TopTop
Begin typing your search above and press return to search.

വീണ്ടും വീണ്ടും ലഡു പൊട്ടിക്കാന്‍ ഇനി തച്ചങ്കരിക്കാകുമോ?

വീണ്ടും വീണ്ടും  ലഡു പൊട്ടിക്കാന്‍ ഇനി തച്ചങ്കരിക്കാകുമോ?

കെ എ ആന്റണി

പരസ്യത്തിലെ ലഡു പൊട്ടലിന്റെ ഇമ്പം പലപ്പോഴും അപകടം വരുത്തിവയ്ക്കുമെന്ന് ഏതു സാധാ പൊലീസുകാരനും അറിഞ്ഞിരിക്കേണ്ട ആദ്യപാഠമാണ്. ഒരു ലഡുവും ഹൃദയത്തില്‍ നിറയ്ക്കുന്ന സ്വപ്‌നങ്ങള്‍ക്കപ്പുറം മുള്ളാണികളും നിറയ്ക്കുമെന്ന് ഇന്നിപ്പോള്‍ ടോമിന്‍ ജെ തച്ചങ്കരി എന്ന ഐ പി എസ് തലപ്പാവുകാരനും മനസിലാക്കിയിരിക്കുന്നു. മുള്ളാണിയെന്നൊന്നും വിശുദ്ധ പുസ്തകം പറയുന്നില്ലെങ്കിലും അമ്പില്‍ ചേര്‍ത്ത വിഷത്തേക്കാള്‍ വര്‍ജ്യമാണ് മധുരമെന്ന് അപ്പോസ്തലന്മാര്‍ പ്രഘോഷിച്ചിട്ടുണ്ട്. അല്ലെങ്കിലും പഴയനിയമ പ്രകാരം ആപ്പിള്‍ കഴിച്ചതിന്റെ പേരിലാണല്ലോ ആദവും ഹൗവ്വയും പറുദീസയില്‍ നിന്നും ഭൃഷ്ടരാക്കപ്പെട്ടത്.

അല്‍ഫോന്‍സ് കണ്ണന്താനം ഏറെക്കാലമായി നടത്തിയ അത്യദ്ധ്വാനത്തിനു പ്രതിഫലം കിട്ടിയ ദിവസം തന്നെയാണ് ടോമിന്‍ ജെ തച്ചങ്കരി താനൊരു കുറ്റവും ചെയ്തില്ല എന്നു പറയുന്ന വേദിയില്‍ നിന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ഇറങ്ങിപ്പോയത്. മറ്റൊരു പരിപാടിയില്‍ പങ്കെടുക്കേണ്ടതുണ്ടെന്നു മന്ത്രി പറഞ്ഞെങ്കിലും കാര്യങ്ങള്‍ ഇപ്പോള്‍ എന്‍സിപിയും കൊഴുപ്പിക്കുകയാണ്. വെള്ളിയാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ അറിയാം തച്ചങ്കരിയുടെ ഭാവിയെന്തെന്ന്.

അല്ലെങ്കിലും തച്ചങ്കരി ഒരു വല്ലാത്ത മനുഷ്യനാണ്. മനുഷ്യസ്‌നേഹം കിനിഞ്ഞിറങ്ങുന്ന ഭക്തിപ്പാട്ടുകളുടെ പ്രചാരകന്‍. ഭാര്യയുടെ പേരില്‍ കൊച്ചിയില്‍ സ്വന്തമായി ഒരു സ്റ്റുഡിയോ തന്നെയുണ്ട്. ഗാനഗന്ധര്‍വന്‍ യേശുദാസ് മുതല്‍ പി സുശീലയെക്കൊണ്ടുവരെ പാട്ടു പാടിച്ച് കാസറ്റ് ഇറക്കി വിറ്റ ഐപിഎസ് പ്രതിഭ എന്നൊക്കെ ചിലര്‍ കുറ്റം പറഞ്ഞേക്കാം. പാട്ട് അത്ര അരോചകമല്ലാത്തതിനാലാവണം സ്വന്തം ഫെയ്‌സ്ബുക്കില്‍ പോലും കാസറ്റ് കച്ചവടം തുടരുന്നത്. വചനം എന്ന കാസറ്റ് കച്ചവടം പൊടിപൊടിക്കുന്നതിനിടയില്‍ തന്നെയാണ് തച്ചങ്കരിക്ക് ഇങ്ങനെയൊരു ഗതികേട് വന്നു ചേര്‍ന്നിരിക്കുന്നത്.

സത്യത്തില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. അതു തച്ചങ്കരി എന്നല്ല, ഏതു സാധാപൗരനും അവകാശപ്പെട്ടതാണ്. വിവാദങ്ങളുടെ തോഴനായ തച്ചങ്കരി നിലവില്‍ കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറാണ്. തനിക്ക് കീഴിലുള്ള മുഴുവന്‍ ആളുകള്‍ക്കും പിറന്നാള്‍ മധുരം നുണയാന്‍ ഒരു ലഡു വിതരണം നടത്തിയതിന്റെ പേരില്‍ ഇത്രയേറെ ക്രൂശിക്കപ്പെടേണ്ടതുണ്ടോയെന്ന സംശയം ബാക്കി നില്‍ക്കുന്നു. 'ഗാഗുല്‍ത്താല്‍ മലയില്‍ നിന്നും വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ/ ഏവമെന്നെ ക്രൂശിലേറ്റുവാന്‍ അപരാധം എന്തു ഞാന്‍ ചെയ്തു ....' ഇതേ ചോദ്യം തന്നെയാണ് ഇന്ന് തച്ചങ്കരിയും വകുപ്പ് മന്ത്രി ഇരുന്ന സദസില്‍വച്ച് ഉന്നയിച്ചത്. സ്വന്തം കീശയിലെ പൈസയെടുത്ത് മധുരം വിളമ്പിയതിന്റെ ഗതികേടിനെ കുറിച്ചു തന്നെയായിരുന്നു. ആ നീണ്ട വിലാപം. കേള്‍ക്കാന്‍ മന്ത്രി കാത്തുനിന്നില്ല.അല്ലെങ്കിലും തച്ചങ്കരി ഒരു പ്രശ്‌നക്കാരനാണ്. ലഡുവിതരണം നടത്തുമ്പോള്‍ പ്രായം ചോദിച്ച ചാനലുകാരിയോട് പറഞ്ഞതു പ്രായം മാത്രം ചോദിക്കല്ലേ, ശമ്പളം ചോദിച്ചാല്‍ പറയാമെന്നാണ്. മറുപടിയില്‍ ഒരു സിനിമ ടച്ചുണ്ട്. നടിമാരുടെ പ്രായം പോലെ തന്നെ തച്ചങ്കരിയുടെ പ്രായവും അപ്രാപ്യമായിരിക്കട്ടെ. 1964 ല്‍ ജനിച്ചു എന്ന് എവിടെയോ കാണുന്നുണ്ടെങ്കിലും കേസ് കെട്ടുകളുടെ ഭാരം നിമിത്തമാകണം തന്നെ കുറിച്ചുള്ള പാട്ടുകച്ചേരി കച്ചവടം അല്ലാതെ ബാക്കിയുള്ളതൊക്കെയും നമ്മുടെ തച്ചങ്കരി സാര്‍ ഫെയ്‌സ്ബുക്കില്‍ നിന്നും ഒഴിവാക്കിവച്ചിരിക്കുന്നു. വചനത്തിലൂടെയാണ് നടപ്പ് എന്ന് വ്യക്തം. ഈ വചനം എവിടെ തുടങ്ങി എന്ന് അത്രയേറെ വ്യക്തത നല്‍കാതെ ഫെയ്‌സ്ബുക്ക് പ്രൊഫൈലുകള്‍ക്കും പിന്നിലേക്കു പോയാല്‍ തച്ചങ്കരി എന്ന ടോമിന്‍ ജെ തച്ചങ്കരിയെ കാണാനാകും. കേരളത്തിലെ അറിയപ്പെടുന്നൊരു പത്രത്തിന്റെ കെയര്‍ ഓഫില്‍ ഡല്‍ഹിയില്‍ എത്തി അധികാരത്തിന്റെ ഇടനാഴികളിലൂടെ എങ്ങനെയൊക്കെയോ ഐ പി എസ് സംഘടിപ്പിച്ചു എന്നൊരു കഥയും പണ്ട് പ്രചാരത്തില്‍ ഉണ്ടായിരുന്നു. ഇതൊക്കെ എത്രകണ്ട് ശരിയെന്ന് പറയാനാവില്ല.

എങ്കിലും തുടര്‍ന്നങ്ങോട്ട് നടന്നതത്രയും അടിക്കടി ഉയരങ്ങളും അടിക്കടി പതനങ്ങളും ആയിരുന്നൂവെന്നത് ചുരുങ്ങിയ പക്ഷം നമ്മളുടെ ഈ പള്ളിപ്പാട്ടുകാരനും ഓര്‍ത്തുവയ്ക്കുന്നത് നന്നായിരിക്കും. 1996 ല്‍ വിന്‍സന്‍ എം പോള്‍ ഭരിച്ച കണ്ണൂര്‍ ജില്ലയിലേക്ക് പിന്നീടെത്തിയ എസ് പി ആയിരുന്നു ടോമിന്‍ ജെ തച്ചങ്കരി എന്ന ഐ പി എസുകാരന്‍. കണ്ണൂര്‍ തെക്കിപ്പള്ളിയിലെ ക്വയറിന് നേതൃത്വം നല്‍കുന്ന തച്ചങ്കരിയെ വിശ്വാസികള്‍ ആരാധനയോടെയാണ് കണ്ടിരുന്നത്. അവരുടെ വിശ്വാസം അവരെ പൊറുപ്പിക്കട്ടെ. എന്നാല്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നവര്‍ പരാതികളുടെ കൂമ്പാരമാണ് തുറന്നുവച്ചത്. കുട്ടനെന്ന ഒരു ഹഫ്ത പിരിവുകാരനെ ക്ഷമപറയിച്ചു നടത്തിയതിന്റെ പേരില്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടതോടെ കണ്ണൂരിലെ പള്ളിപ്പാട്ടില്‍ നിന്നും പിന്നീടങ്ങോട്ട് അത്രയും വിവാദങ്ങള്‍ തന്നെയായിരുന്നു തച്ചങ്കരിയെ വേട്ടയാടിയത്.

ബിഎസ്‌സി ഫിസിക്‌സും എം എ പൊളിറ്റിക്‌സുമൊക്കെ പഠിച്ച തച്ചങ്കരി കണ്ണൂര്‍ ഭരണകാലത്ത് തന്നെ സിപിഎമ്മിനു പ്രിയങ്കരനായി മാറിയിരുന്നു. പയ്യാവൂര്‍ പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഉമ്മന്‍ ചാണ്ടിയേയും സംഘത്തെയും വളഞ്ഞു പുറത്തുവച്ചത് തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സേനയായിരുന്നു. കോണ്‍ഗ്രസ് ഭരിച്ചിരുന്ന പഞ്ചായത്ത് ഭരണം കരുണാകര വിഭാഗക്കാരനായ ഒരാളുടെ സഹായത്തോടെ സിപിഎം നേടുകയായിരുന്നു. കോണ്‍ഗ്രസിലെ പതിവ് 'എ', 'ഐ' വിഭാഗീയതയുടെ പ്രതിഫലനം തന്നെയാണ് അന്ന് പയ്യാവൂരില്‍ കണ്ടത്. പള്ളിപ്പാട്ടുകാരന്‍ ഒരു കുറ്റവും ചെയ്തില്ല. നിയമം നിയമത്തിന്റെ വഴിക്ക് എന്നരീതിയില്‍ നടന്നതിന്റെ പേരില്‍ നല്ല ശിക്ഷ നടപ്പാക്കി കിട്ടി.

തുടര്‍ന്നങ്ങോട്ട് പല ലാവണങ്ങള്‍ തേടുന്നതിനിടയില്‍ ആദ്യം ഉദിച്ചത് പയ്യാവൂരിലെ സിപിഎം രക്ഷാസേന ദൗത്യം തന്നെയായിരുന്നു. കൈരളി ചാനലിന്റെ പ്രാരംഭദിശ കൂടിയായിരുന്നു അത്. വിദേശത്തു നിന്നും സാമഗ്രികള്‍ വാങ്ങിക്കൊണ്ടുവരുവാനുള്ള കരാറും ഏറ്റെടുത്തു തച്ചങ്കരി. ഇവിടെയും തച്ചങ്കരി ഒരു കുറ്റവാളിയാണെന്ന് ആരെങ്കിലും കാണുന്നുണ്ടെങ്കില്‍ അവരാണ് കുറ്റക്കാര്‍. ഒരു പാവം പള്ളിപ്പാട്ടുകാരനെ ഇത്രയേറെ ക്രൂശിക്കേണ്ടതുണ്ടോ?യുഡിഎഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നയുടന്‍ തുടങ്ങിയതായിരുന്നു തച്ചങ്കരിക്കെതിരെയുള്ള പണികള്‍. വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന്റെ പേരില്‍ കേസ്. തുടര്‍ന്നങ്ങോട്ട് പാസ്‌പോര്‍ട്ട് റദ്ദാക്കല്‍. പാസ്‌പോര്‍ട്ട് പുതുക്കി കൊടുക്കാനാവില്ലെന്ന് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍. ആകെ വശംകെട്ട് നില്‍ക്കുന്നതിനിടയിലാണ് പയ്യാവൂരിലെ സഹായത്തിന് ഒരു പ്രത്യുപകാരമെന്ന നിലയില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായി ജോലി ലഭിച്ചത്. ജോലിക്കിടയില്‍ ടെന്‍ഷന്‍ അകറ്റാന്‍ പിറന്നാള്‍ മധുരമായി ലഡു വിതരണം ചെയ്ത് ഒരു പാട്ടു പാടി സുന്ദരമായ ഉറക്കത്തിലേക്കു പോകാന്‍ തച്ചങ്കരിക്കും അവകാശമുണ്ടെന്നാണ് ഇതെഴുതുന്നയാള്‍ പ്രതീക്ഷിക്കുന്നത്.

തച്ചങ്കരിയുടെ ജാതകം ഈ വരുന്ന വെള്ളിയാഴ്ച തിരുത്തി എഴുതപ്പെടുമെന്നതിനാല്‍ ഒരു പള്ളിപ്പാട്ടുകാരനു കിട്ടുന്ന ദുഃഖവെള്ളിയാഴ്ച ആകാതിരിക്കട്ടെയെന്ന് ഈ പേനയുന്തുകാരന്‍ ആഗ്രഹിക്കുന്നു.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories