TopTop
Begin typing your search above and press return to search.

വി എസ് ഇ എം എസ്സിനെ പഠിക്കണം; പിണറായിയും

വി എസ് ഇ എം എസ്സിനെ പഠിക്കണം; പിണറായിയും

കെ എ ആന്റണി

പറഞ്ഞ വാക്കും കൈവിട്ട കല്ലും തിരിച്ചെടുക്കാന്‍ ആകില്ലെന്ന പഴമൊഴി ഇപ്പോള്‍ നമ്മുടെ ചില രാഷ്ട്രീയ നേതാക്കളുടെ കാര്യത്തിലും യാഥാര്‍ത്ഥ്യമാകുകയാണ്. കല്ല് ശ്രദ്ധിച്ചെറിയണം എന്നതുപോലെ തന്നെ ഓരോവാക്കും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതുണ്ട്. മറിച്ചായാല്‍ അവ ഉണ്ടാകുന്നത് അനര്‍ത്ഥങ്ങള്‍ മാത്രമായിരിക്കും. വിഎസ് അച്യുതാനന്ദന്റെയും പിണറായി വിജയന്റെയും കാര്യത്തില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് ഇതു തന്നെയാണ്.

ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വിഎസ് അച്യുതാനന്ദന്‍ എത്ര ശ്രമിച്ചിട്ടും തന്റെ ഉള്ളിലുള്ള ആഗ്രഹം മൂടിവയ്ക്കാന്‍ കഴിഞ്ഞില്ല. താങ്കള്‍ തന്നെ മുഖ്യമന്ത്രിയാകണമെന്ന് ആളുകള്‍ ആഗ്രഹിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് സാധാരണ ഗതിയില്‍ ഇഎംഎസ് ആയിരുന്നുവെങ്കില്‍ ഒരു മറു ചോദ്യമുണ്ടാകുമായിരുന്നു. അങ്ങനെയൊന്നുണ്ടോ. എനിക്കറിയില്ല. എന്നായിരിക്കുമായിരുന്നു അത്. എന്നാല്‍ വിഎസ് പറഞ്ഞത് 'ജനങ്ങളിലും ചിന്തിക്കുന്ന ബുദ്ധിമാന്‍മാരുടേയും ഇടയില്‍ അങ്ങനെയൊരു ചിന്ത ഡെവലെപ്പ് ചെയ്തു വരുന്നുണ്ട് 'എന്നായിരുന്നു വിഎസിന്റെ മറുപടി. ഇത് അത്രയും വിഎസിനെ കൊണ്ട് പറയിച്ചത് ഉള്ളിലെ അടക്കിനിര്‍ത്താനാകാത്ത മുഖ്യമന്ത്രി പദത്തോടുള്ള മോഹം തന്നെയാണ്. 'എന്നാല്‍ പാര്‍ട്ടിയും മുന്നണിയുമാണ് അത് തീരുമാനിക്കേണ്ടത്' എന്ന തൊട്ടടുത്ത വാചകത്തില്‍ തന്നെ അദ്ദേഹം വിനീത വിധേയനാകുന്നുണ്ടുതാനും. ഈ വിധേയത്വമാകട്ടെ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയോടുള്ളതാണുതാനും. ഈ വിനയം കൊണ്ട് കാര്യമില്ലല്ലോ. ആദ്യ പ്രതികരണം എല്ലാം കുളമാക്കി കളഞ്ഞില്ലേ. ഇനിയിപ്പോള്‍ തെറിയഭിഷേകം കൊണ്ട് എന്ത് കാര്യം.

പറഞ്ഞുപോയ വാക്ക് തിരിച്ചെടുക്കാനുള്ള ശ്രമത്തിനിടയില്‍ തന്നെയാണ് വി എസ് കോഴിക്കോടു വച്ച് ഇന്ത്യന്‍ എക്‌സ്പ്രസിലെ അഭിമുഖകാരനെ വാക്കുകള്‍ കൊണ്ട് ഭേദ്യം ചെയ്തത്. എന്നാല്‍ ഇന്ത്യന്‍ എക്‌സ്പ്രസ് അഭിമുഖത്തിന്റെ ശബ്ദരേഖ കൂടി പുറത്തുവിട്ടതോടെ ആദ്യ ക്ഷമാപണം ഫേസ് ബുക്കിലൂടെയായി. 92 കഴിഞ്ഞ ഒരു മനുഷ്യന്റെ ഫേസ് ബുക്ക് പ്രമേയത്തിലെ ജാഗ്രത കുറവും ഇതോടെ വ്യക്തമായി. പറഞ്ഞതത്രയും മാറ്റിക്കുറിക്കേണ്ട ഗതികേട് വന്നു ചേര്‍ന്നപ്പോള്‍ വിഎസും അന്തംവിട്ടിട്ടുണ്ടാകണം.

ചോദ്യം സഖാവ് വിഎസ് അച്യുതാനന്ദനോടാണ്. നൂറിലേറെ സീറ്റ് സ്വപ്‌നം കാണുന്ന താങ്കളും ഒരു ആര്‍ത്തി പണ്ടാരമാണെന്ന് പറയാന്‍ മാത്രം എതിരാളികളുടെ നാവിന്‍ തുമ്പില്‍ ഒരു വെടിയുണ്ടയ്ക്കുപകരം തീഗോളം വച്ചു കൊടുക്കേണ്ട വല്ല കാര്യവുമുണ്ടോ എന്ന് ആത്മാര്‍ത്ഥമായി ചിന്തിച്ചു നോക്കുന്നത് നന്നായിരിക്കും. ഒരു വിവാദം ചോദിച്ചാല്‍ വിവാദ പൂങ്കാവനം തന്നെ നല്‍കുന്ന ഈ ജാഗ്രത കുറവ് തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് അറിവില്ലായ്മ ആകാന്‍ തരമില്ലല്ലോ. ആശ്രിതരേയും ഉപദേഷ്ടാക്കളേയും കരുതിയിരിക്കുക എന്നതാണ് ഏത് കാലത്തും രാഷ്ട്രീയ നേതാക്കള്‍ ചെയ്യേണ്ട പ്രഥമ ജോലി. പേടിക്കേണ്ടത് പത്ര പ്രവര്‍ത്തകരെയല്ല. അവര്‍ക്ക് അവരുടേതായ ചോദ്യങ്ങളുണ്ടാകും. ആ ചോദ്യങ്ങള്‍ക്ക് ജാഗ്രതയോടെ മറുപടി പറയേണ്ട ബാധ്യത താങ്കളുടേതാണെന്ന് തിരിച്ചറിയാത്തവര്‍ പിന്നീട് കുതിര കയറിയിട്ട് കാര്യമില്ല.

വി എസിന്റെ കാര്യം അവിടെ നില്‍ക്കട്ടെ. അദ്ദേഹത്തെ മദിക്കുന്ന ചിന്തകള്‍ എന്താണെന്ന് ഇതിനകം തന്നെ പൊതുജനത്തിനും ബോധ്യമായി കഴിഞ്ഞു. ഒരു ഒറ്റ ചോദ്യം മതി ജീവിതം മാറി മറിയാന്‍ എന്ന് പറഞ്ഞതു പോലെയായി വി എസിന്റെ രാഷ്ട്രീയ പാപ്പരത്തം. പിണറായിയുടെ കാര്യത്തിലാകട്ടെ ഏറെ ജാഗ്രത പുലര്‍ത്തിയിരുന്ന ഒരാള്‍ക്ക് അടുത്തിടെയായി വല്ലാത്തൊരു നാവ് പിഴ സംഭവിക്കുന്നുണ്ടോയെന്ന തോന്നല്‍ സ്വന്തം അണികള്‍ക്കിടയില്‍ തന്നെ ചര്‍ച്ചാ വിഷയമായി കഴിഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ചില നികൃഷ്ട പ്രയോഗങ്ങളിലൂടെ പലരേയും പിണക്കുന്ന ഒരു കാര്‍ക്കശ്യക്കാരന്റെ മനസ്സ് പിണറായിക്ക് സ്വന്തമാണ്. അദ്ദേഹത്തിന്റെ ചില പ്രയോഗങ്ങള്‍ വരുത്തിവച്ച വിന സിപിഐഎമ്മിനും അത് നേതൃത്വം നല്‍കുന്ന മുന്നണിക്കും എത്രമാത്രമായിരുന്നുവെന്ന് ഇതിനകം വ്യക്തമായി കഴിഞ്ഞ കാര്യം തന്നെയാണ്.തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ പിണറായിക്കുമുണ്ടായി ഒരു അല്‍പം ജാഗ്രത കുറവ്. ആരോ വച്ചു നീട്ടിയ ചോദ്യ കുരുക്കില്‍ കെണിയുകയായിരുന്നു പിണറായി. വിഎസിന് എതിരെയുള്ള സംസ്ഥാന സമിതി തീരുമാനം അതേപടി നില്‍ക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ അതിലെ അപകടം അപ്പോള്‍ പിണറായി തിരിച്ചറിഞ്ഞില്ല. യുഡിഎഫിലെ ഞാഞ്ഞൂലുകള്‍ ഫണമെടുത്ത് തുടങ്ങിയപ്പോഴാണ് പിണറായി അപകടം മണത്തത്. പറഞ്ഞതൊക്കെയും സത്യമായിരുന്നുവെങ്കിലും പിന്നാലെ വന്നു വഴുവഴുപ്പന്‍ രീതിയിലുള്ള ന്യായീകരണം. സത്യത്തില്‍ പിണറായി പറഞ്ഞതത്രയും സത്യമായിരുന്നു. വിഎസിന്റെ കാര്യത്തില്‍ പാര്‍ട്ടി സംസ്ഥാന ഘടകമെടുത്ത നിലപാട് അതേപടി നിലനില്‍ക്കുക തന്നെയാണ്. വിഷയം കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണെങ്കിലും താല്‍ക്കാലിക വെടി നിര്‍ത്തലുമായി പോകുന്ന വിഎസും പിണറായിയും പരസ്പരം കൊമ്പു കോര്‍ക്കുന്നത് കാണുന്നതാണ് എതിരാളികളെ സുഖിപ്പിക്കുന്നതാണ് എന്ന കാര്യം ഇരുവരും എന്തുകൊണ്ടോ മറന്നു പോകുന്നുണ്ട്.

1957-ല്‍ സുവര്‍ണ ലിപിയില്‍ എഴുതപ്പെട്ട ഒരു രാഷ്ട്രീയ ചരിത്രമുണ്ട് കേരളത്തിന്. അത് സ്വാതന്ത്ര്യാനന്തര കേരളത്തില്‍ ആദ്യമായി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നു എന്നതാണ്. ആയുസെത്താതെ മരിക്കുന്നവര്‍ക്ക് ദുര്‍മരണം സംഭവിച്ചുവെന്നാണ് പൊതുവെ പറയാറ്. ഇഎംഎസ് സര്‍ക്കാരിനും സംഭവിച്ചത് ദുര്‍മരണം തന്നെയാണ്. ക്രിസ്ത്യന്‍ പള്ളികളും ജാതി മത സംഘടനകളും ഒന്ന് ആഞ്ഞൂതിയപ്പോള്‍ ആ സര്‍ക്കാര്‍ നിലംപൊത്തി. വിദ്യാഭ്യാസ നയവും ഭൂപരിഷ്‌കരണ ബില്ലും ഒക്കെയായിരുന്നു മേലാളന്‍മാരെ ചൊടിപ്പിച്ചത്. കൂട്ടത്തില്‍ പള്ളികള്‍ വഴിയും കോണ്‍ഗ്രസ് വഴിയും സിഐഎ നടത്തിയ ഓപ്പറേഷന്‍ കൂടിയായപ്പോള്‍ അങ്കമാലി കല്ലറയില്‍ കുറച്ച് സോദരന്‍മാരേയും തെക്ക് തെക്കൊരു ദേശത്ത് ഒരു ഗ്ലോറിയയേയും കിട്ടിയ തുക്കിടി സായിപ്പന്മാര്‍ ആ മന്ത്രി സഭയുടെ വേരറുത്തു. പി കൃഷ്ണപിള്ളയും എകെജിയും ഇഎംഎസുമൊക്കെ വിഭാവനം ചെയ്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എന്നിട്ടും കേരളത്തില്‍ തലയുയര്‍ത്തിപ്പിടിച്ചു തന്നെ നിന്നു. പരസ്പര ഗുസ്തിയിലൂടെയും പുറപ്പെട്ടുപോകുന്ന വാക്കുകളിലൂടെയും അതേ പ്രസ്ഥാനത്തിന്റെ വേരറുക്കാനാണ് ഇപ്പോള്‍ നേതൃത്വത്തില്‍ ഇരിക്കുന്ന ചിലരെങ്കിലും ശ്രമിക്കുന്നത് എന്ന് ആരെങ്കിലും സംശയിച്ചു പോയാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories