TopTop
Begin typing your search above and press return to search.

ലിച്ചി പഴം വെറും വയറ്റില്‍ കഴിച്ച് അത്താഴപട്ടിണി കിടന്നാല്‍ മരണം വരെ സംഭവിക്കും

ലിച്ചി പഴം വെറും വയറ്റില്‍ കഴിച്ച് അത്താഴപട്ടിണി കിടന്നാല്‍ മരണം വരെ സംഭവിക്കും

പഴങ്ങള്‍ കഴിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്? ആരോഗ്യത്തിനും ഇവ ഏറെ നല്ലതാണല്ലോ. എന്നാല്‍ ബിഹാറില്‍ ലിച്ചി പഴം കഴിച്ചു കുട്ടികള്‍ മരിക്കാനിടയായ വാര്‍ത്ത എല്ലാവരെയും കുറച്ചൊന്നുമല്ല ഞെട്ടിച്ചത്. ചൈനയാണ് ലിച്ചി പഴത്തിന്റെ ജന്മദേശം. ജീവകം സി-യാല്‍ സമ്പുഷ്ടമാണ് ഈ പഴം. കൂടാതെ ജീവകം ബി-6, പൊട്ടാസ്യം, തയാമിന്‍, നിയാസിന്‍, ഫോളേറ്റ് ഇവയും ലിച്ചി പഴത്തിലുണ്ട്. എന്നാല്‍ ലിച്ചി പഴം മിതമായ അളവില്‍ മാത്രമേ കഴിക്കാവൂ എന്നത് വളരെ പ്രധാനമാണ്. കാരണം ഇതില്‍ ഫ്രക്ടോസ് ഷുഗര്‍ അടങ്ങിയിട്ടുണ്ട്. ഇത് കൂടുതലായാല്‍ ശരീരത്തിന് ദോഷകരമാണ്. ചിലരില്‍ ഈ പഴം അലര്‍ജിക്കും കാരണമാകും.

ഇനി ബിഹാറിലെക്ക് വരാം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലിച്ചി പഴം ഉല്‍പാദിപ്പിക്കുന്നത് ബിഹാറിലാണ്. നമുക്ക് അത്ര പരിചിതമല്ലെങ്കിലും വടക്കേ ഇന്ത്യയില്‍ വളരെ സാധാരണമായി കണ്ടുവരുന്ന വേനല്‍ക്കാല ഫലമാണിത്. എന്ത് കൊണ്ട് ലിച്ചി പഴം അപകടകാരിയാകുന്നു എന്നത് ഗവേഷകരെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. പാകമാകാത്ത ഫലം കഴിച്ചത് കൊണ്ടും വെറും വയറ്റില്‍ കഴിച്ചത് കൊണ്ടും ആണ് അപകടം ഉണ്ടായത് എന്ന വാദം ആണ് ആദ്യം ഉയര്‍ന്നു വന്നത്.

എന്നാല്‍ ലിച്ചി പഴത്തില്‍ അടങ്ങിയ ടോക്‌സിനുകള്‍ ആണ് അപകടകാരി എന്ന് കണ്ടു. പ്രധാനമായും ലിച്ചി കുരുവിലാണ് ഇവ അടങ്ങിയിരിക്കുന്നത്. ഹ്യൂമിഡിറ്റി, താപനില, കീടനാശിനികള്‍ മുതലായവ ലിച്ചിയിലെ ടോക്‌സിനുകളുടെ അളവ് കൂട്ടാം. ഇന്ത്യയിലെയും യുഎസിലെയും ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠനത്തില്‍ മുസാഫിര്‍പൂരിലെ കുട്ടികളുടെ മരണത്തിന് കാരണം അക്യൂട്ട് എന്‍സെഫലോപ്പതി ആണെന്ന് കണ്ടു.

ലിച്ചി പഴത്തില്‍ പ്രത്യേകിച്ച് പാകമാകാത്ത ഫലത്തില്‍ ചില അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഗ്‌ളൂക്കോസ് നിലയെ ബാധിക്കുന്നു. സോപ്‌ബെറി കുടുംബത്തില്‍ പെട്ട ഫലമായ ലിച്ചിയില്‍ അടങ്ങിയ ഈ അമിനോ ആസിഡ്, ഇതേ കുടുംബത്തില്‍ പെട്ട റംബുട്ടാന്‍, ലോംഗന്‍, അക്കീ എന്നീ പഴങ്ങളിലും അടങ്ങിയിട്ടുണ്ട്.

ബിഹാറിലെ ഗ്രാമങ്ങളില്‍ മെയ് ജൂണ്‍ മാസങ്ങളില്‍ കുട്ടികള്‍ പകല്‍ മുഴുവന്‍ ലിച്ചി പഴ തോട്ടങ്ങളില്‍ ചെലവഴിക്കുന്നു. വയറു നിറയെ ലിച്ചി പഴം കഴിച്ചു വൈകിട്ട് വീട്ടില്‍ തിരിച്ചെത്തുന്ന ഈ കുട്ടികള്‍ അത്താഴം കഴിക്കാതെ ഉറങ്ങുന്നു. മിക്ക കുട്ടികള്‍ക്കും അര്‍ധരാത്രിയോ വെളുപ്പിനോ ബോധക്കേടും അപസ്മാരവും ഉണ്ടാകുന്നു.

2014 മെയ് മുതല്‍ ജൂലൈ വരെയുള്ള മാസങ്ങളില്‍ മുസാഫിര്‍ പൂരിലെ രണ്ട് ആശുപത്രികളിലായി 15 വയസില്‍ താഴെയുള്ള 390 പേരാണ് അഡ്മിറ്റ് ആയത് ഇതില്‍ 122 പേര്‍ (31%)മരിച്ചു. മിക്കവരുടെയും രക്തത്തിലെ ഗ്ലൂക്കോസ് നില 70mg/dL ലും കുറവ് ആയിരുന്നു. ഇന്ത്യയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രെവെന്‍ഷന്‍ എന്നിവ സംയുക്തമായാണ് പഠനം നടത്തിയത്.

രോഗം ബാധിച്ച കുട്ടികളുടെ രക്തം, സെറിബ്രോ സ്പൈനല്‍ ഫ്‌ളൂയിഡ്, മൂത്രം ഇവ പരിശോധിച്ചു. ഒപ്പം ലിച്ചി പഴങ്ങളും പഠന വിധേയമാക്കി. പാകമാകാത്ത ലിച്ചി പഴ കുരുവില്‍ അടങ്ങിയ വിഷ പദാര്‍ത്ഥ ത്തിന്റെ അംശം കുട്ടികളുടെ മൂത്ര പരിശോധനയില്‍ കണ്ടു. പഴങ്ങളില്‍ സ്വാഭാവികമായി കാണുന്ന ടോക്‌സിനുകള്‍ ആയ ഹൈപ്പോ ഗ്ലൈസിന്‍ A, MCPG (Methylenecyclopropylglycine) എന്നിവ ലിച്ചി പഴത്തില്‍ അടങ്ങിയിട്ടുണ്ട് എന്ന് കണ്ടു.

ഈ ടോക്‌സിനുകള്‍ ഗ്ലൂക്കോസ് സിന്തെസിസ് തകരാറില്‍ ആക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ താഴ്ന്ന് തലച്ചോറിന് വീക്കം (Brain inflammation) ഉണ്ടാകുകയും ചെയ്യുന്നു. ലിച്ചി പഴം കൂടുതല്‍ അളവില്‍ കഴിക്കാതിരിക്കുക, അത്താഴം ഒഴിവാക്കാതിരിക്കുക എന്നിവയാണ് രോഗവും മരണവും തടയാനുള്ള വഴി എന്ന് ഗവേഷകര്‍ ഉപദേശിക്കുന്നു. ലാന്‍സെറ്റ് ജേര്‍ണലില്‍ ആണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.


Next Story

Related Stories