ങനെ വേര്‍തിരിഞ്ഞു നിന്ന് മുഖംകഴുകുകയും മൂത്രമൊഴിക്കുകയും യാത്ര ചെയ്യുകയും ചെയ്യുന്നത്? ഇന്ത്യയും പാക്കിസ്ഥാനും പോലെയാണ് നമ്മുടെ സമൂഹത്തില്‍ പെണ്ണും ആണും. ഏതുനിമിഷവും യുദ്ധം ഉണ്ടാകാമെന്ന ഭീതിയിലാണ് നിമിഷങ്ങള്‍ മിടിക്കുന്നത്. മൂത്രപ്പുര ഈ യുദ്ധത്തിന്റെ വലിയ സന്നാഹമേഖലയാണ്. കാരണം ലൈംഗികതയെന്ന അണുബോംബിന്റെ സ്വിച്ചാണ് ഇവിടങ്ങള്‍. അതിനാല്‍ ഇവിടം ഉടച്ചുവാര്‍ക്കേണ്ടതുണ്ട്. യഥേഷ്ടം മൂത്രപ്പുരകള്‍ നിര്‍മിച്ചിടുകയും അതില്‍ വിഭജനത്തിന്റെ പലകകള്‍ സ്ഥാപിക്കാതിരിക്കുകയും ചെയ്യുന്നതിലൂടെ സാധിക്കുന്നത് വലിയ മാറ്റമായിരിക്കും. ഇത്തരം നൂറായിരം പലകകള്‍ തട്ടിമാറ്റിയാണ് കാലങ്ങള്‍ക്കുമുന്നേ നവോത്ഥാനം എന്നു പറയുന്ന വ്യവസ്ഥ നാം സ്ഥാപിച്ചെടുത്തതെന്നെങ്കിലും ഓര്‍മിക്കേണ്ടതുണ്ട്.

തീണ്ടല്‍, ജാതിപ്പലകകള്‍ യഥേഷ്ടം നിലനിന്നിരുന്ന കേരളത്തിന്റെ സ്ഥലങ്ങളെ എല്ലാവരുടെയും ഇടമാക്കിയത് ഇത്തരം ബോര്‍ഡുകളെ നിര്‍മൂലനം ചെയ്യുന്ന പ്രവര്‍ത്തനത്തിലൂടെയാണ്. ഒന്നുമില്ലെങ്കിലും ഞാന്‍ ആണാണെന്നും നീയൊരു പെണ്ണാണെന്നുമുള്ള വേര്‍തിരിവിന്റെ തോന്നലുകള്‍ അല്പമെങ്കിലും കുറഞ്ഞിരിക്കും. എല്ലാമിടവും എല്ലാവര്‍ക്കുമുള്ളതാണെന്ന ചിന്തയെങ്കിലും രൂപപ്പെടും. അതല്ലേ വേണ്ടത്? അതോ നീ നിന്റെ സ്ഥലവും ഞാന്‍ എന്റെ സ്ഥലവും നോക്കി നടക്കുകയെന്നോ? സ്ത്രീ എന്ന ബോര്‍ഡിന്റെ മുന്നില്‍ നിന്ന് നീയൊരു പെണ്ണാണെന്ന കീഴാളത അനുഭവിക്കാനും പുരുഷന്‍ എന്ന ബോര്‍ഡിന്റെ മുന്നില്‍ നിന്ന് ഞാന്‍ ആണാണെന്ന അഹന്ത രൂപപ്പെടുത്താനോ?


Next Story

Related Stories