TopTop
Begin typing your search above and press return to search.

ടീം ഇന്ത്യയുടെ അടുത്ത പരിശീലകനാരാകും?

ടീം ഇന്ത്യയുടെ അടുത്ത പരിശീലകനാരാകും?

അഴിമുഖം പ്രതിനിധി

ടീം ഇന്ത്യയുടെ ഡയറക്ടര്‍ എന്ന നിലയിലുള്ള രവി ശാസ്ത്രിയുടെ കാലാവധി ടി 20 ലോകകപ്പോടെ അവസാനിച്ചു. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും തൃപ്തി നല്‍കുന്ന കാലയളവായിരുന്നു അത്. ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് ടീമിന്റെ ഡയറക്ടറായി അദ്ദേഹം തുടരണമെന്ന് ചില മുതിര്‍ന്ന കളിക്കാര്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍ അദ്ദേഹത്തെ തല്‍സ്ഥാനത്ത് തുടരാന്‍ ബിസിസിഐ അനുദിച്ചില്ലെങ്കില്‍ ഇന്ത്യയുടെ പരിശീലകനാകാന്‍ സാധ്യതയുള്ളവരില്‍ മുന്‍പന്തിയിലാണ് ശാസ്ത്രി. അതില്‍ നിര്‍ണായകമാകുക ബിസിസിഐയുടെ ക്രിക്കറ്റ് ഉപദേശക സമിതിയുടെ തീരുമാനമാകും. ഫാബുലസ് ഫോറിലെ മൂന്നു പേരാണ് സമിതിയംഗങ്ങള്‍-സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വി വി എസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി.

ടി 20യ്ക്കും ഏകദിനത്തിനും ടെസ്റ്റിനും പ്രത്യേകം പരിശീലകന്‍ വേണമോയെന്ന കാര്യം ഏറ്റവും നന്നായി അറിവുണ്ടാകുക ബിസിസിഐക്കും സമിതിക്കും തന്നെയാണ്. കഴിഞ്ഞ വര്‍ഷം നടന്ന ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനിടയില്‍ അതിന്റെ ചെറിയ സൂചന പുറത്തുവന്നിരുന്നു. എങ്കിലും അതേകുറിച്ചുള്ള സംവാദങ്ങള്‍ തുടരുകയാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകന്‍ ആകാന്‍ ഏറ്റവും കൂടുതല്‍ സാധ്യത രവി ശാസ്ത്രിക്ക് തന്നെയാണ്. അങ്ങനെയെങ്കില്‍ ടീം ഡയറക്ടറെന്ന തസ്തിക വേണ്ടെന്നു വയ്ക്കാനാണ് സാധ്യത. ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടറായ രവി ശാസ്ത്രിയുടെ സേവനം ഇന്ത്യന്‍ ടീമിന് ഗുണകരമായിയെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പിനുശേഷം ഡങ്കന്‍ ഫ്‌ളെച്ചറുടെ കാലാവധി അവസാനിച്ചശേഷം രവി ശാസ്ത്രി പരിശീലകന്റെ ജോലി കൂടി ചെയ്തിരുന്നു.

ടീമുമായുള്ള തുടര്‍ ബന്ധം ശാസ്ത്രി തള്ളിക്കളയുന്നില്ല. കാലാവധി നീട്ടി നല്‍കണമെന്ന് അദ്ദേഹം ബിസിസിഐയോട് ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ടെസ്റ്റ് ക്യാപ്റ്റനായ വിരാട് കോഹ്ലിയാകട്ടെ ശാസ്ത്രി തുടരണമെന്ന് അഭിപ്രായം തുറന്നു പ്രകടിപ്പിച്ചും കഴിഞ്ഞു.

ഫാബുലസ് ഫോറിലെ നാലാമനായ രാഹുല്‍ ദ്രാവിഡാണ് ശാസ്ത്രി കഴിഞ്ഞാല്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. അദ്ദേഹമിപ്പോള്‍ ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളുടെ പരിശീലകനാണ്. സാധ്യത അദ്ദേവും പൂര്‍ണമായും തള്ളിയിട്ടില്ല.

ഗ്രെഗ് ചാപ്പല്‍ എന്ന ഓസ്‌ത്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്ന കാലം ചരിത്രത്തില്‍ നിന്ന് അത്രയൊന്നും എളുപ്പത്തില്‍ മറന്നു പോകുകയില്ല. കലാപ കലുഷിതമായിരുന്നു ആ കാലം. ഇപ്പോള്‍ പരിഗണനയിലുള്ള ഓസീസുകാരന്‍ ജസ്റ്റിന്‍ ലാംഗറാണ്. മുന്‍ ഓസീസ് താരമായ ലാംഗര്‍ പശ്ചിമ ഓസ്‌ത്രേലിയയുടെ പരിശീലകനാണ്. പക്ഷേ, അദ്ദേഹത്തിനുള്ള നെഗറ്റീവ് മാര്‍ക്ക് ഓസ്‌ത്രേലിയയില്‍ നിന്നുള്ളയാള്‍ എന്നതാണ്. കാരണം ചാപ്പലിന്റെ കാലത്തെ ഓര്‍മ്മകള്‍ തന്നെയാണ്.

ഓസ്‌ത്രേലിയയില്‍ നിന്നും കേള്‍ക്കുന്ന മറ്റൊരു പേര് ജേസണ്‍ ഗില്ലസ്പിയാണ്. മുന്‍ ഫാസ്റ്റ് ബൗളറായ അദ്ദേഹം യോര്‍ക്ക്‌ഷെയറിന്റേയും അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന്റേയും പരിശീലകനാണ്. ഒരു വര്‍ഷം മുമ്പ് ഫ്‌ളെച്ചറുടെ കാലാവധി അവസാനിച്ചപ്പോള്‍ ഗില്ലസ്പിയുടെ പേരും ചര്‍ച്ചയ്ക്ക് വന്നിരുന്നു.

ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച മറ്റൊരു ഓസീസ് ഇതിഹാസം ഷെയ്ന്‍ വോണാണ്. അവസരം ലഭിച്ചാല്‍ പരിഗണിക്കുമെന്ന് അദ്ദേഹം അടുത്തിടെ പറഞ്ഞിരുന്നു.

മിസ്റ്റര്‍ ക്രിക്കറ്റ് എന്ന ഇരട്ടപ്പേരുള്ള മൈക്ക് ഹസ്സിയെ കഴിഞ്ഞ വര്‍ഷം എം എസ് ധോണി ശുപാര്‍ശ ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2015-ല്‍ ലക്ഷ്മണും തന്നോട് ഈ ആവശ്യം ഉന്നയിച്ചിരുന്നുവെന്ന് ഹസി തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തിയിരുന്നു. പക്ഷേ, എം എസ് ധോണിക്ക് കീഴില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ കളിച്ചിരുന്ന മൈക്ക് ഹസിക്ക് പരിശീലന പരിചയം തരിമ്പും ഇല്ലെന്നതാണ് തിരിച്ചടിയാകുന്ന ഘടകം.

ഡാനിയേല്‍ വെറ്റോറിയും സ്റ്റീഫന്‍ ഫ്‌ളെമിങ്ങും ആന്‍ഡി ഫ്ലവറും ഒക്കെ ബിസിസിഐയുടെ വൃത്തങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. തള്ളിക്കളയാനാകാത്ത മറ്റൊരു പേര് ഗാരി കേസ്റ്റനാണ്. ഇന്ത്യയുടെ മുന്‍ പരിശീലകന്‍ കൂടിയായ അദ്ദേഹത്തെ വീണ്ടുമൊരിക്കല്‍ കൂടെ ബിസിസിഐ സമീപിച്ചിരുന്നു. ഫ്‌ളെച്ചറെ വീണ്ടും നിയമിക്കുന്നതിന് മുമ്പായിരുന്നു അത്.

ലോകക്രിക്കറ്റിലെ പ്രമുഖരായ ഇന്ത്യയേയും ദക്ഷിണാഫ്രിക്കയേയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട് എന്നതു തന്നെയാണ് അദ്ദേഹത്തിന്റെ പ്ലസ് പോയിന്റ്. പക്ഷേ, അദ്ദേഹം യെസ് മൂളാന്‍ സാധ്യത വളരെ കുറവാണ്. ഇന്ത്യന്‍ താരങ്ങളെക്കാള്‍ കൂടുതല്‍ വിദേശികള്‍ ടീം ഇന്ത്യയുടെ പരിശീലകരാകാന്‍ പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും ആരാധകരുടെ താല്‍പര്യം നാട്ടുകാരനെ തന്നെയാണ്.

Next Story

Related Stories