ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്യുന്നതിലൂടെ വാർത്താമാധ്യമങ്ങൾക്ക് ഇതിൽ നിന്നും ലഭിക്കുന്ന വരുമാനവും പങ്കുവയ്ക്കാൻ ഗൂഗിളിനെയും ഫെയ്സ്ബുക്കിനെയും നിർബന്ധിതരാക്കുന്ന നിയമവുമായി ഓസ്ട്രേലിയ. വരുമാന പങ്കുവെയ്പ്പ് ഉറപ്പിക്കുന്ന ലോകത്തെ തന്ന ആദ്യ നിയമത്തിന്റെ കരട് ഓസ്ട്രേലിയ വെള്ളിയാഴ്ച പുറത്തിറക്കി. നിയമം പ്രാബല്യത്തിൽ വന്നാൽ ടെക് ഭീമൻമാരായ കമ്പനികൾ തങ്ങളുടെ പരസ്യ വരുമാനത്തിൽ നിന്നും ഒരു പങ്ക് നീക്കിവയ്ക്കേണ്ടിവരുമെന്നതിനാൽ തന്നെ ഇക്കാര്യത്തിൽ വിരുദ്ധ നിലപാട് ആയിരിക്കും കമ്പനികൾ സ്വീകരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകൾ.
ഏപ്രിലിലാണ് ഓസ്ട്രേലിയൻ കോംപറ്റീഷൻ ആൻഡ് കണ്‍സ്യുമർ കമ്മീഷനോട് ഇത്തരം ഒരു വ്യവസ്ഥ രൂപീകരിക്കാൻ ആവശ്യപ്പെട്ടത്. പിന്നാലെയാണ് ട്രഷറർ ജോഷ് ഫ്രൈഡൻബർഗ് "നിർബന്ധിത പെരുമാറ്റച്ചട്ടം" പ്രഖ്യാപിച്ചത്. മാധ്യമ സ്ഥാപനങ്ങളും യുഎസ് ആസ്താനമായി പ്രവർത്തിക്കുന്ന ടെക് ഭീമൻമാരും തമ്മിൽ ഇത് സംബന്ധിച്ച് സമവായത്തിൽ എത്തിക്കുന്നതിൽ പരാജപ്പെട്ടെന്നും ചൂണ്ടിക്കാട്ടിയാണ് നിയമ നിർമാണം. പരസ്യ വരുമാനത്തിൽ നിന്നും ഒരു പങ്ക് വേണമെന്ന ലോകമെമ്പാടുമുള്ള വാർത്താ മാധ്യമങ്ങളുടെ ആവശ്യം വർഷങ്ങളായി ഗുഗിൾ ഉൾപ്പെടെ അവഗണിച്ച് വരുന്ന സാഹചര്യം നിലനിൽക്കുന്നതിനിടെയാണ് ഓസ്ട്രേലിയയുടെ നീക്കമെന്നതും ശ്രദ്ധേയമാണ്.
പദ്ധതി പ്രകാരം ഓസ്ട്രേലിയൻ മാധ്യമ കമ്പനികളുടെ ഉള്ളടക്കം ഉപയോഗിക്കുന്നതിനായി ടെക് ഭീമന്മാർക്ക് അനുമതി തേടേണ്ടതായി വരും. ഡാറ്റയിലേക്കുള്ള ആക്സസ്, അൽഗോരിതം സുതാര്യത, പ്ലാറ്റ്ഫോമുകളുടെ വാർത്താ ഫീഡുകളിലെ ഉള്ളടക്കത്തിന്റെ റാങ്കിംഗ്, തിരയൽ ഫലങ്ങൾ എന്നിവ പോലുള്ളവയും നിയമത്തിൽ ഉൾപ്പെടുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ, നിയമം സംബന്ധിച്ച വാർത്തയോട് പ്രതികരിക്കാൻ ഫേസ്ബുക്കോ ഗൂഗിളോ ഇതുവരെ തയ്യാറായിട്ടില്ലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ലോകത്ത് കോവിഡ് രോഗബാധ സൃഷ്ടിച്ച പ്രതിസന്ധിക്ക് പിന്നാലെ ഇതിനോടകം തന്നെ ഡസൻ കണക്കിന് പത്രങ്ങൾ അടച്ചുപൂട്ടി നിരവധി മാധ്യമ പ്രവർത്തകർക്ക് ജോലി നഷ്ടപ്പെടുകയോ പ്രതിഫലം വെട്ടിച്ചുരുക്കലോ നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് വരുമാനം പങ്കുവയ്ക്കണമെന്ന തരത്തിൽ ഓസ്ട്രേലിയ കൊണ്ടുവന്ന നിയമത്തിന് പ്രാധാന്യം വർദ്ധിക്കുന്നത്.