TopTop
Begin typing your search above and press return to search.

എവിടെ ചിന്തിക്കുന്നു; അവിടെ ശോചനാലയം!

എവിടെ ചിന്തിക്കുന്നു; അവിടെ ശോചനാലയം!

'പഹലേ ശൗചാലയ് ഫിര്‍ ദേവാലയ്' എന്ന മുദ്രാവാക്യവുമായി തുറസ്സായ സ്ഥലങ്ങളിലെ മല-മൂത്ര വിസര്‍ജ്ജനം തടയാനും ശുചിത്വം ഉറപ്പുവരുത്തുന്നതിനും ഒരു ഹൈ വോള്‍ട്ടേജ് ക്യാമ്പയിനിനു പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. ഭാരത സര്‍ക്കാരിന്റെ കുടിവെള്ള-ശുചിത്വ മന്ത്രാലയവും നിര്‍മല്‍ ഭാരത് അഭിയാനും ഗ്രാമീണ ആരോഗ്യ മന്ത്രാലയവും യൂനിസെഫുമൊക്കെ ഇതില്‍ പങ്കാളികളായി. ഉത്തരേന്ത്യയില്‍ ഇന്നും നിര്‍ബാധം തുടരുന്ന തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജനം തടയുന്നതിനും വീടുകളില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ധനസഹായവും സാങ്കേതിക സഹായവും കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ തന്നെ ലഭ്യമാക്കി. ആശയപ്രചാരണ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചു. ലഘു പരസ്യ ചിത്രങ്ങള്‍നിര്‍മ്മിക്കുന്നതിന് പ്രൊഫഷണല്‍ നിര്‍മാണക്കമ്പനികളെത്തന്നെ ചുമതലപ്പെടുത്തി.

ഇതില്‍ ജനം ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ച ഒരു ലഘുചിത്രമായിരുന്നു 'ദുല്‍ഹന്‍' എന്ന വിദ്യാബാലന്‍ ചിത്രം. നാല്പത്തിമൂന്ന് സെക്കന്റ് നീളമുള്ള ആ പരസ്യം രാജ്യമൊട്ടുക്കും വിവിധഭാഷകളില്‍ സംപ്രേക്ഷണം ചെയ്യുകയുണ്ടായി. മലയാളത്തില്‍ മൊഴിമാറ്റം നടത്തിയപ്പോള്‍ ഉണ്ടായ ഗുരുതരമായ തെറ്റു (ശൗചാലയംഎന്നതിനു പകരം ശോചനാലയം എന്ന പ്രയോഗം) കേരളത്തില്‍ ചിരിക്കു വക നല്‍കി. നെഗറ്റീവ് പബ്ലിസിറ്റിയും പബ്ലിസിറ്റി എന്ന മട്ടില്‍ 'ശ്വാസകോശ'ത്തിനു ശേഷം 'ശോചനാലയം' മലയാളികളുടെ സരസ സംഭാഷണങ്ങളില്‍ നിത്യ സാന്നിദ്ധ്യമായി.2013 ജൂലൈയില്‍ രാജകൃഷ്ണ മേനോന്റെയും ജനനി രവിചന്ദ്രയുടെയും ഉടമസ്ഥതയിലുള്ള ബാന്ദ്രാ വെസ്‌ററ് പിക്‌ചേഴ്‌സ് എന്ന സിനിമാ നിര്‍മാണക്കമ്പനിയാണ് ഈ ലഘുചിത്രം നിര്‍മ്മിക്കുന്നത്. വിഭു പുരി സംവിധാനം നിര്‍വഹിച്ച ഈ ലഘു ചിത്രം ഒരു വമ്പന്‍ ഹിറ്റ് തന്നെയായി മാറി. ശുചിത്വം എന്ന ആശയത്തെ സ്ത്രീകളുടെ/കുടുംബത്തിന്റെ അന്തസ്സുമായി കൂട്ടിക്കെട്ടുക എന്ന തന്ത്രമാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍ തെരെഞ്ഞടുത്തത്. ഇനി മനസ്സില്‍ ആ ലഘുചിത്രം സങ്കല്‍പിച്ചു നോക്കൂ! തറവാട്ടു മഹിമയുള്ള സ്ത്രീകള്‍ എപ്പോഴും തട്ടം കൊണ്ട് മുഖം മറച്ചിരിക്കും അഥവാ തട്ടം കൊണ്ട് മുഖം മറയ്ക്കാത്ത സ്ത്രീകള്‍ കുടുംബത്തിന്റെ അന്തസ്സിനെ കളങ്കപ്പെടുത്തുന്നു എന്ന വിശ്വാസം അംഗീകരിച്ചു കൊടുക്കുകയാണ് ഈ ലഘുചിത്രം. കുടുംബത്തിലെ സ്ത്രീകള്‍ തട്ടം കൊണ്ട് മുഖം മറച്ചതുകൊണ്ടു മാത്രം കുടുംബത്തിന്റെ അന്തസ്‌ നിലനില്‍ക്കില്ല, അത് നിലനിര്‍ത്താന്‍ കക്കൂസ് ഒരുഅവിഭാജ്യ ഘടകമാണെന്ന് വിദ്യാബാലന്‍ എന്ന പ്രശസ്തയായ നടിയിലൂടെ പറഞ്ഞുവെക്കുന്നു.

തുറസ്സായ സ്ഥലത്തെ മല-മൂത്ര വിസര്‍ജ്ജനം എന്ന സാമൂഹിക വിപത്തിനെ നേരിടാന്‍ തികച്ചും പ്രാകൃതവും സ്ത്രീ വിരുദ്ധവുമായ ഒരാചാരാത്തെ /സമ്പ്രദായത്തെ കൂട്ടു വിളിച്ചു എന്നയിടത്താണ് ഈ പരസ്യം പാളം തെറ്റുന്നത്. സ്ത്രീ ശരീരത്തിലാണ് കുടുംബത്തിന്റെ അന്തസ്സ് അല്ലെങ്കില്‍ മാനം ഇരിക്കുന്നത് എന്ന് ഈ പരസ്യത്തില്‍ നമുക്ക് വായിക്കാം. അല്ലെങ്കില്‍ സാമ്പ്രദായിക രീതിയില്‍ വസ്ത്രം ധരിക്കാത്ത സ്ത്രീകള്‍ അന്തസ്സു കെട്ടവരാണെന്നും അവര്‍ക്കൊക്കെ എന്തുമാകാം എന്നും ഇത് ധ്വനിപ്പിക്കുന്നുണ്ട്. കേരളത്തില്‍ ഒരു പക്ഷേ ഈ പരസ്യം ഒരു തമാശയായിട്ടേ നമ്മള്‍ കാണുകയുള്ളൂ. എന്നാല്‍ വിദ്യാഭ്യാസം എത്തിനോക്കാത്ത ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഇത്തരം പ്രാകൃത - സ്ത്രീവിരുദ്ധ ആശയങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത നല്‍കുന്നതില്‍ ഈ പരസ്യം വിജയിച്ചേക്കും. സാമൂഹിക വികസനത്തിനും പരിവര്‍ത്തനത്തിനുമുള്ള പ്രവര്‍ത്തനങ്ങള്‍ സമൂഹത്തെ പിന്നോട്ടടിക്കുന്ന ദയനീയമായ സ്ഥിതിവിശേഷമാണ് ഈ പരസ്യം സൃഷ്ടിക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories