TopTop
Begin typing your search above and press return to search.

ഞങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട യാത്രകളെ കുറിച്ച് ഈ വിനോദ സഞ്ചാര ദിനത്തിലെങ്കിലും ഓര്‍ത്തല്ലോ; നന്ദി!

ഞങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട യാത്രകളെ കുറിച്ച് ഈ വിനോദ സഞ്ചാര ദിനത്തിലെങ്കിലും ഓര്‍ത്തല്ലോ; നന്ദി!

ലോക വിനോദ സഞ്ചാര ദിനങ്ങള്‍ മുന്‍പും വന്നിട്ടുണ്ട്, കടന്നു പോയിട്ടുമുണ്ട്. എന്നാല്‍ ഇത്തവണത്തെ ലോക ടൂറിസം ദിന പ്രമേയം 'ടൂറിസം എല്ലാവര്‍ക്കും' എന്നതാണ്. അതെന്താണ് എല്ലാവര്‍ക്കും ടൂറിസം എന്നു ചിലരെങ്കിലും സംശയിക്കുന്നുണ്ടാകും. സഞ്ചാര സ്വാതന്ത്ര്യമില്ലാത്ത ലക്ഷക്കണക്കിനായ മനുഷ്യര്‍ നിത്യവും അവനവന്റെ വീടുകളെയും വീടിനോടു ചേര്‍ന്ന റോഡുകളെയും മാത്രം ആശ്രയിച്ച് ജീവിക്കുന്നുണ്ട്. മറ്റു പല രാജ്യങ്ങളിലും ഒരുപക്ഷെ ഇന്ത്യയേക്കാള്‍, കേരളത്തേക്കാള്‍ അവസ്ഥകള്‍ വ്യത്യസ്തമായിരിക്കാം. എങ്കിലും വിനോദ സഞ്ചാരികള്‍ക്കായുള്ള പൊതു ഇടങ്ങളില്‍ പലപ്പോഴും നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് സഞ്ചാരം അത്ര എളുപ്പമല്ല.

ഇത്തവണത്തെ ടൂറിസം ദിന പ്രമേയത്തിന്‍റെ കാഴ്ചപാട് അതാണ്. എല്ലാ വിനോദ സഞ്ചാര പ്രദേശങ്ങളും എല്ലാവര്‍ക്കും സഞ്ചാര യോഗ്യമാക്കുക. കേരളത്തില്‍ എത്ര സ്ഥലത്ത് ഒരു വീല്‍ ചെയറില്‍ സഞ്ചരിക്കുന്ന വ്യക്തിക്ക് സഞ്ചരിക്കാനാകും? എത്ര വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട് ആസ്വദിക്കാന്‍? മലകളും കൊടുമുടികളും ഒക്കെ പോട്ടെ. അത്തരം കാര്യങ്ങളെ കുറിച്ചോര്‍ത്തു ഞങ്ങള്‍ക്ക് സങ്കടങ്ങളില്ല. മലയോര സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന്റെ വിനോദ സഞ്ചാര മാപ്പില്‍ അത്തരം സ്ഥലങ്ങള്‍ തന്നെയാകും കൂടുതലും. എന്നാല്‍ പോലും അങ്ങനെയല്ലാത്ത എത്രയോ സ്ഥലങ്ങള്‍ ഞങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ബാക്കിയുണ്ട്? അവിടങ്ങളില്‍ എങ്ങനെ ഞങ്ങളെ പോലെയുള്ളവര്‍ സഞ്ചരിക്കണം? അതോ മനസ്സിന് ആനന്ദമേകുന്ന, സ്ഥലങ്ങളിലേക്കുള്ള ഞങ്ങളുടെ യാത്രകള്‍ ഞങ്ങളുടെ അവകാശങ്ങളില്‍ പെടുന്നതല്ലാ എന്നാണോ മനസ്സിലാക്കേണ്ടത്?വിനോദ സഞ്ചാരം എന്നത് മനസ്സിനെ സന്തോഷിപ്പിക്കാനുള്ള യാത്രകളാണ്. പക്ഷെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി എവിടെയൊക്കെ ഞങ്ങള്‍ക്ക് പോകേണ്ടി വരാറുണ്ട്. അതുപോലും വളരെ ബുദ്ധിമുട്ടി തന്നെയാണ് ഞങ്ങള്‍ ചെയ്യുന്നതെന്നാണ് സത്യം. ഒറ്റയ്ക്ക് ഒരിടത്തു പോയാല്‍ ഒരു കാര്യവും കേരളത്തില്‍ നടത്തുക എളുപ്പമല്ല. പുതിയതായി ഉണ്ടാക്കുന്ന കെട്ടിടങ്ങളില്‍ റാംപുകള്‍ ഉണ്ടാക്കുക എന്നത് നിര്‍ബന്ധമാണെങ്കിലും അങ്ങനെ ഒന്നും ഉണ്ടാകുന്നില്ല. ഇനി അഥവാ ഉണ്ടാകുന്നുണ്ടെങ്കിലും സ്ലോപ്പുകള്‍ കുത്തനെയുള്ളതിനാല്‍ ഒറ്റയ്ക്ക് അതുവഴി കയറാന്‍ ബുദ്ധിമുട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും അവസ്ഥ ഇത് തന്നെ. നമ്മുടെ അയല്‍ സംസ്ഥാനങ്ങളില്‍ അടക്കം ഇന്ത്യയില്‍ പലയിടത്തും, പ്രത്യേക പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയും വീല്‍ചെയര്‍ റാംപുകള്‍, മൊബൈല്‍ റാംപുകള്‍, വീല്‍ചെയര്‍ സൗഹൃദ പബ്ലിക് ടോയ്‌ലറ്റുകള്‍ ലിഫ്റ്റുകള്‍ തുടങ്ങിയവ നിര്‍മ്മിച്ചും പ്രധാന ടൂറിസ്റ്റ്‌കേന്ദ്രങ്ങളില്‍ അടക്കം പലയിടങ്ങളിലും ഭിന്നശേഷി സൗഹൃദ നടപടികള്‍ നിലവില്‍ വരുത്തിക്കഴിഞ്ഞു. വിദഗ്ദ്ധന്മാരുടെ ഉപദേശത്തില്‍ കൃത്യമായ പഠനങ്ങളും അതനുസരിച്ചുള്ള നടപ്പാക്കലുകളും ഉണ്ടായാല്‍ ഈ നാട്ടില്‍ ശക്തമായൊരു മാറ്റംതന്നെ ഉണ്ടാവും എന്നു തന്നെയാണ് എന്നെ പോലെയുള്ള നിരവധി പേരുടെ പ്രതീക്ഷ. സൗകര്യങ്ങള്‍ ഒരുക്കി സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇതില്‍ ഭാഗഭാക്കാവുന്നതേയുള്ളൂ.വളരെ പ്രതീക്ഷയോടെ ഈ പദ്ധതിയെ നോക്കിക്കാണുന്ന വലിയൊരു വിഭാഗം ഇപ്പോഴും പുറത്തുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് എല്ലാ സൗകര്യവും ഉറപ്പാക്കുന്ന വിധത്തില്‍ എന്തായാലും ഈ വര്‍ഷത്തെ സന്ദേശം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സ്വീകരിച്ചു എന്ന് തന്നെയാണ് അറിയുന്നത്. ഭിന്നശേഷി സൗഹൃദ വിനോദസഞ്ചാരകേന്ദ്രങ്ങള്‍, പ്രധാന പദ്ധതികളിലൊന്നായി കേരള ടൂറിസം വകുപ്പ് ഏറ്റെടുക്കുന്നു എന്ന വാര്‍ത്തയും കണ്ടു. ഇത്രയും നാള്‍ അവഗണിക്കപ്പെട്ടു എന്ന തോന്നല്‍ ഞങ്ങള്‍ക്കിടയില്‍ നിന്നും ഇനിയെങ്കിലും അകറ്റി നിര്‍ത്തേണ്ടതുണ്ട്. അതിനായി സംസ്ഥാന സര്‍ക്കാരിന് എല്ലാ വിധ ആശംസകളും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories